ഒരു പേരിലെന്ത്


SEPTEMBER 15, 2022, 8:46 PM IST

(ഡല്‍ഹി ഡയറി)

കെ. രാജഗോപാല്‍

പേരിലെന്തിരിക്കുന്നു എന്നാണ് കേട്ടു തഴമ്പിച്ച ചൊല്ല്. എന്നാല്‍ പേരില്‍ വലിയ കാര്യങ്ങളുണ്ടെന്നാണ് ഇപ്പോഴത്തെ നാട്ടു നടപ്പുകള്‍ പറഞ്ഞു തരുന്നത്. പേരിടല്‍ ഒരു ചടങ്ങാണ്. അത് നടക്കുന്നത് കുടുംബങ്ങളില്‍ മാത്രമല്ല. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും പേരിടലിന്റെ അകമ്പടിയോടെയാണ് നടക്കുന്നത്. അങ്ങനെ പതിറ്റാണ്ടുകളായി വീണ പേരുകള്‍ മാറ്റി പുതിയത് നല്‍കുന്നത് ഇന്നിപ്പോള്‍ പുതിയ രീതിയായി മാറിയിരിക്കുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ ചരിത്ര പ്രധാന പാതയുടെ പേരു മാറ്റിയത് ഈയിടെയാണ്. അങ്ങനെ രാജ്പഥ് ഇപ്പോള്‍ കര്‍ത്തവ്യപഥ് ആണ്. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലൂടെയുള്ള റോഡ് നേരത്തെ തന്നെ റേസ്‌കോഴ്‌സില്‍ നിന്ന് ലോക് കല്യാണ്‍ മാര്‍ഗാക്കി മാറ്റിയിരുന്നു.

ഔറംഗസേബ് റോഡിന്റെ പേര് എ.പി.ജെ അബ്ദുല്‍ കലാം റോഡ് എന്നുമാക്കി. ഇനി അക്ബര്‍റോഡ്, ഹുമയൂണ്‍ റോഡ് എന്നിവയും മാറ്റാന്‍ ഒരുങ്ങുന്നു. യു.പിയില്‍ മാത്രമല്ല മാറ്റം. യു.പിയിലെ ചരിത്ര നഗരമായ അലഹബാദ്, പ്രയാഗ്‌രാജായിട്ട് ഏറെ നാളായി. ഫൈസബാദ് റെയില്‍വേ സ്റ്റേഷന്‍, അയോധ്യ കണ്ടോണ്‍മെന്റാണ്. കാലത്തിനൊത്ത് പേരു മാറ്റുകയാണോ, പഴയപേരുകള്‍ അതേപടി നിര്‍ത്തുകയാണോ വേണ്ടത്? അതേക്കുറിച്ച ചര്‍ച്ചകള്‍ വീണ്ടുമൊരിക്കല്‍ക്കൂടി സജീവമാക്കുകയാണ് രാജ്പഥിന്റെ പേരുമാറ്റം.സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിട്ട് പുതിയ ഉയരങ്ങളിലേക്കുള്ള പ്രയാണത്തിലാണ് ഇന്ത്യ. നീണ്ട പോരാട്ടത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിന്റെ പിറവിയില്‍ ജനം ആഹ്ലാദ നൃത്തം ചവിട്ടിയ ഭരണ സിരാകേന്ദ്രമാണ് റെയ്‌സിന കുന്നുകളും തൊട്ടു താഴെയായി പരന്നു കിടക്കുന്ന വിശാലമായ പുല്‍മൈതാനവും ഇന്ത്യഗേറ്റിന്റെ ചുറ്റുവട്ടവുമെല്ലാം.

വലിയൊരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിന് സാക്ഷ്യം വഹിച്ച സ്വാതന്ത്ര്യ പുലരി മുതല്‍ ഇങ്ങോട്ട്, ഇന്ത്യയുടെ വികാരവും ചൈതന്യവും അവിടെ സ്പന്ദിക്കുന്നു. രാഷ്ട്രപതി ഭവനില്‍ നിന്ന് വിജയ് ചൗക്കിലൂടെ ഇന്ത്യഗേറ്റിലേക്ക് നേര്‍രേഖയായി കിടക്കുന്ന മൂന്നു കിലോമീറ്റര്‍ വരുന്ന പ്രധാനപാതക്ക് ചരിത്രപരമായും രാജ്യത്തിന്റെ പരമാധികാരത്തെ സംബന്ധിച്ചുമെല്ലാം പറയാന്‍ ഏറെയുണ്ട്. രാജ്യത്തിന്റെ കരുത്തും വൈവിധ്യങ്ങളും വിളിച്ചോതി പതിറ്റാണ്ടുകളായി റിപ്പബ്ലിക്ദിന പരേഡ് നടക്കുന്നത് ഈ പാതയിലാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്നത്തെ രാഷ്ട്രപതിഭവന്‍ വൈസ്രോയിയുടെ ആസ്ഥാനമായിരുന്നെങ്കില്‍, ഈ പ്രധാന പാതക്ക് കിങ്‌സ്‌വേ എന്നായിരുന്നു പേര്. ജോര്‍ജ് അഞ്ചാമന്റെ ബഹുമാനാര്‍ഥമാണ് ആപേരു നല്‍കിയത്. കിങ്‌സ്‌വേക്കൊപ്പം ക്വീന്‍സ്‌വേയും ഉണ്ടായിരുന്നു.

ഇന്ത്യ സ്വതന്ത്രയായതിനൊപ്പം കിങ്‌സ്‌വേ രാജ്പഥ് ആയി. ക്വീന്‍സ്‌വേ ജന്‍പഥായി. രാജ്യപാതയെന്നും ജനപാതയെന്നുമാണ് ഈ വാക്കുകള്‍ക്ക് മലയാളം. ജനാധിപത്യത്തില്‍ രാജ്യവും ജനങ്ങളുമാണ് ജനാധിപത്യത്തിന്റെ എല്ലാമെല്ലാം എന്നു കൂടി വിളിച്ചോതുന്ന പേരുകള്‍. ആ രാജ്പഥാണ് ഇപ്പോള്‍ കര്‍ത്തവ്യ പഥ് ആയി മാറിയത്.സ്വാതന്ത്ര്യം ഏഴര പതിറ്റാണ്ടു പിന്നിട്ടതിനൊപ്പം രാജ്പഥും അതിന്റെ ഇരു വശങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നുമുള്ള സര്‍ക്കാറിന്റെ ചിന്തയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി ആവിഷ്‌കരിക്കുന്നതിലേക്ക് എത്തിയത്. പുതിയ പാര്‍ലമെന്റ് മന്ദിരം, ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമുള്ള വസതികള്‍, കാര്യാലയങ്ങള്‍ എന്നിവ കൂടി ഉള്‍ച്ചേര്‍ന്നതാണ് ഈ നവീകരണവിപുലീകരണ പദ്ധതി. രാജ്പഥും ഇന്ത്യഗേറ്റും ചുറ്റുമുള്ള പച്ചപ്പും കൂടുതല്‍ മനോഹരമാക്കി സൗകര്യങ്ങള്‍ വിപുലപ്പെടുത്തി ജനങ്ങള്‍ക്കായി ഏതാനും ദിവസം മുമ്പ് തുറന്നു കൊടുത്തതിനൊപ്പമാണ് രാജ്പഥിന്റെ പേര് കര്‍ത്തവ്യ പഥ് എന്നാക്കിയത്.

അടിമത്തത്തിന്റെയും കോളനിവാഴ്ചയുടെയും അവശേഷിപ്പുകള്‍ തുടച്ചു നീക്കി, സ്വതന്ത്ര ഇന്ത്യയില്‍ ഭരിക്കുന്നവര്‍ക്കും ഭരണപങ്കാളികളായ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാമിടയില്‍ കര്‍ത്തവ്യബോധത്തിന്റെ സന്ദേശം കൈമാറുകയാണ് പുതിയപേരിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം സ്വാതന്ത്ര്യ സമര നായകരില്‍ ഒരാളായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂര്‍ണകായ പ്രതിമ ഇന്ത്യഗേറ്റില്‍ അനാവരണം ചെയ്തു. ജനുവരി 23ന്‌നേതാജിയുടെ 125 ാം ജന്മവാര്‍ഷിക ദിനത്തില്‍ ത്രിമാന ഛായാചിത്രം സ്ഥാപിച്ച അതേ സ്ഥലത്താണ് ഗ്രനൈറ്റില്‍ തീര്‍ത്ത 28 അടി ഉയരമുള്ള പൂര്‍ണകായ പ്രതിമ.2021 മാര്‍ച്ചിലാണ് കര്‍ത്തവ്യ പഥിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 608കോടി രൂപ മതിപ്പു ചെലവു കണക്കാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ വിനിയോഗിച്ചത് 522കോടി രൂപയാണ്. കാലം മാറിയതിനൊത്ത് രാജ്പഥിലും സെന്‍ട്രല്‍ വിസ്ത മേഖലയിലും ഗതാഗത തിരക്കും സന്ദര്‍ശക ബാഹുല്യവും ഏറിയിരുന്നു.

ടോയ്‌ലറ്റ്, കുടിവെള്ളം, ഇരിപ്പിടപാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവയുടെപോരായ്മ വര്‍ധിച്ചു വന്നു. കാല്‍നടക്കാര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ നടപ്പാതകളും റോഡ് മുറിച്ചു കടക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്. കര്‍ത്തവ്യപഥില്‍ 16.5 കിലോമീറ്റര്‍ നീളത്തില്‍ ഗ്രനേറ്റ് പതിച്ച നടപ്പാതയുണ്ട്. പൊതുജനങ്ങള്‍ക്ക് ഇരിക്കാന്‍ 422 ബെഞ്ചുകള്‍. എട്ടു മീറ്റര്‍ വീതം വീതിയുള്ള നാല് അണ്ടര്‍പാസുകള്‍ സുരക്ഷിതമായി റോഡിനപ്പുറം കടക്കാന്‍ സഹായിക്കും. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 300 സി.സി.ടി.വി ക്യാമറകള്‍. 880 കാറുകള്‍ക്കും 35 ബസുകള്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യവും ആദ്യഘട്ടത്തിലുണ്ട്. ഭക്ഷ്യസാധനങ്ങളും മറ്റും വില്‍ക്കുന്ന ആറു പ്ലാസകള്‍. പുല്‍മൈതാനം 90 ഏക്കര്‍ വരും. 137 അലങ്കാര വഴി വിളക്കുകള്‍. ഇരുവശത്തും കുറച്ചകലെയായുള്ള കനാലിനപ്പുറത്തെ ഭാഗങ്ങളും സന്ദര്‍ശകര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന വിധത്തില്‍ നടപ്പാതകളും 16 കൊച്ചു പാലങ്ങളും നിര്‍മിച്ചിട്ടുണ്ട്.

പേരുമാറ്റത്തിന്റെ ആവശ്യകതയും പ്രസക്തിയും മുന്‍നിര്‍ത്തി വിമര്‍ശനങ്ങളും ഉയര്‍ന്നു. പഴയ കാലത്തെ എഴുതിത്തള്ളി പുതിയ ചരിത്രത്തിന്റെ വായനക്കു മാത്രം ഉതകുന്ന പരിഷ്‌കരണമാണ് പേരിലുള്ളതെന്നാണ് ഒരു വിമര്‍ശനം. സെന്‍ട്രല്‍ വിസ്തക്കായി വലിയ ധനവിനിയോഗം നടത്തുന്നുവെന്ന വിമര്‍ശനവും നേരത്തെ ഉയര്‍ന്നിരുന്നു. അതേസമയം, പഴയ കാലത്തെ പിന്തള്ളി നാളെക്ക് പുതിയ നിറക്കൂട്ട് നല്‍കുകയാണ് ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ പുതിയ തലമുറയെക്കൊണ്ട് പുതിയപേരില്‍ പഴയ സ്ഥലം വായിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പേരുമാറ്റത്തിലും ഒരു രാഷട്രീയമുണ്ട്. അങ്ങനെ കാണുന്നവര്‍ ഏറെ.