തെരഞ്ഞെടുപ്പിൻറെ സന്ദേശം 


MARCH 13, 2023, 12:03 PM IST

(എഡിറ്റോറിയൽ)

മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രകടനത്തില്‍ ആവേശഭരിതനായ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തതായി ബിജെപി കേരളത്തിൽ വിജയിക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പാര്‍ട്ടിക്ക് ന്യൂനപക്ഷങ്ങൾക്കിടയിൽ പിന്തുണ വർദ്ധിച്ചുവരുകയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പ്രധാനമന്ത്രി മോഡി അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ളത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കോൺഗ്രസുമെല്ലാം പ്രധാനമന്ത്രിയുടെ അവകാശവാദത്തെ കളിയാക്കിയിട്ടുണ്ടെങ്കിലും കാര്യങ്ങൾ അത്ര ലളിതമാണെന്ന് കരുതണ്ട. കേരളത്തിലെ രണ്ട് പ്രബല മുന്നണികളുടെയും അവസ്ഥ അത്ര സുരക്ഷിതമല്ല എന്നതാണ് സത്യം. എന്നാൽ, ബിജെപിയുടെ സ്ഥിതിയോ?

ആദ്യം പ്രധാനമന്ത്രി മോഡി പറഞ്ഞത് കേൾക്കുക. എതിരാളികള്‍ 'മര്‍ ജാ മോഡി' (മോഡി മരിക്കട്ടെ) എന്ന് ആശംസിക്കുന്നുവെന്നും എന്നാല്‍ ജനങ്ങള്‍ 'മത് ജാ മോദി' (പോകരുതേ മോഡി) എന്ന് മുറവിളി കൂട്ടുമ്പോൾ രണ്ടാമത്തെ കൂട്ടരാണ് വിജയിക്കുന്നതെന്നാണ് ത്രിപുരയിലും നാഗാലാൻഡിലും മേഘാലയയിലും ബിജെപി നേടിയ തെരഞ്ഞെടുപ്പ് വിജയം കാട്ടുന്നതെന്നാണ് അദ്ദേഹത്തിൻറെ അവകാശവാദം. ആദ്യം ആ അവകാശവാദത്തിൻറെ സത്യാവസ്ഥ പരിശോധിക്കാം. അസംബ്ലി തെരഞ്ഞെടുപ്പ് നടന്ന ഈ മൂന്ന് സംസ്ഥാനങ്ങളിൽ ആകെ സീറ്റുകൾ 180. ബിജെപിക്ക് ലഭിച്ചത് വെറും 44 സീറ്റുകൾ. കഴിഞ്ഞ തവണ ത്രിപുരയിൽ മാത്രം ബിജെപിക്ക് 60 അംഗ നിയമസഭയിൽ 46 സീറ്റുകളുണ്ടായിരുന്നുവെന്ന് ഓർക്കണം. ഇക്കുറി ലഭിച്ചത് 32 സീറ്റുകൾ മാത്രം. നാഗാലാൻഡിൽ വിജയിക്കാനായത് 60ൽ 12 സീറ്റുകളിൽ മാത്രം. നാഗാലാൻഡിൽ സ്ഥിതി അതിലും ദയനീയം: 60ൽ 2 സീറ്റുകൾ.

ഇത്ര ദയനീയ പരാജയം ഏറ്റുവാങ്ങിയ പാർട്ടിയും അതിൻറെ പ്രധാനമന്ത്രിയുമാണ് പറയുന്നത് ഇനി തങ്ങളുടെ ലക്‌ഷ്യം കേരളമാണെന്ന്. ഡൽഹി കേന്ദ്രീകൃത മാധ്യമങ്ങൾ പറയുന്നത് ഇത് മോഡി-ഷാ ദ്വയം നേടിയ വൻ വിജയമാണെന്ന്.ഇന്ന് ഇന്ത്യയിൽ ഏറ്റവും വാക്‌ചാതുരിയുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. ഏത് പ്രതികൂല സാഹചര്യത്തെയും ഒന്നുകിൽ മൗനം കൊണ്ട് (അദാനി ഓഹരി വിവാദം ഓർക്കുക), അല്ലെങ്കിൽ കടുത്ത പ്രത്യാക്രമണം കൊണ്ട് തനിക്കും തൻറെ പാർട്ടിക്കും അനുകൂലമാക്കാൻ മോഡിക്കുള്ള ചാതുര്യം ഇന്ന് മറ്റൊരു പാർട്ടി നേതാവിനുമില്ല. ബിജെപിയിൽ പോലും അദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരു നേതാവില്ലെന്നതാണ് വാസ്തവം. ആ അദ്ദേഹമാണ് പറഞ്ഞത് മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആക്ഷേപിച്ചത് പോലെ അത്ര ചെറുതല്ലെന്ന്.

ഇത് 'ചെറിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്' മാത്രമാണ് എന്ന ഖാർഗെയുടെ പരാമർശത്തെ അത് ആ സംസ്ഥാനങ്ങള്‍ക്കും അവിടുത്തെ ജനങ്ങൾക്കും അപമാനമാണ് എന്ന് വ്യാഖ്യാനിക്കാൻ അദ്ദേഹത്തിന് ഒരു പ്രയാസവുമുണ്ടായില്ല.രാജ്യത്തെ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസത്തിനും ശുഭാപ്തിവിശ്വാസത്തിനും ഈ സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അടിവരയിടുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. "തങ്ങള്‍ ഇനി അവഗണിക്കപ്പെടുന്നില്ലെന്ന് ഈ മേഖലയിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ അറിയാം. ഞങ്ങള്‍ രാജ്യത്തിന് ഒരു പുതിയ രാഷ്ട്രീയവും രാഷ്ട്രീയ സംസ്‌കാരവും നല്‍കി. ഒരു വിവേചനവുമില്ലാതെ എല്ലാവരുടെയും വികസനത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. രാജ്യവും അതിലെ പൗരന്മാരുമാണ് ഞങ്ങള്‍ക്ക് വേണ്ടി ആദ്യം വരുന്നത്,

" തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്ന ഉടൻ മോഡി പറഞ്ഞു. ആദിവാസികളും ദലിതരും പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഇപ്പോള്‍ ബിജെപിക്കൊപ്പമാണ് എന്നവകാശപ്പെടാനും അദ്ദേഹം മറന്നില്ല. ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയെ ഭയക്കണമെന്ന് വര്‍ഷങ്ങളായി രാജ്യത്തും വിദേശത്തും മറ്റൊരു പ്രചരണം നടക്കുന്നുണ്ട്. എന്നാൽ ക്രിസ്ത്യാനികള്‍ കൂടുതലുള്ള ഗോവയിലെ ജനങ്ങള്‍ ബിജെപിക്കെതിരായ ഈ 'നുണ' ആവർത്തിച്ച് തുറന്നുകാട്ടുകയാണ്. ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമായ മേഘാലയയിലും നാഗാലാന്‍ഡിലും ബിജെപിക്കുള്ള പിന്തുണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങളുടെ എതിരാളികളുടെ നുണകള്‍ ക്രമേണ വെളിപ്പെടുമ്പോള്‍, ബിജെപി വികസിക്കും...

വരും വര്‍ഷങ്ങളില്‍ മേഘാലയയിലും നാഗാലാന്‍ഡിലുംഗോവയിലും സംഭവിച്ചത് പോലെ കേരളത്തിലും ബിജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ത്രിപുരയിലെ 'സൗഹൃദ'വും കേരളത്തിലെ മത്സരവും ഉപയോഗിച്ച് ഇടതുപക്ഷവും കോണ്‍ഗ്രസും വഞ്ചനയുടെ രാഷ്ട്രീയമാണ് പയറ്റുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ രണ്ട് പ്രധാന പാര്‍ട്ടികളാണ് ഇടതുപക്ഷവും കോണ്‍ഗ്രസും.ഈ രണ്ട് പാര്‍ട്ടികളുടെയും കിടമത്സരമാണ് കേരളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ സംസ്ഥാനം കൊള്ളയടിക്കാന്‍ ഇവര്‍ ഒരുമിച്ചാണെന്ന സത്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുകണ്."വരും നാളുകളിൽ കേരളത്തിൽ ബിജെപിയും പ്രധാനമന്ത്രിയും അഴിച്ചുവിടാൻ പോകുന്ന പ്രചാരണത്തിന്റെ ആദ്യരൂപമാണിത്. ഇത് കാണാൻ ഇടതുപക്ഷത്തിനും കോൺഗ്രസിനും കഴിഞ്ഞില്ലെങ്കിൽ അവർ കൊടുക്കേണ്ടി വരുക വലിയ വിലയാവും.