സ്ത്രീകൾക്ക് കോവിഡ് ഇരട്ടി പരീക്ഷണമാകുന്നു


JULY 3, 2020, 5:12 PM IST

                 

കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത് പുരുഷന്മാരേക്കാൾ വലിയ തൊഴിൽ നഷ്ടം സ്ത്രീകൾക്കിടയിൽ സംഭവിക്കുന്നത് സാമ്പത്തിക വളർച്ച വീണ്ടെടുക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശയങ്ക പടരുകയാണ്.  

ഫുഡ് സർവീസ്, വ്യക്തിഗത സേവനങ്ങൾ എന്നിവയുൾപ്പെടെ സേവന മേഖലയിൽ കൂടുതലും സ്ത്രീകളാണ് തൊഴിലെടുക്കുന്നത്. സാമൂഹ്യ അകലം പാലിക്കൽ വളരെ കർശനമായി പാലിക്കേണ്ട ഒരു മേഖലയാണെന്നതിനാൽ മഹാമാരിയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമേറെയും അനുഭവിക്കേണ്ടി വന്നത് ഈ മേഖലക്കാണ്.

കഴിഞ്ഞ മാന്ദ്യകാലത്ത് വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്  അല്ലെങ്കിൽ പുരുഷന്മാരായ ജീവിത പങ്കാളിക്ക് സംഭവിച്ച വേതന നഷ്ടം അല്ലെങ്കിൽ തൊഴിൽ നഷ്ടം നികത്തുന്നതിനായി ജോലിക്കു പോവുകയുണ്ടായി. 1980 കളിലും 1990 കളിലും പിന്നീട് 2007-09ൽ ഉണ്ടായ മാന്ദ്യകാലത്തും അങ്ങനെയായിരുന്നു. എന്നാൽ ഇക്കുറി തൊഴിലവസരങ്ങൾ പരിമിതപ്പെട്ടതിനാൽ അതിനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

ഈ സ്ഥിതി വിശാലമായ സാമ്പത്തിക വളർച്ചക്ക് തടസം സൃഷ്ടിക്കും. സ്ത്രീകളുടെ പങ്കാളിത്തം കുറയുകയെന്നു വെച്ചാൽ നഴ്‌സിംഗ്, ഹെയർ കെയർ തുടങ്ങി സ്ത്രീകൾ വളരെ പണിയെടുക്കുന്ന മേഖലകളിൽ വളരെ കുറച്ചു മാത്രം സ്ത്രീ തൊഴിലാളികൾ മാത്രമേ ഉണ്ടാകുകയുള്ളുവെന്നാണ്. 

തൊഴിലവസരങ്ങൾ കുറയുന്നതിനൊപ്പം തന്നെ കുട്ടികളുടെയും മുതിർന്നവരുടെയും സംരക്ഷണ ചുമതലകൾ കൂടി നോക്കേണ്ടിവരുമ്പോൾ വരും മാസങ്ങളിൽ ബിസിനസുകൾ വീണ്ടും പ്രവർത്തനം തുടങ്ങുമ്പോൾ തൊഴിലാളികളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറയുകയാകും ചെയ്യുക. 

സ്ത്രീകൾ ആധിപത്യം പുലർത്തുന്നതായ തൊഴിൽമേഖലക്കുണ്ടാകുന്ന ദൗർബ്ബല്യം മുൻകാല മാന്ദ്യങ്ങളുടെ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്. പുരുഷന്മാർക്ക് ആധിപത്യമുള്ള സാധനങ്ങളുടെ നിർമ്മാണ ഉൽപ്പാദന മേഖലകളിലായിരുന്നു അക്കാലങ്ങളിൽ കൂടുതൽ തൊഴിൽ നഷ്ടമുണ്ടായത്.

എന്നാൽ  മഹാമാരിയുടെ സമയത്ത് സ്ത്രീ തൊഴിലാളികൾക്ക് അവരുടെ തൊഴിലുകൾ നഷ്ടമായതിനൊപ്പം തന്നെ കുട്ടികളുടെ സംരക്ഷണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായ ഒരു സ്ഥിതികൂടിയുണ്ടായിട്ടുണ്ട്.

അതുകൊണ്ടുതന്നെ തൊഴിലെടുക്കുന്നവരിലും  തൊഴിലന്വേഷിക്കുന്നവരിലും 25 നും 54 നും മധ്യെ പ്രായമുള്ള സ്ത്രീകളുടെ എണ്ണം വളരെ ചുരുങ്ങും.തൊഴിലെടുക്കുന്നതിനുള്ള  ശരിയായ പ്രായത്തിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ നിരക്ക് കൊറോണ വൈറസ് മഹാമാരി യുഎസിൽ എത്തുന്നതിനു മുമ്പ്  ഫെബ്രുവരിയിൽ 77% മായിരുന്നത് മേയിൽ 74.3 % മായി കുറഞ്ഞു.  

ശരിയായ പ്രായത്തിൽ തൊഴിലെടുക്കുന്ന പുരുഷന്മാരുടെ നിരക്കും  കുറഞ്ഞിട്ടുണ്ട്.ഫെബ്രുവരിയിൽ 89.3% ആയിരുന്നത് മേയിൽ  87.2% മായി കുറഞ്ഞു.മഹമാരി ഉണ്ടാകുന്നതിനു മുമ്പ് ശരിയായ പ്രായത്തിലുള്ള പുരുഷന്മാരും സ്ത്രീകളും കൂടുതലായി തൊഴിലാളികളായി മാറിക്കൊണ്ടിരുന്നു. 

കമ്പനികൾ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്.ശേഷി എത്രത്തോളം പ്രവർത്തിപ്പിക്കണമെന്നതിൽ നിയന്ത്രണങ്ങളുണ്ട്. ചുരുക്കം തൊഴിലാളികളുമായിട്ടാകും പല കമ്പനികളും പ്രവർത്തനമാരംഭിക്കുക. അത് ദീർഘകാലത്തേക്ക്  അല്ലെങ്കിൽ സ്ഥിരമായിത്തന്നെ അങ്ങനെയായിക്കൂടെന്നില്ല. സ്ത്രീകൾ കൂടുതലായി ജോലിചെയ്യുന്ന വിദ്യാഭ്യാസം,ചില്ലറവ്യാപാരം,റസ്റ്ററന്റുകൾ,എന്നിവയിലൊന്നും മഹാമാരിയുടെ സമയത്ത് നഷ്ടമായ തൊഴിലുകളെല്ലാം അടുത്തവർഷം അവസാനംവരെയെങ്കിലും നികത്തണമെന്നില്ല. 

തൊഴിലന്വേഷിക്കുന്നതിൽ പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകൾ എടുക്കുന്ന തീരുമാനം തൊഴിലാളികളിൽ സ്ത്രീകളുടെ പങ്കാളിത്തത്തെയും വളർച്ചയെയും തടയുമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. സ്ത്രീ തൊഴിലാളികളെ കൂടുതൽ ആകർഷിക്കുന്ന മേഖലകളിലെ ഭീമമായ തൊഴിൽനഷ്ടംതന്നെയാണ് അതിനു കാരണം. 

മഹാമാരിയെ തുടർന്ന് സ്‌കൂളുകളും ഡേ കെയറുകളും അടച്ചുപൂട്ടിയത് ചുരുങ്ങിയകാലത്തേക്കെങ്കിലും തൊഴിൽ ചെയ്യാൻ പോകുന്നതിൽനിന്നും സ്ത്രീകളെ തടയും. വിവാഹിതരായ സ്ത്രീകൾ മക്കളുടെ കാര്യങ്ങൾക്കായി ഭർത്താക്കന്മാരുടെ ഇരട്ടി സമയമായിരിക്കും ചിലവഴിക്കുക. ഇരുവരും പൂർണ്ണ സമയം ജോലിചെയ്യുന്നവരാണെങ്കിൽപ്പോലും അതാണ് സ്ഥിതി.വിവാഹിതരും മുഴുവൻസമയം തൊഴിലെടുക്കുന്നവരുമായ   സ്ത്രീകൾ ഒരാഴ്ചയിൽ ശരാശരി 10.3 മണിക്കൂറുകൾ മക്കൾക്കായി ചിലവിടുമ്പോൾ വിവാഹിതരായ പുരുഷന്മാർ 7.2 മണിക്കൂറുകളാണ് ചെലവിടുന്നത്. 

യുഎസിൽ 18 വയസ്സിനു താഴെ പ്രായമുള്ളവരായി 73.5 മില്യൺ കുട്ടികളുണ്ട്. അവരിൽ 70 % വും മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്നവരാണെന്നാണ് സെൻസസ് ബ്യുറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.മഹാമാരിയെ തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൌൺ കാലത്ത് അടച്ചിട്ട ഡേ കെയർ സെന്ററുകളും സ്‌കൂളുകളും വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കുന്നത് സ്ത്രീകൾ തൊഴിലിനു പോകുന്നതിന്റെ ഒരു പ്രധാന ഘടകമായി മാറും.

ഡേ കെയർ സെന്ററുകൾ വീണ്ടും  തുറന്നു പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.എന്നാൽ നിലനിൽക്കാനാവശ്യമായ കസ്റ്റമേഴ്‌സിനെ തങ്ങൾക്കു ലഭിക്കുമോയെന്നു അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ മാത്രമേ വ്യക്തമാകുകയുള്ളുവെന്നു അവർ പറയുന്നു. എത്ര സ്‌കൂളുകൾ വർഷാന്ത്യമാകുമ്പോഴേക്കും തുറക്കുമെന്ന് നിശ്ചയമില്ല. വിദൂര പഠനവും ക്ലാസ് മുറികളിലിരുന്നുള്ള പഠനവും കൂടിച്ചേരുന്ന ഒന്നായിരിക്കും പഠന രീതി. 

ദമ്പതിമാർ ഇരുവരും ജോലി ചെയ്യുന്നവരും ജോലിയും ജീവിതവും തമ്മിൽ ക്രമീകരിക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്നവരാണെങ്കിൽ ആരെങ്കിലും ഒരാൾ താൽക്കാലികമായെങ്കിലും  തൊഴിൽ ഉപേക്ഷിച്ചേക്കും. അത് മിക്കവാറും  സ്ത്രീകളാകാനാണ് സാധ്യത. സ്ത്രീകൾ കൂടുതൽക്കലം തൊഴിൽ വിപണിയിൽനിന്നു വിട്ടു നിൽക്കുകയാണെങ്കിൽ പിന്നീട് മടങ്ങിവരുന്നതിനു പ്രയാസമാകും. തൊഴിലിൽ നിന്നും ദീർഘകാലം വിട്ടുനിൽക്കുന്നവരുടെ വൈദഗ്ധ്യം കുറയുമെന്നാണ് തൊഴിലുടമകൾ കണക്കാക്കുന്നത്. 

തൊഴിലാളികളിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ ഉയർത്തുന്നതിനുള്ള നയങ്ങൾ  യു എസ്  ആവിഷ്‌ക്കരിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. മഹാമാരിയുടെ സമയത്ത് സ്വയംതൊഴിൽ ചെയ്യുന്നവർക്കായി -- അവരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്--ഫെഡറൽ ഗവണ്മെന്റ് ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുകയുണ്ടായി. ജൂലൈ അവസാനമാകുമ്പോഴേക്കും അത് അവസാനിക്കും. അത് നീട്ടിക്കൊടുക്കണമോയെന്ന കാര്യത്തിൽ കോൺഗ്രസ് അംഗങ്ങൾ ഒരു തീരുമാനം എടുത്തിട്ടില്ല.