(ഡല്‍ഹി ഡയറി)
കെ. രാജഗോപാല്‍
നിയമസഭ തെരഞ്ഞെടുപ്പിനിറങ്ങിയ പാടേ ബി.ജെ.പി നേരിടുന്നത് എതിരാളികളേക്കാള്‍ ആഭ്യന്തര കുഴപ്പമാണ്. പിന്നോക്ക വിഭാഗം നേതാക്കളായ മൂന്നു മന്ത്രിമാര്‍ അടക്കം ഏഴ് എം. എല്‍. എമാര്‍ ഇതിനകം രാജി വെച്ചത് ചെറിയ തലവേദനയല്ല. യോഗി സര്‍ക്കാറിനും ബി.ജെ.പിക്കും പലവിധ വെല്ലുവിളികളുണ്ട്. എന്നാലും പ്രതിപക്ഷം പലവഴിയായതു കൊണ്ട് അധികാരം പിടിക്കാന്‍ വലിയ പ്രയാസമില്ലെന്ന കാഴ്ചപ്പാടിനിടയിലാണ് ഈ സംഭവ വികാസം. ബ്രാഹ്മണ സമൂഹം ബി.ജെ.പിയുമായി അകന്നു നില്‍ക്കുന്നുവെന്ന യാഥാര്ഥ്യത്തിനൊപ്പമാണ് പിന്നോക്ക വിഭാഗ നേതാക്കളുടെ വിമ്മിട്ടം.
എന്നാല്‍ ഇതുകൊണ്ട് ബി.ജെ.പി യു.പിയില്‍ പരാജയപ്പെടുമോ? അത് തീരുമാനിക്കേണ്ടത് തീര്‍ച്ചയായും വോട്ടര്‍മാരാണ്. അത്തരം ചര്‍ച്ചകളൊക്കെ നടക്കുന്നതിനിടയിലെ യാഥാര്‍ഥ്യം മറ്റൊന്നാണ്. ബി. ജെ. പിക്ക് യു. പിയിലെ ഭരണം പിടിച്ചേ തീരൂ. ഏറ്റവും നിര്‍ണായക സംസ്ഥാനമായ യു. പിയില്‍ തോറ്റാല്‍ 2024 ലെ പൊതുതെരഞ്ഞെടുപ്പിലും തോല്ക്കാന് പോകുന്നു എന്നാണ് അര്‍ഥം. അതുകൊണ്ടു തന്നെ ഏതു മാര്‍ഗത്തിലൂടെയും സംസ്ഥാനത്തെ അധികാരം നിലനിര്‍ത്താന്‍ ബി. ജെ. പി ശ്രമിക്കുമെന്നാണ് കാണേണ്ടത്.സ്വാമി പ്രസാദ് മൗര്യയില്‍ നിന്നാണ് ബി.ജെ.പിയില്‍ നിന്നുള്ള രാജി പരമ്പര തുടങ്ങിയത്.
യോഗിക്കെതിരെ കഴിഞ്ഞ വര്‍ഷം കലാപക്കൊടി ഉയര്‍ത്തിയ പിന്നാക്ക നേതാക്കളാണ് കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത്. യോഗി അഹങ്കാരത്തിനും പ്രവര്‍ത്തന ശൈലിക്കുമെതിരെ ബി.ജെ.പി ദേശീയ നേതൃത്വത്തിന് ഇവര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച സമിതി യു.പിയില്‍ പോയി വന്ന് പരിഹാര നടപടികള്‍ നിര്‍ദേശിച്ചുവെങ്കിലും തല്‍സ്ഥിതി തുടരുകയാണ് യോഗി ചെയ്തത്. പിന്നാക്ക, പാര്ശ്വവല്കൃത, ദലിത് വിഭാഗങ്ങളെ പീഡിപ്പിക്കുന്ന യോഗി സര്‍ക്കാറിന്റെ നിലപാടില്‍ വേദനിച്ചാണ് സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച താന്‍ രാജി വെക്കുന്നതെന്ന് മൗര്യ എഴുതിയ കത്തിന് സമാനമായ രാജിക്കത്തില്‍ മറ്റുളളവരും കുറ്റപ്പെടുത്തിയിട്ടുണ്ട്. ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സംവരണത്തിലും അവഗണനയാണ് സര്‍ക്കാര്‍ കാണിച്ചതത്രേ. രാജി വെച്ചവര്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിയിലേക്കുള്ള വഴിയിലാണ്.
തെരഞ്ഞെടുപ്പില്‍ പ്രധാന മത്സരം ബി.ജെ.പിയും അഖിലേഷ് യാദവ് നയിക്കുന്ന സമാജ്വാദി പാര്‍ട്ടിയുമായിത്തന്നെ. മായാവതിയുടെ ബി.എസ്.പി, പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം എന്നിവയും മാറ്റുരക്കുന്ന തെരഞ്ഞെടുപ്പ് പ്രതിപക്ഷ വോട്ടുകള്‍ ചിതറിക്കുമെന്ന് ഉറപ്പ്. സാമുദായിക ധ്രുവീകരണ വിഭവങ്ങള്‍ വേണ്ടത്രയുണ്ട്. എന്നിട്ടും രക്ഷയില്ലെങ്കില്‍ മായാവതിയുടെ പാര്‍ട്ടിയെ ബി.ജെ.പി വളഞ്ഞു പിടിച്ചിട്ടായാലും ഭരണം നിലനിര്‍ത്താനുള്ള എല്ലാ സാധ്യതകളും ബി.ജെ.പി കണ്ടു വെക്കുന്നുണ്ട്. സീറ്റെണ്ണം കുറയുമെങ്കിലും ജയം തങ്ങള്‍ക്കു തന്നെയെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ബാക്കിയെല്ലാം വോട്ടറുടെ കോര്‍ട്ടില്‍.
*** *** ***
യു.പി അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കടക്കമ്പോള്‍ ഇന്ത്യ ഒമിക്രോണ്‍ ഡെല്‍റ്റ പെരുക്കത്തിലാണ്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം അഞ്ചു ലക്ഷത്തോളം പേരുടെ ജീവനാണ് കോവിഡ് രണ്ടു വര്‍ഷം കൊണ്ട് കവര്‍ന്നെടുത്തത്. ഒമിക്രോണ്‍ വ്യാപനത്തോടെ ദിനേന കേസുകള്‍ കൂടി മൂന്നാം തരംഗം രൂപപ്പെട്ടുകഴിഞ്ഞു. അത് യാത്രകള്‍ക്കും ജനങ്ങളുടെയും രാജ്യത്തിന്റെയും മന്നോട്ടു പോക്കിനും പുതിയ തടസങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ യാത്രാ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഏഴു ദിവസം ക്വാറന്റീന് നിര്‍ബന്ധം. എട്ടാം ദിവസം ആര്. ടി. പി. സി. ആര് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പിക്കണം. ഒമിക്രോണ്‍ വ്യാപനമുള്ള 'അറ്റ് റിസ്ക്' രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ ഐസൊലേഷന്‍ നിര്‍ബന്ധം. ഇത് എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ബാധകമാക്കി. ഏഴു ദിവസത്തെ ക്വാറന്റീനു ശേഷം എട്ടാം ദിവസം നടത്തുന്ന പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കിലും അടുത്ത ഏഴു ദിവസത്തേക്കു കൂടി ആരോഗ്യ സ്ഥിതി സ്വയം നിരീക്ഷിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പരിശോധന ഫലം പോസിറ്റീവാണെങ്കില്‍ പ്രോട്ടോക്കോള്‍ പ്രകാരം ഐസൊലേഷന്‍ തുടരണം. സാമ്പിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കണം.അറ്റ് റിസ്ക് രാജ്യങ്ങളുടെ എണ്ണം 12ല്‍ നിന്ന് 19 ആയി കഴിഞ്ഞയാഴ്ച ഉയര്‍ത്തിയിരുന്നു.
അറ്റ് റിസ്ക് രാജ്യങ്ങള്‍ ഇവയാണ്: യു. കെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോത്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാബ്വേ, താന്‍സാനിയ, ഹോങ്കോങ്, ഇസ്രയേല്‍, കോംഗോ, എത്യോപ്യ, ഘാന, കസാക്കിസ്താന്‍, കെനിയ, നൈജീരിയ, ടുണീഷ്യ, സാംബിയ. മറ്റു രാജ്യങ്ങളില്‍ നിന്ന് വന്നിറങ്ങുന്ന യാത്രക്കാരില്‍ രണ്ടു ശതമാനം പേരെ വിമാനത്താവളങ്ങളില്‍ പരിശോധനക്ക് വിധേയരാക്കും. എഴു ദിവസത്തെ ക്വാറന്റീനു ശേഷം നടത്തുന്ന ആര്. ടി. പി. സി. ആര് ടെസ്റ്റിന്റെ ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഇത് മടക്ക യാത്രക്ക് ആവശ്യമാണ്. ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനു മുമ്പും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതുണ്ട്.കോവിഡ് പെരുകുന്നതിനാല്‍ ഡല്‍ഹിയിലെ എല്ലാ സ്വകാര്യ ഓഫീസുകളും അടച്ചു. അവശ്യ സേവനങ്ങള്‍ മുന്‍നിര്‍ത്തി ഒഴിവാക്കിയ ഓഫീസുകള്‍ മാത്രം തുറക്കാം.
മറ്റുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലായി. നഗരത്തിലെ റസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവ അടച്ചു. ബാങ്ക്, അവശ്യ സേവനം ലഭ്യമാക്കുന്ന കമ്പനികള്‍, ഇന്‍ഷുറന്‍സ്, മെഡിക്ലെയിം, ഫാര്‍മ കമ്പനികള്‍, കൊറിയര്‍ കമ്പനികള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, സെക്യൂരിറ്റി വിഭാഗം, മാധ്യമങ്ങള്‍, പെട്രോള്‍ പമ്പ് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിന് പൂര്‍ണതോതില്‍ ജീവനക്കാരെ അനുവദിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ ഇപ്പോള്‍ പകുതി ജീവനക്കാരുമായാണ് പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരി വരെ ഈ സ്ഥിതി തുടരേണ്ടി വരുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍. അത് ഡല്‍ഹിയുടെ മാത്രം കാര്യമല്ല, എല്ലാ സംസ്ഥാനങ്ങളുടെയും പൊതുസ്ഥിതി വരും ദിവസങ്ങളില്‍ ഇങ്ങനെയായിരിക്കും.