മഹാമാരിക്കിടയിലും ചൈനക്ക് സാമ്പത്തിക വളർച്ച


JANUARY 26, 2021, 7:43 PM IST

ലോകം കോവിഡ് -19ന്റെ പിടിയിലമർന്നിരുന്ന 2020ൽ വളർന്ന ഏക പ്രധാന സമ്പദ്ഘന ചൈനയുടേത് മാത്രം. ചൈനീസ് സമ്പദ്ഘടന 2.3% വളർച്ചയാണ് ഈ സാമ്പത്തിക വർഷത്തിൽ നേടിയത്. വർഷത്തിന്റെ ആദ്യ മാസങ്ങളിൽ അനുഭവപ്പെട്ട സാമ്പത്തിക ചുരുക്കത്തെ മറികടന്നാണ് ചൈന ഈ വളർച്ച നേടിയത്.

ലോകത്ത് രണ്ടു മില്യണിലേറെ പേരുടെ ജീവനപഹരിച്ച മാരകമായ വൈറസിനെ തടഞ്ഞു നിർത്താൻ ആയാസപ്പെടുമ്പോൾ തന്നെയാണ് ചൈന ഈ നേട്ടം കൈവരിച്ചത്. ഇത് സ്വന്തം രാജ്യാതിർത്തിക്കുള്ളിൽ വൈറസിനെ തടഞ്ഞു നിർത്തുന്നതിൽ ചൈന നേടിയ വിജയത്തെ ഉയർത്തിക്കാട്ടുന്നതിനൊപ്പം ഏഷ്യയിലെ ആധിപത്യം പുലർത്തുന്ന സമ്പദ്ഘടന എന്ന അതിന്റെ സ്ഥാനം കൂടുതൽ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. 

വലിയ സമ്പദ്ഘടനകളുടെ കൂട്ടത്തിൽ വേറിട്ട് നിൽക്കുകയാണ് ചൈന. 2020ൽ യുഎസിന്റെ സമ്പദ്ഘടന 3.6%വും യൂറോ മേഖലയുടേത് 7.4%വും ചുരുങ്ങുമെന്നും ആഗോള സമ്പദ്ഘടനയെ  4.3% പിന്നിലേക്ക് വലിക്കുമെന്നുമാണ് ലോകബാങ്ക് കണക്കാക്കുന്നത്. 

വലിയ നേട്ടത്തോടെയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയായ ചൈന 2020 പിന്നിട്ടത്. ഒരു വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ നാലാം ക്വാർട്ടറിൽ 6.5% ജിഡിപി വളർച്ച നേടിയതായി നാഷണൽ ബ്യുറോ ഓഫ് സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് നാലാം ക്വാർട്ടറിൽ നേടിയ ഏറ്റവും മികച്ച വളർച്ചയായിരുന്നു അത്. വർഷത്തിന്റെ രണ്ടാമത്തെ ക്വാർട്ടറിൽ 3.2%വും മൂന്നാം ക്വാർട്ടറിൽ 4.9%വുമായിരുന്നു ചൈനയുടെ വളർച്ച. ആദ്യ ക്വാർട്ടറിൽ ചരിത്രത്തിലിതാദ്യമായി 6.8% സാമ്പത്തിക ചുരുക്കം അനുഭവപ്പെട്ടതിനു ശേഷമായിരുന്നു ഈ നേട്ടം കൈവരിച്ചത്. 

കഴിഞ്ഞ വർഷം ചൈന ആകെ നേടിയ സാമ്പത്തിക വളർച്ച 2.3%ത്തിലൊതുങ്ങി എന്ന് മാത്രം. 1976ൽ മാവോ സെഡോങിന്റെ മരണശേഷം ഇത്രയും കുറഞ്ഞ വളർച്ചയിലേക്ക് ചൈനീസ് സമ്പദ്ഘടന ചുരുങ്ങുന്നത് ഇതാദ്യമാണ്. 1970കളുടെ അവസാനം ചൈന സാമ്പത്തിക പരിഷ്ക്കരണങ്ങൾക്ക് തുടക്കം കുറിക്കുകയും തുറന്ന വാതിൽ നയം സ്വീകരിക്കുകയും ചെയ്തതിനു ശേഷം  2020നു മുമ്പ് ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയത് ടിയാനന്മെൻ ചത്വരത്തിലെ അടിച്ചമർത്തൽ നടപടികളുടെ പിറ്റേവർഷമായ 1990ലായിരുന്നു. അന്ന് 3.9% വളർച്ചയെ നേടിയുള്ളൂ.

ഒരു വർഷം മുമ്പ് ആദ്യമായി വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് നഗരത്തിലുടനീളം വ്യാപിച്ചതിനു ശേഷമാണ് അവസാന ക്വാർട്ടറിൽ 6.5% വളർച്ച നേടി ചൈന വളർച്ചയുടെ പാത വീണ്ടെടുത്തത്. കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ ശിഥിലമാക്കുന്നതിന് മുമ്പ്  2019ലെ അവസാന ക്വാർട്ടറിൽ മുൻ വർഷത്തെ അപേക്ഷിച്ച് ചൈന 6% വളർച്ച നേടിയിരുന്നു. വർഷത്തിലൊട്ടാകെ ചൈന നേടിയത് 6.1 % വളർച്ചയാണ്. 

കഴിഞ്ഞ വർഷം ഇതേസമയത്ത് വുഹാൻ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഒട്ടേറെ ആൾക്കാർക്ക് അജ്ഞാതമായ വൈറസ് കാരണമുള്ള ന്യുമോണിയ ബാധിച്ചതായി ചൈനീസ് അധികൃതർ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നു. ജനുവരി 23നാണു വുഹാൻ നഗരത്തിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ച അസാധാരണ നടപടി ചൈന സ്വീകരിച്ചത്. അതിനുശേഷം ചൈനയൊട്ടാകെത്തന്നെ സാമ്പത്തിക പ്രവർത്തനങ്ങൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു. തുടർന്നുള്ള മാസങ്ങളിൽ വൈറസിനെ വലിയ തോതിൽ നിയന്ത്രിക്കുന്നതു വരെ ആ അവസ്ഥ തുടർന്നു.  

വായ്പകളുടെ നിരക്കുകൾ കുറക്കുന്നതിലും ഉപഭോക്താക്കളുടെ പക്കലേക്ക് പണമെത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച യുഎസിനെപ്പോലുള്ള പാശ്ചാത്യ രാഷ്ട്രങ്ങളിൽ നിന്നും വ്യത്യസ്തമായി ചൈന ശ്രദ്ധ കേന്ദ്രീകരിച്ചത് വായ്പയുടെ പലിശനിരക്കുകൾ ഉയർത്തി നിർത്തുമ്പോൾത്തന്നെ ഫാക്ടറികളുടെപ്രവർത്തനം പുനരാരംഭിക്കുന്നതിനാണ്. പടരുന്ന മഹാമാരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉൽപ്പാദനശേഷി കുറച്ചപ്പോൾ ഏപ്രിൽ മാസത്തോടെ തന്നെ ചൈനയിലെ ഫാക്ടറികളെല്ലാം പ്രവർത്തനസജ്ജമായി. മാസ്കുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടർ മോണിറ്ററുകൾ എന്നിങ്ങനെ വീടുകളിലിരുന്നു തന്നെ ജോലി ചെയ്യാൻ കഴിയുന്ന ഉപകരണങ്ങൾ എന്നിവ ചൈന വൻതോതിൽ ഉൽപ്പാദിപ്പിക്കുകയും കയറ്റുമതിനടത്തുകയും ചെയ്തു. 

എന്നാൽ വേനൽക്കാലമാകുന്നതുവരെയും ആഭ്യന്തര ഉപഭോഗം കുറഞ്ഞു കൊണ്ടിരുന്നു. പകർച്ചവ്യാധി വീണ്ടും തലപൊക്കുമെന്ന ചൈനീസ് ഉപഭോക്താക്കളുടെ ഭയമായിരുന്നു അതിനു കാരണം. ഓഗസ്റ്റ് ആകുന്നതു വരെയും കൊറോണ വൈറസ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന നിലവാരത്തിലേക്ക് ചില്ലറ വ്യാപാരം തിരിച്ചെത്തിയില്ല. മഹാമാരി വ്യാപിക്കുന്നത് തുടർന്നു കൊണ്ടിരുന്നപ്പോൾ പൊതുവിൽ സമ്പദ്ഘടനക്ക്  നൽകുന്ന സംഭാവനയിൽ ചില്ലറ വ്യാപാര മേഖലയുടെ വിഹിതം ദുർബ്ബലമായിത്തുടർന്നു. 

ഡിസംബറിൽ ചില്ലറ വ്യാപാരം ഒരു വർഷം മുമ്പുണ്ടായിരുന്നതിനെ അപേക്ഷിച്ച്  4.6% വളർച്ച നേടിയതായി ചൈനയുടെ സ്റ്റാറ്റിറ്റിക്സ്  ബ്യുറോ റിപ്പോർട്ട് ചെയ്തു. എന്നാൽ നവംബറിൽ നേടിയ 5%ത്തേക്കാൾ കുറവാണിത്. 5.5% വളർച്ചയാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചത്. 2020 ആകെയെടുത്താൽ ചില്ലറ വ്യാപാരം മുൻ വർഷത്തേതിൽ നിന്നും 3.9% കുറവാണ്. 2019ൽ 8% വളർച്ചയായിരുന്നു രേഖപ്പെടുത്തിയത്. 

ഇപ്പോൾ വടക്കൻചൈനയിൽ ഹെബെൻപ്രവിശ്യ കേന്ദ്രമാക്കി   പുതിയകേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ബെയ്‌ജിങിന് ചുറ്റിനുമുള്ള പ്രവിശ്യയാണിത്. കഴിഞ്ഞ 6  മാസങ്ങൾക്കിടെ ഏറ്റവും വഷളായ രോഗബാധയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നൂറുകണക്കിനാൾക്കാർക്ക്  രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നു. അടുത്ത മാസം മുഴുവൻ നീണ്ടുനിൽക്കുന്ന  പുതിയ ചന്ദ്രവർഷാഘോഷവുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ  ചിലവഴിക്കലുകളെ അത് ബാധിക്കുമെന്നാണ്‌ കരുതുന്നത്. 

അങ്ങനെയാണെങ്കിൽപ്പോലും, രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ കഴിഞ്ഞ വർഷത്തെ കുറവ് പരിഹരിക്കുന്ന വിധത്തിൽ സമ്പദ്ഘടനയുടെ പ്രവർത്തനങ്ങൾ തുടരുമ്പോൾ   2021ൽ ചൈന 8%മോ അതിൽ കൂടുതലോ വളർച്ച നേടുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. ഉപഭോഗത്തെ പിൻതുണക്കും വിധം തൊഴിലും വേതനവും ശക്തമായ നിലയിലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഡിസംബറിൽ  തൊഴിലില്ലായ്‌മാ നിരക്ക്  5.2% എന്ന നിലയിൽ മുൻ വർഷത്തെ നിലവാരത്തിൽത്തന്നെയാണ്. 

2020 ലെ അവസാന മൂന്നു മാസങ്ങളിൽ കുടിയേറ്റ തൊഴിലാളികളുടെ വേതനത്തിൽ  2.8% വർധനവുണ്ടായി. മുൻ വർഷത്തിൽ 2.1%മായിരുന്നു വർദ്ധനവ്. ഉപഭോഗത്തെക്കാൾ വ്യാവസായികോൽപ്പാദനത്തെയും നിക്ഷേപത്തെയും ആശ്രയിച്ചാണ് ചൈനീസ് സമ്പദ്ഘടനയുടെ വളർച്ചയെന്ന് കണക്കുകൾ കാണിക്കുന്നു. ഡിസംബറിൽ മുൻവർഷത്തെ അപേക്ഷിച്ച് വ്യാവസായികോൽപ്പാദനത്തിൽ 7.3% വർധന രേഖപ്പെടുത്തിയിരുന്നു. നവംബറിൽ 7%മായിരുന്നു വളർച്ച. 2020ലെ 2.8% വ്യവസായികോൽപ്പാദനത്തിലെ വളർച്ച 2019 ലെ 5.7% വളർച്ചയെ അപേക്ഷിച്ച് സ്വാഭാവികമായും ദുർബ്ബലമായിരുന്നു.

2020ൽ സ്ഥിരനിക്ഷേപ ആസ്തി മുൻവർഷത്തേക്കാൾ 2.9% വളർച്ചനേടി. 2019ൽ 5.4%മായിരുന്നു അസ്ഥികളുടെ വളർച്ച. കഴിഞ്ഞവർഷം ഉത്തേജനപാക്കേജിന്റെ ഭാഗമായി നൽകിയതിൽ ചിലവഴിക്കാത്ത പണം പ്രാദേശിക ഗവൺമെന്റുകളുടെ പക്കലുണ്ട്. അത് 300 ബില്യണോളം ഡോളർ (2ട്രില്യൺ യുവാൻ) വരും.

ഈവർഷം പ്രാദേശിക ഗവണ്മെന്റുകളുടെ കടംവാങ്ങൽ ബെയ്‌ജിങ്‌ പരിമിതപ്പടുത്തിയേക്കും. നാലാം ക്വാർട്ടറിൽ നേടിയ ശക്തമായ വളർച്ചയെത്തുടർന്നു ചൈനയുടെ എക്സിറ്റ് നയം പ്രതീക്ഷിച്ചതിനേക്കാൾ വേഗതയിൽ പ്രഖ്യാപിച്ചേക്കും. ഗവൺമെന്റിൽ നിന്നും കൂടുതൽ സഹായമൊന്നും ലഭിക്കാതെ തന്നെ സമ്പദ്ഘടനയുടെ വീണ്ടെടുപ്പ് നടക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.