അയൽപക്കം മറക്കുന്ന ഇന്ത്യ


JULY 31, 2020, 11:26 AM IST

(എഡിറ്റോറിയൽ)

കഴിഞ്ഞ 4 മാസങ്ങളായി നടത്തിയ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്ക്  ശേഷവും ഇന്ത്യയുടെ ഹൈക്കമീഷണറെ കാണാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിസമ്മതിച്ചതോടെ ഇന്ത്യാ-ബംഗ്ലാദേശ് ബന്ധം വഷളാകുകയാണെന്ന് വ്യക്തമാകുകയാണ്. ന്യൂഡൽഹിയുമായുള്ള ബന്ധങ്ങൾ വഷളാകുന്നു എന്ന് മാത്രമല്ല ബംഗ്ലാദേശ് പാകിസ്ഥാനോടും ചൈനയോടും അടുക്കുന്നു എന്നതിന്റെ പല സൂചനകളിൽ ഒന്നായി ഇതിനെ കാണണം എന്നാണ് വിദഗ്ധർ പറയുന്നത്.

2019ൽ ഹസീന വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇന്ത്യയുടെ എല്ലാ പദ്ധതികളും മന്ദഗതിയിലായെന്നും ചൈനയുടെ അടിസ്ഥാന സൗകര്യ നിർമ്മാണ പദ്ധതികൾക്ക് ധാക്കയുടെ കൂടുതൽ പിന്തുണ ലഭിക്കുന്നതായും ബോറെർ കഗോജ് എന്ന പത്രത്തെ ഉദ്ധരിച്ചുകൊണ്ട് ദ്  ഹിന്ദു പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു. ഇന്ത്യയുടെ വടക്കു-കിഴക്കൻ അതിർത്തിയോട് ചേർന്നുള്ള സിൽഹെട്ടിലെ എംഎജി ഒസ്മാനിയ എയർ പോർട്ടിൽ പുതിയൊരു ടെർമിനൽ പണിയുന്നതിനുള്ള കരാർ ബെയ്‌ജിങ്‌ അർബൻ കൺസ്ട്രക്ഷൻ ഗ്രൂപ്പ് (ബിഇയുസിജി) എന്ന കമ്പനിക്കാണ് നൽകിയത്. ഇന്ത്യ വളരെ തന്ത്രപ്രധാനമായി  കണക്കാക്കുന്ന പ്രദേശമാണിത്. ഇതിനിടെയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായുള്ള ഒരു കൂടിക്കാഴ്ചക്ക് ഇന്ത്യൻ ഹൈക്കമീഷണർ റിവ ഗാംഗുലി ദാസ് ശ്രമമാരംഭിച്ചത്. കോവിഡ് 19  മഹാമാരിയെ നേരിടാൻ  ഇന്ത്യ നൽകിയ സഹായത്തിനു നന്ദി പറയുന്ന ഒരു കുറിപ്പു പോലും ബംഗ്ലാദേശ് അയക്കുകയുണ്ടായില്ല.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീനയുമായി ഒരു കൂടിക്കാഴ്ചക്കുള്ള ശ്രമം വിജയിക്കാത്ത കാര്യം ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ നയതന്ത്ര കേന്ദ്രങ്ങൾ ദ് ഹിന്ദു പത്രത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഹൈക്കമീഷനോ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമോ ഔദ്യോഗികമായി എന്തെങ്കിലും പ്രതികരിക്കാൻ വിസമ്മതിക്കുകയാണുണ്ടായത്. ഗാംഗുലി ദാസ് ധാക്കക്ക് പുറത്ത് ടൂർ പോയിരിക്കുന്നതായി മാത്രമാണ് ഇത് സംബന്ധിച്ച് ചോദ്യങ്ങളുയർന്നപ്പോൾ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞത്. ഉന്നത തലങ്ങളിൽ നിന്ന് ഈ സാഹചര്യം നേരിടാൻ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല.

സമീപകാലത്തായി ചൈനയോടും പാകിസ്ഥാനോടും ധാക്ക കാട്ടുന്ന ചായ്‌വിന് സമാനമായി ഇറാനിലും ഒരു പ്രവണത ദൃശ്യമാണ് .ചബാഹർ തുറമുഖ റെയിൽവേ പദ്ധതി ഇന്ത്യയെ കൂടാതെ തന്നെ നടപ്പാക്കാനാണ് ഇറാൻ തീരുമാനിച്ചിട്ടുള്ളത്. ഈ പദ്ധതി സംയുക്തമായി നടപ്പാക്കാമെന്ന് ഇരുരാജ്യങ്ങളും നേരത്തെ തീരുമാനിച്ചിരുന്നതാണ്. പദ്ധതിയുടെ കാര്യത്തിൽ വേണ്ടത്ര ശുഷ്ക്കാന്തി ഇന്ത്യയുടെ ഭാഗത്ത് ദൃശ്യമല്ലെന്ന വിമർശനമാണ് ഇറാൻ ഉയർത്തിയിട്ടുള്ളത്. ആഗോളതലത്തിൽ അമേരിക്കക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഇറാനെ സംബന്ധിച്ചിടത്തോളം ഇത് അമേരിക്ക അനുകൂല നിലപാട് സുപ്രധാന വിഷയങ്ങളിൽ സ്വീകരിച്ചു വരുന്ന ഇന്ത്യയിൽ നിന്ന് അകലുവാനും ചൈനയുടെ പക്ഷത്തേക്ക് ചായുന്നതിനുമുള്ള ഒരു ന്യായമായി മാറുകയാണ്.

ചൈനയുടെ പക്ഷത്തേക്ക് ചായുക മാത്രമല്ല ബംഗ്ലാദേശ് ചെയ്യുന്നത്, പാകിസ്താനും ചൈനയുമായി കൈകോർത്ത് ഒരു അച്ചുതണ്ട് സൃഷ്ടിക്കാൻ കൂടെയാണ്. കഴിഞ്ഞ ബുധനാഴ്ച പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പതിവില്ലാതെ ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വിളിച്ചിരുന്നു. പാകിസ്താൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് പ്രധാനമന്ത്രിയും തമ്മിൽ നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ധാക്ക തയ്യാറായിട്ടില്ല. എന്നാൽ, കശ്മീർ സ്ഥിതിഗതികൾ ഹസീനയെ ഇമ്രാൻഖാൻ അറിയിച്ചതായും തർക്കത്തിന് ഒരു പരിഹാരം ആവശ്യപ്പെട്ടതായും പാകിസ്ഥാന്റെ ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കാശ്മീർ ഇന്ത്യയുടെ ഒരു ആഭ്യന്തരകാര്യമായി ബംഗ്ലാദേശ് കരുതുന്നുവെന്നാണ് തങ്ങളുടെ ധാരണയെന്നാണ് ആ വാർത്തയോട് ഇന്ത്യ പ്രതികരിച്ചത്. 

ഇന്ത്യയ്ക്ക് നയതന്ത്രരംഗത്ത്--പ്രത്യേകിച്ച് ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ--സംഭവിക്കുന്ന പാളിച്ചകളുടെ സൂചനയാണോ ഇതെന്ന് ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. ശാക്തിക ചേരികളുടെ ഭാഗമാകാൻ വിസമ്മതിച്ചിരുന്ന ഇന്ത്യ അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തിന് വളരെ പ്രാധാന്യമാണ് നൽകി വന്നിട്ടുള്ളത്. എന്നാൽ ആ ആരൂഢത്തിൽ നിന്ന് ഇന്ത്യ വ്യതിചലിക്കുന്ന കാഴ്ച്ചയാണ് സമീപവർഷങ്ങളിൽ കാണുന്നത്. അയൽ രാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലി എന്നിവയുമായുള്ള ബന്ധത്തിൽ ഏറെ ശൈഥില്യം സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. മാലിയുമായുള്ള ബന്ധത്തിലെ മുറുമുറുപ്പുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കുറെയൊക്കെ നടന്നു. എന്നാൽ, ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും കാര്യത്തിൽ അതുണ്ടായിട്ടില്ല. ശ്രീലങ്ക ഏറെക്കാലമായി ചൈനീസ് ആനുകൂല്യം മറച്ചുവയ്ക്കുന്നുമില്ല.

ആഗോളതലത്തിൽ ഏറെ മാനിക്കപ്പെടുന്ന രാജ്യമാണിന്ന് ഇന്ത്യ. ഇന്ന് അമേരിക്ക വലിയ തോതിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകുന്നുമുണ്ട്. റഷ്യയുമായും ഇന്ത്യ നല്ല സൗഹൃദബന്ധം പുലർത്തുന്നു. വികസനത്തിന്റെയും സമ്പത്തുത്പാദനത്തിന്റെയും കാര്യത്തിൽ വലിയ മുന്നേറ്റങ്ങൾ നടത്തുന്ന ഇന്ത്യയ്ക്ക് ഇനി വേണ്ടത് അന്താരാഷ്‌ട്ര തലത്തിൽ പ്രൗഢമായ ഒരു സ്ഥാനമാണ്. യുഎൻ സുരക്ഷാ കൗൺസിൽ അംഗത്വമടക്കമുള്ള ആ വലിയ കുതിപ്പുകളിലേക്ക് നീങ്ങാൻ തയ്യാറെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് അയൽപക്കത്തെ അസ്വാരസ്യങ്ങൾ തലവേദനയായിക്കൂടാ. ,മാത്രവുമല്ല, നിലവിലെ അനുകൂല സാഹചര്യം കൂടുതൽ മെച്ചപ്പെട്ട അയൽപക്ക ബന്ധങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിച്ചാൽ അത് ഇന്ത്യയ്ക്ക് വലിയൊരു നേട്ടമാകും. മേഖലയിൽ മേധാവിത്വം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ പരാജയപ്പെടുത്താൻ അത് സഹായിക്കുകയും ചെയ്യും.