മോഡിക്കും ബിജെപിക്കും ബദലില്ലേ


JANUARY 10, 2022, 11:01 AM IST

കെ. മുജീബ് റഹ്മാൻ കരിയാടാൻ

 ഇന്ത്യയില്‍ ഇന്ന് ആവർത്തിച്ച് കേള്‍ക്കുന്ന വാചകം ഇതാണ്: 'മോഡിക്കും ബിജെപിക്കും ബദലില്ല'. മോദി സര്‍ക്കാറിന്റേയും ബിജെപിയുടേയും ഭാവിയെ കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നുവരുമ്പോഴാണ് ഈ വാചകം സാധാരണയായി കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കാറുള്ളത്. ചിലര്‍ മോഡിയോടൊപ്പം മറ്റു ചില പേരുകള്‍ കൂടി പറഞ്ഞേക്കാം. മറ്റു ചിലരാകട്ടെ ഏതാനും സംസ്ഥാനങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടേക്കാമെന്ന് സമ്മതിക്കാന്‍ തയ്യാറാണ്. എന്നാല്‍ ദേശീയ തലത്തില്‍ ഒരു ബദലില്ലെന്ന വാക്കുകള്‍ കോറസായി തൊട്ടുപിന്നാലെ വരും.

ഇതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളെല്ലാം പലപ്പോഴും നഴ്‌സറിപ്പാട്ടു പോലെയാണെന്നതാണ് നേര്. പ്രധാനമന്ത്രി ഭിന്നിപ്പിന്റെ വിത്ത് വിതക്കുകയും വിഷലിപ്തമായ ഏതു സംസാരത്തേയും സംരക്ഷിക്കുകയും പൊതുസമൂഹത്തെ ഏറ്റവും മോശമാക്കുകയും വിദ്വേഷം കെട്ടഴിച്ചു വിടുകയും ചെയ്യുന്നു. ഇതൊക്കെ തന്നെ അദ്ദേഹത്തെ ആ സ്ഥാനത്തിരിക്കാൻ അയോഗ്യനാക്കുന്നില്ലേ എന്ന ചോദ്യമുയരുമ്പോഴേക്ക് അനുപല്ലവിയില്‍ 'പക്ഷെ ഒരു ബദലില്ല' എന്ന പ്രസ്താവന വന്നുകഴിയും!പാര്‍ലമെന്റിന്റെ പടിക്കെട്ടിൽ ചുംബിച്ചാണ് പ്രധാനമന്ത്രിയായതെങ്കിലും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മരണ ചുംബനമാണതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നിട്ടും അദ്ദേഹത്തിന് ബദലില്ലെന്ന രീതിയിലാണ് സംസാരം മുമ്പോട്ടു പോകുന്നത്. ശക്തമായ രാജ്യസുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും പ്രാദേശികമായ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തുന്ന പ്രധാനമന്ത്രിയായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. ചൈനയെ കുറിച്ച് പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും അനുവദിക്കാത്ത രീതിയില്‍ ആത്മവിശ്വാസത്തോടെ മുമ്പോട്ടു പോകുമ്പോഴും പറയുന്നത് ബദലില്ല എന്നുതന്നെയാണ്. ശക്തമായ ആഭ്യന്തര സുരക്ഷ വാഗ്ദാനം ചെയ്യുകയും അത് ഏറെക്കുറെ ഉറപ്പുവരുത്തുകുയം ചെയ്ത പ്രധാനമന്ത്രിയാണെന്ന് പറയുമ്പോള്‍ തന്നെയാണ് മിഷനറീസ് ഓഫ് ചാരിറ്റി, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പരിസ്ഥിതി വക്താക്കള്‍, വിവിധ മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയവരെയെല്ലാം വേട്ടയാടുന്നത്. രാജ്യം സുരക്ഷിതമാണെന്നും ബദലില്ലെന്നും പറയുന്നത് ഇതിനു പിന്നാലെയാണ്.

അതിര്‍ത്തി സംസ്ഥാനങ്ങളെല്ലാം സുരക്ഷിതമാക്കുമെന്നാണ് വാഗ്‌ദാനം ചെയ്തിരുന്നതെങ്കിലും ഒരു ദശാബ്ദത്തിലധികമായി പഞ്ചാബില്‍ നിരന്തരം അക്രമത്തിൻറെ തലയുയരുന്നുണ്ട്. വടക്കു കിഴക്കന്‍ മേഖലയില്‍ സമാധാനത്തിന്റെ നേട്ടങ്ങള്‍ തിരിച്ചു പിടിക്കുമെന്നു പറയുന്നുണ്ട്., പക്ഷെ അവിടെയും ;ആസ്ക;;വാസ്തതകൾ പടരുകയാണ്. കാശ്മീരിലാകട്ടെ ആഴത്തിലുള്ള അന്യവത്ക്കരണവും അടിച്ചമര്‍ത്തലും തുടരുകയും ചെയ്യുന്നുണ്ട്. പക്ഷേ, അപ്പോഴും അവരുടെ പതിവ് പല്ലവിക്ക് മാത്രം യാതൊരു മാറ്റവുമില്ല -- മോഡിക്ക് ബദലില്ല. ഓഹരി വിപണിയെ ഉയര്‍ത്തിയ പ്രധാനമന്ത്രിയാണ് ഇതെന്ന് പറയുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തെ എല്ലാ സര്‍ക്കാരുകളേയും പോലെ അദ്ദേഹത്തിന്റെ സര്‍ക്കാരും രണ്ട് പദ്ധതികള്‍ നന്നായി നിര്‍വഹിക്കുകയും ചെയ്തു.

പക്ഷേ ജനസംഖ്യയിലെ ഏറ്റവും ഉയര്‍ന്ന 10 ശതമാനമാണ് യഥാര്‍ഥത്തിൽ അഭിവൃദ്ധി പ്രാപിച്ചത്. 2003-09 കാലഘട്ടത്തിലെ എട്ട് ശതമാനം വളര്‍ച്ചാ നിരക്കില്‍ പോലും രാജ്യത്തിന് എത്താനായിട്ടില്ല. യുവാക്കളുടെ തൊഴിലില്ലായ്മ വര്‍ധിക്കുകയും ദാരിദ്ര്യവും അസമത്വവും ഇല്ലായ്മയും വർദ്ധിക്കുകയും ചെയ്യുകയാണ്. കയറ്റുമതി മിതമായ തോതിൽ മാത്രമാണ് ഉയരുന്നത്. മൊത്ത പണപ്പെരുപ്പവും ഉയരുന്നുണ്ട്. നവംബറിൽ മൊത്തവില സൂചിക 14.3 ശതമാനമായിരുന്നു. ഇത് 1991ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഏഴ് വര്‍ഷമായി ഭരണത്തില്‍ തുടരുമ്പോഴും ഇതെല്ലാം മുന്‍ സര്‍ക്കാറിന്റെ പിഴവാണെന്ന് കുറ്റപ്പെടുത്താനാണ് ശ്രമം. വാസ്തവത്തില്‍ യാതൊരു ബദലുമില്ലെന്ന് പിന്നേയും പറയുകായും ചെയ്യുന്നു. അഴിമതി കുറയ്ക്കുമെന്ന ഉറപ്പു നല്കിയ പ്രധാനമന്ത്രി മൂലധനം ചില കൈകളിൽ കേന്ദ്രീകരിക്കുമ്പോഴും ഓർവെലിയൻ ഭാഷയിൽ 'ചില മൂലധനം മറ്റുള്ളവയേക്കാള്‍ കൂടുതല്‍ തുല്യ'മാണെന്ന ഭാഷ്യമാണ് നല്കുന്നത്.

അഴിമതി കുറഞ്ഞെന്ന് വാദിക്കുകയും ഭരണം വളരെ കാര്യക്ഷമമാണെന്ന് പറയുകയും ചെയ്യുമെങ്കിലും ജനങ്ങളുമായി സംവദിക്കാനോ അവരെ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാൻ അനുവദിക്കാനോ തയ്യാറല്ലെന്ന് മാത്രം. അതുകൊണ്ടുതന്നെ ബദലില്ല എന്ന പല്ലവി പിന്നേയും ഉയരും. ഓരോ ഭരണഘടനാ സ്ഥാപനവും നശിക്കുന്നത് കാണുമ്പോഴും ബദലില്ലെന്ന പല്ലവി കേള്‍ക്കാനാവും. ധാര്‍മികവും ആത്മീയവുമായ പുനരുജ്ജീവനമുണ്ടാകേണ്ടതിന് പകരം ഹിന്ദു മതത്തിന്റെ ഇരുണ്ടതും വൃത്തികെട്ടതുമായ വര്‍ഗ്ഗീയ പ്രേരണകളെ കെട്ടഴിച്ചു വിടുകയാണ് സംഘപരിവാർ. പക്ഷേ, അപ്പോഴും എല്ലാവരും കേഴുന്നത് 'അയ്യോ, നമുക്ക് ബദലില്ലല്ലോ' എന്നാണ്.  ഒദ്യോഗിക വൃത്തങ്ങളുടെ അവകാശവാദങ്ങൾ അല്പനേരത്തേക്ക് മാറ്റിവച്ചിട്ട് നോക്കുക. അപ്പോൾ കാണാം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശാലമായ അന്തസ്സും അതിന്റെ സംസ്‌ക്കാരവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന്. ഒരുപക്ഷെ, നമ്മുടെ ഔദ്യോഗികശ്രേണികളിലുള്ളവർ നമ്മുടെ നേതാവിനെ വിശ്വസിപ്പിച്ചിരിക്കുന്നത് സ്വന്തം ജനങ്ങളെ എത്ര കൂടുതൽ ദ്രോഹിക്കുന്നുവോ അത്രകണ്ട് ആഗോളതലത്തിൽ ഇന്ത്യൻ ഓഹരികളുടെ വിലകൾ ഉയരുമെന്നാണ്. എന്നിട്ടും, കഷ്ടമെന്ന് തന്നെ പറയട്ടെ അവർ പറയുന്നത് ഒരു ബദല്‍ ഇല്ലെന്നാണ്. ഭരണകൂടം എല്ലാവരും വളരെ സുരക്ഷിതരാണെന്ന് നിരന്തരം അവകാശപ്പെടുകയും അതേസമയം തന്നെ ജനങ്ങളുടെ പ്രവൃത്തികളിലേക്ക് നിരന്തരം ഒളിഞ്ഞു നോക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്.

അപ്പോഴും കോറസ് നമ്മളോട് പി[ആരായുന്നത് 'ബദലില്ല' എന്ന സൂത്രവാക്യം തന്നെയാണ്. എല്ലാ പല്ലവികളേയും പോലെ ബദലില്ലെന്ന മുദ്രാവാക്യവും ഡീകോഡ് ചെയ്യേണ്ടതുണ്ട്. ചിലര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുകയോ സ്‌കീമുകളുടെ ഗുണഭോക്താക്കളാവുകയോ ചെയ്തിട്ടുണ്ടാവാം. എന്നാല്‍ സര്‍ക്കാറിനെതിരെയുള്ള ആരോപണങ്ങളെല്ലാം യഥാര്‍ഥ നേട്ടത്തേക്കാള്‍ എത്രയോ കൂടുതലാണ്. ചില മേഖലയില്‍ വിജയമുണ്ടായെന്ന് സമ്മതിച്ചാലും ആ വിജയമെല്ലാം രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രതിസന്ധികളുടെ നീണ്ട പട്ടികയ്ക്ക് മുമ്പില്‍ പതറുകയാണ്.പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളുടേയും കൂടി ഫലമായാണ് ബദലില്ല എന്ന കോറസിന്റെ ശക്തി വര്‍ധിക്കുന്നത്. മുന്‍കാല തെറ്റുകളുടെ ഭണ്ഡാരം ഒതുക്കിവെക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ഒരു വശത്ത് ഇന്ത്യ അസ്ഥിത്വ പ്രതിസന്ധി നേരിടുന്നുവെന്ന് പറയുമ്പോഴും മറുവശത്ത് അടിയന്തിര പ്രതിസന്ധിയില്ലെന്ന തോന്നിപ്പിക്കലുകളുണ്ടാവുന്നു. രാജ്യത്തെ രക്ഷപ്പെടുത്തുകയെന്ന അജണ്ടയില്‍ അവര്‍ ഒന്നിക്കുന്നില്ല. പാര്‍ട്ടികളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു.

പഴയ മുഖങ്ങള്‍ പുതിയവര്‍ക്കായി മാറിക്കൊടുക്കാന്‍ തയ്യാറാകുന്നില്ല.സമീപകാല ചരിത്രത്തിലെ ഓര്‍മക്കുറവിനെ മുന്‍നിര്‍ത്തിയാണ് ബദലിലല്ലെന്ന ആശയം മുന്നോട്ടു വരുന്നത്. സഖ്യരാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനക്ഷമത, പരിഷ്‌ക്കരണത്തിന്റെ സങ്കീര്‍ണതകള്‍, രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന സൂക്ഷ്മതന്തുക്കള്‍ തുടങ്ങിയവയെല്ലാം ഓര്‍മിക്കപ്പെടണം. ആഴത്തിലുള്ള വര്‍ഗ്ഗീയതയും അടിച്ചമര്‍ത്തലും നേരിടുന്ന ഒരു ജനാധിപത്യത്തില്‍ രാഷ്ട്രീയ മത്സരവും അധികാരത്തിന്റെ ചെറിയ വിഘടനവും തന്നെയാണ് ബദല്‍. ജനാധിപത്യം സുരക്ഷിതമാക്കാന്‍ അധികാരത്തിന്റെ കുറഞ്ഞ കേന്ദ്രീകരണവും കൂടുതല്‍ മത്സരവുമുണ്ടാകണം.പ്രതിപക്ഷത്തിന്റെ ഓരോ ഘടകവും പൂര്‍ണമായി സദ്ഗുണമുള്ളവരായിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ വ്യാപകമായ ഈ പല്ലവിക്കു പിന്നിലെ ചേതോവികാരമെന്തെന്ന് ചിന്തിക്കേണ്ടതുണ്ട്. 'ബദലില്ല' എന്ന പല്ലവി മൂന്ന് കാര്യങ്ങളുടെ ലക്ഷണമാകാനാണ് സാധ്യത.

രാഷ്ട്രീയത്തിന്റെ സൗന്ദര്യവത്ക്കരണം ഇന്ത്യയിലെ ഉന്നതരെ യാഥാര്‍ഥ്യബോധ്യമില്ലാത്ത ഒരിടത്ത് കുടുക്കിയിടുന്നു. അപകടങ്ങളെ ഒറ്റനോട്ടത്തില്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതോടൊപ്പം വീരാരാധയില്‍ കാര്യങ്ങളെ ലളിതമാക്കാനും ശ്രമങ്ങള്‍ നടത്തുന്നു.അല്ലെങ്കില്‍ ഒരുപക്ഷേ ബദലില്ല എന്നത് മംഗലഭാഷിതവുമാവാം. പരുഷമായ കാര്യങ്ങളെ മയത്തില്‍ പറയുന്നതിലൂടെ വര്‍ഗ്ഗീയ വിഷവും സ്വേച്ഛാധിപത്യ അടിച്ചമര്‍ത്തലും കൊണ്ട് ഞങ്ങള്‍ സുഖമായിരിക്കുന്നു എന്നു പറയുന്നതിന്റെ മറ്റൊരു മാര്‍ഗ്ഗമാണിത്. നിലവിലുള്ള അവസ്ഥ ദുരന്തത്തിലേക്ക് നീങ്ങുമ്പോള്‍ ബദലില്ല എന്നു പറയുന്നതിനര്‍ഥം ജനാധിപത്യത്തെ വെറുക്കുന്നു എന്നാണ്. ബദലില്ലാത്ത ജനാധിപത്യമെന്നാല്‍ മരിച്ച ജനാധിപത്യമെന്നാണര്‍ഥം. അത് തിരിച്ചറിയുന്നിടത്താവും യഥാർത്ഥ മാറ്റം സാധ്യമാവുക.