ഇന്ത്യന്‍ സാന്നിധ്യം ശ്രദ്ധേയമായ ദാവോസ് ഇക്കണോമിക് ഫോറം


JANUARY 31, 2023, 10:04 AM IST

മുജീബ് റഹ്മാൻ കരിയാടൻ

 ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ശ്രദ്ധിച്ച ഒരുകാര്യം ഇന്ത്യയുടെ ശ്രദ്ധേയ സാന്നിധ്യമാണ്. ചൈനയെയും സാമ്പത്തികരംഗത്ത് മുന്നേറിയ മറ്റ് രാജ്യങ്ങളെയും  പോലെ ഇന്ത്യയും ഏറെ വലിയ പങ്കാണ് ദാവോസ് സമ്മേളനത്തിൽ വഹിച്ചത്. സാങ്കേതിക ഭീമന്മാരും കള്‍സള്‍ട്ടിംഗ് ഗ്രൂപ്പുകളും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെടുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിൽ ആ നിലയ്ക്ക് ശ്രദ്ധിക്കപെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദാവോസിലെ പ്രധാന വേദികളിലെല്ലാം ഇന്ത്യന്‍ ആധിപത്യമാണ് ഇത്തവണ കാണാനായത്. രാഷ്ട്രീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖരുമായി സംവദിക്കാന്‍ എട്ട് സ്റ്റോര്‍ ഫ്രണ്ടുകളെങ്കിലും ഇന്ത്യയ്ക്കുണ്ടായിരുന്നു. 

ഓരോ പത്തു ചുവടുകള്‍ക്കുള്ളിലും തങ്ങളോ സംസ്ഥാന സര്‍ക്കാരോ സ്വകാര്യ സ്ഥാപനമോ ഉണ്ടാകുമെന്നാണ് ഇക്കാര്യത്തെ കുറിച്ച് ദേശീയ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയുടെ സി ഇ ഒ ദീപക് ബഗ്ല പറഞ്ഞത്. അത്രയേറെ ഇന്ത്യന്‍ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാകണം ഒരു നിക്ഷേപകന്‍ 'ലിറ്റില്‍ ഇന്ത്യ' എന്നുപോലും സമ്മേളനവേദിയെ  വിശേഷിപ്പിച്ചതായി ബഗ്ല പറഞ്ഞു.2023ൽ ലോകം ഒരു ആഗോള സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥയെയും പോലെ ഏറ്റവും മികച്ച പ്രകടനം രാജ്യം രേഖപ്പെടുത്തുമെന്നാണ് ഏവരും  പ്രതീക്ഷിക്കുന്നത്. ലോകബാങ്ക് 6.6 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയ്ക്ക് കണക്കാക്കുന്നത്.

അമേരിക്ക കേവലം 0.5 ശതമാനവും ചൈന 4.3 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്ന സ്ഥാനത്താണിത്.സാമ്പത്തിക മുന്നേറ്റത്തിന്റെ വേഗത നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ 2026-ല്‍ ഇന്ത്യ ജര്‍മ്മനിയെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നാണ് കരുതുന്നത്. 2032-ല്‍ ജപ്പാനെ മൂന്നാം സ്ഥാനത്തുനിന്നും പിന്തള്ളുകയും 2035-ഓടെ 10 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ജി ഡി പിയുള്ള മൂന്നാമത്തെ രാജ്യമാകുകയും ചെയ്യുമെന്നാണ് കേന്ദ്രം പറയുന്നത്. ലോകത്തിലെ അഞ്ചാമത് സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ നിലവിലെ വലുപ്പം 3.5 ട്രില്യന്‍ ഡോളറാണ്.നിക്ഷേപവുമായി ബന്ധപ്പെട്ട പ്രധാന സംഗതികള്‍ ജിയോപൊളിറ്റിക്സുമായി ചേര്‍ന്നു നില്‍ക്കുന്നുണ്ട്.

പാശ്ചാത്യ ബിസിനസ്സ് സ്ഥാപനങ്ങള്‍ ഏറ്റവും സമീപത്തുള്ളവരുമായി അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് വിതരണ ശൃംഖലയില്‍ കുറവു വരുത്തുകയും സമാനമൂല്യങ്ങളുള്ള രാജ്യങ്ങളുമായി സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അങ്ങനെയാണ് ചൈനയ്ക്ക് വ്യക്തമായ ബദലായി അവതരിപ്പിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന ചൈനയുടെ സ്ഥാനത്തെ ഇന്ത്യ ഇതിനകം തന്നെ മറികടന്നു കഴിഞ്ഞു.ചൈന ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വൈവിധ്യവത്കരിക്കാന്‍ ശ്രമം നടക്കുന്നതിനാല്‍ നിരവധി ബിസിനസുകളും കമ്പനികളും ഇന്ത്യയെ ഒരു നിക്ഷേപ കേന്ദ്രമായി പ്രതീക്ഷിക്കുന്നുണ്ടെന്നാണ് തനിക്ക് മനസ്സിലാകുന്നതെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ് പറയുന്നു.ഉയര്‍ന്ന പലിശനിരക്ക്, പണപ്പെരുപ്പം, യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടങ്ങിയവയെല്ലാം ലോകത്തെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നാണ് കരുതുന്നത്. ആഗോളസമ്പദ് വ്യവസ്ഥയുടെ ഉത്കണ്ഠയില്‍ നിന്നും ഇന്ത്യയ്ക്കും പൂര്‍ണമായ മോചനവും പ്രതീക്ഷിക്കുന്നില്ല.എങ്കിലും കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന ബാഹ്യപരിതസ്ഥിതിയില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് ലോകബാങ്ക് കണ്‍ട്രി ഡയറക്ടര്‍ അഗസ്റ്റെ ടാനോ കൊവാമെ ഡിസംബറില്‍ പറഞ്ഞത്.

ഇതൊക്കെയാണെങ്കിലും പ്രതികൂലമായ ആഗോള സംഭവവികാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തുടര്‍ച്ചയായ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം വിശദമാക്കുന്നു.കഴിഞ്ഞ വര്‍ഷം ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 11 ശതമാനം ഇടിഞ്ഞത് ഇറക്കുമതി കൂടുതല്‍ ചെലവേറിയതാക്കുകയും സര്‍ക്കാറിന്റെ ധനശേഖരത്തിൽ  സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. വിദേശത്തു നിന്നുള്ള നിക്ഷേപത്തിനും തിരിച്ചടി നേരിട്ടു. 2022 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വരവ് 2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനം കുറഞ്ഞു.എന്നാല്‍ പിന്നീട് നിക്ഷേപകര്‍ രാജ്യത്ത് വലിയ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ ഊര്‍ജമന്ത്രി ആര്‍ കെ സിംഗ് പറയുന്നത്.

തനിക്ക് നിക്ഷേപം ചോദിക്കേണ്ടി വന്നില്ലെന്നും കൂടുതല്‍ നിക്ഷേപം എത്തിയതായും അദ്ദേഹം പറഞ്ഞു. ഈ ആത്മവിശ്വാസമാണ് ഇന്ത്യ ദാവോസില്‍ പ്രകടിപ്പിച്ചത്. 1.37 ട്രില്യണ്‍ രൂപയുടെ (16.8 ബില്യണ്‍ ഡോളര്‍) പ്രാഥമിക കരാറുകളില്‍ അവിടെ വച്ച്  ഒപ്പുവച്ചതായി ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനവും 120 മില്യണ്‍ ജനങ്ങള്‍ താമസിക്കുന്നതുമായ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറയുന്നത് അതുകൊണ്ടാണ്.ഓട്ടോ സിസ്റ്റം നിര്‍മ്മാതാക്കളായ ബെല്‍റൈസ് ഇന്‍ഡസ്ട്രീസുമായും ടെസ്ല ഓഫ് ടു വീലര്‍ എന്നു വിളിക്കപ്പെടുന്ന തായ്‌വാനിലെ ഗോഗോറോയുമായും ബാറ്ററി സ്വാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപിക്കുന്നതിനുള്ള രണ്ടര  ബില്യണ്‍ ഡോളറിന്റെ ധാരണാപത്രമായിരുന്നു  ഉയര്‍ന്ന ഇടപാടുകളിലൊന്ന്.

ഇന്ത്യ കമ്പനിയുടെ 'പ്രാഥമിക വളര്‍ച്ചാ വിപണി'യാണെന്നാണ് ഗൊഗോറോ സി ഇ ഒ ഹോറസ് ലൂക്ക് പറയുന്നത്.നിക്ഷേപകരിലേക്കുള്ള ഇന്ത്യയുടെ സഞ്ചാരത്തെ പലപ്പോഴും സാമ്പത്തിക വിദഗ്ധര്‍ രാജ്യത്തിന്റെ 'ജനസംഖ്യാ ലാഭവിഹിതം' എന്നാണ് വിളിക്കുന്നത്. രാജ്യത്ത് 900 ദശലക്ഷത്തിലധികം ആളുകള്‍ അധ്വാനിക്കുന്ന പ്രായത്തിലുള്ളവരാണ്, അടുത്ത ദശകത്തില്‍ ഇത് ഒരു ബില്യണിലധികം വരും. ഈ തൊഴിലാളികളില്‍ പലരും സംരംഭകത്വമുള്ളവരും ഇംഗ്ലീഷ് സംസാരിക്കുന്നവരും ഡിജിറ്റല്‍ സാക്ഷരതയുള്ളവരുമാണെന്ന് ഇന്ത്യന്‍ കമ്പനിയായ ആദിത്യ ബിര്‍ള ഗ്രൂപ്പിലെ ചീഫ് ഇക്കണോമിസ്റ്റ് ഇള  പട്നായിക് പറഞ്ഞു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍ അവര്‍ ഗണ്യമായ ഒരു ആസ്തിയാണ്.2070-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തില്‍ എത്താനുള്ള പദ്ധതികളും 2030-ഓടെ ഇന്ത്യയുടെ ഊര്‍ജ മിശ്രിതത്തിന്റെ 50 ശതമാനം പുനരുപയോഗം ചെയ്യാനുള്ള പദ്ധതികളും ഹരിത നിക്ഷേപത്തിന്റെ തരംഗത്തിന് തുടക്കമിട്ടിട്ടുണ്ട്.

ചൈനയ്ക്ക് പിന്നില്‍ ഇന്ത്യ കല്‍ക്കരിയുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവായി തുടരുമ്പോഴും ഹരിത ഹൈഡ്രജന്‍ ഉത്പാദനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്.ആഗോളവിതരണ രംഗത്തെ ബുദ്ധിമുട്ടുകള്‍, ബീജിംഗിന്റെ പ്രതികരണത്തിലെ കാഠിന്യം, റഷ്യയുടെ ജിയോപൊളിറ്റിക്കല്‍ രീതികളുമായി ബന്ധപ്പെട്ട് ചൈനയുടെ തായ്‌വാനെതിരെയുള്ള ഭീഷണി ഇവയെല്ലാം ചൈനയ്‌ക്കെതിരാവുകയും ഇന്ത്യയ്ക്ക് അനുകൂലമാവുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ഒരു ജനാധിപത്യവുമായി ചങ്ങാത്തം കൂടാന്‍ ആഗ്രഹിക്കുന്നുവെന്ന് ലോകം മനസ്സിലാക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നുവെന്നാണ് ഇള പട്നായിക് പറഞ്ഞത്.ലോകത്തിന്റെ പുനഃക്രമീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ബൈഡന്‍ ഭരണകൂടം ആഗ്രഹിക്കുന്നുണ്ട്.  അമേരിക്കയിലെ ഏറ്റവും വലിയ കമ്പനി ആപ്പിള്‍ കൂടുതല്‍ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. 

ഇത്തരത്തില്‍ ഉയര്‍ന്നുവരുന്ന മാനസികാവസ്ഥ പ്രാഥമികമായോ പ്രത്യേകമായോ ഇന്ത്യയ്ക്ക് പ്രയോജനപ്പെടുമെന്ന അര്‍ഥമൊന്നുമില്ല. ഇലക്ട്രോണിക്സ് നിര്‍മാണത്തില്‍ കൂടുതല്‍ നിക്ഷേപിക്കുകയും വളരെ കുറഞ്ഞ വേതനം നല്‍കുകയും ചെയ്യുന്ന വിയറ്റ്നാം മറ്റൊരു സാധ്യതയായി നിലനില്‍ക്കുന്നുണ്ട്. യന്ത്രഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും പൂര്‍ത്തിയായ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുമുള്ള നിര്‍മാതാക്കളുടെ അപകട സാധ്യതകള്‍ ചൈനയ്ക്കാണ് താരതമ്യേന കുറവ്. എന്നാല്‍ ഇന്ത്യന്‍ ബിസിനസ് രംഗത്തുള്ളവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങള്‍ക്ക് ലഭിച്ച അവസരം പരമാവധി ഉപയോഗപ്പെടുത്തുമെന്ന നിശ്ചയത്തിലാണ്