ഈഡിപ്പേടി


AUGUST 4, 2022, 9:04 PM IST

(ഡല്‍ഹി ഡയറി)

കെ. രാജഗോപാല്‍

കേന്ദ്ര ഏജന്‍സികള്‍ വിവാദകേന്ദ്രങ്ങളായി മാറിയിട്ട് കുറെയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന ഇ. ഡിയെ രാഷ്ട്രീയ പകപോക്കലിന് സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നു. പാര്‍ട്ടി മുഖപത്രമായ നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങള്‍ മുന്‍നിര്‍ത്തികോണ്‍ഗ്രസ്‌നേതൃത്വത്തെ ഇ.ഡിയെ ഉപയോഗിച്ചു പീഡിപ്പിക്കുന്നത് പ്രതിപക്ഷത്തെ ഒന്നായി ദുര്‍ബലപ്പെടുത്താനുള്ള ശ്രമമായി അവര്‍ കാണുകയും ചെയ്യുന്നു. നാഷനല്‍ ഹെറാള്‍ഡിന്റെ മാതൃകമ്പനിയായ അസോസിയേറ്റഡ്‌ജേര്‍ണല്‍സ് ഓഫ് ഇന്ത്യയില്‍ നിന്ന്, ഏതാനും വര്‍ഷം മുമ്പ്‌കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് രൂപവല്‍ക്കരിച്ച യങ് ഇന്ത്യന്‍ എന്ന ലാഭരഹിത കമ്പനിയുടെ അധീനതയിലേക്ക് സ്വത്ത് മാറ്റിയതില്‍ ഫണ്ട് വെട്ടിപ്പും കള്ളപ്പണവുമുണ്ടെന്നാണ് ഇ.ഡിയുടെ സംശയം.മാതൃകമ്പനിയുടെ കടബാധ്യത തീര്‍ക്കാന്‍ 50 ലക്ഷം രൂപ നല്‍കിയിട്ട് 90കോടി രൂപ വിലമതിക്കുന്ന സ്വത്ത് യങ് ഇന്ത്യന് കീഴിലേക്ക് കൊണ്ടുവന്നു.

ഇതില്‍ നെഹൃകുടുംബത്തിനും മറ്റും സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടെന്ന ബി.ജെ.പിനേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതി മുന്‍നിര്‍ത്തിയുള്ള അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. എന്നാല്‍ നാഷനല്‍ ഹെറാള്‍ഡിനുവേണ്ടിയുള്ള സ്ഥാപനപരമായ ആസ്തി ക്രമീകരണമല്ലാതെ, നേതാക്കള്‍ക്ക് ആര്‍ക്കും വ്യക്തിപരമായ സാമ്പത്തികനേട്ടം ഉണ്ടായിട്ടില്ലെന്നാണ് ഇതിനകം ചോദ്യം ചെയ്യലിനു വിധേയരായ സോണിയ, രാഹുല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സാല്‍ എന്നിവര്‍ ഇ.ഡിയെ അറിയിച്ചിട്ടുള്ളത്. കടബാധ്യത പെരുകിയ അസോസിയേറ്റഡ്‌ജേര്‍ണലിന് കോണ്‍ഗ്രസ് 90കോടി രൂപ നല്‍കി സഹായിച്ചതിന് പകരമായി യങ് ഇന്ത്യന് ഓഹരികള്‍ അനുവദിച്ച് രേഖകളില്‍ വായ്പാഭാരം കുറക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു.

അസോസിയേറ്റഡ് ജേര്‍ണലിന് 350കോടിയുടെ ആസ്തിയുണ്ടെന്ന് ആദായനികുതി വകുപ്പ് കണക്കാക്കിയിട്ടുള്ളതാണെന്നും പാര്‍ട്ടി വിശദീകരിക്കുന്നു.അതിനിടെയാണ് നിര്‍ണായകമായൊരു സുപ്രീംകോടതി വിധി ഉണ്ടായത്. ഇ.ഡിക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കിയ നിയമനിര്‍മാണം സുപ്രീംകോടതി ശരിവെച്ചു. സുപ്രീംകോടതി വിധിയിലെ അപാകത ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷം, പുനഃപരിശോധന ഹര്‍ജി നല്‍കാനുള്ള ഒരുക്കത്തിലുമാണ്. അപകടകരമാണ് ഏതാനും ദിവസം മുമ്പുണ്ടായ കോടതി വിധിയെന്ന് 17 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്, തൃണമൂല്‍കോണ്‍ഗ്രസ്, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, സി.പി.എം, സി.പി.ഐ, മുസ്‌ലിംലീഗ്, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്, എന്‍.സി.പി, ആര്‍.ജെ.ഡി, ശിവസേന തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

സുപ്രീംകോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ധന നിയമത്തിന്റെ രൂപത്തില്‍ നിയമഭേദഗതി കൊണ്ടുവന്നത് ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ഭാവിയില്‍ സുപ്രീംകോടതി ശരിവെച്ചാല്‍ ഇപ്പോഴത്തെ വിധി അപ്രസക്തമാകുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.റെയ്ഡ് നടത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും വസ്തുവകകള്‍ കണ്ടുകെട്ടുന്നതിനും ഇ.ഡിക്ക് അധികാരമുണ്ടെന്നാണ് സുപ്രീംകോടതി വിധിച്ചത്. ഇ.ഡികേസുകളില്‍ ജാമ്യം നേടുന്നതിന് ഉപാധി കടുപ്പിച്ച് പ്രതിപക്ഷ എതിര്‍പ്പിനിടെ 2018ല്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന നിയമഭേദഗതിയും സുപ്രീംകോടതി ശരിവെച്ചു. കള്ളപ്പണം തടയല്‍ നിയമ (പി. എം. എല്‍. എ)ത്തിലെ 50ാം വകുപ്പ് ഒരു സിവില്‍കോടതിയുടെ അധികാരം ഇ.ഡിക്ക് നല്‍കുന്നുണ്ട് എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അന്വേഷണത്തിന് ഏത് വ്യക്തിക്കും സമന്‍സ് അയക്കാനും ഏതൊരാളോടും രേഖകള്‍ ആവശ്യപ്പെടാനും ഇത് വഴി സാധിക്കും. അത്തരം സമന്‍സ് അയക്കാന്‍ ഒരാള്‍ പ്രതിയാകണമെന്നില്ല. ഒരു വ്യക്തിക്കെതിരെ പ്രൊസിക്യൂഷന്‍ നടപടിക്ക് വേണ്ടിയല്ലാതെയും വിവരമോ തെളിവോ ശേഖരിക്കാനും ഹാജരാകാന്‍ സമന്‍സ് അയക്കാം. തുടര്‍ന്ന് ഇത്തരമൊരു അന്വേഷണത്തിനിടെ അറസ്റ്റുമാകാം.സമന്‍സ് അയച്ച് ചോദ്യംചെയ്യലിന് വിളിപ്പിക്കുന്നവര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ്‌കേസ് ഇന്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ. സി. ഐ. ആര്‍) കൈമാറേണ്ടതില്ല. ഒരു പ്രതിക്കെതിരെ പൊലീസ് രേഖപ്പെടുത്തുന്ന മൊഴിയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഭരണഘടനാപരമായ മൗലികാവകാശം ഇ.ഡി തയാറാക്കുന്ന മൊഴിക്ക് ബാധകമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സമന്‍സ് അയക്കുന്ന ഘട്ടത്തിലും അറസ്റ്റ്‌രേഖപ്പെടുത്തുന്നവേളയിലും എഫ്.ഐ.ആര്‍പോലെ ഇ.സി.ഐ.ആര്‍ പകര്‍പ്പ് നല്‍കണമെന്നില്ല. അറസ്റ്റിന് അടിസ്ഥാനമെന്താണെന്ന് പറഞ്ഞാല്‍ മതി.

ഇ.ഡി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയശേഷം രേഖപ്പെടുത്തിയ മൊഴി പ്രകാരമുള്ള കുറ്റം തെളിയിച്ചിട്ടില്ലെന്ന് പ്രതിക്ക് കോടതിയില്‍ വാദിക്കാം. എന്നാല്‍ പൊലീസ്‌കേസില്‍ നിന്ന് ഭിന്നമായി ഇ.ഡി കേസില്‍ ഇത് ഓരോ കേസിനെയും ആശ്രയിച്ചിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.2002ലെ നിയമം അനധികൃത പണമിടപാട് കുറ്റകൃത്യത്തിന് ശിക്ഷ നല്‍കാന്‍ മാത്രമല്ല, അത്തരമൊരു കുറ്റകൃത്യം സംഭവിക്കുന്നത് തടയാനുമുപയോഗിക്കാമെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. 2002ലെ കള്ളപ്പണം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ സുപ്രീംകോടതി ശരിവെച്ചു. കള്ളപ്പണം തടയല്‍ നിര്‍വചിക്കുന്ന മൂന്നാം വകുപ്പ്, വസ്തുക്കള്‍ കണ്ടുകെട്ടുന്നതിന് അധികാരം നല്‍കുന്ന അഞ്ചാം വകുപ്പ്, തിരച്ചിലിന് അധികാരം നല്‍കുന്ന 17, വ്യക്തികളെ പരിശോധിക്കുന്നതിനുള്ള 18, അറസ്റ്റിനുള്ള അധികാരം നല്‍കുന്ന 19, നിരപരാധിയെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം വ്യക്തമാക്കുന്ന 24, പ്രത്യേകകോടതിയില്‍ വിചാരണ നടത്തുന്നതിനുള്ള 44, ജാമ്യത്തിന് കര്‍ശന വ്യവസ്ഥകള്‍ വെക്കുന്ന 45 വകുപ്പുകള്‍ എന്നിവ സുപ്രീംകോടതി ശരിവെച്ചു.

ഇ.ഡി കേസുകളില്‍ ജാമ്യത്തിന് വെച്ച കര്‍ശന ഉപാധി സുപ്രീംകോടതി റദ്ദാക്കിയാലും അതേ കര്‍ശന ഉപാധി പാര്‍ലമെന്റില്‍ നിയമ നിര്‍മാണത്തിലുടെ വീണ്ടും കൊണ്ടുവരാമെന്ന് ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ പി.എം.എല്‍.എ അപ്പലേറ്റ് ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി.കപില്‍ സിബല്‍, അഭിഷേക് മനു സിങ്വി തുടങ്ങി മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകരുടെ ഒരു നിര തന്നെ മുന്നോട്ടുവെച്ച നിയമത്തിലെ പല വ്യവസ്ഥകളോടുമുള്ള എതിര്‍പ്പുകളത്രയും തള്ളിയാണ് ഇ.ഡിക്ക് വിപുലാധികാരം നല്‍കിയ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന സുപ്രീംകോടതി വിധി. 1700 റെയ്ഡുകളും 1569 അന്വേഷണങ്ങളും 2011മുതല്‍ നടത്തിയ ഇ.ഡിക്ക് കേവലം ഒമ്പത് കേസുകളില്‍ മാത്രമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്താനായതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.