ഭരണഘടനാമുക്ത ഭാരതമോ..


AUGUST 13, 2019, 12:42 PM IST

ഉള്ളതുപറയാമല്ലോ, ഗുജറാത്തിലെ വംശഹത്യയില്‍ നിന്നുമാണ് നമ്മുടെ പ്രധാനമന്ത്രി മോദിജിയും അമിട്ട് ഷാ ജിയും ശക്തിയാര്‍ജിച്ചത്. അതിനെത്തുടര്‍ന്നു നടന്ന അരക്ഷിതത്വത്തില്‍ നിന്നുമാണ്, നവ ഭാഷിസം തടിച്ചുകൊഴുത്തതും അധികാരമുറപ്പിച്ചതും..! ആശയങ്ങളല്ല, ശരിയായ ആശയസംവാദത്തെ അസാധ്യമാക്കുന്ന വികാരസ്‌ഫോടനങ്ങള്‍ വഴിയാണവര്‍ ചീര്‍ത്തുവീര്‍ത്തുകൊണ്ടിരിക്കുന്നത്. 

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയമാണ് 2014 ല്‍ മോദി അവതരിപ്പിച്ചത്. ഭരണഘടനമുക്ത ഭാരതം എന്ന വിപത്ക്കരമായ ആശയമാണ് 2019 ല്‍ പറയാതെ പറഞ്ഞുകൊണ്ടിരുന്നതെങ്കിലും ഇപ്പോഴത് തോട് പൊട്ടിച്ച് പുറത്തുചാടിയിരിക്കുന്നു. 

കശ്മീരില്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് സര്‍ക്കാര്‍ എന്നൊന്നും ഗുളികന്‍ പറയുന്നില്ല. എങ്കിലും  സംസ്ഥാനത്തിന് പ്രത്യേകാവകാശങ്ങള്‍ അനുവദിക്കുന്ന ഭരണഘടനയുടെ 370 ാം വകുപ്പ് റദ്ദാക്കിയ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണെന്ന് നാട്ടിലാകെ പാട്ടായി..! ബി ജെ പി പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്നത്. 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള നിയമം കശ്മീരിനും ബാധകമാക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടത്.

ഇതിന് ചില ചരിത്രപരമായ കാരണങ്ങളുണ്ടെന്ന കാര്യം അവര്‍ മനഃപൂര്‍വം വിസ്മരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തു കളയാനുള്ള ശ്രമം മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനുമുമ്പേ  തുടങ്ങിയതാണ.് ഒന്നാം മോദി ഭരണത്തില്‍ സര്‍ക്കാറിന് കേന്ദ്രത്തില്‍ മൃഗീയ ഭൂരിപക്ഷമില്ലാതിരുന്നതു കൊണ്ടാണ് 370 ാം വകുപ്പ് റദ്ദാക്കുന്നതില്‍ അവര്‍  ധൃതി കാണിക്കാതിരുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നു തെട്ടേ ഇതിനായി കരുനീക്കങ്ങള്‍ ഊര്‍ജിതമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിട്ട് ഷാ ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ജി. ഈ മുവര്‍ജീ സംഘം അതിനായി അരയും തലയും മുറുക്കി അണിയറയില്‍ തക്കം പാര്‍ത്ത്, പതുങ്ങിയിരിക്കുകയായിരുന്നു. ജനസംഘം പടുത്തുയര്‍ത്തിയ ശ്യമപ്രസാദ് മുഖര്‍ജിയാണ് 1950ന്റെ തുടക്കംമുതല്‍ മുക്രയിട്ട് 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക' എന്ന് അലറാന്‍ തുടങ്ങിയത്. അന്നതാരുമത്ര കാര്യമാക്കിയിരുന്നില്ല. 

എന്നാല്‍ കശ്മീരില്‍ അടുത്തിടെ കൂടുതല്‍ അര്‍ധ സൈനികരെ വിന്യസിച്ചത് ചില കൂടിയാലോചനകളില്‍ ഉരുത്തിരിഞ്ഞ തന്ത്രങ്ങളെ തുടര്‍ന്നാണ്. അതിര്‍ത്തിയില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ച പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് സൈനിക വിന്യാസമെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യമെങ്കിലും 370 ാം വകുപ്പ് റദ്ദാക്കിയ പ്രഖ്യാപനം വരുമ്പോള്‍ സംസ്ഥാനത്ത് ഉടലെടുത്തേക്കാവുന്ന പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചൊതുക്കുകയാണ് യഥാര്‍ഥ ലക്ഷ്യം. അമര്‍നാഥ് തീര്‍ഥാടകരോടും കശ്മീരിലെത്തിയ വിനോദ സഞ്ചാരികളുള്‍പ്പെടെ പുറം നാടുകളില്‍ നിന്നെത്തിയവരോടും യാത്ര റദ്ദാക്കി മടങ്ങാന്‍ നിര്‍ദേശം നല്‍കിയതും, രാഷ്ട്രീയ നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, പി ഡി പി നേതാവ് മഹ്ബൂബാ മുഫ്തി, സജ്ജാദ് ലോണ്‍ തുടങ്ങിയവരെ വീട്ടു തടങ്കലിലാക്കി പിന്നെ അറസ്റ്റ് ചെയ്തതും ഈ നീക്കത്തിന്റെ മുന്നോടിയായിരുന്നു. സംസ്ഥാനത്ത് അനിശ്ചിതകാല നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവ റദ്ദാക്കുകയും റാലികള്‍ക്കും യോഗങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. നേരം ഇരുട്ടി വെളുത്തപ്പോഴേക്കും കശ്മീര്‍ തെരുവുകളും പാതകളും പൂര്‍ണമായും സൈനിക നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. 

കവാടത്തില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടായിരുന്നു 2014ല്‍ മോദിജി പാര്‍ലമെന്റിലേക്ക് പ്രവേശിച്ചത്. പ്രത്യക്ഷത്തിലെ ആദരം പരോക്ഷമായി ആക്രമണത്തിന്റെ തുടക്കമാണ്. ഗാന്ധിജിയുടെ പാദങ്ങള്‍ തൊട്ടുവന്ദിച്ച ശേഷമായിരുന്നു മഹാത്മാവിന്റെ നെഞ്ചിലേക്ക് ഗോഡ്‌സേ നിറയൊഴിച്ചത്.

ഇക്കുറി മൃഗീയ ഭൂരിപക്ഷവുമായി  ആദ്യം പാര്‍ലമെന്റില്‍ പാര്‍ട്ടിയോഗത്തില്‍ പ്രസംഗിക്കാന്‍ മോദിജി എത്തിയപ്പോള്‍ ഭരണഘടനയില്‍ തലതൊട്ടുവന്ദിച്ചിരുന്നു. അപ്പോഴെ ഗുളികന് സംശയമുണ്ടായിരുന്നു ഇനി ഭാരതത്തെ ഭരണഘടനാമുക്ത ഭാരതമാക്കുമോയെന്ന്.