5 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനക്ക്  പാതയൊരുക്കുന്ന സാമ്പത്തികസര്‍വേ


JULY 11, 2019, 3:17 PM IST

സാമ്പത്തികമാന്ദ്യത്തെക്കുറിച്ചുള്ള ചര്‍ച്ച ശക്തിപ്പെടവെ രണ്ടാം മോഡി ഗവണ്മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ ഇന്ത്യന്‍ സമ്പദ്ഘടനയെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതിനും പ്രധാനമത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിട്ടുള്ളത് പോലെ 2024ല്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാക്കി മാറ്റുന്നതിനും ലക്ഷ്യമിടുന്നു.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഡിമാന്‍ഡ് (ആവശ്യം) വളര്‍ത്തുക, തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുക, നികുതി വരുമാനം വര്‍ദ്ധിപ്പിക്കുക, പലിശ നിരക്കുകള്‍ താഴ്ത്തി നിര്‍ത്തുക എന്നീ കാര്യങ്ങള്‍ക്കാണ് അതില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്.

ജൂലൈ നാലിന് തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേദിവസമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രണ്ടു വാല്യങ്ങളിലായുള്ള സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. ഗവണ്മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കൃഷ്ണമൂര്‍ത്തി സുബ്രമണ്യം തയ്യാറാക്കിയ റിപ്പോര്‍ട്ട് 2024-25 ആകുമ്പോള്‍ ഇന്ത്യയെ 5 ട്രില്യണ്‍  ഡോളറിന്റെ സമ്പദ്ഘടനയായി വളര്‍ത്തുകയെന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തി ലക്ഷ്യമിടുന്നത് 8% വളര്‍ച്ചാ നിരക്കാണ്.സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം കൂട്ടുന്നതിനാവശ്യമായ സൂക്ഷ്മവും ബൃഹത്തുമായ സാമ്പത്തിക അടിത്തറ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് പാകിയതായും സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളിലെയും കയറ്റുമതിയിലെയും വര്‍ധനവും ഇന്ത്യയെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലെത്തിക്കുമെന്നും  മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഇതാദ്യമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വളര്‍ച്ചയുടെ പ്രധാന മേഖലകളില്‍ സംഭവിച്ചിരുള്ള മാന്ദ്യം അവഗണിച്ചുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിട്ടുള്ളതെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്ന്നുമുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 7% വളര്‍ച്ച കൈവരിക്കുമെന്നു സര്‍വേ പറയുന്നുവെങ്കിലും  കഴിഞ്ഞ വര്‍ഷത്തെ 6.8% വളര്‍ച്ച അഞ്ച് വര്ഷങ്ങളിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണ് എന്നത് മറക്കരുതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവിലെ മാന്ദ്യത്തിന്റെ സാഹചര്യം കണക്കിലെടുക്കാതെയാണ്  കയറ്റുമതി വര്‍ദ്ധിപ്പിക്കുക, തൊഴില്‍ദായകസംരംഭങ്ങളെന്നനിലയില്‍ മൈക്രോ, ചെറുകിട ,ഇടത്തരംസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, നയപരമായ കാര്യങ്ങളിലുള്ള അവ്യക്തത നീക്കുക, കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുക, നിക്ഷേപങ്ങളും സമ്പാദ്യങ്ങളും വളര്‍ത്തുക എന്നീകാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുള്ളതെന്നും അവര്‍ വിമര്‍ശനമുന്നയിക്കുന്നു. . നികുതി നല്‍കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി പല നടപടികളും സര്‍വേ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന നികുതി നല്‍കുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ ഇമ്മിഗ്രേഷന്‍ കൗണ്ടറുകളില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുള്ളതുപോലെപ്രത്യേക നിര അനുവദിക്കുകയും ബോര്‍ഡിങ്ങിനു പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുക, പ്രധാനപ്പെട്ട കെട്ടിടങ്ങള്‍, സ്മാരകങ്ങള്‍, റോഡുകള്‍, ട്രെയിനുകള്‍, സംരംഭങ്ങള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ആശുപത്രികള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവരുടെ പേരുകള്‍ നല്‍കുക എന്നിവയാണ് ചില നിര്‍ദ്ദേശങ്ങള്‍. നികുതി നല്‍കുന്നത് മാന്യമായ ഒരു കാര്യമാണ് എന്ന സാമൂഹ്യമായ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഇത് നല്ലതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതും മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ സംബന്ധിച്ച നയം ഉടച്ചുവാര്‍ക്കുന്നതും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുതിയതൊന്നുമല്ല. എന്നാല്‍ വളര്‍ച്ചയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള നൂതനമായ ആശയങ്ങള്‍ തേടുകയെന്ന പരമ്പരാഗതമായ രീതി പിന്തുടരുമ്പോള്‍ത്തന്നെ പൊതുനയങ്ങള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ നിലവിലുള്ള സ്ഥിതിവിവര കണക്കുകള്‍ അടിസ്ഥാനമാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇപ്പോള്‍ രണ്ടായിരത്തോളം നിരക്കുകളാല്‍ സങ്കീര്‍ണ്ണമായ മിനിമം വേതന വ്യവസ്ഥ സുതാര്യമാക്കുന്നതിനു ഒരു ദേശീയ ഡാഷ് ബോര്‍ഡ് രൂപീകരിക്കണമെന്ന് നിര്‍ദ്ദേശവും ശ്രദ്ധേയമാണ്. ധനക്കമ്മിയുടെ കാര്യത്തില്‍ ചില കാര്യങ്ങള്‍ തുറന്നു പറയുകയാണ് സുബ്രമണ്യം. സാമൂഹ്യമേഖലകളില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ക്കും ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പോലുള്ള സംരംഭങ്ങള്‍ക്കും ധനക്കമ്മി വര്‍ദ്ധിപ്പിക്കാത്ത വിധത്തിലാകണം പണം കണ്ടെത്തേണ്ടത്.

മുന്‍ഗാമിയായ അരവിന്ദ് സുബ്രമണ്യത്തെപ്പോലെതന്നെ കൃഷ്ണമൂര്‍ത്തി സുബ്രമണ്യവും നിക്ഷേപങ്ങളും സമ്പാദ്യ നിരക്കുകളും വര്‍ദ്ധിപ്പിക്കുന്നതിന്റെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെയും കാര്യത്തില്‍ ചൈനയുടെ സാമ്പത്തിക ത്ഭുതങ്ങളില്‍ നിന്നും നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ അതിവേഗതയിലുള്ള സാമ്പത്തിക വളര്‍ച്ചക്ക് എഞ്ചിനുകളായി പ്രവര്‍ത്തിച്ചത് പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള സംരംഭങ്ങളാണ്. ഉയര്‍ന്ന നിക്ഷേപങ്ങള്‍ തൊഴിലുകളായി മാറ്റുകയില്ലെന്ന സിദ്ധാന്തം നിരാകരിക്കുന്നതിനും സുബ്രമണ്യം ചൈനീസ് ഉദാഹരണമാണ് ചൂണ്ടിക്കാട്ടുന്നത്.