പഠനത്തിന് പുതുവഴി


JULY 31, 2020, 11:30 AM IST

കെ. രാജഗോപാല്‍ 

ഇന്ത്യയിൽ പഠിപ്പിന്‍റെ രീതി മാറുകയാണ്. പത്താംതരം, പിന്നെ പ്ലസ്ടു, ഡിഗ്രി, ബിരുദാനന്തരം, ഗവേഷണം എന്നിങ്ങനെയുള്ള പാഠ്യക്രമത്തിന്‍റെ അലകും പിടിയും മാറ്റുകയാണ്. മാനവശേഷി വികസന മന്ത്രാലയം എന്ന പേരു മാറ്റി വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കുന്നതു വരെ, അടിമുടി പൊളിച്ചെഴുത്ത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകിക്കൊണ്ട് 10+2 എന്ന ഇന്നത്തെ രീതി മാറ്റി വിദ്യാഭ്യാസം 5+3+3+4 രീതിയിലാക്കും.

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ രീതി മാറും. 18 വയസു വരെയുള്ള കുട്ടികൾക്കുള്ള പുതിയ സ്കൂൾ പാഠ്യപദ്ധതിയിൽ 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസവും, അതിലേക്ക് കടക്കുന്നതിനു മുമ്പ് മൂന്നു വർഷത്തെ അങ്കണവാടി/പ്രീ സ്കൂൾ വിദ്യാഭ്യാസവുമാണ് ഏർപ്പെടുത്തുന്നത്. 18 വർഷം കൊണ്ട് 12 ഗ്രേഡുകൾ. അഞ്ചാം ക്ലാസുവരെ മാതൃഭാഷയിൽ പഠനം. സ്കൂൾ പാഠഭാരം പ്രധാനാശയങ്ങളിലേക്കു ചുരുക്കും. ആറാം ക്ലാസു മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ.ആർട്ട്, സയൻസ് വിഷയങ്ങൾ, കലയും ശാസ്ത്രവും, പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ, തൊഴിൽ, പഠന മേഖലകൾ എന്നിവക്കിടയിലെ പഠനാവസരങ്ങളുടെ അതിർവരമ്പുകൾ കുറക്കും. ബോർഡ് പരീക്ഷകളുടെ പ്രാധാന്യം ഇന്നത്തേതിൽ നിന്ന് മറ്റൊരു രീതിയിലേക്ക് മാറും. ആശയങ്ങളുടെയും അറിവിെൻറയും പ്രയോഗ രീതിയിലുള്ള മികവാണ് പരിശോധിക്കപ്പെടുക. അധ്യാപകരുടെ വിലയിരുത്തൽ കൂടാതെ സഹവിദ്യാർഥികളുടെയും വിലയിരുത്തൽ കൂടി ഉൾപ്പെടുന്നതാവും ഇനി റിപ്പോർട്ട് കാർഡ്.അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾ മൂന്നോ നാലോ വർഷമായിരിക്കും. ഈ കോഴ്സുകളിലെ പഠനം ഇഷ്ടാനുസരണം ഇടക്കു വെച്ചു നിർത്താനും ഇടവേളയെടുക്കാനും വീണ്ടും തുടർപഠനത്തിനും നയം അവസരം നൽകുന്നു. മൂന്നു വർഷം വരെ പഠിച്ചാൽ അതുവരെ പഠിച്ചതിെൻറ സർട്ടിഫിക്കറ്റ്. ബിരുദാനന്തര ബിരുദം ഒന്നോ രണ്ടോ വർഷമാകാം. ബിരുദ, ബിരുദാനന്തര കോഴ്സുകൾ അഞ്ചു വർഷം നീളുന്ന ഇൻറഗ്രേറ്റഡ് കോഴ്സായിരിക്കും.

എം.ഫിൽ നിർത്തലാക്കും.  നിയമ, മെഡിക്കൽ കോളജുകൾ ഒഴികെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒറ്റ നിയന്ത്രണ അതോറിട്ടി. സർവകലാശാലകൾക്കും കോളജുകൾക്കുമായി നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ പൊതുപ്രവേശന പരീക്ഷ. പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി പൊതു ചട്ടം.കോളജുകളുടെ അഫിലിയേഷൻ സമ്പ്രദായം 15 വർഷം കൊണ്ട് നിർത്തലാക്കും. കോളജുകൾക്ക് ഗ്രേഡ് തിരിച്ച് സ്വയംഭരണ സ്വാതന്ത്ര്യം. നിശ്ചിത കാലത്തതിനു ശേഷം ഓരോ കോളജും ഓരോ സ്വയംഭരണ, ബിരുദദാന കോളജായോ ഒരു സർവകലാശാലയുടെ അനുബന്ധ കോളജായോ മാറ്റും. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുേമ്പാൾ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ തുടരും. 10+2 രീതി മാറി 5+3+3+4 സമ്പ്രദായം വരുേമ്പാൾ 3,5,8 ക്ലാസുകളിൽ മാത്രം സ്കൂൾ പരീക്ഷ. സംസ്കൃതത്തിന് സ്കൂളിലും ഉന്നത വിദ്യാഭ്യാസത്തിലും പ്രാമുഖ്യം നൽകും. പരീക്ഷ ലളിതമാക്കും. ഒരു സ്കൂൾ വർഷത്തിൽ രണ്ടു വട്ടം ബോർഡ് പരീക്ഷ എഴുതാൻ വിദ്യാർഥികളെ അനുവദിക്കും. ഒന്ന് പ്രധാന പരീക്ഷ; രണ്ടാമത്തേത് ഇംപ്രൂവ്മെൻറ്. മൂന്നു മുതൽ ആറു വയസു വരെയുള്ള കുട്ടികളെ കൂടി സ്കൂൾ പാഠ്യക്രമത്തിെൻറ പരിധിയിലേക്കു കൊണ്ടുവരുന്നതു കൂടിയാണ് ഘടനാ മാറ്റം.

അഞ്ചാം ക്ലാസ് വരെ മാതൃഭാഷ. എട്ടുവരെ ഇത് അഭിലഷണീയം. പുതിയ സമ്പ്രദായത്തിലെ നാലു ഘട്ടങ്ങൾ ഇങ്ങനെ: ഫൗണ്ടേഷൻ: പ്രീ സ്കൂൾ, ഒന്നും രണ്ടും ക്ലാസുകൾ എന്നിവ അടങ്ങുന്ന മൂന്നു വർഷം. പ്രിപ്പറേറ്ററി: മൂന്നാം ക്ലാസ് മുതൽ അഞ്ചു വരെ. മിഡിൽ: 6,7,8 ക്ലാസുകൾ. സെക്കൻഡറി: ഒൻപതു മുതൽ 12 വരെ ക്ലാസുകൾ.പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. വിദ്യാഭ്യാസം ഭരണഘടനയുടെ സമാവർത്തി പട്ടികയിൽ പെട്ട ഇനമാണ്. കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടപ്പാക്കേണ്ടതാണ് വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങൾ. എന്നാൽ വിവിധ സംസ്ഥാന സർക്കാറുകൾ ഉയർത്തിയ എതിർപ്പ് ഏകപക്ഷീയമായി കേന്ദ്രം അവഗണിച്ചുവെന്നാണ് കുറ്റപ്പെടുത്തൽ. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ കേന്ദ്രീകരണവും, വർഗീയവൽക്കരണവും വാണിജ്യവൽക്കരണവുമാണ് പരിണിത -ഫലമെന്നും പറയുന്നു.

പുതിയ വിദ്യാഭ്യാസ നയം 2014ലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ ഉണ്ടായിരുന്നു. 1986ലെ ദേശീയ വിദ്യാഭ്യാസ നയമാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. അത് 1992ൽ പുതുക്കിയെങ്കിലും 34 വർഷമായി കാര്യമായ പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പരിഷ്ക്കരണമെന്ന് സർക്കാർ. 2016ൽ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ സുബ്രഹ്മണ്യെൻറ നേതൃത്വത്തിൽ റിപ്പോർട്ട് തയാറാക്കി. കഴിഞ്ഞ വർഷം ബഹിരാകാശ ഗവേഷണ കേന്ദ്രംമുൻ ചെയർമാൻ കെ. കസ്തൂരി രംഗെൻറ നേത്വത്തിലുള്ള സമിതി കരടു നയരേഖ തയാറാക്കി. ഇതേക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയാണ് നയത്തിന് അന്തിമ രൂപം നൽകിയതെന്നും രണ്ടു ലക്ഷത്തിൽപരം അഭിപ്രായ നിർദേശങ്ങൾ ലഭിച്ചിരുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു.