കോണ്‍ഗ്രസിലെകച്ച മുറുക്ക്


SEPTEMBER 22, 2022, 8:48 PM IST

(ഡല്‍ഹി ഡയറി)

കെ. രാജഗോപാല്‍

കോണ്‍ഗ്രസില്‍ രണ്ടു പതിറ്റാണ്ടിനു ശേഷം ഇതാദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര വിസില്‍ മുഴങ്ങിയിരിക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിട്ടി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി. സെപ്തംബര്‍ 30 വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക നല്‍കാം. ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഒക്ടോബര്‍ 17ന് വോട്ടെടുപ്പ്. അതേസമയം, രാഹുല്‍ ഗാന്ധി ഒഴിഞ്ഞു മാറുമെന്ന് ഉറപ്പിച്ചതോടെ തെരഞ്ഞെടുപ്പു കളം സങ്കീര്‍ണമായി. സ്ഥാനാര്‍ഥിത്വത്തിന് കൂടുതല്‍ നേതാക്കള്‍ അവകാശവാദം ഉന്നയിച്ചു.

രാഹുല്‍ ഗാന്ധി മത്സരിക്കാത്ത പക്ഷം സ്ഥാനാര്‍ഥിയാകാനുള്ള താല്‍പര്യം ദിഗ്‌വിജയ് സിങ്ങിനു പിന്നാലെ കമല്‍നാഥും പ്രകടിപ്പിച്ചിരിക്കുകയാണ്. നെഹൃകുടുംബം നാമനിര്‍ദേശം ചെയ്ത അശോക് ഗെഹ്ലോട്ടിന് ഔദ്യോഗിക പക്ഷത്തിന്റെ പൂര്‍ണ മാനസിക പിന്തുണയില്ലെന്ന് ഇത് വ്യക്തമാക്കി. തിരുത്തല്‍പക്ഷ നേതാവായി സ്വയം രംഗത്തിറങ്ങിയ ശശി തരൂരിനെ പിന്തുണക്കുന്ന കാര്യത്തില്‍ ജി23 സംഘത്തിലും ഐക്യമില്ല. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി ആരുടെ അനുമതിയോടെയാണ് ശശി തരൂര്‍ കളത്തിലിറങ്ങിയതെന്ന് പരസ്പരം ചോദിക്കുന്നു. ജി23 കത്തെഴുത്തു സംഘത്തില്‍ അംഗമായിരുന്ന മനീഷ് തിവാരിയും മത്സര കരുനീക്കങ്ങളിലാണ്.മത്സരം നടന്നാല്‍ അശോക് ഗെഹ്ലോട്ടും ശശി തരൂരും പ്രധാന സ്ഥാനാര്‍ഥികളാകുമെന്ന് ഉറപ്പിക്കാം. രണ്ടു പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരെ അനുകൂലിക്കും? നിലവിലെ സാഹചര്യങ്ങളില്‍ ഉത്തരം തരൂരിന് എതിരാണ്. ബഹുഭൂരിപക്ഷം കേരള നേതാക്കളുടെ പിന്തുണ പോലും ഗെഹ്ലോട്ടിനായിരിക്കും.

അങ്ങനെ വന്നാല്‍ കോണ്‍ഗ്രസില്‍ ശശി തരൂരിന്റെ ഭാവി എന്താണ്, അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം വീണ്ടും കിട്ടുമോ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തുന്ന അവ്യക്തത നിറഞ്ഞ രാഷ്ട്രീയ ചുവടുവെയ്പിലാണ് ശശി തരൂര്‍. അഥവാ, പോര്‍വിളി തുടങ്ങുന്നതേയുള്ളൂ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അശോക് ഗെഹ്ലോട്ട് രാജസ്ഥാനില്‍ പോര്‍വിളി ഒതുക്കാനുള്ള ശ്രമത്തിലാണ്. മുഖ്യമന്ത്രി സ്ഥാനം പ്രതിയോഗിയായ സചിന്‍ പൈലറ്റിനെ ഏല്‍പിക്കാന്‍ അദ്ദേഹം തയാറല്ല. രാജസ്ഥാന്‍ വിട്ടാല്‍ രാജസ്ഥാനില്‍ പ്രാമാണ്യം നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. നെഹൃകുടുംബത്തിന്റെ ആശിര്‍വാദമുണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനം മുള്‍ക്കിരീടമാണെന്ന പ്രശ്‌നം പുറമെ. നെഹൃകുടുംബത്തിന്റെ ആശിര്‍വാദമില്ലാതെ കോണ്‍ഗ്രസിനെ നയിക്കാന്‍ നിലവിലെ സാഹചര്യങ്ങളില്‍ ഏതൊരാള്‍ക്കും പ്രയാസം. പദവിയില്‍ നിന്ന് മാറിക്കൊടുത്താലും നിയന്ത്രണം കൈവിട്ടു കളിക്കാന്‍ നെഹൃകുടുംബാംഗങ്ങള്‍ തയാറായെന്നു വരില്ല.ഈ വക വിഷയങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങളില്‍ തരൂരിനും ഗെഹ്ലോട്ടിനും എന്തു ചെയ്യാന്‍ കഴിയുമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവം.

കോണ്‍ഗ്രസിന്റെ പരമ്പരാഗത രീതിക്കാരനാണ് ഗെഹ്ലോട്ട്. അടിമുടി പാര്‍ട്ടിക്കാരന്‍. രാജസ്ഥാനില്‍ പ്രത്യേകിച്ചും, അണികളുമായി നല്ല ബന്ധം. കോണ്‍ഗ്രസില്‍ നവീകരണതിരുത്തല്‍ പക്ഷത്താണ് ശശി തരൂരിന്റെ സ്ഥാനം. പുതിയ കോണ്‍ഗ്രസിനെ കണ്ടെടുക്കാന്‍ അദ്ദേഹം ശ്രമിച്ചേക്കാമെങ്കിലും, പൊതുസ്വീകാര്യത കൂടുതലാണെങ്കിലും, തരൂരിന്റെ നേതൃത്വം അംഗീകരിക്കാന്‍ നെഹൃകുടുംബത്തിനൊപ്പം നില്‍ക്കാന്‍ 'ബാധ്യസ്ഥരായ' നേതാക്കള്‍ തയാറാവില്ല. രണ്ടു പേര്‍ക്കും രണ്ടു വിധത്തില്‍ ജനസമ്മിതിയുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ഏറെ സ്വീകാര്യന്‍ ഗെഹ്ലോട്ട്. പാര്‍ട്ടിക്കു പുറത്ത് ആരാധക വൃന്ദം കൂടുതല്‍ തരൂരിന്. രണ്ടു പേരും രണ്ടു വഴിക്കാണ് കോണ്‍ഗ്രസ് നേതാക്കളായത്. അഞ്ചു പതിറ്റാണ്ടിലേറെയായി മുഴുസമയ പാര്‍ട്ടി പ്രവര്‍ത്തകനാണ് ഗെഹ്ലോട്ട്. മികച്ച സംഘാടന പാടവം. ബി.ജെ.പിയുടെ കുതിരക്കച്ചവടങ്ങള്‍ രാജസ്ഥാനില്‍ ഏല്‍ക്കാതെ പോയത് എതിരാളി ഗെഹ്ലോട്ടായതു കൊണ്ടാണ്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വരെ പ്രസംഗ വേദി കയ്യടക്കുന്നതില്‍ സമര്‍ഥരാണെങ്കില്‍, മികച്ച പ്രാസംഗികനല്ല ഗെഹ്ലോട്ട്.നയതന്ത്ര ദൗത്യം കഴിഞ്ഞ് പാര്‍ട്ടിയിലേക്കും തിരുവനന്തപുരത്തേക്കും നെഹൃകുടുംബം നൂലില്‍ കെട്ടിയിറക്കിയ നേതാവെന്ന ആക്ഷേപം തരൂരിനെ ഇപ്പോഴും വിട്ടുപിരിഞ്ഞിട്ടില്ല. ഇതു കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ തന്നെയോ പുറത്തേക്കോ എന്ന ചോദ്യമാണ് മത്സരിക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തില്‍ തരൂരിന് നേരെ പാര്‍ട്ടിയിലെ എതിരാളികള്‍ ഉയര്‍ത്തുന്ന ചോദ്യം. പുതിയ ആശയങ്ങള്‍ കൊണ്ടുവരാന്‍ തരൂരിന് കഴിയുമെങ്കിലും, അതിനൊത്ത് പാര്‍ട്ടി ചലിപ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യം ബാക്കി. പാര്‍ട്ടി നേതാക്കളുടെ പിന്തുണ വേണ്ടത്ര കിട്ടാതെ പോയിട്ടും തിരുവനന്തപുരത്തെ ആവര്‍ത്തിച്ച വിജയം, അദ്ദേഹത്തിന് ആര്‍ജിച്ചെടുക്കാന്‍ കഴിയുന്ന ജനസ്വീകാര്യതക്ക് തെളിവായി തരൂര്‍പക്ഷ വാദികള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കോണ്‍ഗ്രസിന്റെ നിലവിലെ നേതൃനിരയെ ഏകോപിപ്പിച്ചു കൊണ്ടുപോകാനും ഉള്‍പ്പാര്‍ട്ടി സമ്മര്‍ദങ്ങള്‍ അതിജീവിക്കാനും തരൂരിന് നേരിടേണ്ടി വരുന്ന പ്രായോഗിക പ്രയാസങ്ങള്‍ ഒട്ടും ചെറുതാവില്ല. ജയം ഒട്ടും പ്രതീക്ഷിക്കേണ്ടാത്തതു കൊണ്ട് അതേക്കുറിച്ച് തല പുകക്കേണ്ടതില്ലെന്നു മാത്രം.