എന്താണ് സനാതന ധർമം


SEPTEMBER 18, 2023, 11:02 AM IST

ഡോ.ടി.എസ്. ശ്യാം കുമാർ


സനാതന ധർമത്തെ എതിർക്കുകയല്ല വേണ്ടത്, ഡെങ്കിയും മലേറിയയും പോലെ ഇല്ലാതാക്കുകയാണ് വേണ്ടതെന്ന തമിഴ് നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം ഹിന്ദുത്വരെ വലിയ രീതിയിൽ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഉദയനിധി സ്റ്റാലിന്റെ പരാമർശം വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്നാണ് ഹിന്ദുത്വരുടെ വ്യാഖ്യാനം. ഇത്തരമൊരു സാഹചര്യത്തിലാണ് സനാതന ധർമം എന്തെന്ന് അന്വേഷിക്കേണ്ടിവരുന്നത്.

ധർമലക്ഷണം


ധർമത്തിന്റെ ലക്ഷണങ്ങൾ വേദം, സ്മൃതി, സദാചാരം, ആത്മ തുഷ്ടി എന്നിവ നാലുമാണെന്ന് (വേദ: സ്മൃതി: സദാചാര: സ്വസ്യ ച പ്രിയമാത്മന:/ ഏതശ്ചതുർവിധം പ്രാഹു: സാക്ഷാദ് ധർമസ്യ ലക്ഷണം, മനുസ്മൃതി- 2.12) മനു വ്യക്തമാക്കുന്നു. ഈ ലക്ഷണമനുസരിച്ച് സദാചാരം എന്താണ് എന്നാണ് അടുത്തതായി പരിശോധിക്കേണ്ടത്. ബ്രഹ്മാവർത്ത ദേശത്തിലുള്ള ചതുർ വർണങ്ങളുടെയും അന്തരാള ജാതികളുടെയും പാരമ്പര്യ ക്രമമനുസരിച്ചുള്ള ആചാരത്തെയാണ് (തസ്മിൻ ദേശേ യ ആചാര: പാരമ്പര്യ ക്രമാഗത: /വർണാനാം സാന്തരാളാനാം സ സദാചാര ഉച്യതേ, മനുസ്മൃതി- 2.18) മനുസ്മൃതി സദാചാരം എന്ന് നിർവചിക്കുന്നത്. ചുരുക്കത്തിൽ ചാതുർവർണ്യ ജാതിവ്യവസ്ഥയെയാണ് മനുധർമം എന്ന് നിർവചിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.അർഥശാസ്ത്രത്തിൽ ധർമം എന്നത് നാലു വർണങ്ങൾക്കും നാലാശ്രമങ്ങൾക്കും സ്വധർമ സ്ഥാപനം ചെയ്യുന്നതിന് ഉപകരിക്കുന്നു എന്ന് പ്രസ്താവിക്കുന്നു (ഏഷ ത്രയി ധർമശ്ചതുർണാം വർണാനാ മാശ്രമാണാം ച സ്വധർമ സ്ഥാപനാ ദൗപകാരിക:). സ്വധർമം എന്നത് വർണധർമമാണെന്ന് മനു സ്പഷ്ടമാക്കുന്നുമുണ്ട് (വരം സ്വധർമോ വിഗുണ: ന പാരക്യ: സ്വനുഷ്ഠിത: / പരധർമേണ ജീവൻ ഹി സദ്യ: പതതി ജാതിത:, മനു.- 10.97). അതായത് മനുസ്മൃതി അനുസരിച്ച് ബ്രാഹ്മണന്റെ സ്വധർമം അധ്യയനം, അധ്യാപനം, യജനം, യാജനം എന്നിവയാണെങ്കിൽ ശൂദ്രന്റേത് ദ്വിജാതി ശുശ്രൂഷയാണ്. ശൂദ്രന് സ്വന്തമായി ധനം സ്വരൂപിക്കാൻ പോലും അവകാശമില്ല.ചണ്ഡാളരെ സഞ്ചരിക്കുന്ന ശ്മശാനമായിട്ടാണ് ധർമശാസ്ത്ര കർത്താക്കൾ ഗണിക്കുന്നത്.

ഇങ്ങനെ ശ്രേണീകൃതമായി സമൂഹത്തെ അസമത്വാധിഷ്ഠിതമായി വിഭജിക്കുന്ന വ്യവസ്ഥാക്രമത്തെയാണ് മനുസ്മൃതിയും അർഥശാസ്ത്രവും ധർമം എന്ന് വിളിക്കുന്നത്. ഈ ധർമം തെറ്റിയാൽ ലോകത്ത് വർണസങ്കരം സംജാതമാവുമെന്നാണ് അർഥശാസ്ത്രകാരൻ ഭയപ്പെടുന്നത് (തസ്യാതി ക്രമേ ലോക: സങ്കരാദുച്ഛിദ്യേതേ). വർണക്രമം ഉപേക്ഷിച്ചുള്ള വിവാഹത്തിലൂടെയും പരസ്പര ബന്ധത്തിലൂടെയും വർണസങ്കരം സംഭവിക്കുമെന്ന് മനു സിദ്ധാന്തിക്കുന്നു (വ്യഭിചാരേണ വർണാ നാമവേദ്യാ വേദനേന ച / സ്വകർമണാം ച ത്യാഗേന ജായന്തേ വർണ സങ്കരാ:). എവിടെയാണോ വർണശുദ്ധി നശിക്കുന്ന വർണ സങ്കരമുള്ള രാജ്യം, ആ രാജ്യം രാജ്യനിവാസികളോടൊപ്പം നശിക്കുമെന്നും മനു പറയുന്നു (യത്ര ത്വേതേ പരിധ്വംസാ ജ്ജായതേ വർണ ദുഷകാ: / രാഷ്ട്രികൈ: സഹ തദ്രാഷ്ട്രം ക്ഷിപ്രമേവ വിനശ്യതി, മനു - 10.16). വർണക്രമം ലംഘിച്ചുള്ള വിവാഹം നിമിത്തം കുലം നശിക്കുമെന്നാണ് ഗീതയിൽ അർജുനനും ആകുലപ്പെടുന്നത് (ഗീത- 1.40). ഇങ്ങനെ നോക്കിയാൽ ക്രൂരമായ ജാതിഹിംസയുടെ വ്യവസ്ഥാക്രമത്തെയും ലോകവീക്ഷണത്തെയുമാണ് ധർമശാസ്ത്ര കർത്താക്കളും ഇതിഹാസ പുരാണപാഠങ്ങളും ധർമം എന്ന് നിർവചിക്കുന്നതും വ്യാഖ്യാനിക്കുന്നതും.

ഹിന്ദുത്വത്തിൻറെ സമർത്ഥനം 


ധർമം ധർമം എന്ന് പറയുന്നത് വർണാശ്രമ ധർമത്തെ ഉദ്ദേശിച്ചാണെന്ന് 1950 ജനുവരിയിൽ സഹോദരൻ അയ്യപ്പൻ ശിവഗിരിയിൽ നടന്ന പ്രഭാഷണത്തിൽ ഊന്നിപ്പറയുന്നുണ്ട്. ഇന്ത്യയിൽ ഏഴെട്ടു കോടി ജനങ്ങളെ അധഃകൃതരാക്കിയത് ഈ വർണാശ്രമ ധർമമെന്ന നിഷ്ഠുര ധർമമാണെന്നും 1934ൽ കേരളത്തിലെത്തിയ ഗാന്ധിക്ക് സമർപ്പിച്ച മംഗള പത്രത്തിലും സഹോദരൻ സ്പഷ്ടമാക്കി. മറ്റുള്ള മനുഷ്യരെ താണവരാക്കി നിർത്തുന്ന സ്വാർഥതയുടെ ഇരിപ്പിടമായ, ബ്രാഹ്മണർ പണിത മതമാണ് സനാതന ധർമമെന്നും വർണാശ്രമ ധർമമെന്നും മറ്റും അറിയപ്പെടുന്നതെന്നും സഹോദരൻ 'പരിവർത്തനം' എന്ന കവിതയിൽ കുറിച്ചു (ദുർഭാഗ സ്ഥിതിക്കൊക്കെയേകമാം നിദാനമായ് ഹൈന്ദവമാം മതം, സനാതന ധർമം, പിന്നെ / വർണാശ്രമ ധർമമെന്നീവകപ്പേരുകളാൽ/അറിയപ്പെടുന്നതു ദുർജ്ഞേയം നരനിന്ദാ ന്നിയമം, പരസ്യമാം ജനവഞ്ചനാ ശ്രമം).'ജാതിയെ വിധിക്കുന്നു, ജാതിയെ സ്ഥാപിക്കുന്നു/ജാതിയാൽ നിന്നീടുന്നു ജാതി താൻ ഹിന്ദുമതം' എന്നും സഹോദരൻ എഴുതി. 'ബോധമുള്ളവർ ഹിന്ദുത്വത്തെ പേറുമോ?' എന്നും സഹോദരൻ പരിവർത്തനത്തിൽ ചോദ്യമുന്നയിക്കുന്നുണ്ട്.

സനാതന ധർമം എന്ന് വ്യവഹരിക്കുന്ന ധർമവ്യവസ്ഥ തനി ജാതിഹിംസാ അസമത്വ വ്യവസ്ഥയാണെന്ന് വളരെ മുൻപേ തന്നെ ഉദ്‌ഘോഷിച്ച സമുന്നതനായ ശ്രീനാരായണ ശിഷ്യനാണ് സഹോദരൻ അയ്യപ്പൻ.ജാതി നശിക്കുന്നതിന് സ്വീകരിക്കേണ്ട ഫലപ്രദ മാർഗം എന്താണെന്ന് അന്വേഷിച്ച ഡോ. അംബേദ്‌കറുടെ സഹപ്രവർത്തകനും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റുമായ ഗേയ്ക്കുവാദിനോട് സഹോദരൻ പറഞ്ഞ മറുപടി 'ലിക്വിഡേറ്റ് ഹിന്ദുയിസം' എന്നായിരുന്നു. 'ഏതൊരു യുക്തിചിന്തയെയും നിഷേധിക്കുന്ന ധാർമികതയുടെ ഏതൊരു ഭാഗവും നിഷേധിക്കുന്ന വേദങ്ങളും ശാസ്ത്രങ്ങളും ഡൈനാമിറ്റ് വച്ച് തകർക്കണം' എന്ന് ജാതി ഉന്മൂലനത്തിൽ ഡോ. അംബേദ്‌കർ എഴുതിയതിന് കാരണം ജാതി ഹിംസാ ശ്രേണീവ്യവസ്ഥയുടെ പരിപാലനത്തിന്റെ പ്രമാണങ്ങൾ വേദങ്ങളും ധർമശാസ്ത്രങ്ങളും ആയതിനാലാണ്.

രാമാദികളുടെ കാലത്തായിരുന്നുവെങ്കിൽ തനിക്ക് ശംബൂകന്റെ ഗതിയാകുമായിരുന്നു എന്ന് ഖണ്ഡിതമായി പ്രഖ്യാപിച്ച നാരായണ ഗുരു, ജാതി തന്നെയാണ് സനാതന ധർമം എന്ന് തിരിച്ചറിഞ്ഞിരുന്നു.ഇന്ത്യ കണ്ട കൊടിയ ഹിംസാവ്യവസ്ഥയായ ഈ സനാതന പാരമ്പര്യ വ്യവസ്ഥക്കെതിരായാണ് നാരായണ ഗുരുവും പെരിയാറും ഡോ. ബി.ആർ അംബേദ്ക്കറും സഹോദരൻ അയ്യപ്പനും നിലകൊണ്ടത്.സനാതനത്വത്തിന്റെ മഹത്വം പാടി ജാതിമൂല്യ വ്യവസ്ഥയെ ഊട്ടിയുറപ്പിക്കാൻ ബ്രാഹ്മണ്യം ഹിംസാ താണ്ഡവമാടുമ്പോൾ സനാതന ധർമത്തെ സധൈര്യം വിമർശിക്കുകയും സമ്പൂർണമായി കൈയൊഴിയാൻ അടിത്തട്ട് സമൂഹങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്ത ഗുരുവും സഹോദരനും പെരിയാറുമാണ് നമ്മുടെ വഴിവിളക്കുകൾ. ബ്രാഹ്മണ്യ ഹിന്ദുത്വത്തിന്റെ ഭീകരാക്രമണങ്ങളെ അൽപമാത്രം പോലും പരിഗണിക്കാതെ സനാതന ധർമത്തെ സമ്പൂർണമായി തിരസ്കരിച്ച് തന്റെ ലക്ഷക്കണക്കിന് അനുയായികളുമായി ബുദ്ധമതം സ്വീകരിച്ച ഡോ. ബി.ആർ. അംബേദ്‌കറും കൂട്ടരുമാണ് നമ്മുടെ യഥാർത്ഥ വഴികാട്ടികൾ.

(കടപ്പാട്: സുപ്രഭാതം)