കോവിഡ് മഹാമാരി അമേരിക്കക്കാരുടെ ആയുസ്സ് കുറക്കുന്നു 


JANUARY 26, 2021, 7:41 PM IST

കൊറോണ വൈറസ് മഹാമാരി യുഎസിൽ ശരാശരി ആയുർദൈർഘ്യം കുറച്ചതായി പുതിയ പഠനം. ഇതിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് വംശീയ ന്യുനപക്ഷങ്ങളാണ്. 

കോവിഡ് 19 മഹാമാരിയെ തുടർന്നുണ്ടായ മരണങ്ങൾ പൊതുവിൽ ആയുർ ദൈർഘ്യത്തിൽ 1.13 വർഷത്തിന്റെ കുറവുണ്ടാക്കിയെന്നാണ് സതേൺ കാലിഫോണിയ സർവകലാശാലയിലെയും പ്രിൻസ്റ്റൻ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ വിശകലനത്തിൽ തെളിഞ്ഞത്. 

കഴിഞ്ഞ 40 വർഷങ്ങൾക്കിടയിൽ ഒരു വർഷത്തിൽ ആയുർദൈർഘ്യത്തിൽ ഇത്രയും കുറവുണ്ടാകുന്നത് ഇതാദ്യമാണ്. യുഎസിലെ ശരാശരി ആയുർദൈർഘ്യമിപ്പോൾ 77.48 വയസ്സാണ്. 2003നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. 

മരുന്നുകളുടെ അമിതമായ ഉപയോഗം, ബാഹ്യമായ മറ്റു കാരണങ്ങൾ, ശ്വാസകോശ-ഹൃദയ രോഗങ്ങൾ എന്നിവയെല്ലാം കാരണം നിരവധി വർഷങ്ങളായി ഓരോ വർഷവും ആയുർദൈർഘ്യത്തിൽ സംഭവിച്ച കുറവിന്റെ 10 മടങ്ങാണ് മഹാമാരി കാരണം ഉണ്ടായതെന്നത് വളരെ ആശങ്കപ്പെടുത്തുന്നതായി ഗവേഷകർ പറയുന്നു. പ്രൊസീഡിങ്സ്‌ ഓഫ് ദ് നാഷണൽ അക്കാദമി ഓഫ്  സയൻസസ് എന്ന  പ്രസിദ്ധീകരണത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വംശീയ ന്യുനപക്ഷക്കാർക്കിടയിലാണ് ആയുർദൈർഘ്യത്തിൽ ഏറ്റവും വലിയ കുറവ് സംഭവിച്ചിട്ടുള്ളത്. കറുത്തവരുടെ ആയുർദൈർഘ്യത്തിൽ 2.10 വർഷങ്ങളുടെയും ലാറ്റിനോകളുടെ ആയുർദൈർഘ്യത്തിൽ 3.05 വർഷങ്ങളുടെയും  കുറവുണ്ടായപ്പോൾ വെള്ളക്കാരുടെ ആയുർദൈർഘ്യത്തിൽ 0.68 വർഷത്തിന്റെ കുറവ് മാത്രമേ സംഭവിച്ചുള്ളു. 

ഈ വിടവ് കറുത്തവരും വെള്ളക്കാരും തമ്മിൽ ആയുർദൈർഘ്യത്തിലുള്ള വ്യത്യാസം 3.6 വർഷങ്ങൾ മുതൽ 5 വർഷങ്ങൾവരെ  വർധിപ്പിക്കും. 2006നു ശേഷം ഇക്കാര്യത്തിൽ നിലനിന്നിരുന്ന അന്തരം കുറയ്ക്കുന്നതിൽ കൈവരിച്ച പുരോഗതിയെ അതില്ലാതെയാക്കും. 

ലാറ്റിനോകളുടെ ആയുർദൈർഘ്യത്തിൽ സംഭവിച്ച വലിയ കുറവ് ഞെട്ടിപ്പിക്കുന്നതാണ്. മഹാമാരിക്ക് മുമ്പ് കോവിഡ് 19ൽ നിന്നും സംരക്ഷണം നേടാൻ കഴിയും വിധം നല്ല ആരോഗ്യമുള്ളവരായിരുന്നു ലാറ്റിനോകൾ. എന്നാൽ സാമൂഹ്യവും സാമ്പത്തികവുമായ സാഹചര്യങ്ങൾ അവർക്ക് ദോഷകരമായി മാറി.

മഹാമാരി യുഎസിൽ 390,000 പേരുടെയെങ്കിലൂം ജീവനപഹരിച്ചു കഴിഞ്ഞു. മേയ് ആകുമ്പോഴേക്കും 566,000 ത്തിലധികം പേരുടെ ജീവനപഹരിക്കാൻ സാധ്യതയുള്ളതായി വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക് ആൻഡ് ഇവാല്യുവേഷൻ കണക്കാക്കുന്നു. ഡിസംബർ ആയപ്പോഴേക്കും യുഎസിലെ ഏറ്റവും വലിയ മരണ കാരണമായി കോവിഡ് 19 മാറി. 

യുഎസിൽ 2020 ൽ ആയുർ ദൈർഘ്യത്തിൽ സംഭവിച്ച കുറവ് ഉയർന്ന വരുമാനമുള്ള മറ്റു രാജ്യങ്ങളെ കവച്ചുവെക്കുമെന്നാണ് കാണപ്പെടുന്നത്. മഹാമാരിക്ക് മുമ്പു തന്നെ മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് യുഎസിൽ ആയുർ‌ദൈർഘ്യം കുറവായിരുന്നു. അത് കൂടുതൽ വലുതാകുന്നതിനുള്ള സാധ്യതയാണ് കാണുന്നതെന്ന് പഠനം പറയുന്നു.