ജീവിതച്ചിലവും കാലാവസ്ഥയും മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ 


SEPTEMBER 12, 2021, 11:02 PM IST

സെപ്തംബര്‍ 20ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കനേഡിയന്‍ വോട്ടര്‍മാര്‍ നിര്‍ണായകമായി കാണുന്നത് കാലാവസ്ഥാ പ്രതിസന്ധിയും തൊഴില്‍പാര്‍പ്പിടപ്രശ്‌നങ്ങളും ശിശുവൃദ്ധ പരിപാലനത്തിലെ പോരായ്മകളുമാണ്. 

ജസ്റ്റിന്‍ ട്രൂഡോ നയിക്കുന്ന ലിബറല്‍ പാര്‍ട്ടി 2019ലെ തെരഞ്ഞെടുപ്പ് വേളയില്‍ കാലാവസ്ഥാ വ്യതിയാനം, മിനിമം വേതനം, ശിശുപരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിച്ചില്ലെന്ന പരാതിയാണ് പ്രതിപക്ഷം ആയുധമാക്കാന്‍ നോക്കുന്നത്. കഴിഞ്ഞ ചില ദിവസങ്ങളിലായി തോക്കുപയോഗിച്ചുള്ള ആക്രമങ്ങള്‍ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ഒരു ചര്‍ച്ചാവിഷയമായി ഉയര്‍ന്നു വന്നിട്ടുണ്ട്. 

ജീവിതച്ചിലവ്, ശിശുപരിപാലനം   

സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാനഡ കോവിഡ് കാലത്ത് നേരിട്ടത്. ജീവിതച്ചിലവില്‍ വലിയ വര്‍ദ്ധനവാണ് കനേഡിയന്‍ പൗരന്മാര്‍ അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴില്‍വേതന  വളര്‍ച്ചയെ കുറിച്ചുള്ള പാര്‍ട്ടികളുടെ പതിവ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അധിക പ്രാധാന്യം ലഭിക്കുന്നുണ്ട്. 

കോവിഡ് കാലത്ത് നഷ്ടമായ തൊഴിലുകളില്‍ 92 ശതമാനവും ഇതിനകം വീണ്ടെടുത്തതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍ വേതന വളര്‍ച്ച മന്ദഗതിയിലാണെന്നും ഇത് ജീവിതച്ചിലവുകളെ ബാധിക്കുകയാണെന്നും ജനങ്ങള്‍ പരാതിപ്പെടുന്നു. വേതനം താഴ്ന്നു നില്‍ക്കുന്നത് തൊഴിലവസരങ്ങള്‍ സ്വീകരിക്കപ്പെടാതെ പോകുന്നതിന് കാരണമാകുകയാണെന്ന് തൊഴിലുടമകളും പറയുന്നു. തൊഴിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ എത്ര പേര്‍ ജോലി ചെയ്യുന്നു എന്നുമാത്രമല്ല അവര്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന കാര്യവും സുപ്രധാനമായി വരുന്നുണ്ട്.

തങ്ങള്‍ വാഗ്ദാനം നല്കിയ സാര്‍വത്രിക ശിശുപരിപാലന പരിപാടികള്‍ നടപ്പാക്കപ്പെട്ടു എന്ന് ഉറപ്പാക്കാനുള്ള തിരക്കിലാണ് ലിബറലുകള്‍. ജോലിക്കു പോകുന്ന രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി നടപ്പാക്കപ്പെടുന്നതും ക്രമീകരിക്കപ്പെടുന്നതും നിര്‍ണായകമാണ്. 

കാലാവസ്ഥാ പ്രതിസന്ധി 

മറ്റ് പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ ഒരു സുപ്രധാന തെരഞ്ഞെടുപ്പ് വിഷയമായി കനേഡിയന്‍ ജനത കാണുന്നു എന്നതാണ് കൗതുകകരവും ശ്രദ്ധേയവുമായ വസ്തുത. രാജ്യങ്ങള്‍ തങ്ങളഉടെ ഹരിതഗൃഹ വാതക ഉദ്ഗമനം വെട്ടിക്കുറക്കാനുള്ള 'കോഡ് റെഡ്' പ്രഖ്യാപിക്കേണ്ട സമയമായെന്ന് ഐക്യരാഷ്ട്ര സഭ ആഗസ്ത് ആദ്യവാരത്തില്‍ മുന്നറിയിപ്പ് നല്കിയിരുന്നു. അത് വളരെ ഗൗരവമുള്ള ഒരു വിഷയമായി കനേഡിയന്‍ സമൂഹം കാണുന്നു.

സമുദ്ര നിരപ്പ് ഉയരുന്നതിന്റെ ആദ്യഘട്ടങ്ങളും കടുത്ത താപനിലയും പോലുള്ള പ്രതിഭാസങ്ങള്‍ തുടരുന്ന സന്ദര്‍ഭത്തില്‍ കര്‍ശനവും അടിയന്തിരവുമായ നടപടികള്‍ക്ക് അവയുടെ തീവ്രത കുറക്കാനാകുമെന്നാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള അന്താരാഷ്ട്ര സമിതി കണ്ടെത്തിയത്. കാനഡ പോലുള്ള സമൂഹങ്ങള്‍ക്ക് ഇത്തരം മുന്നറിയിപ്പുകള്‍ അടിയന്തരമായി നിര്‍വഹിക്കേണ്ടുന്ന രണ്ടു വെല്ലുവിളികളാണ് നല്കുന്നത്. ഒന്ന്, അതിവേഗത്തില്‍ ഡീകാര്‍ബണൈസേഷന്‍ നിര്‍വഹിക്കുക; രണ്ട്, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഉതകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക. 

കോവിഡ് 19 

ഒരു വര്‍ഷം മുമ്പ് കാനഡയില്‍ കോവിഡ് വാക്‌സിന്‍ ഇല്ലായിരുന്നെന്ന് മാത്രമല്ല ഫലപ്രദമായ മരുന്നുകള്‍ എപ്പോള്‍ ലഭ്യമാകുമെന്ന വിവരവുമുണ്ടായിരുന്നില്ല. എന്നാല്‍ കോവിഡ് വാക്‌സിന്‍ ലഭ്യമായതോടെ വളരെ പെട്ടെന്നാണ് വികസിത രാജ്യങ്ങളില്‍ ഭൂരിഭാഗത്തേയും മറികടന്ന് കാനഡ മികച്ച പ്രതിരോധ കുത്തിവെയ്‌പെടുത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടത്.

ഫെഡറല്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ തിരികെയെത്തുന്നതിന് മുമ്പ് എങ്ങനെ മികച്ച രീതിയില്‍ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാമെന്ന ചിന്തയും രാജ്യത്തിനുണ്ട്. ലിബറലുകളും ന്യൂ ഡെമോക്രാറ്റുകളും നിര്‍ബന്ധിത പ്രതിരോധ കുത്തിവെയ്പുകളെ പിന്തുണക്കുന്നുണ്ട്. അതേസമയം കണ്‍വെസര്‍വേറ്റീവുകളാകട്ടെ പ്രതിരോധ കുത്തിവെയ്പുകളെടുക്കാത്തവര്‍ക്ക് പ്രതിദിനം കോവിഡ് പരിശോധനകള്‍ നടത്തിയാല്‍ മതിയാകുമെന്ന നിലപാടിലാണ്. 

പാര്‍പ്പിട സൗകര്യങ്ങള്‍ 

താങ്ങാനാവുന്ന വീടോ കോണ്ടോ അപാര്‍ട്ട്‌മെന്റുകളോ കണ്ടെത്തുകയെന്നത് കാനഡക്കാര്‍ക്ക് ഇപ്പോഴും വലിയ വെല്ലുവിളിയാണ്. ടൊറന്റോ, വാന്‍കൂവര്‍ പോലുള്ള നഗരങ്ങളിലാണ് ഇക്കാര്യത്തില്‍ കടുത്ത വെല്ലുവിളി നേരിടുന്നത്. കോവിഡ് വ്യാപനകാലത്തും റിയല്‍ എസ്റ്റേറ്റ് വിപണി തീര്‍ത്തും താഴേക്ക് പോയിരുന്നില്ല. പാര്‍പ്പിട പ്രശ്‌നം പരിഹരിക്കാനുള്ള മുഖ്യ ഉത്തരവാദിത്വം പ്രവിശ്യകളിലും മുന്‍സിപ്പാലിറ്റികളിലുമാണ്. എന്നാല്‍ ഫെഡറല്‍ പാര്‍ട്ടികള്‍ക്ക് മുന്നിലും ഇതൊരു വെല്ലുവിളിയാണ്. 

ന്യൂ ഡെമോക്രാറ്റുകള്‍ പ്രതിവര്‍ഷം അയ്യായിരം ഡോളര്‍ വാടക, നവീകരണ സപ്ലിമെന്റുകള്‍ എന്നിവ നല്കുമെന്നാണ് പറയുന്നത്. ലിബറലുകള്‍ വീടു വാങ്ങല്‍ അവകാശ ബില്ലും ആദ്യം വാങ്ങുന്നവര്‍ക്ക് നികുതിരഹിത സേവിംഗ്‌സ് അക്കൗണ്ടും വാഗ്ദാനം ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ മൂന്നു വര്‍ഷത്തിനകം ഒരു ദശലക്ഷം വീടുകള്‍ നിര്‍മിക്കുമെന്നാണ് കണ്‍സര്‍വേറ്റീവുകള്‍ പറയുന്നത്. 

തോക്ക് അതിക്രമങ്ങള്‍  

സമീപ ദിവസങ്ങളിലാണ് തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കേണ്ടത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ചിലയിനം തോക്കുകളുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കപ്പെടണമെന്ന അഭിപ്രായക്കാരനാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.  തുടക്കത്തില്‍, അനിയന്ത്രിതമായ തോക്കുപയോഗത്തെ അനുകൂലിച്ച എറിന്‍ ഓ ടൂള്‍ ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്.