ഇറാൻ ചൈനയുടെ ഭ്രമണപഥത്തിലേക്ക്


APRIL 6, 2021, 9:05 AM IST

(എഡിറ്റോറിയൽ )

ഇറാനെ  ഒറ്റപ്പെടുത്തുന്നതിനും പാശ്ചാത്യശക്തികൾക്ക് പുറത്ത് നയതന്ത്രബന്ധങ്ങൾ വളർത്തുന്നതിനായി ദീർഘകാലമായുള്ള ടെഹ്‌റാൻറെ നീക്കങ്ങളെ തടയുന്നതിനുമുള്ള യുഎസിന്റെ ശ്രമങ്ങളെ തള്ളിക്കളഞ്ഞ് ഇറാനും ചൈനയും തമ്മിൽ വിപുലമായ സാമ്പത്തിക സുരക്ഷാ സഹകരണ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്.  അഞ്ച് വർഷങ്ങളായി നടന്ന പരിശ്രമങ്ങളാണ് കരാറിലെത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച കരട് കരാർ പ്രകാരം ഇറാനിൽ ആണവ ഊർജ്ജ വികസനത്തിലും റെയിൽ-റോഡ്, തുറമുഖങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമ്മാണ പദ്ധതികളിലും ഇറാന്റെ എണ്ണ-വാതക വ്യവസായത്തിലും ചൈന നിക്ഷേപങ്ങൾ നടത്തുകയും ഇറാന് സൈനിക സാങ്കേതികവിദ്യ കൈമാറുകയും ചെയ്യും. ചൈനയുടെ നിക്ഷേപങ്ങൾക്ക് പകരമായി ഇറാൻ ചൈനക്ക് എണ്ണ നൽകും. ഒരു ഇറാൻ-ചൈനീസ് ബാങ്ക് സ്ഥാപിക്കുന്നതിനും വ്യവസ്ഥയുണ്ട്.

യുഎസ് ഉപരോധങ്ങൾ കാരണം ആഗോള ബാങ്കിങ് വ്യവസ്ഥിതിയിൽ വിലക്കുകൾ നേരിടുന്ന ഇറാന് അതിൽനിന്നും ഒഴിവാകാൻ പുതിയ ബാങ്ക് സഹായിക്കും. ചൈനയുടെ വലിയ ആഗോള നിക്ഷേപക പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുൾപ്പടെ പ്രധാന അടിസ്ഥാന സൗകര്യ നിർമ്മാണ പദ്ധതികളിൽ പങ്കളിയാകാൻ കരാർ അവസരമൊരുക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി പറഞ്ഞിട്ടുമുണ്ട്. മധ്യ പൂർവ ദേശത്ത് സ്വാധീനം വിപുലമാക്കുന്നതിനു ചൈനയും യുഎസ് ഉപരോധങ്ങളാൽ ഉലയുന്ന സമ്പദ്ഘടനയെ സംരക്ഷിക്കാൻ ഇറാനും ശ്രമിക്കുന്ന സന്ദർഭത്തിൽ ടെഹ്‌റാനും ബെയ്‌ജിംഗും തമ്മിലുണ്ടാക്കിയിട്ടുള്ള കരാറിന് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുണ്ട്. ഇറാന്റെ പ്രധാന കയറ്റുമതികളെയും ബാങ്കിങ് സമ്പ്രദായത്തെയും ലക്ഷ്യമിട്ട് യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ ഇറാൻ തങ്ങളുടെ പ്രധാന വ്യാപാര പങ്കാളിയായി ചൈനയെ മാറ്റുകയായിരുന്നു.  

2015ലെ ആണവ കരാർ സംബന്ധിച്ച കൂടിയാലോചനകളിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള ശ്രമങ്ങളിലാണ് യുഎ\സ്. ഇറാനിൽ വിദേശനിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്ന കരാറായിരുന്നു അത്. എന്നാൽ ട്രംപ് ഭരണത്തിന് കീഴിൽ യുഎസ് അതിൽ നിന്നും പിൻവാങ്ങുകയും ഉപരോധങ്ങൾ ഏർപ്പെടുത്തുകയുമാണുണ്ടായത്. ഇറാനിൽ നിക്ഷേപങ്ങൾ നടത്തുന്നതിൽ നിന്നും പാശ്ചാത്യകമ്പനികളെയും യുഎസ് ഭീഷണിപ്പെടുത്തി പിൻമാറ്റുകയും ചെയ്തു. ചൈനയുമായുള്ള കരാർ ഒപ്പുവെച്ചതോടെ സമ്പദ്ഘടനയ്ക്ക് അവശ്യം വേണ്ട വിദേശനിക്ഷേപങ്ങൾ ഇറാന് ലഭിക്കും. അമേരിക്കയോടും പാശ്ചാത്യ രാജ്യങ്ങളോടുമുള്ള നിലപാട് ഇതോടെ ഇറാൻ കൂടുതൽ കർക്കശമാക്കുകയും ചെയ്യും. സാമ്പത്തിക  ഞെരുക്കത്തിൽ നിന്നും ഇറാൻ പുറത്തു കടക്കുന്നത് യുഎസിനെയും യുറോപ്പിനെയും അങ്കലാപ്പിലാകുമെന്ന കാര്യത്തിലും സംശയം വേണ്ട.

ഇറാനിൽ നിന്നുമുളള ചൈനയുടെ എണ്ണ ഇറക്കുമതി സമീപ മാസങ്ങളിൽ ഗണ്യമായി ഉയർന്നിരുന്നു.  മാർച്ചിൽ പ്രതിദിനം  918,000 ബാരൽ എണ്ണയാണ് ചൈന ഇറക്കുമതി ചെയ്തത്. രണ്ടു വർഷങ്ങൾക്ക് മുമ്പ് ഇറാനെതിരെ യുഎസ് എണ്ണ ഉപരോധം പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ നിലവാരമാണിത്. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് ഭരണം ഏർപ്പെടുത്തിയ ഉപരോധങ്ങൾ ചൈനക്കെതിരെ പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് ബൈഡൻ ഭരണം, നൽകിയെങ്കിലും ചൈന അതൊന്നും ഗൗനിച്ചിട്ടില്ല. ഇറാനാകട്ടെ വാഷിങ്ങ്ടണുമായി ഒരു അനൗപചാരിക കൂടിയാലോചനയിൽ ഏർപ്പെടുന്നതിനു ഫെബ്രുവരിയിൽ യൂറോപ്യൻ യൂണിയൻ നൽകിയ ക്ഷണം നിരസിക്കുകയാണുണ്ടായത്. ആദ്യം ഉപരോധങ്ങൾ പിൻവലിക്കാനായിരുന്നു ഇറാൻ ആവശ്യപ്പെട്ടത്. ആണവ കരാറിന്റെ കാര്യത്തിൽ യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന സ്തംഭനാവസ്ഥ പരിഹരിക്കുന്നതിൽ ചൈനക്ക്  എന്തെങ്കിലും സംഭാവനകൾ നൽകാൻ കഴിയുമോ എന്നതായിരുന്നു പാശ്ചാത്യ നിരീക്ഷകർ ഉറ്റുനോക്കിയിരുന്നത്.  പക്ഷെ ചൈനയ്ക്ക് സ്വന്തം അജണ്ടയുണ്ടെന്ന് വേണം ഇറാനുമായുണ്ടാക്കിയിട്ടുള്ള കരാറിൽ നിന്ന് മനസിലാക്കാൻ.

ഇറാനും ചൈനയും തമ്മിൽ ദശകങ്ങളായി നല്ല ബന്ധമാണ് നിലനിൽക്കുന്നത്. എന്നാൽ ബെയ്‌ജിങിനോടുള്ള അമിതമായ ആശ്രിതത്വം ഇറാനുള്ളിൽ വലിയ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. സമ്പദ്ഘടനയുടെ നിർണ്ണായകമായ മേഖലകളിൽ ചൈനീസ് സ്വാധീനം വളരുന്നുവെന്നാണ് വിമർശനം. കോവിഡ് 19 മഹാമാരിയുടെ സമയത്ത് ഉണ്ടായ ചൈനീസ് വിരുദ്ധ മനോഭാവം അത്തരം വിമർശനങ്ങൾ ശക്തമാകുന്നതിനിടയാക്കുകയും ചെയ്തു. യുഎൻ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വമുള്ള ഒരു രാജ്യമുൾപ്പടെ ശക്തരായ സഖ്യശക്തികൾ തങ്ങൾക്കൊപ്പമുണ്ടെന്ന സൂചനകൾ നല്കാൻ ചൈനയുമായുള്ള കരാർ ഇറാനെ സഹായിക്കും. മധ്യ പൂർവദേശത്തെ ചൈനയുടെ ബിസിനസ് രീതികളിൽ കരാർ മാറ്റമൊന്നും വരുത്തില്ലായിരിക്കാം. തങ്ങൾക്ക് ഉതകുമെന്ന സന്ദർഭങ്ങളിൽ മാത്രമേ ചൈന ഇറാനെ സഹായിക്കുകയുള്ളുവെന്നും വരാം. പക്ഷെ, ആഗോളതലത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന ഇറാന് ഇപ്പോൾ നിലനിൽപ്പാണ് പ്രശ്‌നം. യുഎസ് അത് മറക്കുന്നത് കൂടുതൽ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചെന്നും വരാം.