മനുഷ്യത്വം ജയിച്ച ചരിത്ര മുഹൂർത്തം


NOVEMBER 20, 2022, 3:37 PM IST

(എഡിറ്റോറിയൽ)

രാജീവ് ഗാന്ധി വധക്കേസിലെ അവശേഷിച്ച ആറ് പ്രതികളെ വിട്ടയക്കാനുള്ള തീരുമാനത്തെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരു സുപ്രധാന സംഭവമായി കാണണം. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ ആവശ്യത്തിലേറെ ഇടപെട്ടതിലൂടെ ഇന്ത്യ വരുത്തിവച്ച ഒരു ദുരന്തത്തിന് അതോടെ തിരശീല വീഴുകയാണ്. എൽടിടിഇ നേതൃത്വത്തിൻറെ നിർദ്ദേശമനുസരിച്ചാണ് ഇപ്പോൾ വിട്ടയക്കപ്പെട്ട പ്രതികളടക്കമുള്ള ചാവേർ സംഘം രാജീവ് ഗാന്ധിയെ 1991 മെയ് മാസത്തിൽ ഒരു ബോംബ് സ്‌ഫോടനത്തിൽ കൊലപ്പെടുത്തുന്നത്. വ്യാപകമായ നടുക്കവും വെറുപ്പും ഉയർത്തിവിട്ട സംഭവമായിരുന്നു അത്. എന്നാൽ ഈ ഏഴ് പ്രതികളുടെ വർഷങ്ങൾ നീണ്ട ജയിൽവാസവും അവരനുഭവിച്ച ദുരനുഭവങ്ങളും മനഃസാക്ഷിയെ നോവിപ്പിക്കുന്നതായി.

അതോടെയാണ് അവരുടെ മോചനം എന്ന ആശയത്തിന് പതിയെ ഇന്ത്യൻ സമൂഹത്തിലും നീതിപീഠങ്ങളിലും സ്വീകാര്യത വന്നത്.  കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ നളിനിയെ കാണാൻ പ്രിയങ്കാ ഗാന്ധി തമിഴ് നാട്ടിലെ ജയിലിലെത്തിയത് നെഹ്‌റു കുടുംബത്തിൻറെ മനോവിശാലതയ്ക്ക് തെളിവുമായി. കേസിലെ 26 പ്രതികൾക്കും വിചാരണക്കോടതി വധശിക്ഷയാണ് വിധിച്ചത്. പിന്നീട്, 1999ൽ അവരിൽ 19 പേരെ ഗൂഢാലോചനക്കുറ്റമൊഴിവാക്കി വിട്ടയക്കുകയായിരുന്നു. അങ്ങനെ നാല് പ്രതികൾക്ക് വധശിക്ഷയും മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ശിക്ഷ ലഭിച്ചു. ഈ ഏഴ് പ്രതികളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്ടിലെ രാഷ്ട്രീയപാർട്ടികൾ ഏറെക്കാലമായി പ്രക്ഷോഭം  നടത്തിവരുകയായിരുന്നു. 2014 സുപ്രീം കോടതി നാലുപേരുടെയും വധശിക്ഷ ഇളവ്  ചെയ്തിരുന്നു. 2018ൽ ഭരണഘടനയുടെ അനുച്ഛേദം 161 അനുസരിച്ച് കേസിലെ പ്രതികളെ  എല്ലാവരെയും വിട്ടയക്കാൻ ഒരു പ്രമേയം തമിഴ് നാട് ക്യാബിനറ്റ് പാസാക്കിയിരുന്നെങ്കിലും ഗവർണർ അതിൽ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ല. ഈ വർഷം മാത്രമാണ് ആ പ്രമേയം കേന്ദ്രത്തിൻറെ അഭിപ്രായമറിയുന്നതിനായി അദ്ദേഹം ഡൽഹിക്കയച്ചത്.

ഗവർണറുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി അതിൽ നിക്ഷിപ്തമായ സവിശേഷ അധികാരങ്ങൾ വിനിയോഗിച്ച് ഈ വർഷമാദ്യം മുഖ്യ പ്രതികളിലൊരാളായ പേരറിവാളനെ മോചിപ്പിച്ചിരുന്നു. പേരറിവാളൻറെ അമ്മ നടത്തിയ വലിയ പോരാട്ടത്തിൻറെ ഫലമായിരുന്നു അത്. അതേ ആനുകൂല്യം ഇപ്പോൾ മറ്റ് ആറ് പ്രതികൾക്കും ലഭ്യമാക്കിയിരിക്കുകയാണ്. തീർച്ചയായും മനുഷ്യത്വം  നമുക്ക് നഷ്ടമായില്ലെന്നതിൻറെ തെളിവാണ് ഈ തീരുമാനം.ലങ്കയുടെ ആഭ്യന്തരയുദ്ധം അവരുടെ പ്രശ്നമായിരുന്നു. അതിൽ ഇന്ത്യ എത്രകണ്ട് ഇടപെടണമായിരുന്നു എന്നത് ഇപ്പോഴും തർക്കവിഷയമാണ്. ഇന്ത്യ അതിൽ വേണ്ടതിലേറെ ഇടപെട്ടു എന്നതാണ് സത്യം.

അതിന് ഇന്ത്യയ്ക്ക് നൽകേണ്ടിവന്ന വില ചെറുതല്ല. ഇന്ത്യൻ സമാധാന സേനയുടെ നൂറുകണക്കിന് സൈനികർക്കാണ് ആ സംഘർഷത്തിൽ ജീവൻ നഷ്ടമായത്. അതിൻറെ കണക്കെടുപ്പ് ഇനിയും വേണ്ടത്ര നടന്നിട്ടില്ല. ഒരർത്ഥത്തിൽ രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെ അത്തരം പ്രശ്നങ്ങളിൽ നിന്നെല്ലാം ജനശ്രദ്ധ മാറിപ്പോകുകയായിരുന്നു. കേസിലെ പ്രതികളാകട്ടെ ഒരു സവിശേഷ ചരിത്രസന്ദർഭത്തിന്റെ സൃഷ്ടികളായിരുന്നു. ആരുടെയെല്ലാമോ തീരുമാനമനുസരിച്ച് തങ്ങളുടെ ജീവിതം തല്ലിത്തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ. അവരുടെ കുടുംബങ്ങൾ വിവരണാതീതമായ ദുര്യോഗങ്ങളാണ് ഈ കാലയളവിൽ അനുഭവിച്ചത്.ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നിൽ പങ്കാളികളായെങ്കിലും ജയിലുകളിൽ അവർക്ക് തീർത്തും മനുഷ്യത്വപൂർണമായ പരിഗണയാണ് ലഭിച്ചത്. അവരിൽ പലരും ജയിലിൽ വച്ച് പഠിച്ച് ഉന്നതബിരുദം നേടി.

അവരിലൊരാൾ ഇന്ന് തമിഴിലെ എണ്ണം പറഞ്ഞ കവിയാണ്. ജയിലിന് പുറത്ത് അവരുടെ മനുഷ്യാവാകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നടന്ന നിരന്തര പ്രക്ഷോഭങ്ങളുടെ കൂടെ ഫലമാണ് അവരുടെ മോചനം. നീണ്ട മൂന്ന് പതിറ്റാണ്ടുകാലം തടവറയ്ക്കുള്ളിൽ കഴിയേണ്ടി വന്നു എന്നത് തന്നെ വലിയ ശിക്ഷയാണ്. അവരുടേത് വ്യക്തിനിഷ്ഠമായ പ്രവൃത്തിയായിരുന്നില്ല. അത് രാഷ്ട്രീയ പ്രവർത്തനമായിരുന്നു. വഴിതെറ്റിയ രാഷ്ട്രീയ പ്രവർത്തനം. അതിലെ തെറ്റും ശരിയും തിരിച്ചറിയാൻ അന്നത്തെ പ്രക്ഷുബ്ധമായ സ്ഥിതിവിശേഷത്തിൽ അവർക്കാവുമായിരുന്നില്ല. പിന്നീട്, അവർ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞുവോ എന്നതും അതിലവർ പശ്ചാത്തപിച്ചുവോ എന്നതുമാണ് പ്രധാനം. ശ്രീലങ്കയിൽ നടന്ന വംശീയ യുദ്ധത്തിൽ തോറ്റ പക്ഷത്താണ് അവർ നിന്നത്. ജീവിതത്തിലും അവർ തോറ്റപക്ഷത്താവേണ്ടതില്ലല്ലോ...