വിരാട് കോലി അവതാരങ്ങളുടെ അവതാരമാകുമ്പോള്‍....


JUNE 24, 2019, 12:31 PM IST

പ്രവീണ്‍ വിക്കത്ത് 

ക്രിക്കറ്റിനെ മതമായും കളിക്കാരെ ദൈവമായും ആരാധിക്കുന്ന ഇന്ത്യയ്ക്ക് ഒരു പുതു അവതാരത്തെ ലഭിച്ചിരിക്കുന്നു. അവതാരങ്ങളുടെ ആ അവതാരത്തിന് ഇപ്പോള്‍ രാജ്യം നല്‍കിയിരിക്കുന്ന പേര് വിരാട് കോലിയെന്നാണ്. എന്നാല്‍ ഈ പുതുഅവതാരപ്പിറവി ഒരു മാര്‍ക്കറ്റിംഗ് ടെക്‌നിക്കുമാകാം എന്നിടത്താണ് കളിയുടെ തന്ത്രം ഒളിഞ്ഞു കിടക്കുന്നത്. കാരണം ഇന്ത്യന്‍ വിപണിയും ക്രിക്കറ്റും എന്നും പരസ്പര പൂരകമായാണ് വളര്‍ന്നിട്ടുള്ളത് എന്നതു തന്നെ.

ഇന്ത്യയ്ക്ക് എന്നും ഒരു ആരാധാനാപാത്രം വേണ്ടിയിരുന്നു. പുതുയുഗത്തില്‍ അവരത് കണ്ടെത്തിയത് ആവേശഭരിതമായ ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നാണെന്നു മാത്രം. കപില്‍ദേവിന്റെ ചെകുത്താന്മാര്‍ 1983ല്‍ കപ്പുയര്‍ത്തിയപ്പോള്‍ തുടങ്ങിയ ആ ആവേശം വര്‍ധിക്കുകയല്ലാതെ പിന്നീട് ഒട്ടും കുറഞ്ഞതുമില്ല. അതിനിടയില്‍ സുനില്‍ ഗവാസ്‌ക്കര്‍ തൊട്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ നിരവധി പേര്‍. ഇതില്‍ ആരാധന പാരമ്യത്തിലെത്തിയത് സച്ചിന്‍ യുഗത്തിലായിരുന്നു എന്നുമാത്രം.

ഒരു സാധാരണ കുടുംബത്തില്‍ നിന്നും ഉയര്‍ന്നുവന്ന് ക്രിക്കറ്റ് ദൈവമായി വളര്‍ന്ന സച്ചിന്‍ ആഗോളഗ്രാമത്തിലേയ്ക്ക് കുടിയേറുന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രതീകമാവുകയായിരുന്നു. ഇന്ത്യക്കാര്‍ അവരെതന്നെ സച്ചിനില്‍ കണ്ടു. കളിക്കളത്തിലെ ശൗര്യവും കളിക്കളത്തിന് പുറത്തെ വിനയവും അദ്ദേഹത്തെ ദൈവതുല്യനാക്കി. ഈ അവസരം വിപണി ശരിക്കും ഉപയോഗപ്പെടുത്തി. ആഗോളവത്ക്കരണാനന്തരം സംഭവിച്ച രാജ്യത്തിന്റെ ഉപഭോഗശേഷിയെ ആഗോളകുത്തകകള്‍ സച്ചിനിലൂടെ പരമാവധി മുതലെടുക്കുകയായിരുന്നു എന്നതാണ് സത്യം.

ശീതളപാനീയം തൊട്ട് ടയര്‍കമ്പനി വരെയുള്ളവരാണ് തങ്ങളുടെ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ സച്ചിന്റെ വീടിനുമുന്നില്‍ ക്യൂ നിന്നത്. അങ്ങിനെ, വളരുന്ന ഇന്ത്യയില്‍ സച്ചിനും കമ്പനികളും ഒരേപോലെ അഭിവൃദ്ധി നേടി. പിന്നീട് സച്ചിന്‍ കളിമതിയാക്കി വിരമിച്ചപ്പോള്‍ ജനങ്ങളും വിപണിയും ഒരു പുതു അവതാരത്തെ തേടുകയായിരുന്നു. ആ ഒഴിവിലേയ്ക്കാണ് വിരാട് കോലി തന്റെ സ്വതസിദ്ധമായ ആവേശത്തോടെ കുതിച്ചെത്തുന്നത്.


കോലി എന്ന ബ്രാന്റ്

സച്ചിനുശേഷം ആര്? എന്ന ചോദ്യം അവശേഷിപ്പിച്ച മൗനം ഓരോ ഇന്ത്യക്കാരനേയും അലട്ടുന്നുണ്ടായിരുന്നു. ദൈവത്തിനും മുകളില്‍ ഇനി ഒരാളുണ്ടാകില്ലന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് സച്ചിന്റെ പ്രതിഭയും ധോണിയുടെ നേതൃപാടവവും കപില്‍ദേവിന്റെ അക്രമോത്സുകതയും സുനില്‍ ഗവാസ്‌ക്കറിന്റെ സാങ്കേതിക മികവുമായി കോലി അവതരിക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തെ പാടിപ്പുകഴ്ത്തുന്ന വിപണിയും ക്രിക്കറ്റ് പണ്ഡിതരും തന്നെയാണ് സച്ചിനേയും സമാനമായി പ്രകീര്‍ത്തിച്ചിരുന്നത് എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. പക്ഷെ ഈ സ്തുതിപാടലില്‍ എത്രമാത്രം കഴമ്പുണ്ട്... ഇന്ത്യയുടെ വികാരങ്ങളെ കോലി യഥാതഥമായി പ്രതിനിധീകരിക്കുന്നുണ്ടോ എന്ന് പറയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും എന്നതാണ് യാഥാര്‍ത്ഥ്യം.

പ്രതിഭയുടെ കാര്യത്തില്‍ വിരാട് കോലി സച്ചിനേക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണെന്ന് സമ്മതിക്കേണ്ടിവരും. നിര്‍ണ്ണായകഘട്ടത്തില്‍ സച്ചിന്‍ അനുഭവിച്ചിരുന്ന മാനസിക സമ്മര്‍ദ്ദം കോലിയെ അലട്ടുന്നില്ല. പ്രതിരോധിക്കേണ്ടപ്പോള്‍ പ്രതിരോധിക്കാനും അടിച്ചുകളിക്കേണ്ടപ്പോള്‍ അടിച്ചുകളിക്കാനും അതിവേഗം കോലിയ്ക്ക് സാധിക്കും. ഗിയര്‍മാറ്റി വേഗത വര്‍ധിപ്പിക്കുന്ന വണ്ടിയെപ്പോലെയാണ് അയാള്‍. എങ്ങിനെ വേണമെങ്കിലും ഓടിച്ച് ഉപയോഗപ്പെടുത്താം. അതുകൊണ്ടുതന്നെ വെറും 227 ഇന്നിംഗ്‌സുകളില്‍ നിന്നായി 41 ഏകദിന സെഞ്ച്വറികള്‍ നേടാന്‍ അദ്ദേഹത്തിനായി. ഇതില്‍ ഭൂരിഭാഗവും എതിര്‍ടീമിന്റെ സ്‌ക്കോര്‍ ചെയ്‌സ് ചെയ്യുമ്പോള്‍ നേടിയതാണുതാനും. 

 ഇനി വെറും എട്ടെണ്ണം കൂടി നേടിയാല്‍ സച്ചിന്റെ റെക്കോര്‍ഡ് തിരുത്തപ്പെടും. നിലവിലെ ഫോം വെച്ചുനോക്കുകയാണെങ്കില്‍ അത് അതിവേഗം സംഭവിക്കാവുന്നതേയുള്ളൂ. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റിക്കി പോണ്ടിംഗിനെ കോലി എന്നോ മറികടന്നു കഴിഞ്ഞു. വിന്നിംഗ് ഇന്നിംഗ്‌സുകളും കോലിയാണ് സച്ചിനേക്കാള്‍ ഏറെ കളിച്ചിട്ടുള്ളത്. താരതമ്യത്തില്‍ കോലി സച്ചിന്റെ പുറകില്‍ നില്‍ക്കുന്നത് പരീക്ഷണ ഷോട്ടുകളില്‍ മാത്രമാണ്. സച്ചിന്‍ കളിച്ചിരുന്നതുപോലെയുള്ള പാഡില്‍ സ്‌ക്കൂപ്പോ, അപ്പര്‍ കട്ടുകളോ അപൂര്‍വ്വമായേ കോലി ബാറ്റേന്തുമ്പോള്‍ സംഭവിക്കാറുള്ളൂ. 

എന്നാല്‍ ഒരു നായകനെന്ന നിലയില്‍ കോലി എത്രമാത്രം ഉയരത്തിലെത്തി? അത് പറയാന്‍ നാം ഇനിയും കാത്തിരിക്കേണ്ടിവരും എന്നാണ് തോന്നുന്നത്. നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പരീക്ഷണവേദി ഇത്തവണത്തെ ഏകദിന ലോകകപ്പായിരിക്കും. ഓസ്‌ട്രേലിയയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടി എന്ന കാര്യം മറക്കുന്നില്ല. പക്ഷെ അത് സ്മിത്തും വാര്‍ണറുമില്ലാത്ത ആസ്‌ത്രേലിയയായിരുന്നുവെന്ന് ഓര്‍ക്കണം. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, സെവാഗ്, ഗാംഗുലി എന്നിവര്‍ സൃഷ്ടിച്ച് പിന്നീട് ധോണിയും യുവ് രാജും ചേര്‍ന്ന് ലോകകപ്പ് നേടി ഫലപ്രാപ്തിയിലെത്തിച്ച അജയ്യമായ ഒരു ഇന്ത്യന്‍ ടീമിനെയാണ് കോലിയ്ക്ക് നയിക്കാന്‍ ലഭിച്ചത്. അതുകൊണ്ടുതന്നെ മൊത്തം ടീമിന്റെ വിജയതൃഷ്ണ കോലിയുടെ കാലത്ത് സംഭവിച്ച ഒരു പുതുകാര്യമൊന്നുമല്ല. മാത്രമല്ല, ഇപ്പോഴും ധോണി എന്ന യുഗപ്രഭാവനായ ലോകകപ്പ് നേടിതന്ന ക്യാപ്റ്റന്റെ സഹായം കോലിയ്ക്ക് ലഭിക്കുന്നുമുണ്ട്.

ധോണിയുടെ സഹായമില്ലാതെ കോലി ഒറ്റയ്ക്ക് നയിച്ച പല പരമ്പരകളിലും ടീം തോല്‍വി അറിഞ്ഞതുകൂടി ഇതിനോട് ചേര്‍ത്ത്ത വായിക്കണം. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ജയിക്കാവുന്ന ടെസ്റ്റ് മത്സരങ്ങള്‍ പോലും ടീം തിരഞ്ഞെടുപ്പിലെ പാകപ്പിഴകൊണ്ട് തോറ്റുപോയി. കോലിയുടെ അധീശത്വം അംഗീകരിക്കാത്തതിനാല്‍ കോച്ചായിരുന്ന കുംബ്ലെയ്ക്ക് രാജിവയ്‌ക്കേണ്ടിയും വന്നു. അതുകൊണ്ടുതന്നെ പുതുഇന്ത്യയെ കോലി പ്രതിനിധീകരിക്കുന്നു എന്നുള്ള പാടിപുകഴ്ത്തലും ഇല്ലാത്ത സ്വഭാവഗുണങ്ങളുടെ ആരോപണവുമെല്ലാം വിപിണിയില്‍ സച്ചിനുശേഷം ഒരു ബ്രാന്റ് വളര്‍ത്തിയെടുക്കാനുള്ള ശ്രമമായി മാത്രമേ കാണാനാകൂ.


അതേസമയം കോലി എന്ന കഠിനധ്വാനിയായ ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ പ്രതിഭയും  രാജ്യത്തിന് മുതല്‍ക്കൂട്ടുതന്നെയാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ശാരീരികക്ഷമതയില്‍ വിട്ടുവീഴ്ചയില്ലാത്ത എപ്പോഴും പരിശീലനത്തില്‍ മുഴുകുന്ന കോലി ഏതൊരു യുവാവിനും പ്രചോദനമാണ്. അതുകൊണ്ടുതന്നെ രാജ്യം മുഴുവന്‍ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കുന്നു. കോലിയുടെ താടിയും അദ്ദേഹം ടാറ്റൂ ചെയ്തതും ട്രെന്റായത് അങ്ങിനെയാണ്. ഇന്ത്യക്കാര്‍ മാത്രമല്ല, മറ്റുരാജ്യത്തെ കളിക്കാരും യുവാക്കളും പിന്നീട് കോലിയെ പിന്തുടര്‍ന്നു. കായികശേഷിയും ശാരീരികക്ഷമതയും നിലനിര്‍ത്തി കോലിയെപ്പോലെ ഫിറ്റാകാനാണ് ഓരോരുത്തരുടേയും ശ്രമം.

കളിക്കളത്തിലും മാധ്യമപ്രവര്‍ത്തകരോടും രോഷം കൊള്ളുന്ന, കുറിക്കുകൊള്ളുന്ന മറുപടി പറയുന്ന, റണ്‍സെടുക്കാതെ പുറത്താകുന്ന കളിക്കാരെ സ്ലഡ്ജ് ചെയ്യുന്ന, കളിയാക്കുന്ന കോലിയുടെ അക്രമണോത്സുകത അദ്ദേഹത്തോടുള്ള ആരാധകരുടെ ഇഷ്ടം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതേസമയം സച്ചിന്‍ നേടിയതു പോലെയുള്ള ഒരു സ്‌നേഹം ഇപ്പോഴും കോലിയ്ക്ക് ലഭിക്കുന്നുണ്ടോ എന്ന കാര്യം സംശയവുമാണ്. ഒരു പക്ഷെ അദ്ദേഹം അത് ആഗ്രഹിക്കുന്നുമുണ്ടാകില്ല. പക്ഷെ വിപണിയിലെ ട്രെന്റ് സെറ്റര്‍മാര്‍ അത്തരമൊരു പ്രതിച്ഛായ കോലിയില്‍ ആരോപിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. ഇതിനായി ദേശീയ അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ കോലി സ്തുതിയാല്‍ നിറയുന്നു. പഴയകാല കളിക്കാര്‍ കോലിയില്‍ അമാനുഷികത്വം ദര്‍ശിക്കുന്നു. കാരണം പ്യൂമ, ഊബര്‍, ഫിലിപ്‌സ്, ഔഡി, എംആര്‍എഫ്, ടിസോട്ട് എന്നീ ആറ് വലിയ ബ്രാന്റുകളുടെ അംബാസിഡര്‍ കോലിയാണ്. സ്‌പോര്‍ട്‌സ് പ്രോയുടെ ലിസ്റ്റില്‍ ഏറ്റവും മാര്‍ക്കറ്റുള്ള അത്‌ലറ്റുകളുടെ ലിസ്റ്റില്‍ കോലി ഫുട്‌ബോള്‍ താരം നെയ്മര്‍, ഫോര്‍മുല വണ്‍ ഇതിഹാസം ലൂയിസ് ഹാമില്‍ട്ടണ്‍, ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ സാല എന്നിവരേക്കാള്‍ ഒരുപാട് മുന്നിലായത് യാദൃശ്ചികമല്ല എന്ന് സാരം. അതുകൊണ്ടുതന്നെ കോലിയുടെ ദിവ്യത്വവും അവതാരപരിവേഷവും ഇനിയും ഉയരുക തന്നെ ചെയ്യും. ആ സമ്മര്‍ദ്ദത്തെ കോലി എങ്ങിനെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ ഭാവി.

                                                                            [email protected]