അൽപം കൽക്കരിക്കാര്യം


OCTOBER 19, 2021, 11:13 AM IST

(ഡല്‍ഹി ഡയറി)

കെ. രാജഗോപാല്‍

വടക്കേന്ത്യൻ സംസ്ഥാനങ്ങൾ വൈദ്യുതി ക്ഷാമത്തെക്കുറിച്ച് കടുത്ത ആശങ്കയിലാണ്. കേരളത്തിനുമുണ്ട് ആശങ്ക. കാരണം ഉൽപാദന നിലയങ്ങളിലെ പ്രതിസന്ധിയാണ്. അതിനു കാരണം കൽക്കരി ക്ഷാമമാണ്. വലിയ മഴ പെയ്തു, ഖനികളിൽ വെള്ളം കയറി, കൽക്കരി നീക്കം തടസപ്പെട്ടു എന്നു തുടങ്ങിയവയാണ് പറയുന്ന കാരണങ്ങൾ. അങ്ങനെയൊരു ക്ഷാമം ഉണ്ടായിത്തീരുകയാണോ, അതല്ല, കൃത്രിമമായി ഉണ്ടാക്കിയതാണോ? ഇഷ്ടപ്പെട്ട വ്യവസായികൾക്ക് കൽക്കരിപ്പാടം തുറന്നു കൊടുത്ത് ഖനനാനുമതി നൽകാനാണോ, ഇറക്കുമതിക്ക് അവരെ കൂടുതൽ ആശ്രയിക്കാനാണോ സർക്കാറിെൻറ പുറപ്പാട്? അങ്ങനെയുമുണ്ട് സംശയങ്ങൾ.

വ്യവസായികളോട് സർക്കാർ കാണിച്ചു പോരുന്ന വാത്സല്യം സംശയത്തിന് ആക്കം പകരുന്ന കാര്യം. കൽക്കരി ക്ഷാമമില്ലെന്ന് ആവർത്തിച്ചു കൊണ്ടു തന്നെ, കൂടുതൽ ഖനനാനുമതി നൽകാനുള്ള നടപടി സർക്കാർ വേഗത്തിലാക്കുകയുമാണ്.ക്ഷാമം ഉണ്ടായിട്ടുണ്ട് എന്നതു നേര്. പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച പവർകട്ട് പിൻവലിച്ചിട്ടില്ല. പഞ്ചാബിലാണ് ഊർജ പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്.11,046 മെഗാവാട്ട് വൈദ്യുതിയാണ് പഞ്ചാബിന് പ്രതിദിനം വേണ്ടത്. ലഭിക്കുന്നത് 8,751 മെഗാവട്ടും. ഇതേത്തുടർന്ന് സംസ്ഥാനത്ത് നാല് മണിക്കൂർ മുതൽ ഏഴു മണിക്കൂർ വരെയാണ് പവർകട്ട്.

ബിഹാറിൽ പ്രതിദിനം 6,500 മൊഗാവാട്ട് വൈദ്യുതിയാണ് വേണ്ടത്. കേന്ദ്ര സർക്കാറിൽ നിന്നും ലഭിക്കുന്നത് 3,200 മെഗാവാട്ടും. യൂനിറ്റിന് 20 രൂപ എന്ന ഉയർന്ന വില നൽകി 1,500 മെഗാവാട്ട് സംസ്ഥാനം പുറത്തുനിന്നും വാങ്ങുന്നുണ്ട്. എന്നിരുന്നാലും 1,800 മെഗാവാട്ടിെൻറ കുറവ് തുടരുകയാണ്. ഇതേത്തുടർന്ന് ബിഹാറിലെ മിക്ക ജില്ലകളിലും 10 മണിക്കൂറോളമാണ് പവർകട്ടുള്ളത്. രാജസ്ഥാനിൽ 12,534 മെഗാവാട്ട് വൈദ്യുതി ആണ് പ്രതിദിനം വേണ്ടത്. എന്നാൽ, 272 മെഗാവട്ടിെൻറ കുറവ് റിപ്പോർട്ട് ചെയ്തു. യു.പിയിൽ 870 മെഗാവാട്ടിെൻറ കുറവും ഉത്തരാഖണ്ഡിൽ 190 മെഗാവാട്ടും ജമ്മു കശ്മീരിൽ 200 മെഗാവാട്ടിെൻറയും കുറവാണ് റിപ്പോർട്ട് ചെയ്തത്. അപ്പോൾ ക്ഷാമമില്ലെന്ന് പറയുന്നതെങ്ങനെ? അനാവശ്യമോ, അസാധാരണമോ ആയി വിതരണത്തിൽ പാളിച്ച പറ്റിയോ? ക്ഷാമ കാര്യത്തിലും എന്തോ പന്തികേട്.

****      ****

ഹിന്ദുമഹാസഭ നേതാവ് വിനയ് ദാമോദർ സവർക്കർ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത് എങ്ങനെയാണെന്ന് ചരിത്രം വായിച്ചിട്ടുള്ളവരോട് കൂടുതൽ പറയേണ്ടതില്ല. സവർക്കർ ആന്തമാനിലെ ജയിലിൽ നിന്ന് ഇറങ്ങാൻ ബ്രിട്ടീഷുകാർക്ക് ക്ഷമചോദിച്ച് ദയാഹരജി കൊടുത്തത് സംഘ്പരിവാറിെൻറ മുഖം മോശമാക്കാൻ പ്രചരിപ്പിക്കപ്പെട്ട കഥയാണോ? സവർക്കർ ദയാഹരജി കൊടുത്തത് മഹാത്മഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നെന്ന പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്ങിെൻറ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ചർച്ചയായിരിക്കുകയാണ്. മാർക്സിെൻറയും ലെനിെൻറയും ആശയം കൊണ്ടുനടക്കുന്നവർ ഫാസിസ്റ്റായും നാസിയായും ചിത്രീകരിക്കാനാണ് ശ്രമിച്ചതെങ്കിലും സവർക്കർ തികഞ്ഞ ദേശീയവാദിയും സാമൂഹിക പരിഷ്കർത്താവുമായിരുന്നെന്നും രാജ്നാഥ്സിങ് അവകാശപ്പെട്ടു.

ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. രാജ്യത്തെ മോചിപ്പിക്കാനെന്ന പോലെ സവർക്കറെ മോചിപ്പിക്കാനും ശ്രമം തുടരുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നതായി രാജ്നാഥ്സിങ് വാദിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയാൽ സവര്‍ക്കര്‍ സമാധാനപരമായി പ്രക്ഷോഭത്തിൽ പങ്കുചേരുമെന്ന് ഗാന്ധിജി വിശ്വസിച്ചു. ഭരണഘടന ശില്‍പി ബി.ആര്‍ അംബേദ്കറിനും സവര്‍ക്കറുമായി അടുപ്പമുണ്ടായിരുന്നു. ഇന്ത്യൻ ചരിത്രത്തിൽ നായക സ്ഥാനമുള്ള നേതാവാണ് സവർക്കർ. ദേശീയ നായകരെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാൽ അവരെ ഒരു പ്രത്യേക കാഴ്ചപ്പാടിൽ കാണരുത്. സവർക്കറെ അവഗണിക്കുന്നതും അപമാനിക്കുന്നതും ക്ഷമിക്കാനാവില്ല.

തെറ്റായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കപ്പെട്ടതു കൊണ്ട് ജനങ്ങൾക്ക് ശരിയായ വിധത്തിൽ അദ്ദേഹത്തെ മനസിലാക്കാനായിട്ടില്ല. സവർക്കർ നാടിനു വേണ്ടി ചെയ്തത് ഒരു പുസ്തകം കൊണ്ട് പറഞ്ഞു തീർക്കാനാവില്ല.തികഞ്ഞ ദേശഭക്തനായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ രണ്ടു തവണയാണ് ജയിലിലടച്ചത്. സവര്‍ക്കര്‍ ഒരു വ്യക്തിയല്ല, മറിച്ച് ഒരാശയമാണെന്നാണ് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി പറഞ്ഞത്. എന്നാൽ 2003ൽ സവർക്കറുടെ ചിത്രം പാർലമെൻറിൽ വെച്ചപ്പോൾ മുൻപ്രധാനമന്ത്രി ചന്ദ്രശേഖർ ഒഴികെ എല്ലാവരും ചടങ്ങ് ബഹിഷ്ക്കരിക്കുകയാണ് ഉണ്ടായത്. പോർട്ട്ബ്ലെയറിൽ വെച്ച ഫലകം അന്നത്തെ സർക്കാർ നീക്കി. സവര്‍ക്കാര്‍ ഒരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം ഒരു സാംസ്‌കാരിക നായകനായിരുന്നു എന്നും സവര്‍ക്കറെക്കുറിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. ചോദ്യം ബാക്കി: ശരിക്കും ഇങ്ങനെയൊക്കെത്തന്നെയാണോ? ചരിത്രകാരന്മാർ പറയട്ടെ.

****      ****

മനുഷ്യാവകാശത്തിെൻറ കാര്യത്തിൽ ചിലർ തരംപോലെ പെരുമാറുന്നത് ഇന്ത്യയുടെ പ്രതിഛായ മോശമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ ലാഭചേതങ്ങളിൽ കണ്ണുവെച്ചാണ് ചിലർ മനുഷ്യാവകാശത്തെ കാണുന്നത്. അവകാശങ്ങൾക്കും ജനാധിപത്യത്തിനും ദോഷം വരുത്തിവെക്കുകയാണ് ഇക്കൂട്ടരെന്ന് ദേശീയ മനുഷ്യാവകാശ കമീഷെൻറ 28ാം വാർഷിക ചടങ്ങിൽ സംസാരിക്കുേമ്പാൾ പ്രധാനമന്ത്രി പറഞ്ഞു. ചില സംഭവങ്ങളിൽ മാത്രമാണ് ചില കൂട്ടർ മനുഷ്യാവകാശ ലംഘനം കാണുന്നത്.

മറ്റു ചിലതിൽ കാണില്ല. രാഷ്ട്രീയ കണ്ണോടെ നോക്കുേമ്പാഴാണ് മനുഷ്യാവകാശം ലംഘിക്കപ്പെടുന്നത്. തരംപോലെ പെരുമാറുന്നത് ജനാധിപത്യത്തിന് ദോഷം ചെയ്യും. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും പുരോഗതിക്ക് എന്നതാണ് ഈ സർക്കാറിെൻറ മുദ്രാവാക്യം. മനുഷ്യാവകാശത്തിെൻറ അടിസ്ഥാന തത്വം തന്നെയാണ് അത് പ്രതിഫലിപ്പിക്കുന്നതെന്നും മോദി നിരീക്ഷിച്ചു.ലഖിംപൂർ ഖേരിയിൽ നാലു കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും പ്രതിസന്ധി നേരിടുേമ്പാൾ തന്നെയാണ് ഈ പരാമർശങ്ങൾ. സഹപ്രവർത്തകനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തിനു മുമ്പിലും, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിശബ്ദത പാലിക്കുകയുമാണ് പ്രധാനമന്ത്രി. അതിനൊപ്പമാണ് കമീഷൻ അധ്യക്ഷൻ സുപ്രീംകോടതി റിട്ട. ജസ്റ്റിസ് അരുൺ മിശ്രയുടെയും പരാമർശമുണ്ടായത്. ജമ്മുകശ്മീരിൽ പുതുയുഗം പിറന്നത് ആഭ്യന്തര മന്ത്രി അമിത്ഷാ കാരണമാണെന്ന് അദ്ദേഹം ഈ ചടങ്ങിൽ പറഞ്ഞു.

പ്രത്യേക സംസ്ഥാന പദവി എടുത്തുകളഞ്ഞ് 2019ൽ ജമ്മുകശ്മീരിെൻറ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് ചുക്കാൻ പിടിച്ചത്. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് കമീഷൻ അധ്യക്ഷനായകണമെന്ന മുൻനിബന്ധന മാറ്റി സുപ്രീംകോടതി മുൻജഡ്ജിേയയും ചെയർമാനാക്കാമെന്ന് മോദിസർക്കാർ ചട്ടം മാറ്റിയ ശേഷമുള്ള ആദ്യ മനുഷ്യാവകാശ കമീഷൻ ചെയർമാനാണ് അരുൺ മിശ്ര. മോദിയും മിശ്രയും പറഞ്ഞതിനെക്കുറിച്ച് കോൺഗ്രസ് നേതാവിെൻറ രൂക്ഷമായ പ്രതികരണം ഇങ്ങനെയായിരുന്നു: ഗുജറാത്തു കാലം മുതൽ തന്നെ മനുഷ്യാവകാശങ്ങളെ നോക്കുകുത്തിയാക്കുകയാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചെയ്യുന്നത്. അവരുടെ കലാപരിപാടിക്കൊപ്പം മനുഷ്യാവകാശ കമീഷൻ ചെയർമാനും ചേരുകയാണ്. അദ്ദേഹം സുപ്രീംകോടതി മുൻ ജഡ്ജിയാണ്. ഇന്ത്യയിൽ ജനാധിപത്യ ഇടം ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു.ends