തുരങ്കത്തിനപ്പുറം തെരഞ്ഞെടുപ്പ്


NOVEMBER 30, 2023, 9:25 PM IST

(ഡല്‍ഹി ഡയറി)

കെ. രാജഗോപാല്‍

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ 17 ദിവസത്തിനു ശേഷം അതിസാഹസികമായി, അതേസമയം സുരക്ഷിതരായി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് എല്ലാവര്‍ക്കും സന്തോഷ നെടുവീര്‍പ്പ് നല്‍കുന്നതായിരുന്നു. കേരളത്തില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ വീണ്ടെടുക്കാന്‍ കഴിഞ്ഞ സംഭവം നല്‍കിയ സന്തോഷത്തിനും അതിരില്ല. മനുഷ്യ മനസാക്ഷിക്ക് കുളിര്‍മ നല്‍കുന്നതാണ് രണ്ടു സംഭവങ്ങളും.ദേശീയ രാഷ്ട്രീയത്തിലേക്ക് വന്നാല്‍, അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാവുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി എല്ലാവരും കാണുന്ന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിന്റെ അലയൊലി കേള്‍ക്കാം.

മറ്റൊരു നിര്‍ണായക വഴിത്തിരിവാകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം.കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും ചേര്‍ന്ന് നടത്തുന്ന നവകേരള സദസ് മുന്നോട്ടു നീങ്ങുമ്പോള്‍, സംസ്ഥാന സര്‍ക്കാറും ഗവര്‍ണറുമായുള്ള പോരില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയും നിര്‍ദേശങ്ങളും ശ്രദ്ധേയമായി. നിയമസഭ പാസാക്കിയ എട്ടു ബില്ലുകള്‍ രണ്ടു വര്‍ഷമായി പിടിച്ചു വെച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

അതേസമയം, കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലറുടെ പുനര്‍നിയമനം റദ്ദാക്കിയ വിധിയില്‍ സംസ്ഥാന സര്‍ക്കാറിനെയാണ് സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചത്.നിയമസഭ പാസാക്കിയ ബില്ലുകള്‍ മതിയായ കാരണമില്ലാതെ രാഷ്ട്രപതിയുടെ പരിഗണനക്ക് ഗവര്‍ണര്‍ വിടാമോ? സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ ഇടങ്കോലിടുന്ന ഇത്തരം നടപടികള്‍ തടയാന്‍ മാനദണ്ഡം കൊണ്ടുവരണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാന്‍ കൂടി സുപ്രീംകോടതി തീരുമാനിച്ചിരിക്കുകയാണ്. എട്ടു ബില്ലുകള്‍ തടഞ്ഞുവെച്ചതിനെതിരായ റിട്ട് ഹരജി ഈ ആവശ്യം കൂടി ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.കേന്ദ്ര നിയമവുമായി പൊരുത്തപ്പെടാത്ത ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കേണ്ടത്. എന്നാല്‍ കേരള ഗവര്‍ണര്‍ രാഷ്രാഷ്ട്രപതിക്ക് കൈമാറുന്ന ബില്ലുകളില്‍ ഇത്തരം വിഷയങ്ങളൊന്നുമില്ല. നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് ഗവര്‍ണര്‍ വിടുന്നതിന് മതിയായ കാരണം വേണം.

ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം കോടതി മുന്നോട്ടു വെക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ അഭ്യര്‍ഥിച്ചതിനോട് കോടതി അനുഭാവപൂര്‍വം പ്രതികരിക്കുകയായിരുന്നു. ഈ വിഷയം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിട്ട് ഹരജിയുടെ പരിധിയില്‍ വരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയതാണ്. തടഞ്ഞുവെച്ച ബില്ലുകളില്‍ ചില നടപടി ഗവര്‍ണര്‍ സ്വീകരിച്ചതു കൊണ്ട് ഹരജിയില്‍ പറഞ്ഞ പരാതി പരിഹരിക്കപ്പെട്ടു. മാര്‍ഗനിര്‍ദേശം ആവശ്യപ്പെടുന്നത് ഹരജിയുടെ പരിധി വിപുലപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു.മാര്‍ഗനിര്‍ദേശം കോടതിയില്‍ നിന്ന് ഉണ്ടാകണമെന്ന വിധത്തില്‍ ഹര്‍ജി ഭേദഗതി ചെയ്തു നല്‍കാമെന്നായി സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍. അറ്റോര്‍ണി ജനറല്‍ എതിര്‍ത്തു.

എന്നാല്‍ നിലവിലെ ഹര്‍ജി തീര്‍പ്പാക്കിയതായി തീരുമാനിച്ചാല്‍ മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹരജി നല്‍കാന്‍ കേരള സര്‍ക്കാറിന് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മാര്‍ഗനിര്‍ദേശം നല്‍കാന്‍ അഭ്യര്‍ഥിക്കുന്ന വിധത്തില്‍ ഹരജി ഭേദഗതി ചെയ്യാന്‍ കോടതി സംസ്ഥാന സര്‍ക്കാറിനെ അനുവദിക്കുകയായിരുന്നു.നിയമസഭ പാസാക്കിയ നിരവധി ബില്ലുകളില്‍ രണ്ടു വര്‍ഷത്തോളം തീരുമാനമെടുക്കാതിരുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നടപടി തെറ്റാണെന്ന് സുപ്രീംകോടതി പലവിധത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബില്ലുകള്‍ തടഞ്ഞുവെക്കുന്നതിന് ഗവര്‍ണര്‍ കാരണം പറഞ്ഞില്ല. നിയമസഭയുടെ നിയമനിര്‍മാണ നടപടി തടസപ്പെടുത്തുന്നതിന് ഗവര്‍ണറുടെ അധികാരം ദുരുപയോഗിക്കാന്‍ പാടില്ല. പഞ്ചാബ് ഗവര്‍ണര്‍ ഇത്തരത്തില്‍ ബില്‍ തടഞ്ഞുവെച്ചതിനെതിരായ കഴിഞ്ഞ ദിവസത്തെ വിധി വായിക്കാന്‍ ഗവര്‍ണറോട് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

അതിനു പിന്നാലെയാണ് വീണ്ടും വിമര്‍ശനം.സുപ്രീംകോടതി നോട്ടീസ് അയച്ച ശേഷം ഗവര്‍ണര്‍ ഒരു ബില്‍ പാസാക്കുകയും മറ്റ് ഏഴു ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയും ചെയ്ത കാര്യം കേരള സര്‍ക്കാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. രാഷ്ട്രപതിക്ക് അയച്ച ബില്ലുകളുടെ കൂട്ടത്തില്‍ രണ്ടു വര്‍ഷം മുമ്പ് പാസാക്കിയവയും ഉണ്ട്. ജനക്ഷേമ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസം നേരിടുന്നു. കോടതി ശക്തമായി ഇടപെട്ടില്ലെങ്കില്‍ ഗവര്‍ണറുടെ നടപടി ജനങ്ങളെ ബാധിക്കും. സംസ്ഥാന സര്‍ക്കാറിന്റെ വാദത്തില്‍ ന്യായമുണ്ടെന്ന് ഗവര്‍ണറെ പ്രതിനിധീകരിച്ച അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്തുകൊണ്ടാണ് ഈ ബില്ലുകളില്‍ രണ്ടു വര്‍ഷമായി ഗവര്‍ണര്‍ തീരുമാനം എടുക്കാതിരുന്നത്? അദ്ദേഹം ചോദിച്ചു.ഗവര്‍ണര്‍ ഒപ്പിടാത്ത മൂന്നു ബില്ലുകള്‍ ഓര്‍ഡിനന്‍സിന് പകരമുള്ളതാണെന്ന് വേണുപോപാല്‍ കോടതിയെ ധരിപ്പിച്ചു.

ഓര്‍ഡിനന്‍സിനോട് എതിര്‍പ്പ് പ്രകടിപ്പിക്കാതെ അതില്‍ ഒപ്പുവെച്ച ഗവര്‍ണര്‍, ഓര്‍ഡിനന്‍സിന് പകരമുള്ള, അതേ ഉള്ളടക്കമുള്ള ബില്‍ ഒപ്പിടാതെ തടഞ്ഞു വെച്ചത് എന്തുകൊണ്ടാണ്? അദ്ദേഹം ചോദിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയാല്‍ തീരാവുന്നതാണ് ബില്ലുകളുമായി ബന്ധപ്പെട്ട വിഷയമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. യഥാര്‍ഥ പ്രശ്‌നത്തിലേക്ക് കടക്കാതിരിക്കാനാണ് ആഗ്രഹം. അതുപറ്റില്ല, പ്രശ്‌നം എന്താണെന്ന് എ.ജി തുറന്നു പറയണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു. ബില്ലുകളെക്കുറിച്ച് വിശദീകരിക്കാന്‍ മന്ത്രിമാര്‍ കൂടിക്കാഴ്ചക്ക് സമയം ചോദിച്ചതാണ്. ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

മന്ത്രിമാര്‍ക്കൊപ്പം പ്രൈവറ്റ് സെക്രട്ടറിമാര്‍ കൂടിക്കാഴ്ചക്ക് എത്തുന്നതും ഗവര്‍ണര്‍ വിലക്കി. ബന്ധപ്പെട്ട വകുപ്പു മന്ത്രിമാര്‍ക്കാണ് ബില്ലുകളെക്കുറിച്ച് കൂടുതല്‍ അറിയാവുന്നത്. അവര്‍ വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചത് അതുകൊണ്ടാണ്.എന്നാല്‍ മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രിക്ക് ബില്ലകളെക്കുറിച്ച് അറിയില്ലെന്ന നിലപാട് സ്വീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മുഖ്യമന്ത്രിക്ക് ഗവര്‍ണറെ കാണാന്‍ എന്തെങ്കിലും പ്രയാസമുണ്ടോ? അദ്ദേഹം ചോദിച്ചു. ഗവര്‍ണര്‍ ചായ കുടിക്കാന്‍ വിളിച്ചാല്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ പോകുമെന്നായി വേണുഗോപാല്‍. മുഖ്യമന്ത്രിയുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയാറാണെന്ന് എ.ജിയും പറഞ്ഞു. സുപ്രീംകോടതി വിധിയോടെ, ഗവര്‍ണറും സംസ്ഥാന സര്‍ക്കാറും രമ്യതയുടെ വഴിയില്‍ മുന്നോട്ടു നീങ്ങുമെന്നാശിക്കുക തന്നെ.