വേണ്ടത് സംഘർഷമല്ല, സഹകരണം 


MAY 22, 2020, 1:19 PM IST

എഡിറ്റോറിയൽ   

കോവിഡ്-19 വ്യാപനം തടയുന്നതിൽ ലോകം ഇനിയും പൂർണമായി വിജയിച്ചിട്ടില്ല. ഒരുപക്ഷെ ലോക രാജ്യങ്ങളുടെയാകെ ആത്മാർത്ഥമായ  സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ മഹാമാരിക്ക് വിലങ്ങിടാൻ നമുക്കാവൂ. എന്നാൽ, ഇന്ന് പല സന്ദര്ഭങ്ങളിലും കാണുന്നത് പരസ്പര അവിശ്വാസവും കുറ്റപ്പെടുത്തലുമാണ്. ലോകത്തിലെ ഇന്നത്തെ വൻ ശക്തികളായ അമേരിക്കയും ചൈനയും അവിശ്വാസം സൃഷ്ടിച്ച ഈ വിടവിന് ഇരുവശവും നിലയുറപ്പിച്ചിരിക്കുകയാണ്. കൊറോണ വൈറസിന്റെ ആവിർഭാവത്തെ സംബന്ധിച്ച് ചൈന സൂക്ഷിക്കുന്ന രഹസ്യാത്മകതയാണ് ഈ വിടവിനും അവിശ്വാസത്തിനും കാരണം.

 വൈറസിനെ ചെറുക്കാന്‍ ലോകരാഷ്ട്രങ്ങളേറെയും ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ സ്വന്തം രാജ്യത്ത് രോഗവ്യാപനം ഏതാണ്ട് പൂജ്യം നിലവാരത്തിന് അടുത്തെത്തിച്ച ചൈന വൈറസിനെതിരെ വിജയം അവകാശപ്പെടുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണസംഖ്യ 5000ത്തില്‍ താഴെ മാത്രമാണ്. ഗവണ്മെന്റിന്റെ വളരെ ഫലപ്രദമായ ഏകോപനത്തിലൂടെ സാങ്കേതിക വിദ്യയേയും സംസ്‌കാരത്തെയും കൂട്ടിയിണക്കിയാണ് ചൈന വൈറസിനെ നേരിട്ടതെന്നും പാശ്ചാത്യരാഷ്ട്രങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണതെന്നും ബെയ്ജിങ് ആസ്ഥാനമായ  സെന്റര്‍ ഫോര്‍ ചൈന ആന്‍ഡ് ഗ്ലോബലൈസഷന്‍ എന്ന വിദഗ്ധസ്ഥാപനത്തിന്റെ പ്രസിഡന്റ് വാങ് ഹുയവോ പറയുന്നു. ഈ നേട്ടത്തിലൂടെ കൈവരിച്ച ധൈര്യം മറ്റു രാജ്യങ്ങളുമായി കലഹിക്കാന്‍ പോലും ചൈനയെ പ്രേരിപ്പിക്കുന്നു

.കൊറോണ വൈറസിനോട് ചൈന സ്വീകരിച്ച സമീപനത്തെ വിമര്‍ശിക്കുന്ന രാജ്യങ്ങളോട്  ഭീഷണിയുടെ സ്വരത്തിലാണ് ചൈന സംസാരിക്കുന്നത്. മഹാമാരിയുടെ സമയത്ത് ബെയ്ജിങ് തെറ്റായ വിവരങ്ങള്‍  നല്‍കിയെന്ന വാചകം മയപ്പെടുത്തുന്നതിനോ അല്ലെങ്കില്‍ അപ്പാടെ നീക്കം ചെയ്യുന്നതിനോ യൂറോപ്യന്‍ യൂണിയന്റെ മേല്‍ ചൈന സമ്മര്‍ദ്ദം ചെലുത്തിയതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം തന്നെയാണ് ചൈനക്കെതിരെ തിരിയാൻ അമേരിക്ക പോലുള്ള രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചിട്ടുള്ളത്. ചൈനയിലെ വുഹാന്‍ നഗരത്തിലെ ഒരു ലാബില്‍ നിന്നും അബദ്ധവശാല്‍ പുറത്തേക്കു ചാടിയതാണ് വൈറസെന്നാണ്  പ്രസിഡന്റ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോവും ഉള്‍പ്പടെയുള്ള ഉന്നത യുഎസ് നേതാക്കള്‍ പറയുന്നത്. ഒരു തെളിവും കൂടാതെയാണ് അവര്‍ ഈ പ്രസ്താവന നടത്തിയതെന്നതിനാൽ ചൈന അതിരൂക്ഷമായാണ് അതിനോട് പ്രതികരിച്ചത്. 'സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ പച്ചക്കള്ളങ്ങള്‍ പറഞ്ഞു മറ്റുള്ളവരെ പഴിചാരുന്നതിനും ജനങ്ങളെ വിഡ്ഢികളാക്കുന്നതിനുമാണ് യുഎസിലെ ചില രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്' എന്നായിരുന്നു ചൈനീസ് വിദേശമന്ത്രാലയത്തിന്റെ വക്താവ് ഇതിനോട് പ്രതികരിച്ചത്.

 വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന യുഎസിന്റെ ആവശ്യത്തോട് ഓസ്‌ട്രേലിയ യോജിച്ചപ്പോള്‍ ഗ്ലോബല്‍ ടൈംസ് എന്ന ചൈനീസ് ടാബ്ലോയിഡിന്റെ വാചാലാനായ എഡിറ്റര്‍ ഇന്‍ ചീഫ് ഹു  സിജിന്‍  ചൈനയുടെ ഷൂസില്‍ പറ്റിപ്പിച്ചിരിക്കുന്ന ഒരു ച്യുയിങ് ഗമ്മിനോടായാണ് ഓസ്‌ട്രേലിയയെ ഉപമിച്ചത്. അത് നീക്കം ചെയ്യുന്നതിനായി ചിലപ്പോള്‍ കല്ലില്‍ ഉരക്കേണ്ടതായി വരുമെന്നും അദ്ദേഹം എഴുതി. ചൈന സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ക്ക് ദേശീയവികാരം ജ്വലിച്ചു നില്‍ക്കുന്ന ആ രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമ്പോള്‍ത്തന്നെ ആഗോളതലത്തില്‍ ചൈന  തിരിച്ചടി നേരിടുകയാണ്. മാസ്‌കുകള്‍ ഉള്‍പ്പടെ ഗുണനിലവാരമില്ലാത്ത ചൈനയുടെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ചൈനയുടെ മെഡിക്കല്‍ സംഭാവനകള്‍ നിരസിക്കുന്നതിലേക്ക് ചില യൂറോപ്യന്‍ രാജ്യങ്ങളെ നയിച്ചു. പരസ്പരം കുറ്റപ്പെടുത്തി യുഎസും ചൈനയും നടത്തുന്ന പ്രസ്താവനകള്‍ ഇരുരാജ്യങ്ങളിലെയും തീവ്രദേശീയവാദികളെ തൃപ്തിപ്പെടുത്തിയേക്കുമെങ്കിലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള വളരെ പ്രധാനപ്പെട്ട ഒരു ബന്ധത്തെ തകരാറിലാക്കിക്കൊണ്ടാണ് അതൊക്കെ സംഭവിക്കുന്നത്. ആഗോളതലത്തിൽ ഒരു ആരോഗ്യ പ്രതിസന്ധി നേരിടുന്ന സമയത്ത്  കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കേണ്ടതിനു പകരം ഇരുരാജ്യങ്ങളും തമ്മില്‍ അകലുകയാണ്

.ഏറ്റവുമൊടുവിൽ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ചൈനയിൽ കൊറോണ വൈറസ് ആവിർഭവിച്ച സാഹചര്യം പഠിക്കാൻ തീരുമാനിച്ചതോടെ ഈ അകൽച്ച ഏതാണ്ട് പൂർണമായി. മനസില്ലാമനസോടെയാണെങ്കിലും അത്തരമൊരു അന്വേഷണത്തോട് സഹകരിക്കാൻ ചൈന സന്നദ്ധത പ്രകടിപ്പിച്ചത് ആശ്വാസകരമാണ്. അതുകൊണ്ടും തൃപ്തനാകാതെ പ്രസിഡന്റ് ട്രംപ് ലോകാരോഗ്യസംഘടനക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ തങ്ങളുടെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് എന്ത് നടപടികൾ സ്വീകരിച്ചു എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിൽ സംഘടനയ്ക്കുള്ള ധനസഹായം പൂർണമായി നിർത്തലാക്കുമെന്നും അതിൽ നിന്ന് അമേരിക്ക പിൻവാങ്ങുമെന്നുമാണ് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുള്ളത്. അതൊന്നും നല്ല കാര്യങ്ങളല്ല. ലോകാരോഗ്യസംഘടനയിൽ നിന്ന് അമേരിക്ക പിൻവാങ്ങിയാൽ ആ സംഘടന കൂടുതൽ ചൈനീസ് നിയന്ത്രണത്തിലാകുന്നതിലാവും ചെന്നെത്തുക. അത് ലോകത്തിന്റെ ആരോഗ്യത്തിന് നന്നല്ല. അത് തിരിച്ചറിയാനും നിലപാട് തിരുത്താനും പ്രസിഡന്റ് ട്രംപ് തയ്യാറാകുമെന്ന് പ്രത്യാശിക്കാം. ചൈനയും ലോകത്തിന്റെ നിലനിൽപ്പിന് തങ്ങൾക്കും  വഹിക്കാനുണ്ടെന്ന് തിരിച്ചറിയുമെന്ന് നമുക്ക് ആശിക്കാം.