ക്യാപിറ്റോൾ കലാപം ലോകത്ത് ഉയർത്തുന്നത് വലിയ ആശങ്കകൾ


JANUARY 22, 2021, 7:25 PM IST

ബുധനാഴ്ച്ച കനത്ത സുരക്ഷാ വലയത്തിനുള്ളിൽ പ്രസിഡന്റ് ജോ ബൈഡൻ സത്യവാചകം ചൊല്ലിയപ്പോഴും ഡെമോക്രാറ്റിക്‌ നേതാക്കളും ലോകമൊട്ടാകെ ജനാധിപത്യത്തിനായി പോരാടുന്നശക്തികളും ക്യാപിറ്റോളിലെ കലാപത്തിന്റെ ആഘാതത്തിൽനിന്നും  മുക്തരായിരുന്നില്ല. അമേരിക്കയുടെ ഏറ്റവും വലിയ എതിരാളികളായ ചൈനയും റഷ്യയും പോലുള്ള ഏകാധിപത്യ ഗവൺമെന്റുകൾ തങ്ങളുടെ രാഷ്ട്രീയ വ്യവസ്ഥിതികളുടെ മഹത്വം ഉയർത്തിക്കാട്ടുന്നതിനുള്ള അവസരമായി അതിനെ ഉപയോഗപ്പെടുത്തുകയാണ്. 

2019ൽ ഹോങ്കോങിലും വാഷിംഗ്ടണിലും നടന്ന  പ്രതിഷേധങ്ങളുടെ സമാനതകളെക്കുറിച്ചാണ് ചൈനീസ് വിദേശമന്ത്രാലയത്തിന്റെ വക്താവ് കലാപശേഷം സംസാരിച്ചത്. ജനാധിപത്യത്തിന്റെ കാര്യത്തിൽ യുഎസിന്റേത് ഇരട്ടത്താപ്പാണെന്നു പറഞ്ഞ വക്താവ് അമേരിക്കൻ ജനതക്ക് വളരെ വേഗം തന്നെ സമാധാനവും സുസ്ഥിരതയും സുരക്ഷിതത്വവും കൈവരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. 

തെരെഞ്ഞെടുപ്പിൽ തിരിമറികൾ  നടന്നതായുള്ള ട്രംപിന്റെ അവകാശവാദങ്ങളെ ഉയർത്തിക്കാട്ടിയ ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള റഷ്യൻ ടി വി ചാലനുകൾ അമേരിക്കയുടെ പുരാതനമായ തെരഞ്ഞെടുപ്പ് സമ്പ്രദായം ആധുനിക ജനാധിപത്യ മാനദണ്ഡങ്ങൾക്ക് നിരക്കത്തതാണെന്നാണ് കുറ്റപ്പെടുത്തി.

ബെലാറൂസിൽ ഓഗസ്റ്റിലെ തെരഞ്ഞെടുപ്പിനു ശേഷം പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്. പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോക്ക്‌ വേണ്ടി തെരഞ്ഞെടുപ്പിൽ തിരിമറികൾ നടന്നതായി പാശ്ചാത്യ നിരീക്ഷകർ പറയുന്നു. അമേരിക്കയിൽ തെരഞ്ഞെടുപ്പിനു ശേഷം ഉണ്ടായ സംഭവവികാസങ്ങൾ പ്രതിഷേധക്കാർക്ക് വലിയൊരാഘാതമായി. അമേരിക്കയിലെ തെരഞ്ഞെടുപ്പിനെ "ലജ്ജാകരവും പരിഹാസ്യവും" എന്നാണു ലുകാഷെങ്കോ വിമർശിച്ചത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

അമേരിക്കൻ ജനാധിപത്യത്തിന്റെ വിമർശകർക്ക് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മറുപടി നൽകിയിട്ടുണ്ട്. ബൈഡന്റെ വിജയം കോൺഗ്രസ് അന്തിമമായി സ്ഥിരീകരിച്ചതും ജനുവരി 6ലെ പ്രതിഷേധക്കാരെ നിയമപരിപാലകർ നീക്കം ചെയ്തതും അമേരിക്കയിലെ രാഷ്ട്രീയ സ്ഥാപനങ്ങളുടെയും നിയമവാഴ്ചയുടെയും വിജയത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  

അങ്ങനെയാണെങ്കിൽപ്പോലും ട്രംപ് നടത്തിയ അസാധാരണമായ നീക്കത്തിന് റിപ്പബ്ലിക്കൻ പാർട്ടിയിൽ ഗണ്യമായൊരു  വിഭാഗം പിന്തുണ നൽകി. പെൻസിൽവേനിയയിൽ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനെതിരെ ഹൗസിലെ റിപ്പബ്ലിക്കൻ അംഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും വോട്ടു ചെയ്തു. 

സ്വന്തം രാജ്യത്തെ ഏകാധിപത്യ ഗവൺമെന്റുകളെ എതിർക്കുന്ന ചില വിഭാഗങ്ങൾ ട്രംപിന്റെ ഗൂഢാലോചനാ സിദ്ധാന്തത്തെ ആവേശപൂർവം സ്വീകരിക്കുന്നത് ലോകം കണ്ടു. ചൈനയിൽ പീഡിപ്പിക്കപ്പെടുന്ന മതപ്രസ്ഥാനമായ  ഫ്ലുൻ ഗോങ്ങും അതിന്റെ യുഎസ് ആസ്ഥാനമാക്കി പ്രസിദ്ധീകരിക്കപ്പെടുന്ന എപൊക്  ടൈംസ്  എന്ന  പത്രവും നവംബർ 3ലെ തെരഞ്ഞെടുപ്പ് ഫലം തിരുത്തുന്നതിനുള്ള ശ്രമങ്ങളുടെ പ്രമുഖ വക്താക്കളായി. വെനിസ്വേല, ക്യൂബ, ഇറാൻ എന്നീ രാജ്യങ്ങളിലെ ഗവണ്മെന്റുകളുടെ എതിരാളികളും ഈ ശ്രമത്തിൽ പങ്കാളികളായി.

തെരഞ്ഞെടുപ്പ് പരാജയം മാറ്റിമറിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും  യുഎസ് ഫെഡറൽ- സംസ്ഥാന കോടതികളും ചെറുക്കുകയും അമേരിക്കൻ ജനാധിപത്യത്തിന്റെ കരുത്ത് കാട്ടുകയും ചെയ്തു. ഇതുപോലൊരു പരീക്ഷണത്തെ അതിജീവിക്കുന്നതിനുള്ള കരുത്ത് തങ്ങളുടെ രാജ്യത്തെ സ്ഥാപനങ്ങൾക്കില്ലായെന്നതാണ് പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ ജനാധിപത്യ പ്രക്ഷോഭകർ ആശങ്കപ്പെടുന്നത്. ചില രാജ്യങ്ങളിൽ ദേശീയവാദികളുടെ ഗവണ്മെന്റ് ജുഡിഷ്യറിയെയും മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പിന്തുണച്ച യൂറോപ്പിലെ ജനവികാരമിളക്കി വിടുന്ന പ്രസ്ഥാനങ്ങൾ വോട്ടർമാരിൽ നല്ലൊരു വിഭാഗത്തെ ആകർഷിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെയും മഹാമാരിയുടെയും സാഹചര്യത്തിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. 

ജർമനിയിൽ വലതുപക്ഷ തീവ്രവാദികളും കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിക്കുന്നവരും കഴിഞ്ഞ ഓഗസ്റ്റിൽ പാർലമെന്റ് മന്ദിരത്തിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും പോലീസ് അവരെ തടയുകയും ചെയ്തു. അവരിൽ ചിലർ ട്രംപിനെ മഹത്വവൽക്കരിക്കുന്ന 'ക്യൂ അനോൻ' ഗൂഡാലോചനാ സിദ്ധാന്തത്തിന്റെ പ്രതീകങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. വ്യവസ്ഥാപിത രാഷ്ട്രീയക്കാരായ നൂറുകണക്കിനാൾക്കാർ സാത്താനെ സേവിക്കുന്നവരും ബാലപീഢകരും ആണെന്നാണ് അവർ  ആരോപിക്കുന്നത്.  

യുഎസിലെ സംഭവങ്ങൾ അമേരിക്കയുടെ മാത്രമായ ഒരു വിഷമാവസ്ഥയായി കാണുന്ന പാശ്ചാത്യ ജനാധിപത്യങ്ങൾ ഗുരുതരമായ ഒരു തെറ്റാണ് ചെയ്യുന്നതെന്ന് അന്താരാഷ്‌ട്ര ഡിഫൻസ്-വിദേശനയ സ്ഥാപനങ്ങളുടെ വാർഷികസമ്മേളന വേദിയായ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസ് വൈസ് ചെയർമാനും 2019 വരെ വാഷിംഗ്ടണിൽ ജർമനിയുടെ അംബാസിഡറും ആയിരുന്ന   ബോറിസ് റൂജി പറയുന്നു.