എന്തിന് ഇങ്ങനെയൊരു ലോകായുക്ത


NOVEMBER 20, 2023, 10:46 AM IST

(എഡിറ്റോറിയൽ) 

കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ തമാശയാണ് ലോകായുക്ത. അങ്ങോട്ട് പോയിട്ട് കാര്യമില്ലെന്ന് തോന്നുന്നത് കൊണ്ടാവാം ഇപ്പോൾ അധികമാരും അവിടേക്ക് അഴിമതി പരാതികളുമായി പോകാറില്ലത്രേ. കെ.ആർ. ഗൗരിയമ്മ വിജിലൻസ് മന്ത്രിയായിരിക്കെ കൊണ്ടുവന്ന അഴിമതി നിരോധന കമ്മീഷൻറെ പിന്മുറക്കാരായ ലോകായുക്തയ്ക്ക് വന്നു ഭവിച്ച ദുര്യോഗം കാണാൻ അവരില്ലാതെ പോയത് ഭാഗ്യം. അവർ കൊണ്ടുവന്ന നിയമം കുറ്റമറ്റതായിരുന്നു എന്നല്ല. ചർച്ച ചെയ്തും മിനുക്കിയും ദുർബലമാക്കിയ നിയമമാണ് അവർ കൊണ്ടുവന്നത്. ഇപ്പോൾ അതുപോലും ഇല്ലാതായിരിക്കുന്നു.ആരാണ് ലോകായുക്തയെ കൊന്നത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. മാറിമാറി വന്ന സർക്കാരുകൾ അക്കാര്യത്തിൽ മത്സരിക്കുകയായിരുന്നു. ഓരോരുത്തരും അവരവർക്ക് വേണ്ടപ്പെട്ടവർക്ക് നൽകാനുള്ള റിട്ടയർമെന്റ് ലാവണമാക്കി അതിനെ മാറ്റുകയായിരുന്നു. അതിനുള്ള മാതൃക ആദ്യത്തെ അഴിമതി നിരോധന കമ്മീഷനെ നിയമിച്ച കെ. കരുണാകരൻ കാട്ടുകയും ചെയ്തിരുന്നു. പക്ഷെ, അപ്പോഴും അവിടെ കുറച്ച് നല്ല മനുഷ്യർ ഉണ്ടായിരുന്നു. ഇപ്പോൾ, അതുമില്ലാതായിരിക്കുന്നു.കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് ധനസഹായം നൽകാൻ ഉപയോഗിച്ചു എന്ന ആരോപണവുമായി ലോകായുക്തയ്ക്ക് മുന്നിലെത്തിയ ആർ. എസ്. ശശികുമാർ എന്ന വ്യക്തിയെ അപമാനിക്കാനാണ് ലോകായുക്ത അതിന്റെ സമയമേറെയും ചിലവഴിച്ചത്. അത് ദുരിതമനുഭവിക്കുന്നവർക്കോ, അപകടങ്ങളിൽ പെട്ട് മരണമടഞ്ഞവർക്കോ, അവരുടെ കുടുംബാങ്ങൾക്കോ ധനസഹായം നൽകാൻ ഉദ്ദേശിച്ചുള്ള നിധിയാണ്. പക്ഷെ ഒന്നാം പിണറായി സർക്കാർ അതിൽ നിന്ന് പണം നൽകിയത് കേരളത്തിൽ എംഎൽഎമാരായിരുന്ന രണ്ട് പേരുടെ കുടുംബങ്ങളെ സഹായിക്കാനാണ്. ഇത് ദുരുപയോഗമല്ലെങ്കിൽ എന്താണ്?

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1264 കേസുകളാണ് ലോകായുക്ത കൈകാര്യം ചെയ്തിരുന്നതെങ്കില്‍ 2023ല്‍  വെറും 197 ഹര്‍ജികള്‍ മാത്രമാണ് പരിഗണിക്കുന്നത്. ലോകായുക്തയും ഉപലോകായുക്തമാരും വാര്‍ഷിക ശമ്പളമായി 56 ലക്ഷത്തോളം രൂപ കൈപ്പറ്റുകയും നാലുകോടിയോളം രൂപ ഓഫീസ് ചെലവിനായി വിനിയോഗിക്കുകയും ചെയ്യുന്ന ഈ സംവിധാനത്തെ കേരളം തീറ്റിപ്പോറ്റേണ്ടതുണ്ടോയെന്ന് ജനം തീരുമാനിക്കണം. പെന്‍ഷനും ശമ്പളവും നല്‍കാനാവാതെ ഏതുനിമിഷവും താഴുവീഴാവുന്ന ദുരവസ്ഥയില്‍ കണ്ണീരും കയ്യുമായി  കെഎസ്ആര്‍ടിസിയും ജീവനക്കാരും നില്‍ക്കുമ്പോഴാണ് ലോകായുക്തയ്ക്കും ഉപലോകായുക്തമാർക്കും ഇങ്ങനെ വമ്പൻ ശമ്പളം നൽകി സർക്കാർ തീറ്റിപ്പോറ്റുന്നതെന്ന് കൂടെ ഓർക്കണം. ഓരോ സർക്കാരും ലോകായുക്തയെ വന്ധീകരിക്കാൻ മത്സരിക്കുകയായിരുന്നു എന്നുവേണം കരുതാൻ. അപ്പോൾ അഴിമതി യഥേഷ്ടം നടത്താമല്ലോ? ലോകായുക്ത സംവിധാനം പിരിച്ചുവിട്ടാലും കേരളത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല.

 ഉപഭോക്തൃ സംരക്ഷണ ജില്ലാ സമിതികളും സംസ്ഥാന തല കോടതിയുമൊക്കെ വന്നപ്പോഴത്തെ പുകിൽ ആരെങ്കിലുമോർക്കുന്നുണ്ടോ എന്നറിയില്ല. ഇപ്പോൾ ഉപഭോക്തൃ കോടതികളും ലോകായുക്തയും തമ്മിൽ ഇപ്പോൾ ഒരു വ്യത്യാസവുമില്ല. സംസ്ഥാന വിവരാവകാശ കമ്മീഷൻറെ അവസ്ഥ പറയുകയും വേണ്ട. കടിക്കാൻ പോയിട്ട് കുരയ്ക്കാൻ പോലും ശേഷിയില്ലാത്ത ഈ സ്ഥാപനങ്ങളെ ഒന്നുകിൽ പൊളിച്ചുപണിയണം, അല്ലെങ്കിൽ അവ പൂട്ടിക്കെട്ടണം. 

വിദേശ രാജ്യങ്ങളിൽ ഏറെ സഞ്ചരിക്കുന്ന മന്ത്രിമാർ അവിടെയൊക്കെ അഴിമതി തടയുന്നതിന് സൃഷ്ടിച്ചിട്ടുള്ള സംവിധാനങ്ങൾ എന്തെല്ലാമെന്ന് കൂടെ ഒന്ന് പഠിക്കണം. അവിടെ ജീവിക്കുന്ന മലയാളികൾക്ക് ഇതൊക്കെ കാണുമ്പോൾ ചിരിയാണ് വരുന്നതെന്നും ഓർത്താൽ നന്ന്. അല്ലെങ്കിൽ ഇത്തരം പരിഹാസ്യ സ്ഥാപനങ്ങൾ ഇനിയും ഉണ്ടാവും. അവിടെയൊക്കെ സ്ഥാനമോഹികൾ കടന്നിരിക്കും. അവരെ തെരഞ്ഞെടുക്കുന്നതിൽ ജാതിയും, മതവും, പാർട്ടിയുമൊക്കെയായിരിക്കും മാനദണ്ഡം. ഒടുവിൽ നമ്മുടെ പോക്കറ്റിൽ നിന്ന് കുറേക്കൂടെ കാശ് പോകും. അതിനേക്കാൾ നല്ലത് ഇത്തിരിയൊക്കെ അഴിമതിയുണ്ടായിരിക്കുന്നതല്ലേ?