തുറന്ന ലോക്ഡൗൺ 


MAY 22, 2020, 12:42 PM IST

നാലാം തവണ നീട്ടിയ ലോക്ഡൗണിലൂടെയാണ് ഇന്ത്യ മുന്നോട്ടു പോകുന്നത്. ലോക്ഡൗൺ പക്ഷേ, പരിമിതമായിരിക്കുന്നു. മെയ് 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു. ട്രെയിൻ സർവീസുകളുടെ എണ്ണം കൂട്ടി. പല സംസ്ഥാനങ്ങളിലും ബസും ടാക്സിയും ഓടുന്നു. ഓഫീസുകൾ പ്രവർത്തിക്കുന്നു. എല്ലാം പൂർണതോതിലല്ല എന്നു മാത്രം. രണ്ടു മാസം അടച്ചുപൂട്ടിയിരുന്ന ജനത്തിനും ഇനി സഹിക്കാൻ വയ്യ എന്ന മട്ട്. അങ്ങനെ ലോക്ഡൗൺ പേരിനു മാത്രമെന്ന മട്ടിൽ മുന്നോട്ട്. കോവിഡും ലോക്ഡൗണും ചേർന്ന് ഉണ്ടാക്കി വെച്ച പ്രയാസങ്ങൾ കൂടിക്കൂടി വരുകയുമാണ്.

മരണത്തേക്കാൾ, തൊഴിൽ മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയാണ് യഥാർഥത്തിൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി.ഉൽപാദനവും വ്യാപാരവും സേവനവുമെല്ലാം നിലച്ച് പ്രതിസന്ധിയിലായ വിവിധ രംഗങ്ങെള ഉത്തേജിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് രാഷ്ട്രീയതലത്തിൽ വലിയ ചർച്ചകൾക്കാണ് ഇടയാക്കിയിരിക്കുന്നത്. പാക്കേജ് 20 ലക്ഷം കോടിയല്ല വെറും 1.86 ലക്ഷം കോടി മാത്രമാണെന്ന് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. ബജറ്റിനു പുറമെ സർക്കാർ നടത്തുന്ന അധികചെലവാണ് ഉത്തേജക പാക്കേജ്. ബജറ്റിൽ വകയിരുത്തിയ തുകക്കു പുറമെ 1.86 ലക്ഷം കോടി രൂപമാത്രമാണ് സർക്കാർ ചെലവാക്കുന്നത്. ഇത് മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ (ജി.ഡി.പി) 10 ശതമാനമല്ല, 0.91 ശതമാനം മാത്രമാണ്.

പാക്കേജ് പ്രധാന ജനവിഭാഗങ്ങളെ പരിഗണിച്ചില്ല. 13 കോടി വരുന്ന ദരിദ്രർ, അന്തർസംസ്ഥാന തൊഴിലാളികൾ, കർഷകർ, തൊഴിലാളികൾ, ദിവസ വേതനക്കാർ, പിരിച്ചു വിടുന്നവർ, അസംഘടിത മേഖലയിലുള്ളവർ എന്നിവർ ഇക്കൂട്ടത്തിൽ പെടും. ഈ സാഹചര്യത്തിൽ ഉത്തേജക പാക്കേജ് പുതുക്കി അവതരിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.പാക്കേജിെൻറ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന വിവിധ പരിഷ്ക്കരണ നടപടികളാണ് വലിയ ഒച്ചപ്പാട് സൃഷ്ടിക്കുന്ന മറ്റൊരു കാര്യം. സ്വാശ്രയത്വം, സ്വദേശി, ഇന്ത്യയിൽ നിർമിക്കാം എന്നീ മുദ്രാവാക്യങ്ങൾ മുന്നോട്ടു വെക്കുേമ്പാൾ തന്നെ കോവിഡിെൻറ മറവിൽ വർധിച്ച തോതിൽ സ്വകാര്യ, വിദേശ നിക്ഷേപത്തിന് വാതിൽ മലർക്കെ തുറക്കുകയാണ്. വ്യോമയാനം, സൈനിക സാമഗ്രി നിർമാണം, കൽക്കരി, വൈദ്യുതി വിതരണം, ധാതുസമ്പത്ത്, ബഹിരാകാശം, ആണവോർജം എന്നീ മേഖലകളിൽ ഘടനാപരമായ പരിഷ്ക്കാരങ്ങൾ. പ്രതിരോധ സാമഗ്രി നിർമാണ മേഖലയിൽ പ്രത്യക്ഷ വിദേശ നിക്ഷേപം 49ൽ നിന്ന് 74 ശതമാനമാക്കും.

യാത്രാ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപരിധി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്. ആറു വിമാനത്താവളങ്ങൾ കൂടി സ്വകാര്യ പങ്കാളിത്തത്തിന് ലേലം ചെയ്യും. കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യവൽക്കരിക്കും.ഉപഗ്രഹ നിർമാണം, വിക്ഷേപണം, ബഹിരാകാശ അധിഷ്ഠിത സേവനങ്ങൾ തുടങ്ങി ഇന്ത്യൻ ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ മേഖലക്കും പങ്കാളിത്തം. െഎ.എസ്.ആർ.ഒയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സ്വകാര്യ മേഖലയെ അനുവദിക്കും. ബഹിരാകാശ സഞ്ചാര പദ്ധതികൾ സ്വകാര്യ മേഖലക്ക് തുറന്നു കൊടുക്കും. 50 േബ്ലാക്കുകളിലെ കൽക്കരി ഖനനം സ്വകാര്യ മേഖലക്ക്. തന്ത്രപ്രധാന രംഗങ്ങളിൽ പോലും ഇനി പരമാവധി നാലു പൊതുമേഖല കമ്പനികൾ മാത്രം. അതിൽ കൂടുതൽ ഇേപ്പാഴുണ്ടെങ്കിൽ എണ്ണം കുറക്കാൻ പരസ്പരം ലയിപ്പിക്കുകയോ സ്വകാര്യവൽക്കരിക്കുകയോ, ഹോൾഡിങ് കമ്പനിക്കു കീഴിൽ കൊണ്ടുവരുകയോ ചെയ്യും.

മറ്റു മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവൽക്കരിക്കും. ഇതത്രയും കോവിഡ് പ്രതിരോധത്തിനോ, തകർന്നു നിൽക്കുന്ന മേഖലകളിലുള്ളവരെ സഹായിക്കാനോ എത്രകണ്ട് ഉപകരിക്കുന്ന പാക്കേജാണ് എന്നാണ് പൊതുവായി ഉയരുന്ന ചോദ്യം.