എത്ര തവണ കണ്ടാൽ പഠിക്കും


SEPTEMBER 19, 2022, 1:09 PM IST

(എഡിറ്റോറിയൽ)

 മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. ഒക്ടോബർ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിൻലൻഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിൻലൻഡിലെ മൊബൈൽ ഫോൺ നിർമ്മാതാക്കളായ നോക്കിയയുടെ ഫാക്ടറിയും സന്ദർശിച്ചേക്കും. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. ഈ യാത്രയ്ക്ക് മുൻപ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും വിദേശയാത്ര നടത്തും. റിയാസും സംഘവും ടൂറിസം മേളയിൽ പങ്കെടുക്കാൻ പാരിസിലേക്കാണു പോകുന്നത്.

സെപ്റ്റംബർ 19-ന് നടക്കുന്ന ഫ്രഞ്ച് ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കും. സത്യത്തിൽ ഇങ്ങനെ ഒരു വാർത്ത ഉണ്ടാവേണ്ടതില്ല. ഇതെല്ലാം സാധാരണ ഭരണനടപടികളുടെ ഭാഗമായി കാണേണ്ടതേയുള്ളൂ. ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശയാത്രകൾ അനിവാര്യമാണ്. പക്ഷേ, ഒരു ചെറിയ ചോദ്യം എത്ര തവണ കണ്ടാൽ പഠിക്കും?നേരത്തേ കേരളം ആവർത്തിച്ച് നേരിടുന്ന പ്രളയ ഭീഷണി അതിജീവിക്കുന്നതിനായി നെതർലൻഡ്സ്  സ്വീകരിച്ച മാർഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദർശിച്ചിരുന്നു. പ്രളയത്തെ നേരിടാൻ ഡച്ച് മാതൃകയായ 'റൂം ഫോർ റിവർ' പോലുള്ള പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, അവർ യാത്ര പോയതല്ലാതെ കേരളത്തിന് എന്തെങ്കിലും ഗുണമുണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല. കുട്ടനാട്ടിൽ ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന 'റൂം ഫോർ റിവർ' പദ്ധതി ഇതുവരെ തുടങ്ങിയതായി കേട്ടിട്ടുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് നാട്ടിലെ തോടുകളും കുളങ്ങളും മറ്റും ആഴവും വീതിയും കൂട്ടി വെള്ളത്തിൻറെ ഒഴുക്ക് സുഗമമാക്കാനുള്ള ചില നീക്കങ്ങൾ സർക്കാരും സന്നദ്ധ പ്രവർത്തകരും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്തിയിരുന്നു. അത് യുറോപ്പിലൊന്നും പോയി കണ്ട് പഠിച്ചതല്ല. അപ്പോൾ വേണമെങ്കിൽ ചക്ക ഇവിടെ തന്നെ വേരിൽ കായ്ക്കുമെന്നിരിക്കെ എന്തിനാണ് ഈ യാത്രയെന്ന് വ്യക്തം.വിദ്യാഭ്യാസരംഗത്ത് ലോകത്തിന് മാതൃകയാണ് കേരളമെന്നൊക്കെയാണ് ഇതുവരെ ഇടതുപക്ഷക്കാർ പറഞ്ഞുകേട്ടിരുന്നത്. ഇപ്പോൾ പിന്നെയെങ്ങിനെയാണ് ഇവിടയുള്ളതിലും വലിയ മാതൃക യുറോപ്പിലുണ്ടായത്?

ലോക ടൂറിസം മാർട്ടിൽ പോയാൽ അത് ബിസിനസ് വളർത്തതാണെങ്കിലും സഹായിക്കും. കേരളത്തിൻറെ ടൂറിസം മന്ത്രിയും ഉദ്യോഗസ്ഥരും അതിന് പോകുന്നത് മനസിലാക്കാം. പക്ഷെ, കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ അവസ്ഥയും, അവിടെ പണം മുടക്കിയവരുടെ നിലവിലെ കഷ്ടപ്പാടും ഒന്ന് പഠിച്ചിട്ടാവാമായിരുന്നു ഈ വിദേശയാത്ര. കേരളത്തിലേക്ക് ധനികരായ ടൂറിസ്റ്റുകൾ എത്തുന്നില്ല എന്നതാണ് വസ്തുത. ഇങ്ങോട്ട് വരുന്നത് 'ബാക്ക് പാക്കേഴ്‌സ്' എന്ന് വിളിക്കാവുന്ന ടൂറിസ്റ്റുകളാണ്. അവർ അധികം പണമൊന്നും ഇവിടെ ചിലവഴിക്കില്ല. നേരേമറിച്ച്, കേരളത്തിൻറെയത്ര വൈവിധ്യമൊന്നുമില്ലാത്ത മോൾദീവ്‌സ്‌ പോലെയുള്ള രാജ്യങ്ങളിലേക്ക് ധനികരായ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കാണ്. ഇവിടെ ടൂറിസം മേഖലയിൽ 'വാല്യൂ അഡിഷൻ' ഒന്നും നടക്കുന്നില്ല എന്നാണ് ഇത് കാട്ടുന്നത്.ഇനി ചെലവിൻറെ കാര്യം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രച്ചെലവ് എന്തായാലും സംസ്ഥാന ഖജനാവിൽ നിന്ന് കൊടുക്കണം. അവിടുത്തെ ചിലവുകൾ അതാത് സർക്കാരുകൾ ഏറ്റെടുത്തേക്കാം.

എന്നാലും, കൈച്ചെലവ് അത്ര ചെറുതാവില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രയെ ന്യായീകരിച്ച് രംഗത്ത് വന്നിട്ടുള്ള ധനമന്ത്രി കെ. എൻ ബാലഗോപാൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പറഞ്ഞിട്ടുള്ളതിനാൽ പണത്തിന് മുട്ടുണ്ടാവില്ലെന്ന് ഉറപ്പിക്കാം. മൊത്തം ചെലവിന്റെ വലിയൊരു ഭാഗം ചെലവാക്കിയല്ല യൂറോപ്പിലേക്ക് പോകുന്നത്. വിവിധ വിഷയങ്ങൾ പഠിക്കാൻ വേണ്ടിയാണ് യാത്ര. അത്കൊണ്ട് ഇത്തരം യാത്രകൾ അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. കേരളം ദരിദ്രമായ സംസ്ഥാനമല്ല. ഇക്കാര്യങ്ങളല്ല ചർച്ച ചെയ്യേണ്ടത്, കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതമാണ് ചർച്ച ചെയ്യേണ്ടതെന്നുമാണ് അദ്ദേഹം പറയുന്നത്. പക്ഷെ, കേന്ദ്രം ഇനി ഇങ്ങോട്ട് അധികമൊന്നും തരാനുള്ളതായി ഇതുവരെ അദ്ദേഹം പറഞ്ഞുകേട്ടില്ല. പിന്നെ, സംസ്ഥാനങ്ങളുടെ നികുതി വിഹിതം കേന്ദ്രം തട്ടിപ്പറിക്കുന്നുവെന്ന വാദം. അത് ശരിയാണ്. പക്ഷേ, ജിഎസ്‌ടി നടപ്പാക്കാൻ കേന്ദ്രം 2017ൽ ഒരുമ്പെട്ടിറങ്ങിയപ്പോൾ അതിനെ കയ്യടിച്ച് പിന്തുണച്ച് ആദ്യം രംഗത്ത് വന്നത് കേരളമാണെന്ന് മറക്കരുത്. അത് പാളിപ്പോയി. ഇവിടെയാകട്ടെ സമ്പത്തുൽപ്പാദനമൊന്നും നടപ്പില്ല. അപ്പോൾ കൊടി കുത്തും സഖാക്കൾ. എന്നാൽ പിന്നെ ഇപ്പോഴത്തെ പോലെ 'സ്റ്റാറ്റസ് ക്വൊ' ഭരണവുമായി അങ്ങ് പോയാൽ പോരേ?