തട്ടിപ്പുകാർക്ക് കൊയ്ത്ത് കാലം 


JANUARY 16, 2023, 10:38 AM IST

(എഡിറ്റോറിയൽ)

കേരളം തട്ടിപ്പുകാരുടെ പറുദീസയാവുകയാണ്. അല്പകാലം മുൻപാണ് ജോൺസൺ മാവുങ്കൽ എന്ന വിദ്വാൻ സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരെ കബളിപ്പിച്ച് കേമനായത്. ശബരിനാഥ്, സരിതാ നായർ, ബിജു രാധാകൃഷ്ണൻ, സ്വപ്ന സുരേഷ്, പോപ്പുലർ ഫിനാൻസ്, പ്രവീൺ റാണ, കരുവന്നൂർ സഹകരണ ബാങ്ക് ഭാരവാഹികൾ തുടങ്ങി കേരളത്തിൽ തട്ടിപ്പിൽ മാസ്‌റ്റേഴ്‌സ് ഡിഗ്രി കരസ്ഥമാക്കിയവർ ഏറെ. ഇവരിൽ ചിലർ രാഷ്ട്രീയാധികാരികളുടെ നിഴലിൽ കോടികൾ കൊയ്യാൻ ഒരുമ്പെട്ടപ്പോൾ മറ്റുള്ളവർ സാധാരണ ജനങ്ങളുടെ ജീവിതകാലസമ്പത്ത് മുഴുവൻ കൊള്ളയടിക്കാനാണ് മുതിർന്നത്.

മനഃസാക്ഷിയില്ലാത്ത ഇവരുടെ വലയിൽ കുരുങ്ങി ജീവിതം ഹോമിച്ച മനുഷ്യരുടെ എണ്ണം ചെറുതല്ല. പക്ഷെ, കേരളം വീണ്ടും വീണ്ടും തട്ടിപ്പുകളുടെ ഇരയാവുകയാണ്.മധ്യതിരുവിതാംകൂറിലെ പോപ്പുലർ ഫൈനാൻസുമായി ബന്ധപ്പെട്ട് കേട്ടത് 1,000 കോടി രൂപയുടെ തട്ടിപ്പാണ്. തെക്കൻ തിരുവിതാംകൂറിലെ നിർമൽ ചിറ്റ് ഫണ്ട് തട്ടിപ്പിൽ ജനങ്ങൾക്ക് പോയതായി കരുതപ്പെടുന്നത് ഏകദേശം 800 കോടി രൂപയും. ബിജു രാധാകൃഷ്ണനും സരിതാ നായരും ചേർന്ന് തട്ടിയത് എത്രയെന്നത് സംബന്ധിച്ച് കണക്കില്ല. 1990കളിൽ 'ആട് തേക്ക് മാഞ്ചിയം പദ്ധതി'യിലൂടെ തട്ടിയെടുക്കപ്പെട്ടത് നൂറുകണക്കിന് കോടികൾ. ശബരിനാഥ് തട്ടിയതായി കേട്ടത് 50 കോടി, ഇസ്രായേലിൽ മലയാളികളെ പറ്റിച്ച് രക്ഷപ്പെട്ടവർ തട്ടിയത് 20 കോടി. കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് 300 കോടിയുടേത്. തിരുവനന്തപുരത്ത് ഇപ്പോൾ ചുരുൾ നിവർന്ന് വരുന്ന റിട്ടയേഡ് ബിഎസ്എൻഎൽ എഞ്ചിനീയർമാരുടെ സഹകരണ സംഘത്തിൽ നിന്ന് തട്ടിയെടുക്കപ്പെട്ടത് 150 കോടിയെന്ന് പ്രാഥമിക കണക്കുകൾ.

എഴുതിയാൽ തീരില്ല ഈ തട്ടിപ്പുകളുടെ കഥ.എന്തുകൊണ്ടാണ് മലയാളികൾ ഇങ്ങനെ തട്ടിപ്പുകൾക്ക് നിന്ന് കൊടുക്കുന്നത്?  എന്തുകൊണ്ടാണ് മനുഷ്യർ അവരുടെ ജീവിത സമ്പാദ്യം നിയമപരമായ മാർഗത്തിൽ കൂടുതൽ ഉൽപ്പാദനപരമായി വിനിയോഗിക്കാത്തത്? എന്തുകൊണ്ടാണ് മനുഷ്യർ മറ്റുള്ളവരുടെ ദുരനുഭവങ്ങളിൽ നിന്ന് പഠിക്കാത്തത്? ഈ ചോദ്യങ്ങൾക്കൊന്നും മറുപടിയില്ല. കേരളത്തിൽ നിയമപരമായ രീതിയിൽ ഒരു കാര്യവും ചെയ്യാനാവില്ലെന്നത് സത്യമാണ്. അത് തീർച്ചയായും തട്ടിപ്പുകാരുടെ പടിവാതിൽക്കലേക്ക് പാവങ്ങളെ തള്ളിവിടുന്നുണ്ട്. ഇങ്ങനെ തട്ടിപ്പ് പദ്ധതികളിൽ പണം നിക്ഷേപിക്കുന്നവർ അത്യാഗ്രഹികളാണെന്നും മറ്റും പറഞ്ഞ് അവരെ ചെറുതാക്കാൻ എളുപ്പമാണ്. പക്ഷെ, ഒരുപാട് പേരുടെ കാര്യത്തിൽ സത്യമതല്ല. തങ്ങളുടെ കുഞ്ഞുങ്ങളുടെ പഠനവും വിവാഹവുമൊക്കെ ലക്‌ഷ്യം വച്ച് പണം സ്വരുക്കൂട്ടി വച്ചിട്ടുള്ള മനുഷ്യരാണിവർ. അവരെയാണ് അഞ്ച് വർഷം കൊണ്ട് ഇരട്ടിയാകുമെന്നുമൊക്കെ പറഞ്ഞ് പറ്റിക്കുന്നത്. പപൊലീസുകാരുടെയും രാഷ്ട്രീയ മുതലാളിമാരുടെയും കരുണാരഹിതമായ പെരുമാറ്റം കൂടിയാകുമ്പോൾ അവർ വീഴുന്നത് ആഴമില്ലാക്കയത്തിലേക്കാണ്.

ഈ തട്ടിപ്പുകാർ പിടികൂടപ്പെടുന്നുണ്ട്. പക്ഷെ, അപ്പോഴേക്ക് അവർ തങ്ങൾ സ്വരൂപിച്ച പണമെല്ലാം ബിനാമികളുടേയും ബന്ധുക്കളുടേയുമൊക്കെ പേരുകളിലേക്ക് മാറ്റിയിരിക്കും. തങ്ങൾ ധാരാളിത്തം കാട്ടിയെന്നും ശേഖരിച്ച പണം മുഴുവൻ ചെലവായിപ്പോയി എന്നുമൊക്കെ പറഞ്ഞ് തടിതപ്പാൻ അവർക്ക് അവസരം നൽകുന്ന തരത്തിലാണ് നിയമങ്ങൾ. കഷ്ടിച്ച് ആറോ ഏഴോ വർഷം തടവിൽ കഴിയാൻ തീരുമാനിച്ചാൽ കേസുകളെല്ലാം തേഞ്ഞുമാഞ്ഞു പോകും. തങ്ങൾ മറ്റുള്ളവരെ പറ്റിച്ചുണ്ടാക്കിയ പൈസകൊണ്ട് സുഖമായി ജീവിക്കാം. പണ്ട് നാട്ടിൽ തന്നെയാണ് ഈ പണമൊക്കെ നിക്ഷേപിക്കപ്പെട്ടതെങ്കിൽ ഇന്ന് അത് ദേശ-വിദേശങ്ങളിലാണ് ഈ തട്ടിപ്പുകാർ നിക്ഷേപിക്കുന്നത്. വിദേശങ്ങൾ വസ്തുവകകൾ വാങ്ങിക്കൂട്ടിയും ബിസിനസ് നിക്ഷേപം നടത്തിയുമൊക്കെ പൗരത്വം നേടുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. അവർക്ക് ദൈവകോപവും ശാപവുമൊന്നും ഒരു പ്രശ്നമല്ല.

എന്താണ് ഈ കിനാവള്ളിപ്പിടുത്തത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കാനുള്ള വഴി? ഒന്നാമതായി ജനങ്ങൾക്ക് ഉറപ്പോടെ തങ്ങളുടെ സമ്പാദ്യം നിക്ഷേപിച്ചാൽ മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കണം. രാജ്യത്തിന്ന് ചെറുകിട നിക്ഷേപകർ ആകെ അങ്കലാപ്പിലാണ്. പണപ്പെരുപ്പം കാർന്ന് തിന്നുന്നത് അവരുടെ സാമ്പത്തിക അവശേഷിപ്പുകളെയാണ്. ഇനി വരുമാനമൊന്നും ഉണ്ടാക്കാൻ നിവൃത്തിയില്ലാത്തവർ സ്വാഭാവികമായും മോഹനവാഗ്‌ദാനങ്ങളിൽ വീണു പോകയും. തൃശൂർ സേഫ് ആൻഡ് സൗണ്ട് എന്ന സ്ഥാപനം വാഗ്ദാനം ചെയ്തത് പ്രതിവർഷം 48 ശതമാനം വരുമാനമാണ്. അത് സ്വപ്നത്തിൽ മാത്രം സംഭവിക്കുന്ന കാര്യമാണെന്ന് ആർക്കാണറിയാത്തത്? അതേപോലെ മറ്റൊന്ന് ഇത്തരം തട്ടിപ്പുകാർക്കുള്ള ശിക്ഷ കൂടുതൽ കർക്കശമാക്കണമെന്നതാണ്.

വെറും ആറോ ഏഴോ വർഷത്തിനപ്പുറത്ത് 30-35 വർഷങ്ങളെങ്കിലും നീളുന്ന തടവുശിക്ഷ ലഭിക്കുമെന്ന് വന്നാൽ മാത്രമേ ഈ തട്ടിപ്പുകാർ പിൻവാങ്ങുകയുള്ളൂ. അതിനാദ്യം വേണ്ടത് ഈ തട്ടിപ്പുകാരുടെ ബിനാമികളിലേക്ക് ചെന്നെത്തുന്ന അന്വേഷണമാണ്. എല്ലാ പണമിടപാട് സ്ഥാപനങ്ങളും നിശിതമായ അന്വേഷങ്ങൾക്ക് വിധേയമാകണം, കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ ഇനിയും നൂറുകണക്കിന് മനുഷ്യർ തട്ടിപ്പുകാരുടെ കെണിയിൽ പെടും. കേരളത്തിൻറെ വികസനത്തിന് ഉതകേണ്ട പണം ആരുടെയെല്ലാമോ പണപ്പെട്ടികളിൽ ചെന്ന് വീഴുകയും ചെയ്യും. അത് ഇനിയെങ്കിലും ഉണ്ടായിക്കൂടാ.