നിലക്കാത്ത വെടിയൊച്ചകൾ 


JANUARY 31, 2023, 10:06 AM IST

(എഡിറ്റോറിയൽ) 

കഴിഞ്ഞ മൂന്നാഴ്ച്ചകൾക്കിടയിൽ 38 തവണയാണ് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പൊതുസ്ഥലങ്ങളിൽ അക്രമികൾ വെടിയുതിർത്തത്. ഈ വെടിവെപ്പുകളിൽ നാല്പത്തിയഞ്ചോളം ജീവൻ നഷ്ടമായി. മുൻപ് തോക്കക്രമങ്ങൾ നടക്കാതിരുന്ന സ്ഥലങ്ങളിലേക്ക് അക്രമം പടരുന്നതിൻറെ സൂചനകളാണ് കാണുന്നത്. ഇതെല്ലാം ഏറെ സംഭീതിജനകമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് പറയാതെ വയ്യ. ഇതുവരെ മലയാളി സമൂഹം വ്യാപകമായി തോക്കക്രമത്തിന് ഇരയായിട്ടില്ല. അതിനാൽ തന്നെ നമ്മുടെ ജീവിതം ഭദ്രമാണെന്ന തോന്നൽ മലയാളിൽ സമൂഹത്തിലുണ്ട്.

പക്ഷെ, ഷിക്കാഗോ പോലെയുള്ള നഗരങ്ങളിൽ മലയാളികൾ അടക്കമുള്ള ഇന്ത്യൻ അമേരിക്കൻ സമൂഹം നടത്തുന്ന ബിസിനസ് സ്ഥാപനങ്ങൾക്കെതിരെ മറ്റ് പല രീതിയിലുമുള്ള അക്രമങ്ങൾ പലവട്ടം ഇതിനകം നടന്നു കഴിഞ്ഞു. പലരും തങ്ങളുടെ ബിസിനസുകൾ കയ്യൊഴിഞ്ഞ് കൂടുതൽ സുരക്ഷിതമെന്ന് കരുതപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് കുടിയേറിയിട്ടുമുണ്ട്.  ഇന്ത്യയിൽ നിന്ന് എത്തുന്നവരെ അമേരിക്കൻ ഐക്യനാടുകളിലേക്ക് എത്തുന്നവരെ രണ്ട് കൈകളും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് നമുക്ക് പരിചിതം. അതിനാൽ തന്നെ ഇന്ന് അരങ്ങേറുന്ന അക്രമങ്ങൾ അമേരിക്കൻ പാരമ്പര്യത്തിന്റെ ഭാഗമായി നാം കാണുന്നില്ല. ഇപ്പോൾ നാടാകെ നടമാടുന്ന തോക്കക്രമങ്ങൾ തീർച്ചയായും ഒറ്റപ്പെട്ട സംഭവങ്ങളാണ്.

പക്ഷെ, ഒന്നിന് പുറകെ ഒന്നായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അത് ഉയർത്തുന്ന ഭീതി ഒരു തരത്തിലും തള്ളിക്കളയാനാവില്ല.കഴിഞ്ഞ ശനിയാഴ്ച്ച കാലിഫോർണിയയിലെ മോണ്ടേറി പാർക്കിൽ ഒരാക്രമി കൊന്നൊടുക്കിയത് 11 പേരെയാണ്. ചൈനീസ് നവവർഷാഘോഷങ്ങൾക്ക് ഒത്തുകൂടിയവരാണ് വെടിയുണ്ടകൾക്ക് ഇരയായത്. ഇനിയും പത്തോളം പേർ പരുക്കുകളോടെ ആശുപത്രികളിൽ കഴിയുകയാണ്. മൊണ്ടേറി വെടിവെപ്പിന് തൊട്ടുപിന്നാലെ ഈ തിങ്കളാഴ്ച്ച കാലിഫോർണിയയിലെ തന്നെ ഹാഫ് മൂൺ ബേയിൽ മറ്റൊരാൾ നിറയൊഴിച്ചപ്പോൾ മരിച്ചത് 7 പേരാണ്.

അവിടെയും മരണസംഖ്യ ഇനിയും കൂടാം. നിഷ്‌ക്കളങ്കനായ മനുഷ്യരാണ് ഇങ്ങനെ തോക്കക്രമത്തിന് ഇരയായി മരിക്കുന്നത് എന്നത് ഒരു രാജ്യമെന്ന നിലയിലും വികസിത സമൂഹമെന്ന നിലയിലും ഫെഡറൽ-സംസ്ഥാന തല ഗവണ്മെന്റുകളെയും രാഷ്ട്രീയനേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയുമെല്ലാം ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.ഇതുവരെ കണ്ട വെടിവെപ്പുകളിൽ വംശീയതയുടെ മാനങ്ങളുള്ളവയുണ്ട്. എന്നാൽ അതിലേറെ വ്യക്തിമനസിൻറെ പിടിവിട്ടുള്ള പോക്കിൻറെ സൂചനകളുമുണ്ട്. കാരണമെന്തായാലും, തോക്ക് ഉപയോഗിച്ചുള്ള അക്രമം പൊതു ഇടങ്ങളിൽ വർദ്ധിക്കുന്നതിന് ഒരു കാരണമേയുള്ളൂ: അത് തോക്കുകളുടെ അനിയന്ത്രിതമായ ലഭ്യതയാണ്. സംഘർഷം നിറഞ്ഞ ആധുനിക ജീവിതത്തിൽ സ്വയം നാശം വരുത്താനും മറ്റുള്ളവർക്ക് നാശം വരുത്താനും ആഗ്രഹിക്കുന്ന മനുഷ്യരുടെ എണ്ണം ഏറിവരുകയാണ്.

കുടുംബങ്ങൾക്കുള്ളിലും വ്യക്തിബന്ധങ്ങൾക്കിടയിലും സംഭവിക്കുന്ന ഇടർച്ചകളും തകർച്ചകളുമാണ് പലപ്പോഴും അക്രമത്തിലേക്ക് വ്യക്തികളെ തള്ളിവിടുന്നത്. പുറം ലോകത്തിന് പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമുള്ള ഒരു ഇടമാണ് മനുഷ്യമനസ്. പലപ്പോഴും അക്രമത്തിനൊരുമ്പെടുന്ന വ്യക്തിയുടെ കുടുംബാംഗങ്ങൾ പോലും അയാളിൽ സംഭവിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയുന്നത്. അപ്പോഴേക്ക് നിരവധി ജീവൻ നഷ്ടമായിട്ടുണ്ടാവും. ഒരു അക്രമസംഭവത്തിൻറെ റിപ്പോർട്ടുകൾ മാധയമങ്ങളിൽ നിറയുന്നത് ഒരുപക്ഷെ മറ്റിടങ്ങളിൽ 'കോപ്പിക്യാറ്റ്‌' ആവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നുമുണ്ട്. അക്രമത്തിന് ഒരുമ്പെടുന്ന ചിലർ അതിൻറെ സൂചനകൾ തൻറെ ചുറ്റുമുള്ളവർക്ക് പ്രത്യക്ഷമായോ പരോക്ഷമായോ നൽകുന്നുണ്ട്. പക്ഷെ, ഇന്നത്തെ ജീവിതത്തിൻറെ തിക്കിലും തിരക്കിലും ആ വ്യക്തിയുടെ ചുറ്റുമുള്ളവർക്ക് പലപ്പോഴും അത് കാണാൻ കഴിയണമെന്നില്ല. 

എങ്ങനെയാണ് ഒരു സമൂഹത്തിന് ഇത്തരം സാഹചര്യം കൈകാര്യം ചെയ്യാനാവുക? ഫ്ലോറിഡയിലെ ടാലഹസിയിൽ സംസാരിക്കവെ വൈസ് പ്രസിഡൻറ് കമല ഹാരിസ് പറഞ്ഞു: "ഈ മുറിയിൽ ഒത്തുകൂടിയിരിക്കുന്ന നാമും ഈ രാജ്യമാകെയും ഒരു കാര്യം മനസിലാക്കണം--ഈ അക്രമ പരമ്പര അവസാനിച്ചേ തീരൂ". പക്ഷേ, എങ്ങനെയാണത് സാധിക്കുക? തോക്കുകൾ നിയന്ത്രിക്കുക എന്നതല്ലാതെ മറ്റൊരു മാർഗമില്ല. പക്ഷേ, തോക്കുടമസ്ഥത വ്യക്ത്യാവകാശങ്ങളുടെ ആണിക്കല്ലുകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഒരു സമൂഹത്തിൽ അതെങ്ങനെ സാധ്യമാകും? തീവ്രമായ പരസ്പര വിയോജിപ്പുകളുമായി നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കോൺഗ്രസിൻറെ ഇരുസഭകളും നയിക്കുമ്പോൾ അതെങ്ങനെ സാധ്യമാകും? പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച്ച മുന്നോട്ട് വച്ച ആവശ്യങ്ങൾ ന്യായമാണ്.

അദ്ദേഹം കോൺഗ്രസിനോട് ആവശ്യപ്പെട്ടത് അവരുടെ മുന്നിലുള്ള അസോൾട്ട് വെപ്പൺസ് എന്ന ഗണത്തിൽ വരുന്ന തോക്കുകളും തീവ്ര പ്രഹരശേഷിയുള്ള തിരകളും നിരോധിക്കുന്നതിനും തോക്ക് വാങ്ങാനുള്ള മിനിമം പ്രായം 21 വയസാക്കുന്നതിനുമുള്ള രണ്ട് ബില്ലുകൾക്ക് ഏറ്റവും വേഗം അംഗീകാരം നൽകണമെന്നാണ്. അത് സാമാന്യബോധത്തിൻറെ, എന്നുവച്ചാൽ കോമൺസെൻസിന്റെ ശബ്ദമാണ്. അത് കേൾക്കാൻ ഈ സമൂഹത്തിന് ബാധ്യതയുണ്ട്.