സംഘർഷ കനൽ ബാക്കി


JUNE 25, 2020, 8:26 PM IST

ഡല്‍ഹി ഡയറി

(കെ. രാജഗോപാല്‍) 

 ഇന്ത്യ, ചൈന അതിർത്തി സംഘർഷം ലഘൂകരിച്ചെങ്കിലും, പ്രശ്നങ്ങൾ ബാക്കിയാണ്. അതിർത്തിയിലെ ഭൂമിയുടെ അവകാശവാദങ്ങൾ സംബന്ധിച്ച തർക്കം തുടരുക തന്നെയാണ്. ഗൽവാനിലെ കൈയേറ്റ ഭൂമിയിൽ നിന്ന് പിന്മാറാൻ ഇരുകൂട്ടരും തൽക്കാലം തയാറായിട്ടുണ്ടെങ്കിലും, ആ ഭൂമിക്കു മേൽ തങ്ങൾക്കുള്ള അവകാശം ആവർത്തിക്കുകയാണ് ഇന്ത്യയും ചൈനയും. നമ്മൾ നമ്മുടേതെന്നും, അവർ അവരുടേതെന്നും പറയുന്ന ഭൂവിഭാഗമായി ഗൽവാൻ താഴ്വരയിലെ ഈ പ്രദേശം മാറിയിരിക്കുന്നു.

വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം അതിർത്തി പ്രശ്നത്തിൽ സർക്കാറിനു പിന്നിൽ ഒറ്റക്കെട്ടായി നിന്നു. രാജ്യത്തിെൻറ സുരക്ഷ, പരമാധികാരം എന്നിവയുടെ കാര്യത്തിൽ ഭരണ, പ്രതിപക്ഷ ഭേദമില്ല. എന്നാൽ അതിർത്തി സാഹചര്യം മോദിസർക്കാർ കൈകാര്യം ചെയ്ത രീതിയെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നത തുടരുകയാണ്. സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയിൽ തൂങ്ങി പ്രതിപക്ഷം ആ വിമർശനം ശക്തമായി ഉയർത്തുകയും ചെയ്യുന്നു.ഗൽവാനിൽ  ഇന്ത്യക്ക് ഒന്നും സംഭവിച്ചിട്ടില്ല. ആരും അതിർത്തി മറികടന്നു വന്നിട്ടില്ല. ഇന്ത്യൻ കാവൽകേന്ദ്രങ്ങളോ മറ്റോ കൈയേറിയിട്ടില്ല. അങ്ങനെയാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. അങ്ങനെയെങ്കിൽ 20 സൈനികരുടെ വീരമൃത്യു സംഭവിച്ചത് എങ്ങനെയാണ് എന്ന് പ്രതിപക്ഷം ചോദിച്ചു.

അതിർത്തി കടന്ന് അങ്ങോട്ടു ചെന്ന് വീരമൃത്യു വരിക്കുകയായിരുന്നോ? ചൈനക്കാരും അതു തന്നെ പ്രധാനമന്ത്രിയുടെ പ്രസ്താവന കഴിഞ്ഞപ്പോൾ പറഞ്ഞു. കൈയേറ്റം നടത്തിയത് ഇന്ത്യയാണ്! ഉത്തരവാദപ്പെട്ടവരുടെ പ്രസ്താവനകൾക്ക് സൂക്ഷ്മത ഇല്ലെന്നു വന്നാൽ ഇങ്ങനെ സംഭവിക്കുമെന്നാണ് മുൻപ്രധാനമന്ത്രി മൻമോഹൻസിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓർമിപ്പിച്ചത്. സിങ്ങിെൻറ ഉപദേശം ബി.ജെ.പി നല്ല നിലക്ക് എടുത്തില്ലെന്നു മാത്രമല്ല, ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. യു.പി.എ അധികാരത്തിൽ ഇരുന്നപ്പോൾ ചൈന എത്രവട്ടം നുഴഞ്ഞു കയറ്റം നടത്തിയെന്ന കണക്കുമായി ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ തന്നെ രംഗത്തു വന്നു. മോദിസർക്കാറിെൻറ കാലത്തെ ഇത്തരം നുഴഞ്ഞു കയറ്റങ്ങളുടെ ഒരു കെട്ട് കണക്കു മുന്നോട്ടു വെച്ച്, അതേക്കുറിച്ച് മോദിയോടു ചോദിക്കാൻ നദ്ദ ധൈര്യപ്പെടുമോ എന്ന് കോൺഗ്രസ് തിരിച്ചു ചോദിക്കുകയും ചെയ്തു.ഇത്തരം ആഭ്യന്തര തർക്കങങൾ എന്തായാലും, ചൈനയും ഇന്ത്യയും തമ്മിലുള്ള ഉരസൽ പെട്ടെന്ന് തീർന്നുപോകുമെന്ന് പ്രതീക്ഷിക്കേണ്ടത്. അത് ഇടക്കിടെ പൊട്ടിക്കൊണ്ടിരിക്കും. ആഗോള സാഹചര്യങ്ങളിലെ നിലപാടുകളോടുള്ള പരസ്പര എതിർപ്പു കൂടിയാണ് അതിൽ പ്രതിഫലിക്കുന്നത്. ആഭ്യന്തരമായ സംശയങ്ങൾ തീർക്കാനെങ്കിലും ഈ ഘട്ടത്തിൽ സർക്കാർ ശ്രമിക്കേണ്ടതുണ്ട് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

കാർഗിൽ നുഴഞ്ഞു കയറ്റം നടക്കാനിടയായ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ അന്നത്തെ വാജ്പേയി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചതു പോലൊന്ന് ഗൽവാനിലെ സംഘർഷ സാഹചര്യങ്ങളുടെ കാര്യത്തിലും യഥാർഥത്തിൽ ആവശ്യമുണ്ട്. സുതാര്യതക്ക് അത് ആവശ്യമാണ്. യഥാർഥ നിയന്ത്രണ രേഖയോടു ചേർന്ന് ചൈന അസുഖകരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച് മെയ് ആദ്യവാരം തന്നെ സർക്കാറിന് വിവരം കിട്ടിയിരുന്നുവെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. എങ്കിൽ അത് എന്തുകൊണ്ട് ഗൗരവപൂർവം പരിഗണിച്ചില്ല? അതിർത്തി മേഖല ഉപഗ്രഹ ചിത്രങ്ങൾ വഴി നിരീക്ഷിക്കുന്ന രീതി ഓരോ രാജ്യങ്ങൾക്കുമുണ്ടെന്നിരിക്കേ, ഈ നിരീക്ഷണത്തിൽ ഗൽവാനിലെ പ്രവർത്തനങ്ങൾ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയി? ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ബാക്കിയുണ്ട്. ദേശസുരക്ഷയെ ബാധിക്കുന്ന ക്ലാസിഫൈഡ് രഹസ്യങ്ങളൊഴികെയുള്ള കാര്യങ്ങളിൽ സുതാര്യതയാണ് ആവശ്യം.യുദ്ധവെറിയിലേക്ക് രാജ്യത്തെ വഴി നടത്തേണ്ട സമയമല്ല, ഈ കോവിഡ് ദുരന്തകാലം. ഇന്ത്യ പാക് ഗർജനങ്ങളിൽ നിന്ന് ഭിന്നമായി യുദ്ധത്തിനോ, ഒരു മിന്നലാക്രമണത്തിനു പോലുമോ പറ്റിയ അവസ്ഥയിലല്ല ഇന്ത്യ.

കരുത്തനാണെങ്കിലും ഇന്ത്യയുമായി ഏറ്റുമുട്ടാൻ പറ്റിയ അവസ്ഥ ചൈനക്കുമില്ല. ആഗോള തലത്തിൽ പല കാരണങ്ങളാൽ ചൈന വിശ്വാസ്യത നഷ്ടപ്പെട്ട് ഒറ്റപ്പെടൽ നേരിടുന്ന ഘട്ടമാണ്. ഇന്ത്യയുമായി സംഘർഷം മുറുക്കിയാൽ, ലോകരാജ്യങ്ങളിൽ നിന്ന് കൂടുതൽ പിന്തുണ കിട്ടുന്നത് ചൈനക്കാവില്ല. തെക്കൻ ചൈന കടലിലാകട്ടെ, ഹിമാലയത്തിലാകട്ടെ, തങ്ങൾ അവകാശപ്പെടുന്നതെല്ലാം തങ്ങളുടേത് എന്ന മട്ടിലാണ്, ആരോടും മറുപടി പറയാൻ ബാധ്യതയില്ലാത്ത മട്ടിലാണ്, ചൈനയുടെ ഓരോ പെരുമാറ്റം. എന്നാൽ നിയന്ത്രണരേഖക്ക് ഇപ്പുറത്തേക്ക് വെച്ച ചുവട് അവിവേകത്തിേൻറതാണെന്ന് ചൈനക്ക് ബോധ്യപ്പെടാൻ ഇന്ത്യയുടെ തന്ത്രപരമായ നയരൂപവൽക്കരണങ്ങൾ വഴി സാധിക്കേണ്ടതാണ്.

അതിർത്തിയിലും നയതന്ത്രത്തിലുമുണ്ടായ ഭരണപരമായ വീഴ്ചകൾ മറക്കാൻ ഉൽപന്ന ബഹിഷ്കരണം പോലുള്ള പ്രതിഷേധത്തിലേക്ക് ശ്രദ്ധ തിരിച്ചതു കൊണ്ടായില്ല. ഉൽപന്ന നിർമാണത്തിൽ ചൈനയോടു മത്സരിക്കാവുന്ന സ്ഥിതി ഉണ്ടാക്കിയെടുക്കാതെ വ്യാപാര വിലക്കു കൊണ്ടോ, താരിഫ് വർധന കൊണ്ടോ ചൈനയെ നേരിടുകയെന്ന രീതി പ്രായോഗികമല്ല. അതിർത്തി സംഘർഷം വ്യാപാര യുദ്ധമാക്കി മാറ്റരുതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

****

കോവിഡിന് ലോകമൊന്നാകെ പ്രതിരോധ ഔഷധം തേടുേമ്പാൾ, പറ്റിയ ആയുർവേദ മരുന്ന് കണ്ടുപിടിച്ചുവെന്ന അവകാശവാദവുമായി യോഗസ്വാമി രാംദേവ്. കൊറോണിൽ എന്ന പേരിലുള്ള മരുന്നിെൻറ വിൽപന തുടങ്ങുകയും ചെയ്തു. സർക്കാറിെൻറ അനുമതി കൂടാതെയാണിത്. ഈ സാഹചര്യത്തിൽ മരുന്നിെൻറ ചേരുവ സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു. വിശ്വാസ്യത ബോധ്യപ്പെടുന്നതു വരെ പരസ്യം നൽകരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്. പതഞ്ജലി ആയുർവേദ് ലിമിറ്റഡ് എന്ന കമ്പനിയാണ് നൂറുശതമാനം രോഗമുക്തി വാഗ്ദാനം ചെയ്ത് മരുന്ന് വിപണിയിൽ ഇറക്കിയത്.

ഓൺലൈനിൽ 545 രൂപ വില നിശ്ചയിക്കുകയും ചെയ്തു. എന്നാൽ പുതിയ മരുന്ന് തയാറാക്കാൻ വേണ്ട സർക്കാർ അനുമതിയൊന്നും ഇല്ലാതെയാണ് യോഗസ്വാമിയുടെ നടപടി.ഔഷധ നിർമാണത്തിനും വിപണനത്തിനും വിവിധ നടപടി ക്രമങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. സർക്കാറിെൻറ അനുമതി വേണം. അതിന് അവകാശവാദം തെളിയിക്കണം. ചേരുവ ഏതൊക്കെയെന്ന് സർക്കാറിനെ അറിയിക്കണം. ഔഷധ നിർമാണ രംഗത്തെ സദാചാരം പാലിക്കപ്പെടണം. ക്ലിനിക്കൽ പരീക്ഷണം നടക്കണം. വിദഗ്ധർക്ക് ബോധ്യപ്പെടണം. അങ്ങനെ ഒരുപാട് കടമ്പ കടന്നാണ് മരുന്നുകൾ വിപണിയിൽ ഇറക്കുന്നത്. കോവിഡിനുള്ള മരുന്ന് അന്താരാഷ്്ട്ര സമൂഹത്തിനും ബോധ്യപ്പെടേണ്ട ഒന്നാണ്. സ്വാമി ഉണ്ടാക്കി, സ്വാമി പരീക്ഷിച്ചു, സ്വാമി വിൽക്കുന്നു എന്നു പറഞ്ഞാൽ പോരാ. തെറ്റായ അവകാശവാദം, തെറ്റായ ബ്രാൻഡിങ്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ എന്നിങ്ങനെ കേസ് പലതാവും