കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി  


NOVEMBER 21, 2020, 9:45 PM IST

ദില്ലി: ബിഹാര്‍ തോല്‍വിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം രൂക്ഷം. ബീഹാറിലെ തോൽവിയുടെ പശ്ചാത്തലത്തിലെങ്കിലും സ്വയം വിമർശനം നടത്തണമെന്ന അഭിപ്രായവുമായി കപിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കളും അവർക്കെതിരെ സോണിയാ  ഗാന്ധിയുടെ വിശ്വസ്തരും അണിനിരന്നതോടെ പാർട്ടി പ്രതിസന്ധിയിലാണ്.

ബീഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുകയും ഉപതെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലൊരിടത്തും നേട്ടമുണ്ടാക്കാൻ കഴിയാതെ പോകുകയും ചെയ്ത പാർട്ടി ഇനിയെങ്കിലും ഒരു ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന നിർദ്ദേശമാണ് 'ഇന്ത്യൻ എക്‌സ്പ്രസി'ന് അനുവദിച്ച അഭിമുഖത്തിൽ കപിൽ സൈബർ മുന്നോട്ട് വച്ചത്. ബീഹാറിലെന്നല്ല ഒരിടത്തും ബിജെപിക്ക് ബദലായി ജനങ്ങള്‍ കോണ്‍ഗ്രസിനെ കണ്ടില്ല. "ബീഹാറില്‍ ആര്‍ജെഡിയെയാണ് ബദലായി കണ്ടത്. ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ എല്ലാ സീറ്റുകളിലും ഞങ്ങള്‍ തോറ്റു. അവിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ഞങ്ങള്‍ക്കായിരുന്നില്ല. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ രണ്ടു ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്," കപിൽ സിബൽ ചൂണ്ടിക്കാട്ടി.  

കോൺഗ്രസിന്‌ അടിത്തട്ടുമുതൽ സംഘടനാ സംവിധാനം നഷ്ടമായെന്ന വിമർശനവുമായി ‌മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി. ചിദംബരവും രംഗത്തെത്തി. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഇത്‌ തെളിയിച്ചെന്നും ഹിന്ദി പത്രം ‘ദൈനിക്‌ ഭാസ്‌കറി’നുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‌സംഘടനാ സംവിധാനമുള്ള പാർട്ടിയാണ്‌ തെരഞ്ഞെടുപ്പിൽ ജയിക്കുക. കോൺഗ്രസ്‌‌‌ ബിഹാറിൽ 45 സീറ്റിൽ മത്സരിച്ചാൽ മതിയായിരുന്നു. മഹാസഖ്യം വിജയത്തിന്റെ വക്കിൽ എത്തിയതാണ്‌. കോൺഗ്രസ്‌ സംഘടനാ സംവിധാനത്തിന്റെ അഭാവമാണ്‌ സീറ്റുകൾ നഷ്ടപ്പെടുത്തിയത്. കേരളം, ബംഗാൾ, അസം, തമിഴ്‌നാട്‌ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‌ എന്തു സംഭവിക്കുമെന്ന്‌ കാത്തിരുന്നു കാണാം. ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ള ആർക്ക്‌ വേണമെങ്കിലും എഐസിസി അധ്യക്ഷസ്ഥാനത്തേക്ക്‌ മത്സരിക്കാമെന്നും ചിദംബരം പറഞ്ഞു‌.

ബീഹാറിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കം പാളിയെന്നും പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്നും മുതിര്‍ന്ന നേതാവ് താരിഖ് അന്‍വറും  പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പാളിച്ചയുണ്ടായി. രാഹുല്‍ഗാന്ധി ബിഹാറില്‍ പ്രചാരണം നടത്തിയെങ്കിലും കൂടുതല്‍ വേദികളില്‍ എത്തിക്കാനായില്ല. കേന്ദ്രനേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് പറയാന്‍ കഴിയില്ലെങ്കിലും ആത്മപരിശോധന ആവശ്യമാണ്. കപില്‍ സിബലിന്റെ വിമര്‍ശനത്തെ തള്ളിപ്പറയാത്ത താരിഖ് അന്‍വര്‍ അദ്ദേഹം വിമര്‍ശിച്ച രീതി ശരിയായില്ലെന്ന് കുറ്റപ്പെടുത്തി.

നേതൃത്വത്തെ വിമർശിക്കുന്നവർ മറ്റേതെങ്കിലും പാർടിയിൽ ചേരുകയോ സ്വന്തം പാർടി രൂപീകരിക്കുകയോ ചെയ്യണമെന്ന്‌  കോൺഗ്രസ്‌ ലോക്‌സഭാ കക്ഷി നേതാവ്‌ അധീർ രഞ്‌ജൻ ചൗധരി പ്രതികരിച്ചു. ബിഹാറിലെന്നല്ല ഒരു സംസ്ഥാനത്തെയും പ്രചാരണ രംഗത്ത് കപില്‍ സിബലിനെ കണ്ടിട്ടില്ലെന്നും വെറുതെ വാചകമടിക്കാന്‍ ആര്‍ക്കും കഴിയുമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പരിഹസിച്ചു. ചൗധുരിക്കൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ടും കപിൽ സിബലിനെതിരെ കടുത്ത വിമർശനവുമായി മുന്നോട്ട് വന്നു.

കോണ്‍ഗ്രസില്‍ സജീവ നേതൃത്വം വേണമെന്നു ചൂണ്ടിക്കാട്ടി കത്തയച്ച കപില്‍ സിബല്‍ അടക്കമുള്ള 23 നേതാക്കളെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന ആരോപണം ഇതിനൊപ്പം ശക്തമായി. വിമര്‍ശനം ഉയര്‍ത്തിയ നേതാക്കളെ ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന കാര്യം അധിര്‍ ചൗധരിക്കു അറിയില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെടാതെ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് കപില്‍ സിബലിനെ പിന്തുണച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

സംഘടനാ കാര്യങ്ങളിൽ  സോണിയാ ഗാന്ധിയെ സഹായിക്കാന്‍ രൂപീകരിച്ച പ്രത്യേക സമിതിയുടെ യോഗത്തില്‍ നേതൃത്വത്തിനെതിരായ പരസ്യപ്രസ്താവനകള്‍ നിയന്ത്രിക്കണമെന്ന ആവശ്യമുയര്‍ന്നു. ബിഹാര്‍ തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരും.