നാഴികക്കല്ലായ ഒരു വിധി


MAY 12, 2022, 8:45 PM IST

(ഡല്‍ഹി ഡയറി)


കെ. രാജഗോപാല്‍

പൗരസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കാര്യത്തില്‍ ചരിത്ര പ്രധാനമായൊരു ഇടക്കാല വിധിയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായത്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാനുള്ള നിയമങ്ങള്‍ ഭരണകൂടവും പൊലീസും ദുരുപയോഗിച്ചു കൂടാ. ഈ ദുരുപയോഗത്തിനെതിരായ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് എന്‍. വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച്, രാജ്യദ്രോഹ നിയമ പ്രകാരം പുതിയ കേസെടുക്കുന്നതും നിലവിലെ കേസുകളില്‍ വിചാരണ തുടരുന്നതും തല്‍ക്കാലം മരവിപ്പിച്ചിരിക്കുന്നു. ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ വകുപ്പിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ പുനഃപരിശോധന നടപടി പൂര്‍ത്തിയാകുന്നതു വരെ ഈ വിലക്ക് തുടരും.800ല്‍ പരം രാജ്യദ്രോഹ കേസുകളിലായി 13,000ല്‍പരം പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ ജയിലില്‍ കഴിയുന്നതെന്നാണ് ശരാശരി കണക്ക്. കടുത്ത ദുരുപയോഗം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികളിലൂടെ ചോദ്യം ചെയ്തിരിക്കുന്ന വിവാദ 124എ വകുപ്പ് തല്‍ക്കാലം മരവിപ്പിക്കുകയാണ് കോടതി ചെയ്തത്. ഈ വകുപ്പു പ്രകാരം കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ, അന്വേഷണം തുടരുകയോ, സമ്മര്‍ദ നടപടി സ്വീകരിക്കുകയോ ചെയ്യരുത്.

പുതിയ കേസ് രജിസ്റ്റര്‍ ചെയ്താല്‍ ബന്ധപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാം. രാജ്യദ്രോഹ നിയമം പുനഃപരിശോധിച്ച് സര്‍ക്കാര്‍ കോടതിയെ വിവരം അറിയിക്കുകയും കോടതി മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്നതു വരെ ഇപ്പോഴത്തെ വിധി നിലനില്‍ക്കും. രാജ്യദ്രോഹ നിയമ ദുരുപയോഗം തടയാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാറിന് മാര്‍ഗനിര്‍ദേശം ഇറക്കാമെന്നും കോടതി വ്യക്തമാക്കി. പുനഃപരിശോധിക്കുന്നുവെന്നു കരുതി ഒരു നിയമം തുടര്‍ന്നും നടപ്പാക്കുന്നത് തടയാനാവില്ലെന്ന വാദമാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രധാനമായും നടത്തിയത്. നിലവിലെ കേസുകള്‍ സ്റ്റേ ചെയ്യാന്‍ പാടില്ല. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുകയും വേണം.

എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അംഗീകരിച്ചില്ല. കേസും വിചാരണയും തടയാത്ത വിധം ചില കരട് നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ മുന്നോട്ടു വെച്ചിരുന്നു. പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൊലീസ് സൂപ്രണ്ടിന്റെ നേരിട്ടുള്ള പരിശോധന വേണമെന്ന് വ്യവസ്ഥ ചെയ്യാമെന്നായിരുന്നു ഒരു നിര്‍ദേശം. ഇപ്പോഴുള്ള കേസുകളുടെ കാര്യത്തില്‍, പ്രതികളുടെ ജാമ്യം വിചാരണ കോടതികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാമെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.ക്രിമിനല്‍ കുറ്റങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന വിലക്ക് ശരിയായ സമീപനമായിരിക്കില്ല. ക്രിമിനല്‍ കുറ്റം ചെയ്താല്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് എങ്ങനെ? നിലവിലെ ചില രാജ്യദ്രോഹ കേസുകള്‍ക്ക് ഭീകരതയുടെ വശം ഉണ്ടാകാം. കള്ളപ്പണ ഇടപാട് ഉണ്ടാകാം. അതിന്റെ ആഴവും വ്യാപ്തിയും വിചാരണ കോടതികള്‍ക്കേ അറിയൂ. പൊലീസിനും സര്‍ക്കാറിനും മുമ്പാകെയല്ല ഈ കേസുകള്‍. കോടതിക്കു മുമ്പാകെയുള്ള കേസുകളില്‍ അതാതു കോടതികളാണ് തീരുമാനം എടുക്കേണ്ടത്. കുറ്റത്തിന്റെ ഗൗരവം എത്രയെന്ന് മറ്റുള്ളവര്‍ക്ക് അറിയില്ല. കോടതികളുടെ വിവേകത്തിന് വിടുകയാണ് വേണ്ടത്.

പ്രതികളുടെ ജാമ്യം വേഗത്തില്‍ പരിഗണിക്കണമെന്ന് പറയാം. എന്നു മാത്രമല്ല, പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഒരു നിയമം സ്റ്റേ ചെയ്യാനാവില്ല. ഭരണഘടനാ ബെഞ്ച് മുന്‍പ് ശരിവെച്ച വ്യവ്‌സഥകളുടെ കാര്യത്തില്‍ മറ്റൊരു ഉത്തരവ് ഇറക്കുന്നത് ശരിയായിരിക്കില്ലെന്നും സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് കോളനിവാഴ്ചക്ക് ഉതകുന്ന വിധത്തില്‍ ഉണ്ടാക്കിയതാണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് ഇടക്കാല വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. ഇന്നത്തെ കാലത്തിന് യോജിച്ചതല്ല രാജ്യദ്രോഹ നിയമ കാര്‍ക്കശ്യങ്ങളെന്ന നിരീക്ഷണത്തോട് യോജിച്ചു കൊണ്ടാണ് പുനഃപരിശോധനക്ക് കേന്ദ്രസര്‍ക്കാര്‍ തയാറായതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഒരു വശത്ത് ഭരണകൂടത്തിന്റെ ചുമതലയും മറുവശത്ത് പൗരസ്വാതന്ത്ര്യവും സന്തുലിതമായി കണക്കിലെടുക്കേണ്ടതുണ്ട്. 1898ലെ പഴയ വ്യവസ്ഥയാണ് ഇന്നും തുടരുന്നതെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഹനുമാന്‍ ചാലീസ ചൊല്ലിയതിന് കേസെടുത്തതു പോലെ ദുരുപയോഗത്തിലെ സംഭവങ്ങള്‍ അറ്റോര്‍ണി ജനറലും എടുത്തു പറഞ്ഞു. അതുകൊണ്ട് നിയമവ്യവസ്ഥ പുനഃപരിശോധന കഴിയും വരെ ഉപയോഗിക്കാതിരിക്കുന്നതാണ് ശരി. പൗരസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് സത്യവാങ്മൂലം വിശദീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക വേളയില്‍ കോളനിവാഴ്ചയുടെ വിഴുപ്പ് കഴിവതും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് നിയമം പുനഃപരിശോധിക്കാനുള്ള താല്‍പര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചതെന്നും വിധിയില്‍ എടുത്തു പറഞ്ഞു.

രാജ്യദ്രോഹ നിയമം പുനഃപരിശോധന കാലം വരെ മരവിപ്പിക്കപ്പെട്ടത് പൗരസ്വാതന്ത്ര്യത്തില്‍ പുതുവെളിച്ചമായെങ്കിലും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ വകുപ്പിനൊപ്പം ഭീകരവിരുദ്ധ നിയമമായ യു.എ.പി.എയുടെ വ്യവസ്ഥകള്‍ കൂടി ചേര്‍ത്താണ് ഒട്ടുമിക്കവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന പ്രശ്‌നം ബാക്കി നില്‍ക്കുന്നുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ജാമ്യ ശ്രമങ്ങളെ ഇത് ബാധിച്ചേക്കും. യു.എ.പി.എ നിയമ വ്യവസ്ഥകളുടെ ദുരുപയോഗം നടക്കുന്നുവെന്ന ആക്ഷേപവും ബാക്കി.