(ഡല്‍ഹി ഡയറി)
കെ. രാജഗോപാല്‍
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും എട്ട് പോഷക സംഘടനകളെയും അഞ്ചു വര്‍ഷത്തേക്ക് നിരോധിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശ്രദ്ധേയമായ കേന്ദ്രസര്‍ക്കാര്‍ നടപടിയാണ്. ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്ന വിശദീകരണത്തോടെയാണ് ഭീകരത പ്രതിരോധ നിയമമായ യു. എ. പി. എ പ്രകാരമുള്ള നടപടി. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍. സി. എച്ച്. ആര്‍. ഒ), നാഷനല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍കേരള എന്നിവയാണ് നിരോധിക്കപ്പെട്ട അനുബന്ധ സംഘടനകള്‍. നിരോധനത്തിനു മുമ്പും ശേഷവുമായി ദേശവ്യാപകമായി കൂടുതല്‍ പേരെ അറസ്റ്റു ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകള്‍ മുദ്രവെച്ചു വരുകയാണ്.
ബാങ്ക് അക്കൗണ്ടുകളും ആസ്തികളും മരവിപ്പിക്കും. നിരോധിച്ച സംഘടന നേതാക്കള്‍ പ്രസ്താവന ഇറക്കുന്നതും സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും വിലക്കി.ഇസ്ലാമിക് സ്റ്റേറ്റ് (ഐ. എസ്. ഐ. എസ്) പോലുള്ള അന്താരാഷ്ട്ര ഭീകര സംഘടനകളുമായി നിരോധിച്ച സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന് അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് നിരോധിച്ച സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ നേതാക്കളാണ് പോപുലര്‍ ഫ്രണ്ടിന്റെ സ്ഥാപക അംഗങ്ങളെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. നിരോധിത ജമാഅത്ത് ജമാ അത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശുമായും പോപുലര്‍ ഫ്രണ്ടിന് ബന്ധമുണ്ട്. ഒരു സമുദായത്തില്‍ അരക്ഷിത ബോധം സൃഷ്ടിച്ച് ദേശവിരുദ്ധ തീവ്രചിന്ത വളര്‍ത്താന്‍ ഗൂഢമായി പ്രവര്‍ത്തിക്കുകയായിരുന്നു പോപുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.
അന്താരാഷ്ട്ര ഭീകര സംഘടനകളില്‍ ചില പോപുലര്‍ ഫ്രണ്ടുകാര്‍ ചേര്‍ന്നിട്ടുണ്ട്. ഈ സാഹചര്യങ്ങളില്‍ നിരോധനം കൂടിയേ തീരൂ. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് സര്‍ക്കാറുകള്‍ നിരോധനം ആവശ്യപ്പെടുകയും ചെയ്തിരുന്നു.സുരക്ഷയും ക്രമസമാധാനവൂം അപകടപ്പെടുത്തുന്ന വിധമുള്ള ഭീകര ചെയ്തികളില്‍ പോപുലര്‍ ഫ്രണ്ടിനും പോഷക സംഘടനകള്‍ക്കും പങ്കുണ്ട്. ഒന്‍പതു സംഘടനകളും പരസ്പരം ബന്ധപ്പെട്ടതാണ്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വഴിയാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ പണം സമാഹരിക്കുന്നത്. വിവിധ ജനവിഭാഗങ്ങളിലേക്ക് കടന്നു ചെല്ലാന്‍ പോഷക സംഘടനകളെ ഉപയോഗിക്കുന്നു.
പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് പോപുലര്‍ ഫ്രണ്ടാണ്. സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലയിലെ തുറന്ന പ്രവര്‍ത്തനം ഗൂഢലക്ഷ്യങ്ങള്‍ക്ക് മറയാക്കി. കിട്ടുന്ന ഫണ്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി. ജനാധിപത്യത്തെ അവമതിക്കുകയും ഭരണഘടനാ സംവിധാനങ്ങളെ അനാദരിക്കുകയും ചെയ്തുപോന്നു. പോപുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങള്‍ക്ക് കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പല തെളിവുകളുണ്ട്. മറ്റു സമുദായങ്ങളില്‍ പെട്ടവരെ കൊലപ്പെടുത്തി. കോളജ് പ്രഫസറുടെ കൈ വെട്ടി. പ്രമുഖ വ്യക്തികളെ ഉന്നമിട്ട് സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചു.ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമായി ബാങ്ക് അക്കൗണ്ടുകള്‍ വഴിയും ഹവാലയായും സംഭാവനയായും രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഫണ്ട് ശേഖരിച്ചു. അതിന് ന്യായയുക്തത നല്‍കാന്‍ പല അക്കൗണ്ടുകളിലേക്ക് മാറ്റുകയും, അതേസമയം നിയമവിരുദ്ധക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു.
അക്കൗണ്ട് ഉടമകളുടെ സാമ്പത്തിക നിലയുമായി പൊരുത്തപ്പെടുന്നതല്ല എത്തിയ പണം. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയല്ല പോപുലര്‍ ഫ്രണ്ടും പോഷക സംഘടനകളും പണം ചെലവഴിച്ചത്. അതുകൊണ്ട് പോപുലര്‍ ഫ്രണ്ടിന്റെയും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും രജിസ്‌ട്രേഷന്‍ ആദായ നികുതി വകുപ്പ് റദ്ദാക്കിയെന്നും വിജ്ഞാപനത്തില്‍ പറഞ്ഞു. നിരോധനം സ്ഥിരപ്പെടുത്താന്‍ ഹൈകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള യു. എ. പി. എ ട്രിബ്യൂണലിനെ കേന്ദ്രസര്‍ക്കാര്‍ സമീപിക്കുന്നതാണ് അടുത്ത പടി. നിരോധിത സംഘടനകളുടെ വാദമുഖങ്ങള്‍ കൂടി കേട്ട് ട്രിബ്യൂണല്‍ നിരോധനം ശരിയോ എന്ന് വിധിക്കും. ആറു മാസത്തിനുള്ളില്‍ ഈ നടപടി പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ.
*** *** ***
ചരിത്രത്തില്‍ ആദ്യമായി വാദം കേള്‍ക്കല്‍ തല്‍സമയം സംപ്രേഷണം ചെയ്തു തുടങ്ങിയിരിക്കുകയാണ് സുപ്രീംകോടതി. സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹരജികള്‍ ഉള്‍പ്പെടെ മൂന്ന് ഭരണഘടന ബെഞ്ചുകളിലെ നടപടികളാണ് ആദ്യം യൂ ട്യൂബ് വഴി തല്‍സമയം ലഭ്യമാക്കിയത്. മുഴുവന്‍ കോടതി നടപടികളും വൈകാതെ തല്‍സമയ സംപ്രേഷണം ചെയ്യും. തല്‍സമയ സംപ്രേഷണത്തിനായി സുപ്രീംകോടതിയുടെ തന്നെ സ്വന്തമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉടന്‍ പ്രവര്‍ത്തന സജ്ജമാവും.മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് അടക്കമുള്ളവര്‍ നല്‍കിയ ഹരജിയില്‍, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാവണമെന്ന് ചൂണ്ടിക്കാട്ടി 2018 ലാണ് തല്‍സമയ സംപ്രേഷണത്തിന് ഉത്തരവിട്ടത്.
നടപടി നീണ്ടുപോയതോടെ തല്‍സമയ സംപ്രേക്ഷണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദിര ജെയ്‌സിങ് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് യു.യു ലളിതിന് കത്തയക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ നടന്ന സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരുടെയും യോഗത്തില്‍ സെ്ര്രപംബര്‍ 27 മുതല്‍ ഭരണഘടന ബെഞ്ച് നടപടിക്രമങ്ങള്‍ പൊതുജനത്തിന് കാണാന്‍ സാധിക്കുന്ന നടപടികള്‍ ആരംഭിക്കാനുളള സുപ്രധാന തീരുമാനമെടുത്തത്.