തെരഞ്ഞെടുപ്പു കളത്തിലെ നീക്കങ്ങൾ


NOVEMBER 27, 2023, 10:56 AM IST

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കാണുന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഡിസംബർ മൂന്നിന് ഫലം പുറത്തുവരുന്നത് എന്തു സന്ദേശവുമായിട്ടാണ്? ആ ചോദ്യത്തിനു മുന്നിലാണ് ഇന്ത്യ. പ്രവചനങ്ങൾ അതേപടി നടപ്പായെന്നു വരില്ല. എങ്കിലും നിലവിലെ പ്രവണതകൾ സൂചിപ്പിക്കുന്നത് ബി.ജെ.പിക്ക് മോഹഭംഗവും കോൺഗ്രസിന് പ്രതീക്ഷയുമാണ്. മിസോറാം പ്രാദേശിക കക്ഷിക്ക് വിട്ടു കൊടുക്കേണ്ടി വരും. മധ്യപ്രദേശ്, ഛത്തിസ്ഗഡ്, തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നല്ല പോരാട്ടമാണ് നടക്കുന്നത്. അതിൽ മൂന്നിടത്തെങ്കിലും കോൺഗ്രസിന് മുന്നേറ്റം ഉണ്ടാകുമെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്.

2018ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങളുടെ പ്രവണതയല്ല ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. അതുകൊണ്ട് ഡിസംബർ മൂന്നിന് വരുന്ന ഫലങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിൽ ആവർത്തിക്കില്ലെന്ന് ബി.ജെ.പി കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വശത്തും പ്രതിപക്ഷ പാർട്ടികൾ മറുവശത്തും നിൽക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനാണ് രാജ്യം ഒരുങ്ങുന്നത്.പ്രതിപക്ഷ ഐക്യം ശക്തിപ്പെടേണ്ട ഘട്ടത്തിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇൻഡ്യ കൂട്ടായ്മയോട് കോൺഗ്രസ് നീതി കാണിച്ചോ എന്ന ചോദ്യം പ്രതിപക്ഷ പാർട്ടികൾക്കിടയിൽ നിൽക്കുന്നുണ്ട്. എന്നാൽ ഇൻഡ്യ സഖ്യം ലോക്സഭ തെരഞ്ഞെടുപ്പിനെ കേന്ദ്രീകരിച്ചാണ്, സംസ്ഥാനങ്ങളിൽ പ്രാദേശിക സാഹചര്യങ്ങൾക്കൊത്ത് നീങ്ങേണ്ടി വരുമെന്നാണ് കോൺഗ്രസും മറ്റു കക്ഷികളും വിശദീകരിച്ചു വരുന്നത്. രണ്ടു ഡസനിലേറെ പാർട്ടികളുടെ കൂട്ടായ്മ നിയമസഭ തെരഞ്ഞെടുപ്പിൽ പൂർണാർഥത്തിൽ നടപ്പാക്കാൻ പ്രയാസമുണ്ട് എന്നത് നേര്.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അത്തരം സഖ്യപരീക്ഷണം നടത്തി വിജയിച്ചാൽ അത് ലോക്സഭ തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാവില്ലേ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഉണ്ടാവുന്നില്ല. നേതൃസ്ഥാനത്തു നിൽക്കുന്ന കോൺഗ്രസിന് ഐക്യ ശ്രമങ്ങൾക്കും അതിനൊത്ത വിട്ടുവീഴ്ചകൾക്കും കൂടുതൽ ഉത്തരവാദിത്തമില്ലേ എന്ന ചോദ്യവും പ്രസക്തം. ഓരോരുത്തർക്കും അവരുടേതായ കാരണങ്ങൾ പറയാനുണ്ടാവും. അവരവരുടെ മസിൽ അളക്കാനുള്ള സന്ദർഭമാണ് തെരഞ്ഞെടുപ്പ് എന്നിരിക്കേ, ആരും വിട്ടുവീഴ്ചക്ക് തയാറല്ല. സീറ്റ് മറ്റുള്ളവർക്ക് വിട്ടുകൊടുത്ത് സ്വയം ചെറുതാകാൻ ഒരു പാർട്ടിയേയും കിട്ടില്ല. തെരഞ്ഞെടുപ്പാനന്തരം അർഹമായത് നേടണമെങ്കിൽ, അത് സീറ്റെണ്ണത്തിന്റെ മാത്രം ബലത്തിലാകുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് പരമാവധി സീറ്റു നേടുക. സീറ്റുള്ളവനേ വിലയുള്ളൂ.

ഈ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ട് സ്വാധീനിക്കാൻ വിവിധ പാർട്ടികൾ ഒരുപോലെ മത്സരിക്കുന്നതാണ് കാഴ്ച. സ്ത്രീ വോട്ടിനെ സ്വാധീനിക്കാൻ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളും പാരിതോഷികങ്ങളും നിരവധി. അധികാരത്തിൽ വന്നാൽ കുടുംബനാഥക്ക് ഗഡുക്കളായി പ്രതിവർഷം 10,000 രൂപ, 500 രൂപക്ക് ഗ്യാസ് സിലിണ്ടർ, സ്മാർട്ട് ഫോൺ, ബസ് യാത്ര സൗജന്യം എന്നിങ്ങനെ നീളുന്നു പട്ടിക. മുമ്പത്തെപ്പോലെയല്ല, പാർട്ടികളോടും സ്ഥാനാർഥികളോമുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇന്ന് സ്ത്രീകളത്രേ. മക്കളെയും കുടുംബനാഥനെത്തന്നെയും അവർ സ്വാധീനിച്ചു കളയും. ഈ തിരിച്ചറിവിൽ നിന്നാണ് പാർട്ടികൾ സ്ത്രീകളെ പ്രത്യേകമായി പരിഗണിക്കുന്നത്.

വോട്ടു ചെയ്യാൻ പോളിങ് ബൂത്തിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കണ്ടാണ് പാർട്ടികൾ പ്രത്യേക പരിഗണന നൽകിത്തുടങ്ങിയത്. സൗജന്യങ്ങളും പ്രലോഭനങ്ങളും വാരിവിതറുന്നുണ്ടെങ്കിലും, പറയുന്നത്ര സ്ത്രീ സൗഹൃദമല്ല  പാർട്ടികൾ. മത്സരിക്കുന്നതിൽ നാലിലൊന്നു പോലുമില്ല സ്ത്രീകൾ. പിന്നാക്ക-ന്യൂനപക്ഷ വിഭാഗ പ്രാതിനിധ്യത്തിന്റെ സ്ഥിതി അതിനേക്കാൾ മോശം.