കര്‍ഷക മുന്നേറ്റം; സര്‍ക്കാര്‍ പിന്മാറ്റം


NOVEMBER 24, 2021, 8:46 PM IST

(ഡല്‍ഹി ഡയറി)

കെ. രാജഗോപാല്‍

നവംബര്‍ 29ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുകയാണ്. സര്‍ക്കാറിനെ മുട്ടുകുത്തിച്ച കര്‍ഷക സമരത്തിന്റെ പ്രധാന ആവശ്യ പ്രകാരം, വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരും. ഈ ബില്‍ മന്ത്രിസഭ പാസാക്കി കഴിഞ്ഞിട്ടുണ്ട്. അതിനൊപ്പം നിരവധി നിയമനിര്‍മാണങ്ങള്‍ക്കും പാര്‍ലമെന്റ് സമ്മേളനം വേദിയാകും. രണ്ടു പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുക, ക്രിപ്‌ടോ കറന്‍സിയുടെ ഉപയോഗം വിലക്കുമ്പോള്‍ തന്നെ ചില ഇളവുകള്‍ അനുവദിക്കുക തുടങ്ങിയവ സര്‍ക്കാറിന്റെ കാര്യപരിപാടിയില്‍ പെട്ട ഇനങ്ങളാണ്.ഏതായാലും, പ്രതിപക്ഷ കക്ഷികളെ നിഷ്പ്രഭരാക്കിയ സമരനേട്ടമാണ് കര്‍ഷകര്‍ നേടിയത്.

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയേക്കാള്‍ ഏറ്റവുമേറെ കടപ്പെട്ടിരിക്കുന്നത്, സമര്‍പ്പിത സമരം നടത്തിയ പഞ്ചാബിലെയും പടിഞ്ഞാറന്‍ യു.പിയിലേയും ഹരിയാനയിലെയും കര്‍ഷകരോടാണ്. കൊടും തണുപ്പിനും കടുത്തവേനലിനും കോവിഡ് മഹാമാരിക്കും ഇടയിലൂടെ ഒരു വര്‍ഷമായിട്ടും പതറാതെ സമരം നയിച്ചത് അവരാണ്. 11 വട്ടം ചര്‍ച്ച നടത്തിയപ്പോഴും, നിയമം പിന്‍വലിക്കില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. നിയമം സുപ്രീംകോടതി കയറി രണ്ടു വര്‍ഷത്തേക്ക് മരവിപ്പിച്ചു നിര്‍ത്തേണ്ടി വന്നിട്ടും തിരുത്തണമെന്ന് തോന്നിയില്ല.

കാനഡ തുടങ്ങി വിദേശ ഭരണകര്‍ത്താക്കള്‍ വിമര്‍ശിച്ചപ്പോള്‍ അവരോട് കയര്‍ക്കുകയാണ് ചെയ്തത്.എന്നിട്ട് എന്തുകൊണ്ടാണ് അചഞ്ചല ശക്തിയെന്ന ഇമേജിന് താല്‍പര്യപ്പെടുന്ന സര്‍ക്കാറില്‍ മനം മാറ്റം? യു.പിയിലും പഞ്ചാബിലും അടക്കം, മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ബി.ജെ.പിയേയും മോദിസര്‍ക്കാറിനെയും അലട്ടുന്നുണ്ട്. കര്‍ഷകരോഷത്തിന്റെ അലയൊലി ഉച്ചത്തിലായി വരുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അത് പ്രയോജനപ്പെടുത്തിയാല്‍, അടുത്തലോക്‌സഭ തെരഞ്ഞെടുപ്പിലും കളം കൈവിട്ടുപോകുമെന്ന കടുത്ത ആശങ്കയാണ് മുട്ടുമടക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്.

രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ചിന്ത എതിരായാല്‍ പിടിച്ചു നില്‍ക്കാനാവില്ല.ശിരോമണി അകാലിദള്‍ എന്‍.ഡി.എ സഖ്യം വിട്ടിറങ്ങിയിട്ടും വകവെക്കാതിരുന്ന പ്രധാനമന്ത്രിയാണ് ഗുരുനാനാക് ജയന്തി ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചത്. ഗുരുനാനാക് ജയന്തി ദിനം തിരുത്തലിന്റെയും ഖേദപ്രകടനത്തിന്റേതുമാക്കി, സിഖ് മനോഭാവം മാറ്റാനും നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാനുമുള്ള രാഷ്ട്രീയ തന്ത്രമാണ് മോദി പ്രയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ അമരീന്ദര്‍സിങ്ങിന് ഇനി മോദിയെ പിന്തുണച്ച് പഞ്ചാബില്‍ പുതിയ രാഷ്ട്രീയം കളിക്കാം. ശിരോമണി അകാലിദളിനെ തിരിച്ചു പിടിക്കാമെന്നും ബി.ജെ.പി കണക്കു കൂട്ടുന്നു. കര്‍ഷക സംസ്ഥാനമായ ഹരിയാനയിലും ഘടകകക്ഷികളെ ചേര്‍ത്തു നിര്‍ത്താനുള്ള ശ്രമത്തില്‍ ഈ തിരുത്തല്‍ അനിവാര്യമായി മാറുകയായിരുന്നു. ഏറെ വൈകിയെങ്കിലും, തിരുത്തല്‍ സ്വാഗതം ചെയ്യപ്പെടും. എന്നാല്‍ 700ല്‍പരം കര്‍ഷകരെ മരണത്തിലേക്ക് തള്ളിവിടുന്നതു വരെ മോദി സര്‍ക്കാര്‍ കാത്തു നില്‍ക്കേണ്ടിയിരുന്നോ? നിയമഭേദഗതി പിന്‍വലിച്ചെങ്കിലും മിനിമം താങ്ങുവില ഉറപ്പു നല്‍കാതെ പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് സമരം തുടരുകയാണ് കര്‍ഷകര്‍. അതിന് ഇനിയും സര്‍ക്കാര്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കേണ്ടതുണ്ട്

.*** *** ***

അസംസ്‌കൃത എണ്ണയുടെ കാര്യത്തില്‍ ഉല്‍പാദക രാജ്യങ്ങളും ഉപയോക്താക്കളായ രാജ്യങ്ങളും തമ്മില്‍ ഉരസലിലാണ്. അതിന്റെ തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ അസംസ്‌കൃത എണ്ണയുടെ കരുതല്‍ ശേഖരത്തില്‍ ഒരു പങ്ക് ഉപയോഗിക്കാന്‍ ഇന്ത്യയും അമേരിക്കയും അടക്കം പ്രമുഖ രാജ്യങ്ങള്‍ തീരുമാനിച്ചു. ഇതുവഴി തല്‍ക്കാലം വില കൂടുതല്‍ വര്‍ധിക്കാതിരിക്കുകയോ നേരിയ ഇളവു ലഭിക്കുകയോ ചെയ്യാം. അമേരിക്കയുടെ നേതൃത്വത്തില്‍ ഇന്ത്യ, ചൈന, ബ്രിട്ടന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ പ്രമുഖ എണ്ണ ഉപയോക്താക്കളാണ് കരുതല്‍ ശേഖരത്തില്‍ ഒരു പങ്ക് വിപണിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്.

ഉല്‍പാദനം കൂട്ടി ഇന്ധന വില കുറക്കണമെന്ന ഈ രാജ്യങ്ങളുടെ ആവശ്യം എണ്ണ കയറ്റുമതി ചെയ്യുന്ന ഒപെക് രാജ്യങ്ങളും റഷ്യ തുടങ്ങി അവര്‍ക്കൊപ്പമുള്ള രാജ്യങ്ങളും തള്ളിയതിനെ തുടര്‍ന്നാണ് അമേരിക്കയുടെ അഭ്യര്‍ഥന പ്രകാരമുള്ള നടപടി.എന്നാല്‍ അതിന്റെപേരില്‍ എണ്ണ ഉല്‍പാദനം കൂട്ടാനല്ല, കുറക്കാനാണ് പോകുന്നതെന്ന് ഒപെക് രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എണ്ണ കെട്ടിക്കിടക്കുന്ന സ്ഥിതി ഉണ്ടാക്കില്ലെന്ന് അവര്‍ പറയുന്നു. അടിയന്തരാവശ്യത്തിന് നീക്കി വെച്ചിരിക്കുന്ന കരുതല്‍ ശേഖരത്തില്‍ നിന്ന് ഒരു പങ്ക് തല്‍ക്കാലം ഉപയോഗപ്പെടുത്തുമെങ്കിലും സ്റ്റോക്ക് പരിമിതമാണെന്നിരിക്കേ, ദീര്‍ഘകാലം പിടിച്ചു നില്‍ക്കാനാവില്ലെന്ന സന്ദേഹം ഉപഭോക്തൃ രാജ്യങ്ങള്‍ക്കുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് 50 ലക്ഷം വീപ്പ അസംസ്‌കൃത എണ്ണ, വിപണന കമ്പനികള്‍ക്ക് വില്‍ക്കാനാണ് ഇന്ത്യയുടെ തീരുമാനം.

ഇത് ഇന്ത്യയുടെ പ്രതിദിന ഉപയോഗത്തോളം (48 ലക്ഷം വീപ്പ) വരും. പ്രകൃതിക്ഷോഭം തുടങ്ങി അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ മംഗളുരു, പാടൂര്‍ (കര്‍ണാടക), വിശാഖപട്ടണം (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലായി 53.3 ലക്ഷം ടണ്‍ അഥവാ 380 ലക്ഷം വീപ്പ അസംസ്‌കൃത എണ്ണയാണ് കരുതല്‍ ശേഖരമായി ഇന്ത്യ സൂക്ഷിച്ചിട്ടുള്ളത്. അമേരിക്ക 500 ലക്ഷം വീപ്പ എണ്ണയാണ് കരുതല്‍ ശേഖരത്തില്‍ നിന്ന് വിപണിക്ക് വിട്ടുകൊടുക്കുന്നത്. അമേരിക്കയുടെ കരുതല്‍ ശേഖരം 7,270 ലക്ഷം വീപ്പയാണ്.