വിഭജിക്കപ്പെട്ട രാജ്യം


NOVEMBER 21, 2020, 9:48 PM IST

(എഡിറ്റോറിയൽ) 

-മോൺമുത്ത് സർവകലാശാല ബുധനാഴ്ച്ച പ്രസിദ്ധീകരിച്ച ഒരു സർവേ ‌ആരുടേയും കണ്ണ് തുറപ്പിക്കുന്നതാണ്. സർവേ പ്രകാരം യുഎസ് ജനതയിൽ ഭൂരിപക്ഷം പേരും തെരഞ്ഞെടുപ്പ് നീതിയുക്തമായും സുതാര്യമായുമാണ് നടത്തപ്പെട്ടതെന്ന് വിശ്വസിക്കുന്നു. എന്നാൽ ആകെ ജനസംഖ്യയിൽ 44% തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നും കരുതുന്നു. അപ്പോഴും ജനസംഖ്യയിൽ മൂന്നിലൊന്ന് പേരും പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് തെരഞ്ഞെടുപ്പിൽ തോറ്റതിൽ സന്തോഷിക്കുന്നവരാണ്. ഏതാണ്ട് അതിനടുത്ത് ആളുകൾ ജോ ബൈഡൻ വിജയിച്ചതിൽ ആഹ്ളാദിക്കുന്നുമുണ്ട്. പ്രസിഡന്റ് ട്രംപ് ഭരണം കൈയൊഴിയുന്നില്ലെന്നതിൽ ഭൂരിപക്ഷം പേരും അസ്വസ്ഥരും അത് ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ആകെ നോക്കിയാൽ ജനസംഖ്യയുടെ 52% പേരാണ് പ്രസിഡന്റ്  ട്രംപിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിൽ 'ആഹ്ളാദിക്കുന്ന'വരോ 'സന്തുഷ്ടരോ' ആയുള്ളത്. മറുവശത്ത് 51% പേർ ജോ ബൈഡന്റെ വിജയത്തിൽ    'ആഹ്ളാദിക്കുന്ന'വരോ  'സന്തുഷ്ടരോ' ആണ്.പ്രത്യക്ഷത്തിൽ ഇണങ്ങിയും പിണങ്ങിയും നിൽക്കുന്ന ഈ സർവേ ഫലങ്ങൾ കാട്ടുന്നത് നവംബർ 3ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവശേഷിപ്പിച്ചിരിക്കുന്നത് ഒരു വിഭജിത രാജ്യമാണെന്നാണ്. എൻപിആർ വിശകലനമനുസരിച്ച് രാജ്യത്തൊട്ടാകെയുള്ള 3000ത്തിലധികം കൗണ്ടികളിൽ പാർട്ടി അടിസ്ഥാനത്തിൽ തന്നെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഡെമോക്രാറ്റിക്‌ ചായ്‌വുള്ള ചില പ്രധാന നഗരപ്രാന്തങ്ങളിൽ 2016ൽ ഹിലരി ക്ലിന്റൺ നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം നേടാൻ ജോ ബൈഡനു കഴിഞ്ഞു. നാല് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്നതിനെ അപേക്ഷിച്ച് 2020ൽ വളരെ ചുരുക്കം കൗണ്ടികൾ  മാത്രമാണ് ഒരു പ്രധാന പാർട്ടിയുടെ നിയന്ത്രണത്തിൽ നിന്നും മറുപക്ഷത്തേക്ക് ചാഞ്ഞത്. 2016ൽ 237 കൗണ്ടികൾ കൂറ് മാറുകയുണ്ടായി. അവയിൽ  2012ൽ ബരാക് ഒബാമയെ  പിന്തുണച്ച 216 എണ്ണം ട്രംപ് പക്ഷത്തേക്ക് ചാഞ്ഞു. 2020ൽ കൂറ് മാറ്റം സംഭവിച്ച 77 കൗണ്ടികൾ  മാത്രമേയുണ്ടായിരുന്നുള്ളൂ. അവയിൽ 59 എണ്ണം ബൈഡൻ നേടി.  ഡെമോക്രാറ്റ് ആഭിമുഖ്യമുള്ള വോട്ടർമാർ വളരെയുള്ള  പല മെട്രോ മേഖലകളിലും  2016ൽ ഹിലരി ക്ലിന്റനെ പിന്തുണച്ചതിനേക്കാൾ ശക്തമായി ബൈഡനെ പിന്തുണച്ചു. പെൻസിൽവേനിയ, ജോർജിയ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ ജനസംഖ്യ കൂടുതലുള്ള നഗരപ്രാന്തങ്ങളിൽ ബൈഡനു വലിയ ഭൂരിപക്ഷം നേടാൻ അതിലൂടെ കഴിഞ്ഞു. എന്നാൽ, തന്റെ നിലപാടുകൾക്കനുകൂലമായി കൂടുതൽ വോട്ടർമാരെ അണിനിരത്തുമെന്ന ട്രംപിന്റെ വാഗ്ദാനവും ഫലിച്ചു. പല ഗ്രാമീണ മേഖലകളിലും 2016ലേതിനേക്കാൾ വലിയ ഭൂരിപക്ഷം ട്രംപ് നേടി. 1990നു ശേഷം വളരെ കൂടുതൽ വോട്ടർമാർ പങ്കെടുത്ത തെരെഞ്ഞെടുപ്പായിരുന്നു 2020ലേത്. 67%ത്തോളം പേർ വോട്ടു ചെയ്തു. എന്നുവച്ചാൽ, 158 മില്യൺ വോട്ടർമാർ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ ട്രംപ് ആയിരുന്നു മുഖ്യ വിഷയം. തനിക്ക് അനുകൂലമായും പ്രതികൂലമായും വോട്ടർമാരെ അണിനിരത്തി ഒരു റെക്കോഡ് അദ്ദേഹം സൃഷ്ടിച്ചു. വളരെ ജനസാന്ദ്രതയേറിയ വടക്കു കിഴക്കിന്റെ പല ഭാഗങ്ങളിലും,പ്രധാനപ്പെട്ട  മധ്യ-പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ പല നഗരങ്ങളിലും പടിഞ്ഞാറും പടിഞ്ഞാറൻ തീരത്തും നഗരപ്രാന്തങ്ങളിലും ക്ലിന്റണ് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷമാണ് ബൈഡനു ലഭിച്ചത്. ഗ്രാമീണമേഖലകളും കോളേജ് ബിരുദങ്ങളില്ലാത്ത വെളുത്തവർഗക്കാരായ വോട്ടർമാർ  വളരെ കൂടുതലായുള്ള പ്രദേശങ്ങളിലും 2016ലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ കരുത്തനായി ട്രംപ് മാറി. നാല് വർഷങ്ങൾക്ക് മുമ്പ് ഈ വിഭാഗത്തിൽ റെക്കോഡ് ഭൂരിപക്ഷം നേടിയിരുന്ന  ട്രംപിന്  ഇക്കുറി അതാവർത്തിക്കുകയെന്നത് വലിയൊരു ലക്ഷ്യമായിരുന്നു. അവരെ കൂടുതലായി അണിനിരത്തുമെന്നു ട്രംപ് പ്രഖ്യാപിച്ചു. അത് നിറവേറ്റുകയും ചെയ്തു. എന്നാൽ പ്രധാനമായും നഗരപ്രാന്തങ്ങളിൽ ബൈഡൻ കൈവരിച്ച നേട്ടം അതിനെ മറികടന്നു. ബൈഡൻ 6 മില്യൺ കൂടുതൽ ജനകീയ വോട്ടുകൾ നേടി. 2016ൽ നേടിയതിൽ 3 മില്യൺ വോട്ടുകൾ ട്രംപിന് നഷ്ടമായി. 

സൗത്ത് ഫ്ലോറിഡ, സൗത്ത് ടെക്സസ് തുടങ്ങിയ സ്ഥലങ്ങളിൽ ലാറ്റിനോകൾ കൂടുതലുള്ള കൗണ്ടികളിലേക്ക്  ട്രംപ് കടന്നു കയറി. അതിലൂടെ ആ രണ്ടു വലിയ സംസ്ഥാനങ്ങളിലും അഭിപ്രായ വോട്ടെടുപ്പുകളിൽ പ്രകടമായതിനേക്കാൾ അനായാസ വിജയം നേടാൻ ട്രംപിന് കഴിഞ്ഞു. ടെക്‌സസിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമായി. ഡാലസ്, ഓസ്റ്റിൻ , ഹൂസ്റ്റൺ എന്നിവിടങ്ങളിലും ചുറ്റിനുമുള്ള നഗരപ്രാന്ത കൗണ്ടികളിൽ 2016ൽ ക്ലിന്റൺ നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ നേടാൻ ബൈഡനു കഴിഞ്ഞു. എന്നാൽ അതിനെ മറികടക്കും വിധമായിരുന്നു സൗത്ത് ടെക്‌സസിലും ഗ്രാമീണ മേഖലകളിലും ട്രംപിന്റെ നേട്ടം. അങ്ങനെ തെരഞ്ഞെടുപ്പ് ചിത്രം പരിശോധിക്കുമ്പോഴും അതിനു ശേഷം നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ നോക്കുമ്പോഴും കാണുന്നത് രാജ്യം കൂടുതൽ വിഭജിതമായിരിക്കുന്നുവെന്നാണ്. അമേരിക്കൻ പ്രസിഡന്റുമാരുടെ ചരിത്രത്തിൽ ഏറ്റവും വലിയ ധ്രുവീകരണം  ഉണ്ടാക്കിയ വ്യക്തിയെന്ന ഖ്യാതി അങ്ങനെ ട്രംപിനുള്ളതാവുകയാണ്. ആരോഗ്യ-സാമ്പത്തിക-വംശീയ പ്രതിസന്ധികൾക്കിടയിൽ വളരെയേറെ വിഭജിക്കപ്പെട്ട ഒരു രാഷ്ട്രത്തിന്റെ പൈതൃകമാണ് പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്ന ബൈഡനു ലഭിക്കുക.