ബ്രിട്ടീഷ് സിലോണിലെ കാന്‍ഡിക്ക് സമീപം മലയാളി ദമ്പതികള്‍ പാലക്കാട് മന്നാഡിയാര്‍ നായര്‍ കുടുംബാംഗങ്ങളായ മേലകത്ത് ഗോപാലമേനോനും മരുതൂര്‍ സത്യഭാമയ്ക്കും ജനിച്ച മരുതൂര്‍ ഗോപാല രാമചന്ദ്രനെ തമിഴ്‌നാട്ടുകാര്‍ സ്‌നേഹബഹുമാനങ്ങളോടെ 'പുരൈട്ച്ചി തലൈവര്‍' എന്നല്ലാതെ 'എംജിആർ' എന്നുപോലും തികച്ചു വിളിക്കില്ല. തമിഴ് സിനിമാ നായകനെങ്കിലും തമിഴ്‌നാട് ഭരിച്ച നീണ്ട വര്‍ഷങ്ങളില്‍ അദ്ദേഹം അവര്‍ക്കു വേണ്ടി ചെയ്ത സേവനങ്ങള്‍ കൂടി പരിഗണിച്ചാണ് മരിച്ച് മൂന്നരപ്പതിറ്റാണ്ടുകള്‍ തികഞ്ഞിട്ടും അദ്ദേഹമിപ്പോഴും അവരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നത്. എഐഎഡിഎംകെ എന്ന രാഷ്ട്രീയപ്പാര്‍ട്ടിയേക്കാള്‍ തമിഴ് മക്കള്‍ എം ജി ആറിനോട് കാണിക്കുന്ന കണക്കറ്റ ബഹുമാനത്തിന് കാരണമായ എത്രയോ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായിട്ടുണ്ട്!രണ്ടു വയസ്സിന് മുകളില്‍ പ്രായമുള്ള പാവപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോഷക ഉച്ച ഭക്ഷണ പദ്ധതിയെന്ന മഹത്തായ ആശയം അവതരിപ്പിച്ച് നടപ്പാക്കിയ മുഖ്യമന്ത്രിയാണ് എംജിആര്‍.
1982ലാണ് അദ്ദേഹം ഈ പദ്ധതി ആരംഭിച്ചത്. ഇതുപ്രകാരം ആരോഗ്യകരമായ ഭക്ഷണത്തിനു പുറമേ പാല്‍പൊടി, യൂണിഫോം, പാദരക്ഷകള്‍ എന്നിവയും നല്‍കിയിരുന്നു. ഈ പദ്ധതി ഉണ്ടായിരുന്നതുകൊണ്ടു മാത്രം നിരവധി ദരിദ്ര കുടുംബങ്ങള്‍ തങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ അയച്ചിരുന്നു.ഈ പദ്ധതിയുമായി ബന്ധപ്പെട്ട് രസകരമായൊരു സംഭവമുണ്ട്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായിരിക്കെയാണ് സംഭവം. പദ്ധതി ആരംഭിച്ച് മൂന്നു വര്‍ഷത്തിന് ശേഷം 1985ല്‍ ഇതുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിച്ചു. പദ്ധതി വിഭവങ്ങളുടെ പാഴാക്കലാണെന്നായിരുന്നു ഡോ. മന്‍മോഹന്‍ സിംഗിന്റെ വീക്ഷണം. അതോടെ ഡോ. മന്‍മോഹന്‍ സിംഗനെ കാണാന്‍ എംജിആർ ഡല്‍ഹിയിലെത്തി.
എംജിആറിനോടും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോടും പദ്ധതിക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് ഡോ. മന്‍മോഹന്‍ സിംഗിന്റെ ചോദ്യത്തിന് യാതൊരു മറുപടിയും നല്‍കാതെ എംജിആര്‍ എഴുന്നേറ്റു പോയി. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിന്തുടരുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെയിരുന്ന ഡോ. മൻമോഹൻ സിംഗിന് പിന്നീട് ലഭിച്ചത് പ്രധാനമന്ത്രിയുടെ ടെലിഫോൺ കോൾ ആണ്. മിനുട്ടുകള്‍ക്കുള്ളിൽ പദ്ധതിക്ക് വേണ്ട പണം അനുവദിക്കപ്പെട്ടു.കൗതുകം അവിടെ അവസാനിക്കുന്നില്ല. ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ 2013ല്‍ കേന്ദ്രസര്‍ക്കാര്‍ എംജിആറിന്റെ നയം അംഗീകരിക്കുകയും സ്‌കൂള്‍ കുട്ടികള്‍ക്ക് രാജ്യവ്യാപകമായി ഉച്ചഭക്ഷണ പരിപാടി പ്രഖ്യാപിക്കുകയും ചെയ്തു. ഡോ. മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാര്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഡോ. മന്‍മോഹന്‍ സിംഗ് തെറ്റ് തിരുത്തുകയോ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമെങ്കിലും എംജിആറിന്റെ പദ്ധതി കടമെടുക്കുകയോ ചെയ്തുവെന്ന് പറയാം.കര്‍ണാടകയുമായുള്ള ജലത്തര്‍ക്കങ്ങളായിരുന്നു എംജിആര്‍ രമ്യമായി പരിഹരിച്ച മറ്റു സംഭവങ്ങള്‍. എംജിആര്‍ മുഖ്യമന്ത്രിയായിരുന്ന 1980 മെയ്-ജൂണ്‍ മാസങ്ങളില്‍ മേട്ടൂര്‍ അണക്കെട്ടില്‍ ജലസംഭരണം വളരെ കുറവായിരുന്നു. തമിഴ് നാടിന് വെള്ളം വിട്ടുനല്‍കാന്‍ കര്‍ണാടക വിസമ്മതിച്ചു. അവിടെയാണ് ട്വിസ്റ്റ്. ഒരു പ്രഭാതത്തില്‍ കര്‍ണാടകയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ എംജിആര്‍ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെയുടെ വീട്ടിലെത്തി.പ്രാതലിന് തയ്യാറെടുക്കുകയായിരുന്നു ഹെഗ്‌ഡെ അദ്ദേഹത്തെയും ഒപ്പമിരുത്തി പ്രാതല്‍ കഴിച്ചു.
ഡ്രോയിംഗ് റൂമില്‍ പ്രവേശിച്ചപ്പോഴേക്കും എംജിആറിന് പെട്ടെന്ന് ഇക്കിളുണ്ടാവുകയും കര്‍ണാടക മുഖ്യമന്ത്രി അദ്ദേഹത്തിന് ഒരു ഗ്ലാസ് വെള്ളം നല്‍കുകയും ചെയ്തു. അപ്പോഴാണ് എംജിആര്‍ തന്റെ നടനവൈഭവം പുറത്തെടുത്തത്. തന്റെ ഇക്കിള്‍ തമിഴ്‌നാടിന്റെ ഇന്നത്തെ അവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നതെന്നും അതിനും വെള്ളം തരുമോ എന്നുള്ള ചോദ്യം ഉയര്‍ത്തിയ എംജിആറിന് മുമ്പില്‍ ചിരിച്ച കര്‍ണാടക മുഖ്യമന്ത്രി അടുത്ത ദിവസം തന്നെ തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടുകയായിരുന്നു. ഇരുസംസ്ഥാനങ്ങളും ഒരു പരസ്പരക്കൈമാറ്റ നയത്തിലെത്തിയാണ് മുഖ്യമന്ത്രിമാര്‍ പിരിഞ്ഞത്. കര്‍ണാടക തുറന്നുവിടുന്ന വെള്ളത്തിന് പകരമായി തമിഴ്‌നാട് വൈദ്യുതി നല്‍കുമെന്നതായിരുന്നു ഡീല്‍.
പിന്നീട് ആര്‍. ഗുണ്ടു റാവു കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ കാവേരി ജലവിതരണത്തില്‍ വീണ്ടും കുറവുണ്ടായി. ഈ സമയം, എംജിആര്‍ റാവുവിനെ (ആകസ്മികമായി അദ്ദേഹത്തിന്റെ കടുത്ത ആരാധകനായിരുന്നു) ചെന്നൈയിലെ തന്റെ വസതിയില്‍ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കുകയും കാവേരി ജലത്തെക്കുറിച്ച് സൗമ്യമായി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. വിഷയം താന്‍ പരിഗണിക്കുമെന്ന് പറഞ്ഞ റാവു അന്നുതന്നെ ബാംഗ്ലൂരിലെത്തി കൃഷ്ണരാജ സാഗര്‍ അണക്കെട്ടിന്റെ ചുമതലയുള്ള പിഡബ്ലിയുഡി എന്‍ജിനീയര്‍മാരോട് രണ്ടുദിവസത്തെ അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. പിന്നാലെ അണക്കെട്ടില്‍ നിന്ന് കര്‍ണാടകവും തമിഴ് നാടും തമ്മിലുള്ള അന്തര്‍ സംസ്ഥാന സമ്പര്‍ക്ക കേന്ദ്രമായ ബിലിഗുണ്ട്‌ലുവിലേക്കുള്ള ജലമൊഴുക്ക് സുഗമമാക്കി.തമിഴ് നാട്ടിലെ കൃഷിക്കാലത്ത് കാവേരി നദീജല പ്രതിസന്ധി പോലുള്ള അന്തര്‍സംസ്ഥാന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ എംജിആര്‍ തന്റെ നയതന്ത്ര കഴിവുകള്‍ ഉപയോഗപ്പെടുത്തി എന്നതിന്റെ തെളിവായിരുന്നു ഈ രണ്ട് പ്രാതല്‍ യോഗങ്ങളും.എംജിആര്‍ സാങ്കേതിക-വൈദ്യശാസ്ത്ര ഉന്നത വിദ്യാഭ്യാസം ഉദാരമാക്കുകയും എഞ്ചിനീയറിംഗിനും മെഡിക്കല്‍ വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനികളെ അനുവദിക്കുകയും ചെയ്തു. ഈ സംരംഭം കൊണ്ടാണ് തമിഴ് നാട് ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറിയത്.
എംജിആറിന്റെ ഭരണപരമായ കഴിവിനെക്കുറിച്ച് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് കെ മോഹന്‍ദാസ് തന്റെ 'എംജിആര്‍: ദ് മാന്‍ ആന്‍ഡ് ദി മിത്ത്' എന്ന പുസ്തകത്തില്‍ കുറിച്ചത് ഇങ്ങനെയാണ്: ''എംജിആര്‍ എന്ന നടന് ഭരണത്തിന്റെ ദുഷ്പ്രവൃത്തികള്‍ മനസ്സിലാക്കാന്‍ കുറച്ച് സമയമെടുത്തു. പക്ഷേ, ഭരണത്തിന്റെ ചുമതലകളെ അദ്ദേഹം ഗൗരവമായി അഭിസംബോധന ചെയ്യാന്‍ തുടങ്ങിയപ്പോള്‍, അദ്ദേഹത്തിന്റെ പ്രാദേശികജ്ഞാനവും അവശ്യകാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാനുള്ള കഴിവും ബ്യൂറോക്രാറ്റുകള്‍ക്ക് മതിപ്പുളവാക്കി. ഇംഗ്ലീഷ് ഭാഷയുമായുള്ള അദ്ദേഹത്തിന്റെ അപരിചിതത്വം ഒരു വൈകല്യമായിരുന്നു. എന്നിരുന്നാലും, ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹം അത് പരിഹരിച്ചു.എം ജി ആര്‍ അതുല്യനായിരുന്നു. അതുകൊണ്ടു കൂടിയാണ് ക്ഷേമപദ്ധതികളുടെ വിജയത്തിന്റെ പേരില്‍ ജനപ്രിയ നേതാവായി അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത്. അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കേണ്ടത് അത്ര എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതല്ല എംജിആറിന്റെ പൈതൃകമെന്നതാണ്."