ചൂടിൽ പിടയുന്ന നമ്മൾ 


SEPTEMBER 19, 2022, 1:13 PM IST

ലണ്ടൻ: യൂറോപ്പില്‍ ഉഷ്‌ണതരംഗം ആഞ്ഞുവീശുകയാണ്. ഭൂമി കത്തും പോലെയാണ് പലയിടത്തും അനുഭവപ്പെടുന്നത്. ട്രാഫിക് സിഗ്നലുകൾ ഉരുകിവീഴുന്ന തരത്തിലുള്ള ചൂട്. ഇംഗ്ലണ്ട്, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെല്ലാം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഉഷ്‌ണതരംഗത്തിന്റെ പിടിയിലായിരുന്നു. അമേരിക്കയിലാകട്ടെ കാലിഫോണിയ പോലെയുള്ള ഇടങ്ങളിൽ കാട്ടുതീ ഒരു നിരന്തര അനുഭവമായി മാറിയിരിക്കുന്നു.

ഇംഗ്ലണ്ടിൽ ജൂലൈയിൽ രേഖപ്പെടുത്തിയത് 40 ഡിഗ്രി ചൂടാണ്. ഫ്രാൻസിൽ അത് 45 ഡിഗ്രി വരെ ഉയർന്നു. കഴിഞ്ഞ 200 വർഷമായി അനുഭവപ്പെട്ടിട്ടില്ലാത്ത അത്ര ചൂടാണ് ഇന്ന് യൂറോപ്പ് അനുഭവിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഉത്തരധ്രുവം പൊതുവിൽ ചൂടാകുന്നു എന്നാണ് ഇത് കാട്ടുന്നത്. ഇത്തരം കാലാവസ്ഥയെ നേരിടുന്നതിനുള്ള സംവിധാനമൊന്നും യൂറോപ്യന്‍ നഗരങ്ങളില്ല. വീടുകളില്‍ എയര്‍ കണ്ടീഷണറുകള്‍ (എ സി) സ്ഥാപിക്കുന്ന പതിവ് യുറോപ്പിലില്ല. പൊതുഗതാഗത സംവിധാനങ്ങളിലും എസിയില്ല.ചരിത്രപരമായി തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന ഭൂഖണ്ഡമാണ് യൂറോപ്പ്.ചൂടില്‍ റെയില്‍ പാതകള്‍ കുരുങ്ങിപ്പോയേക്കാനുള്ള സാധ്യതയെക്കുറിച്ച് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ആള്‍ക്കാര്‍ ഭൂഗര്‍ഭ മെട്രോയെ ആശ്രയിച്ചു.

ഷര്‍ട്ടിടാതെയുള്ള ഒരു യാത്രക്കാരന്റെയും കയ്യില്‍ക്കൊണ്ടു നടക്കുന്ന ഫാനുമായി പോകുന്ന മറ്റൊരു യാത്രക്കാരന്റെയും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പരിതാപകരമായ അവസ്ഥയെയാണ് അതുയര്‍ത്തിക്കാട്ടിയത്.യൂറോപ്പില്‍ എസി യുള്ള വീടുകള്‍ 5%ത്തില്‍ കുറവാണ്. യുഎസില്‍ 90% ത്തിലധികം വീടുകളിലും എസിയുണ്ട്. എന്നാല്‍ അടുത്ത മൂന്നു ദശകങ്ങള്‍ക്കുള്ളില്‍ സ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി ( ഐ എ ഇ എ) പറയുന്നത്. ആഗോള തലത്തില്‍ വൈദ്യുതിയുടെ ആവശ്യം ഏറ്റവും കൂടുതലുള്ള ഒന്നായി എസിയുടെ ഉപയോഗം മാറും.അത്തരമൊരു മാറ്റം ലോകത്ത് അനേകം പേര്‍ക്ക് കൂടുതല്‍ സുഖവും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കുമെങ്കിലും അത് അതിന്റേതായ പ്രശ്‌നങ്ങളുണ്ടാക്കും.

എ സി യൂണിറ്റുകള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുകയും ചൂട് വാതകം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുകയും ചെയ്യും. അത് പുറത്തുള്ള ചൂട് വര്‍ധിപ്പിക്കും. എ സി യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന ശീതീകരണ ഘടകങ്ങള്‍ ആഗോള താപനിലയും വര്‍ധിക്കുന്നതിനിടയാക്കുമെന്നതാണ് അതിലും വഷളായ കാര്യം.ലോകത്തിപ്പോള്‍ 1.6 ബില്യണ്‍ വൈദ്യുത എസി കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2050 ആകുമ്പോഴേക്കും അവയുടെ എണ്ണം  മൂന്നിരട്ടിയായി വര്‍ദ്ധിക്കുമെന്നും കണക്കാക്കപ്പെടുന്നു. ശീതീകരണ യന്ത്രങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങള്‍ കാരണം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും   ആഗോള താപ നിലയില്‍ 0.5 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവുണ്ടാക്കുമെന്നാണ് റോക്കി മൗണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നത്.നമ്മുടെ പരിസ്ഥിതിക്ക് ഇതുണ്ടാക്കുന്ന ആഘാതങ്ങള്‍ കണക്കിലെടുത്തുകൊണ്ടുതന്നെ കെട്ടിടങ്ങളേയും തെരുവുകളെയും മനുഷ്യരെയും തണുപ്പിക്കുന്നതിനുള്ള മറ്റു മാര്‍ഗങ്ങള്‍ ആരായുകയാണ് നഗര വികസന ആസൂത്രകര്‍.കൂടുതല്‍ ഉദ്യാനങ്ങളും ഹരിത മേല്‍ക്കൂരകളൂം ഭിത്തികളില്‍  ഘടിപ്പിക്കുന്ന ചെടികളും കുറച്ച് ആശ്വാസം നല്‍കും.

നഗരങ്ങളിലെ ഹരിത പ്രദേശങ്ങളില്‍ അന്തരീക്ഷ താപനില ചുറ്റിനുമുള്ള തെരുവുകളുടേതിനെക്കാള്‍ 15  മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവായിരിക്കുമെന്നും അത് പൊതുവില്‍ താപനില 2 മുതല്‍ 8 ഡിഗി സെല്‍ഷ്യസ് വരെ താപനില കുറക്കുമെന്നുമാണ് യുകെ ഹൌസ് ഓഫ് കോമണ്‍സിന്റെ പരിസ്ഥിതി ഓഡിറ്റ് കമ്മിറ്റി പറയുന്നത്.വെള്ളത്തിന്റെ ഉപയോഗമാണ് മറ്റൊരു മാര്‍ഗം. അന്തരീക്ഷത്തില്‍ വെള്ളം ചീറ്റിക്കുകയും (മിസ്റ്റ്  ഷവര്‍), ജലധാരകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയും ചൂട് കുറയ്ക്കും.മേല്‍ക്കെട്ടികള്‍, വിരി പന്തലുകള്‍, പോര്‍ട്ടിക്കോ മറകള്‍ എന്നിവയും വെളിച്ചം ഉള്ളിലേക്ക് കടക്കുന്നത് തടഞ്ഞുകൊണ്ട് സൂര്യന്റെ ചൂട് കുറക്കാന്‍ സഹായിക്കും. തുറന്ന  ഇടനാഴികള്‍, വായു ഉള്ളിലേക്ക് കടക്കും വിധമുള്ള മേല്‍ക്കൂരകള്‍, പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണം , കെട്ടിടത്തിന്റെ ദിശ എന്നിവയെല്ലാം വായു സഞ്ചാരം കടത്തിവിടുന്നതിനുള്ള  ബദല്‍ മാര്‍ഗങ്ങളാണ്.ഇതിനെല്ലാം കൂടുതല്‍ പുതുമയാര്‍ന്ന നിര്‍മ്മാണ രീതികള്‍ സ്വീകരിക്കണം.

ലണ്ടന്‍ ആസ്ഥാനമായുള്ള നിര്‍മ്മാണ സ്ഥാപനമായ എ എച്ച് ആര്‍ അബുദാബിയില്‍ ഒരു അംബര ചുംബിയായ ഒരു കെട്ടിടം നിര്‍മ്മിച്ചത്  ഒരു ദിവസം സമയത്തിനനുസൃതമായി രൂപമാറ്റം സംഭവിക്കുന്ന ഡൈനാമിക് ഫ്‌ളവര്‍-ഷേയ്പ്ഡ് ഷട്ടറുകള്‍ ഉപയോഗിച്ചാണ്. സൂര്യന്റെ സഞ്ചാരമനുസരിച്ചാകും അതിന്റെ സ്‌ക്രീനുകള്‍ നിവരുന്നതും ചുരുളുന്നതും. അതിനാല്‍ ഉള്ളിലേക്ക് പ്രവഹിക്കുന്ന സൂര്യതാപത്തിന്റെ  50% ത്തോളം പ്രതിഫലിപ്പിച്ചു കളയുന്നു. അതിനാല്‍ കൃതൃമമായ എയര്‍ കണ്ടീഷനിംഗ് ആവശ്യകത വളരെ കുറയുന്നു.ഊര്‍ജ്ജം വളരെ ലാഭിക്കുന്ന പ്രകൃതിയിലധിഷ്ഠിതവും എസി യൂണിറ്റുകള്‍ അധികപ്പറ്റാക്കുന്നതുമായ നിര്‍മ്മാണ രീതികള്‍ പുതിയതൊന്നുമല്ല. 20ആം നൂറ്റാണ്ടിനു മുമ്പുതന്നെ ഇത് നിലവിലുണ്ടായിരുന്നു. സ്പാനിഷ് ഫാം ഹൗസുകള്‍ മുതല്‍ ചൈനീസ് ഗ്രാമീണ വസതികള്‍വരെയുള്ളവയില്‍ ഈ നിര്‍മ്മാണ രീതികള്‍ വളരെ പ്രകടമാണ്.യു എസ് എഞ്ചിനീയര്‍ ആയിരുന്ന വില്‍സ് ഹവിലന്‍ഡ് കാരൃര്‍ 1902ല്‍ എ സി കണ്ടു പിടിച്ചതോടെയാണ് പ്രകൃതിയോടിണങ്ങിയ നിര്‍മ്മാണ രീതികള്‍ അപ്രത്യക്ഷമായി തുടങ്ങിയത്. ഇന്ന് ഐ എ ഇ എ യുടെ കണക്കുകള്‍ പ്രകാരം ആകെയുള്ള വൈദ്യുതി ഉപഭോഗത്തിന്റെ 37 ശതമാനവും ശീതീകരണ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഈ നൂറ്റാണ്ടിന്റെ പകുതിയാകുമ്പോഴേക്കും എസിക്കായുള്ള വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി വര്‍ദ്ധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലോകത്ത് വളരെ അവികസിതമായ രാജ്യങ്ങളിലാണ് എസികള്‍ ഉപയോഗിക്കുന്നത് വളരെ വര്‍ധിക്കുന്നത്. അവയെല്ലാം വളരെ ചൂട് കൂടിയ രാജ്യങ്ങളുമാണ്. 25  ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയ താപനിലയുള്ള പ്രദേശങ്ങളിലാണ് ലോക ജനസംഖ്യയുടെ 2.8 ബില്യണ്‍ പേരും പാര്‍ക്കുന്നത്. അവരില്‍ 10 ശതമാനത്തില്‍ കുറച്ചുപേര്‍ക്ക്  മാത്രമാണിപ്പോള്‍ എസി യൂണിറ്റുകള്‍ ഉള്ളത്. 2050 ആകുമ്പോഴേക്കും അത് 75 ശതമാനം ആയി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന വിഭാഗമാണവര്‍.കഴിഞ്ഞ വർഷം യുഎന്നില്‍ നിന്നും വളരെ ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരു 'കാലാവസ്ഥാ വര്‍ണ്ണ വിവേചനം' (ക്ലൈമറ്റ് അപാര്‍തീഡ് ) നിലവില്‍ വരുമെന്നാണ് അതില്‍ പറയുന്നത്. താപനില ഉയരുന്നതനുസരിച്ച് ശീതീകരണ സംവിധാനങ്ങളിലൂടെ സ്വയം സംരക്ഷിക്കാന്‍ കഴിയുന്ന സമ്പന്നരും അതിനുള്ള ചിലവുകള്‍ താങ്ങാന്‍ കഴിയാത്ത പാവപ്പെട്ടവരും തമ്മിലുള്ള വിവേചനമായിരിക്കുമത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാന്‍  കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള 2015ലെ പാരീസ് ഉടമ്പടിയില്‍ പറയുന്ന കാര്യങ്ങള്‍ മാത്രം മതിയാകില്ലെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു.യുറോപ്പിലെമ്പാടും കഴിഞ്ഞ മാസങ്ങളിൽ സൂര്യതാപം അനുഭവപ്പെട്ട ജനങ്ങള്‍ സൃഷ്ടിപരമായ ശീതീകരണ പരിഹാര മാര്‍ഗങ്ങളാണ് തേടുന്നത്. എയര്‍ കണ്ടീഷനിങ് കൂടാതെ തന്നെ സൂര്യതാപത്തെ ചെറുക്കുന്നതിനുള്ള നപടികള്‍ പല രാജ്യങ്ങളും സ്വീകരിക്കുന്നു.2003ലെ സൂര്യാതപം (മരണത്തിന് പോലും കാരണമായേക്കാവുന്ന ഹീറ്റ് സ്ട്രോക്ക്) ഫ്രാന്‍സില്‍ മാത്രം 14000  പേരുടെ ജീവനപഹരിക്കുകയുണ്ടായി. അത്തരം ജീവനഷ്ടം ഇനിയും സംഭവിക്കാതിരിക്കാനുള്ള പദ്ധതികളാണ് ഭരണാധികാരികള്‍ ആവിഷ്‌കരിക്കുന്നത്.പാരിസില്‍ അതിനു ശേഷം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ചില പദ്ധതികള്‍ നടപ്പാക്കുകയുണ്ടായി. മുനിസിപ്പല്‍ കെട്ടിടങ്ങളില്‍ പൊതു ശീതീകരണ മുറികള്‍ ഉണ്ടാക്കുകയും തെരുവുകളില്‍ ജലധാരകള്‍ സ്ഥാപിക്കുകയും ഉദ്യാനങ്ങളും നീന്തല്‍ക്കുളങ്ങളും കൂടുതല്‍ സമയം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. കൂടുതല്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചാണവരിപ്പോള്‍ ആലോചിക്കുന്നത്.