ഗവർണർ പറഞ്ഞതും നമ്മൾ കേട്ടതും 


SEPTEMBER 26, 2022, 5:18 PM IST

(എഡിറ്റോറിയൽ )

കേരളത്തിലെ മാധ്യമങ്ങളെ സമ്മതിക്കണം. അവർക്ക് താലത്തിൽ വാർത്തകൾ ആരെങ്കിലും എത്തിച്ച് നൽകിയാൽ വിളമ്പാനറിയാം. വാർത്ത കണ്ടാൽ സ്വന്തം നിലയ്ക്ക് തിരിയില്ല. കേരളചരിത്രത്തിൽ ആദ്യമായി ഒരു പത്രസമ്മേളനം വിളിച്ചുചേർത്ത് 'തൻറെ' സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഞ്ഞടിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിൻറെ പൊരുൾ മനസിലായ എത്രപേരുണ്ട് അവരുടെ കൂട്ടത്തിൽ? നിർഭാഗ്യകരമെന്ന് പറയട്ടെ, ആരുമില്ല. വൈസ് ചാൻസലറായി ഒരു പ്രത്യേക വ്യക്തിയെ വീണ്ടും നിയമിക്കണമെന്ന അഭ്യർത്ഥനയുമായി മുഖ്യമന്ത്രി തൻറെ മുന്നിലെത്തി എന്ന് അദ്ദേഹം പറഞ്ഞതിൻറെ പൊരുളെന്ത്?

സംശയമെന്തിന്, മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് തന്നെ. താൻ ഭീതിയോ പ്രീതിയോ സ്നേഹമോ ദ്വേഷമോ കൂടാതെ എല്ലാവരെയും ഒരുപോലെ കണ്ട് പ്രവർത്തിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റെടുത്തയാളാണ് മുഖ്യമന്ത്രി. അദ്ദേഹമാണ് ഒരു പ്രത്യേക വ്യക്തിക്ക് വേണ്ടി വാദിക്കാൻ ഗവർണറുടെ മുന്നിലെത്തിയത്. അത് ആരിഫ് മുഹമ്മദ് ഖാൻ പത്രസമ്മേളനം നടത്തിയെന്നത് പോലെ തന്നെ കേരളചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത കാര്യമാണ്. അദ്ദേഹം ചെയ്ത സത്യപ്രതിജ്ഞയുടെ ലംഘനവുമാണ്.സത്യത്തിൽ ഗവർണർ ചെയ്യേണ്ടത് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്. ഭരണഘടനയിൽ അതിന് വകുപ്പില്ല.

അപ്പോൾ പിന്നെ ഈ നാട്ടിലെ ഏതെങ്കിലും ഒരു വ്യക്തിക്ക് ചെയ്യാവുന്നത് ആ ആവശ്യമുന്നയിച്ച് കേരള ഹൈക്കോടതിയുടെ മുന്നിലേക്ക് പോകുക എന്നതാണ്. അതിന് ഈ നാട്ടിൽ ആളില്ല! ഇത്രയൊന്നും പറയാഞ്ഞിട്ടും പണ്ട് ആർ. ബാലകൃഷ്ണ പിള്ളയെ രാജ്യദ്രോഹക്കുറ്റം ചുമത്തി മന്ത്രിസഭയിൽ നിന്ന് കെ. കരുണാകരൻ നീക്കിയ കഥ ആരെങ്കിലും ഓർക്കുന്നുണ്ടോ? "തൊഴിലില്ലായ്മ ഇക്കണക്കിന് പെരുകിയാൽ കേരളത്തിലെ യുവാക്കൾ പഞ്ചാബിലെപ്പോലെ ആയുധം കൈയിലെടുക്കുന്ന സ്ഥിതി വരും" എന്ന് മാത്രമാണ് അദ്ദേഹം അന്ന് പറഞ്ഞത്. അതിനെയാണ് നാം 'പഞ്ചാബ് മോഡൽ' പ്രസംഗമായി വ്യാഖ്യാനിച്ചത്. കരുണാകരന് അന്ന് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്നുണ്ടായിരുന്നു. അതിന് അദ്ദേഹം ഈ പ്രസംഗം ഒരു കാരണമാക്കി. പക്ഷേ, അപ്പോഴും ആ തീരുമാനത്തിലേക്ക് നയിച്ച ഒരു വിധി പരാമർശം കേരള ഹൈക്കോടതി ജഡ്ജി പി. ജാനകി അമ്മയിൽ നിന്ന് ഉണ്ടായതിന് ശേഷമാണ് അദ്ദേഹം അത് ചെയ്തത്. ഇപ്പോൾ ഒന്ന് കോടതിയിൽ പോകണമെന്ന് ആലോചിക്കാൻ പോലും കൊള്ളാവുന്ന രാഷ്ട്രീയ നേതൃത്വം മറുപക്ഷത്തില്ല.

അത് മാത്രമല്ലല്ലോ ഗവർണർ പറഞ്ഞത്. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ നിയമന പ്രശ്നം വന്നപ്പോൾ തൻ്റെ മേൽ സമ്മർദ്ദം ഉണ്ടായെന്നും താൻ ആവശ്യപ്പെടാതെ തന്നെ വൈസ് ചാൻസലർക്ക് പുനർനിയമനം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഒഴിവാക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന തരത്തിൽ അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയോമോപദേശം ഉന്നതവിദ്യാഭ്യാസവകുപ്പ് വാങ്ങിക്കൊണ്ടുവന്നുവെന്നും അദ്ദേഹം പറയുന്നു. ഇതൊക്കെ ഏത് രാജ്യത്താണ് നടക്കുക? ഒരുപക്ഷെ, അദ്ദേഹം പറഞ്ഞതിലെ ഏറ്റവും ദുർബലമായ കാര്യം കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ തന്നെ ആക്രമിക്കാൻ ശ്രമം നടന്നുവെന്ന അദ്ദേഹത്തിന്റെ ആരോപണമാണ്. ലബ്ധപ്രതിഷ്ഠനും വയോധികനായ ചരിത്രകാരൻ ഇർഫാൻ ഹബീബ് അദ്ദേഹത്തിൻറെ പ്രസംഗത്തിനിടെ ഒരല്പം വികാരവിക്ഷുബ്ദനായി അദ്ദേഹത്തിന് അരികിലേക്ക് വന്നുവെന്നത് ശരിയാണ്. അത് അദ്ദേഹത്തെ ആക്രമിക്കാനായിരുന്നുവെന്ന് കരുതാനാവില്ല. കാരണം, ശാരീരിക ആക്രമണത്തിന് മുതിരുന്ന വ്യക്തിയല്ല ഇർഫാൻ ഹബീബ്. ആരിഫ് മുഹമ്മദ് ഖാൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ ജാമിയയിൽ അധ്യാപകനായിരുന്ന ആളാണ് അദ്ദേഹം. സർക്കാരിനെ അടിക്കാനുള്ള ഒരു വടിയായി ആ സംഭവത്തെ  ഗവർണർ ഉപയോഗിച്ചതാണെന്ന് കരുതാനേ പറ്റൂ.

അവിടെ തീർച്ചയായും പ്രോട്ടോകോൾ ലംഘനമുണ്ടായിട്ടുണ്ട്. പേരിനെങ്കിലും അതിലൊരന്വേഷണമൊക്കെ അവിടെ നടക്കേണ്ടിയിരുന്നു. അതൊന്നും ഉണ്ടാകാത്തത് ഒരു അമിതാധികാര അവസ്ഥയുടെ സൂചനയാണെന്ന് മാത്രമേ പറയാനാവൂ. ഗവർണർ പറഞ്ഞ പല കാര്യങ്ങളിലും അതെല്ലാം പ്രകടമാണ്. ജനാധിപത്യ പ്രക്രിയ എന്നത് അനാവശ്യമെന്ന് അധികാരത്തിലിരിക്കുന്നവർക്ക് തോന്നുന്ന പല കാര്യങ്ങളും ഉൾപ്പെട്ടതാണ്. പക്ഷെ, അതെല്ലാം ജനാധിപത്യത്തിലെ അനിവാര്യതകളാണ്. ആ മര്യാദകൾ പാലിക്കാനും എല്ലാ ജനാധിപത്യ ചിട്ടവട്ടങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താനും അധികാരത്തിലിരിക്കുന്നവർക്ക് ഉത്തരവാദിത്തമുണ്ടെന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ.