ഭീതി പടരുന്ന മലയോര കേരളം 


JANUARY 24, 2023, 11:43 AM IST

(എഡിറ്റോറിയൽ)

കേരളത്തിലെ മലയോര ഗ്രാമങ്ങൾ ഭീതിയുടെ പിടിയിലാണ്. വന്യജീവി ആക്രമണങ്ങൾ പെരുകുന്നു, കാട്ടുപന്നികൾ വരുത്തുന്ന കൃഷിനാശം ചെറുകിട കർഷകരുടെ ജീവിതം ദുസ്സഹമാക്കുന്നു,  കാട്ടാനകളും കടുവകളും നാട്ടിലേക്ക് കടന്ന് മനുഷ്യജീവനെടുക്കുന്നു, നഗര നിരത്തുകളിൽ പോലും കുരങ്ങന്മാരും മയിലുകളും സ്ഥിരസാന്നിധ്യമാകുന്നു. സാധാരണക്കാരൻറെ കാഴ്ചപ്പാടിൽ മനുഷ്യജീവന് കാട്ടുപന്നിയുടെ ജീവൻറെ പോലും വിലയില്ലാത്ത അവസ്ഥ.അധികൃതരുടെ പൊതുശ്രദ്ധ നാടുകയറുന്ന കാട്ടാനകളിലും കടുവകളിലും മാത്രമാണ്. അവ മനുഷ്യജീവൻ കവരുന്നു എന്നതാണ് അതിന് കാരണം. എന്നാൽ, അതിനുമപ്പുറം കേരളത്തിൽ മലയോര പ്രദേശങ്ങളിലെമ്പാടും കാട്ടുപന്നി ശല്യം അതിരൂക്ഷമാണ് എന്നവർ കാണുന്നില്ല. കാട്ടുപന്നികൾ ജീവൻ കവരുന്ന സംഭവങ്ങൾ അപൂർവമായതുകൊണ്ടാവാം അവ വരുത്തി വയ്ക്കുന്ന വ്യാപകമായ കൃഷിനാശം കണക്കാക്കപ്പെടാതെ പോകുകയാണ്.

ജീവൻ കവരുന്നില്ലെങ്കിലും കാട്ടുപന്നി ആക്രമണത്തിൽ പരുക്കേറ്റ നൂറുകണക്കിന് പേരാണ് ഇന്ന് കേരളത്തിലുള്ളതെന്ന് അധികൃതർ കാണുന്നില്ല. വികസിത രാജ്യങ്ങളിൽ  ഏതെങ്കിലും ഒരു മൃഗസഞ്ചയം വല്ലാതെ പെരുകുമ്പോൾ 'കള്ളിംഗ്' (കൂട്ടക്കൊല) എന്ന പ്രക്രിയയിലൂടെ അവയുടെ എണ്ണം നിയന്ത്രിക്കും. ഇവിടെ അതില്ലെന്ന് മാത്രമല്ല, മനുഷ്യരെ സംരക്ഷിക്കാനുള്ള ഒരു വ്യവസ്ഥയുമില്ല. കാട്ടാനകൾ നാട്ടിലിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാനും കടുവകൾക്ക് സംരക്ഷണം നൽകുന്നതിനും കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ നടപ്പാക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും പൊതുവിൽ നാട്ടിൽ വന്നിട്ടുള്ള മാറ്റങ്ങളുമായി വിളക്കിച്ചേർക്കപ്പെട്ടവയല്ല. കടുവാ സങ്കേതങ്ങളിൽ കടുവകളുടെ എണ്ണം പെരുകുമ്പോൾ അവയ്ക്ക് ഭക്ഷണവും വെള്ളവുമുണ്ടാകേണ്ടത് ആ സങ്കേതങ്ങളിൽ തന്നെയാണ്.

അതില്ലെന്നത് കൊണ്ടാണ് അവ നാട്ടിലിറങ്ങുന്നതും മനുഷ്യരെ ആക്രമിക്കുന്നതും. കാട്ടാനകളുടെ കാര്യവും അങ്ങനെ തന്നെ.വനസമീപ പ്രദേശങ്ങളിൽ ജനവാസം അനുവദിക്കേണ്ടതെങ്ങനെ, ഏതളവിൽ എന്നതൊന്നും സംബന്ധിച്ച് ഒരു വ്യവസ്ഥയും ഇന്ന് നിലവിലില്ല. കേരളത്തിൽ മനുഷ്യവാസത്തിനുള്ള ഇടം വളരെ കുറവാണ്. അപ്പോൾ മനുഷ്യർക്ക് മലയോരങ്ങളിലേക്ക് നീങ്ങിയേ തീരൂ. സ്വാതന്ത്ര്യപൂർവ കാലം മുതൽ തന്നെ ആയിരക്കണക്കിന് കുടുംബങ്ങൾ ഇങ്ങനെ ഇന്നത്തെ കേരളത്തിൻറെ ഭാഗമായ മലയോര പ്രദേശങ്ങളിലേക്കും അതിനപ്പുറത്തേക്കും കുടിയേറിയിട്ടുണ്ട്. കേരളത്തിൻറെ അതിരിനുമപ്പുറം ഇന്ന് കർണാടകത്തിന്റെയും തമിഴ് നാടിൻറെയും ഭാഗമായ പ്രദേശങ്ങളിലും ഇന്ന് കാണുന്ന മലയാളി സാന്നിധ്യം ആ പ്രക്രിയയുടെ ഫലമാണ്. സംസ്ഥാന രൂപീകരണത്തിന് ശേഷം ഇവിടെ ഉണ്ടാകേണ്ടിയിരുന്ന ഏറ്റവും പ്രധാന നടപടി ആവാസ വ്യവസ്ഥ ക്രമീകരിക്കുക എന്നതായിരുന്നു. അതുണ്ടായില്ല. ഒരുപക്ഷെ, അത് സാധ്യമായിരുന്നില്ല.

നിലനിൽപ്പിന് വേണ്ടി പൊരുതുന്ന മനുഷ്യരെ എവിടെയെങ്കിലും ഒതുക്കിക്കെട്ടിയിടാൻ കഴിയില്ലല്ലോ? അപ്പോൾ വേണ്ടത് എന്താണ്? പുതിയ ആവാസരീതികൾ ഉണ്ടാകുമ്പോൾ അതിനനുസൃതമായി പൊതുനയങ്ങളും ഭരണവ്യവസ്ഥയും മാറണം. പക്ഷേ, കക്ഷിരാഷ്ട്രീയ താല്പര്യങ്ങളിലും അഴിമതിയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കേരളത്തിലെ ഭൂരിപക്ഷം രാഷ്ട്രീയക്കാർക്കും അതിനുള്ള ദീർഘവീക്ഷണമോ ഉൾക്കാഴ്ച്ചയോ ഇല്ലാതെ പോയി.  കുടിയേറ്റ മേഖലകളിൽ ഏറ്റവും വലിയ സാന്നിധ്യം കൃസ്തീയ കുടുംബങ്ങളായിരുന്നതിനാൽ അവിടെ ഒരു മാറ്റത്തിന് വഴിമരുന്നിടാമായിരുന്നത് കൃസ്‌തീയ സഭകൾക്കാണ്. അവർ ആ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് പറയേണ്ടി വരും. പകരം, കുടിയേറ്റ കർഷകരെ വോട്ട് ബാങ്കുകളാക്കുന്ന രാഷ്ട്രീയക്കാർക്ക് ഒത്താശ ചെയ്യുകയാണ് അവർ ചെയ്തത്. അതൊന്നും സാധാരണക്കാരനെ സഹായിച്ചില്ല. വിദേശനാടുകളിലേക്ക് നിലനിൽപ്പിനായി കുടിയേറേണ്ടി വന്ന പതിനായിരങ്ങൾ തന്നെ അതിന് തെളിവ്.

തങ്ങളെ പുറം തള്ളിയ സമൂഹത്തിന് വറ്റും വെള്ളവും ഇന്നെത്തിക്കുന്നത് അവരാണെന്നത് ഒരു ദുരന്ത വിരോധാഭാസം.പോയ കാലം പോയി. ഇനിയെന്ത് ചെയ്യാമെന്നതാണ് പ്രശ്നം. ഇന്ന് ബഫർ സോൺ സംബന്ധിച്ച് നടക്കുന്ന ചർച്ചകൾ കേരളത്തിലെ ഭരണ-മതനേതൃത്വങ്ങളെ കൊണ്ടെത്തിക്കേണ്ടത് ഇനിയെന്ത് ചെയ്യാമെന്ന ചിന്തയിലേക്കാണ്. ബഫർ സോൺ സൃഷ്ടിക്കപ്പെടുമ്പോൾ പതിനായിരങ്ങളുടെ ജീവിതം വീണ്ടും അനിശ്ചിതത്വത്തിലാവുമെന്നത് സത്യമാണ്. അത് തീർച്ചയായും ശ്രദ്ധിക്കപ്പെടണം, പരിഹാരമുണ്ടാവണം. അത് സാധ്യമാക്കുന്ന നിലപാടിലേക്ക് സുപ്രീം കോടതി നീങ്ങുന്നുവെന്നത് ആശ്വാസകരമാണ്. പക്ഷേ, അതുകൊണ്ടായില്ല.

അതിനൊപ്പം ഇനിയെങ്കിലും കേരളത്തിലെ ആവാസവ്യവസ്ഥ ക്രമപ്പെടുത്തുന്നതിനുള്ള നടപടികൾ ഉണ്ടാവണം. അല്ലെങ്കിൽ ഇനിയും ഗുരുതരമായ കൃഷിനാശവും ജീവനാശവുമായിരിക്കും കേരളം കാണുക.ആനയും കടുവയും പുലിയും കാടിറങ്ങുന്നത് സംഭ്രമജനകമായ വാർത്തകളാക്കുന്നതിൽ മാത്രം ശ്രദ്ധയുള്ള മാധ്യമങ്ങളിൽ നിന്ന് പരിഹാരമൊന്നും പ്രതീക്ഷിക്കരുത്. ചുരുങ്ങിയ പക്ഷം, ഇപ്പോഴത്തെ ബഹളങ്ങളൊക്കെ ഒന്നടങ്ങുമ്പോൾ ഭരണരംഗത്ത് ഉത്തരവാദിത്തമുള്ള സ്ഥാനങ്ങൾ വഹിക്കുന്നവരും  മലയോരപ്രദേശങ്ങളിലെ സാമൂഹികനേതൃത്വവും ഒരുമിച്ചിരുന്ന് സമാധാനത്തോടെ ഇക്കാര്യം ചർച്ച ചെയ്യണം. കൃഷി ഇന്ന് ആകെ നന്നായി നടക്കുന്നത് മലയോര മേഖലയിലാണ്. അതും കൂടെ ഇല്ലാതായാൽ കേരളത്തിൻറെ നട്ടെല്ലൊടിയും. അതുണ്ടായിക്കൂടാ. ഓരോ വീടും അത് നേരിടുന്ന ഭീഷണികളും രേഖപ്പെടുത്തപ്പെടണം. ഓരോ മേഖലയ്ക്കും അനുയോജ്യമായ പരിഹാരമാർഗങ്ങൾ കണ്ടെത്തപ്പെടണം.

വന്യജീവി ആക്രമണം കുറയ്ക്കുന്നതിനും അങ്ങനെയുണ്ടായാൽ പരിഹാരം കാണുന്നതിനുമുള്ള ഉത്തരവാദിത്തം--കർക്കശമായ വ്യവസ്ഥകളോടെ തന്നെ, വ്യാപകമായ പ്രചാരണം നൽകി--നടപ്പാക്കപ്പെടണം. ഇതെല്ലാം നടത്താൻ പറ്റിയ ഒരു സ്ഥലം ഇന്ത്യയിലുണ്ടെങ്കിൽ അത് കേരളമാണ്. കാരണം, തദ്ദേശഭരണ സംവിധാനം ഏറ്റവും സുശക്തമായ സംസ്ഥാനമാണിത്. അത് ജനോപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാനാണ് നാം പഠിക്കേണ്ടത്. ഒരു കാര്യം മറക്കരുത്: മനുഷ്യജീവന് മൃഗങ്ങളുടെ ജീവനോളമെങ്കിലും വിലയുണ്ട്. അത് നഷ്ടമാകുമ്പോൾ മൃഗങ്ങളെ മാത്രം പഴിക്കുന്ന അവസ്ഥ വരരുത്. മൃഗങ്ങളല്ല നമ്മുടെ മലയോരപ്രദേശങ്ങളിൽ ജീവിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ ശത്രുക്കൾ. അവരുടെ യഥാർത്ഥ ശത്രുക്കൾ അവരോട് നീതി ചെയ്യാൻ മറന്നുപോകുന്ന അധികാരം കയ്യാളുന്ന മനുഷ്യർ തന്നെയാണ്.