ഭീഷണിയുടെ നയതന്ത്രം 


JULY 3, 2020, 11:22 AM IST

(എഡിറ്റോറിയൽ ആർട്ടിക്കിൾ)

ലഡാഖിലുടനീളം സൈനികരെ വലിയ തോതിൽ അണിനിരത്തിക്കൊണ്ട് ചൈന ഒരു യുദ്ധ പ്രതീതി  സൃഷ്ടിക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയിൽ നിന്നും എന്താണവർ ആവശ്യപ്പെടുന്നത്? ഈ രണ്ട് ചോദ്യങ്ങളും എങ്ങനെ മനസ്സിലാക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കണം ഇന്ത്യയുടെ പ്രതികരണം. 

ഈ സംഭവ വികാസങ്ങൾ ചൈന വിദഗ്ധരുടെയും ഭൂരാഷ്ട്ര തന്ത്രജ്ഞരുടെയും സൈനിക ആസൂത്രകരുടെയും ഒരു വിശകലന വ്യവസായത്തിനുതന്നെ രൂപം നൽകിയതിൽ അത്ഭുതപ്പെടാനില്ല.സുങ് സുവും കൗടില്യനും മാക്കിയവെല്ലിയുമെല്ലാം ആ വിശകലനങ്ങളിലെ കഥാപാത്രങ്ങളായി മാറുന്നു. 

2000 വർഷങ്ങൾക്ക് മുമ്പ് ഉരുത്തിരിഞ്ഞ  തന്ത്രങ്ങളാണ് രണ്ടു വൻശക്തികളും പയറ്റുന്നത്. എതിരാളിയെ തളയ്ക്കാൻ അതിനെ മാത്രം ആശ്രയിക്കാൻ കഴിയില്ല. ഇന്ത്യക്കാർ ഇപ്പോഴും ചതുരംഗകളിയുടെ മനോഭാവത്തിലാണ്. ചൈനക്കാർ ' ഗോ' കളിക്കുന്നു.ചെസ്സ് ബോർഡിൽ  എതിർ രാജാവിനെ തളയ്ക്കുന്നതിൽ കേന്ദ്രീകരിച്ചാണ് എല്ലാനീക്കങ്ങളും. ' ഗോ' ബോർഡിൽ എതിരാളിയെ കീഴടക്കാൻ  പല കെണികളും  തടസ്സങ്ങളും ഒരുക്കുന്നതിലാണ് കളിയിലെ ചാതുര്യം. 

ഇന്ത്യൻ-ചൈനീസ് മനസുകളെ അടക്കി ഭരിക്കുന്ന സാംസ്കാരിക സമാനതകൾ ഏറെയുണ്ടെങ്കിലും അത്തരം സാമാന്യവൽക്കരണങ്ങൾക്കൊന്നും വിശദീകരിക്കാൻ കഴിയാത്ത പുതിയ സങ്കീർണ്ണതകൾ നിറഞ്ഞ വ്യവസ്ഥിതികളാണ് ഇന്ന് ഇന്ത്യയിലും ചൈനയിലുമുള്ളത്. പുതിയ യാഥാർഥ്യങ്ങളിലേക്കു കടന്നുചെന്നാൽ മുകളിലുന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് ന്യായമായ ഉത്തരങ്ങൾ കണ്ടെത്താൻ കഴിയും.

അപ്പോൾ ലഡാഖിൽ  ചൈനക്കാർ എന്താണാഗ്രഹിക്കുന്നത്?.

20ഓളം വർഷങ്ങൾക്ക്‌ മുമ്പ് പാകിസ്ഥാനെ എങ്ങനെയാണ് ഇന്ത്യ കൈകാര്യം ചെയ്തതെന്ന് ഓർക്കുക. ഇന്ത്യ അതിനായി സ്വീകരിച്ചത് ഭീഷണിയുടെ  നയതന്ത്രമായിരുന്നു. അതിനെ രണ്ടിനെയും  കൂട്ടിയിണക്കിയത്  ജസ്വന്ത് സിംഗോ അന്തരിച്ച ബ്രജേഷ് മിശ്രയോയാ ആകാം. ഇന്ത്യൻ പാർലമെന്റിനു നേർക്കുണ്ടായ ഭീകരാക്രമണത്തിന്  പ്രതികാരമെന്നോണം ' ഓപ്പറേഷൻ പരാക്രം' 2001  ഡിസംബറിലാണ് ഇന്ത്യ ആരംഭിച്ചത്. ഇന്ത്യൻ സേനയെ വലിയ ആയുധ സന്നാഹങ്ങളോടെ അതിർത്തിയിൽ വിന്യസിച്ചു. ഏതുസമയത്തും ഒരു യുദ്ധം തുടങ്ങിയേക്കുമെന്ന പ്രതീതിയാണ് അന്ന് സൃഷ്ടിക്കപ്പെട്ടത്. അതിർത്തി നിയന്ത്രണ രേഖയുടെ കിഴക്കൻ ഭാഗത്തേക്ക് നോക്കിയാൽ സമാനമായ ഒരു സ്ഥിതിയാണിപ്പോൾ കാണുന്നത്.

ഇന്ത്യയുടെ  അതേ തന്ത്രം ഇപ്പോൾ ചൈനക്കാർ പയറ്റുകയാണ്. ഭീഷണിയുടെ നയതന്ത്രം ഇന്ത്യക്കെതിരെ പ്രയോഗിക്കുമ്പോൾ പകരം എന്താണവർ പ്രതീക്ഷിക്കുന്നത്? ലഡാഖിലെ  കുറച്ചു തുണ്ടുഭൂമികൾ ആയിരിക്കില്ല. ഇത്രയും സാഹസികമായ ഒരു നീക്കത്തിന് അത് വളരെ പരിമിതമായ പ്രതിഫലം മാത്രമാവും. സിപിഇസിയിലെ പങ്കാളിത്തം അല്ലെങ്കിൽ അക്‌സായി ചിന്നിന്റെ മേൽ  ഔപചാരികമായ അധികാരം സ്ഥാപിക്കൽ അതുമല്ലെങ്കിൽ  കിഴക്ക് തവാങ് മാതൃകയിലുള്ള സമാധാനപരമായ ഒരു കീഴ്‌പ്പെടുത്തൽ എന്നതൊക്കെ ഒരു അതിമോഹമായിപ്പോകും. അതൊന്നും ഒരിക്കലും സംഭവിക്കില്ല.

അപ്പോൾ 14,000  അടി ഉയരത്തിൽ ഈ കാണിച്ചുകൂട്ടുന്ന അഭ്യാസങ്ങളിലൂടെ ചൈന എന്താണ് പ്രതീക്ഷിക്കുന്നത്?

രാഷ്ട്ര തന്ത്രത്തിന്റെ ഒരു ഉപകരണമെന്ന നിലയിൽ ഭീകരതയെ ഉപയോഗപ്പെടുത്തുകയില്ലെന്ന ഒരുറപ്പ് പാകിസ്ഥാനിൽ നിന്നും നേടുകയെന്നതായിരുന്നു 2001ൽ ഇന്ത്യയുടെ ലക്‌ഷ്യം. പാർലമെന്റാക്രമണമുണ്ടായി ഒരു മാസത്തിനുള്ളിൽത്തന്നെ ഇന്ത്യ അത് നേടി. ലോകവ്യാപകമായി ചെയ്ത ഒരു പ്രക്ഷേപണത്തിലൂടെ മുഷറഫ് അതിനുള്ള ഉറപ്പുകൾ നൽകി. ദാവൂദ് ഇബ്രാഹിം ഉൾപ്പടെ ഇന്ത്യ പിടികൂടാൻ ആഗ്രഹിച്ചിരുന്ന 24 ഭീകരരുടെ ഒരു പട്ടിക മുഷറഫ് അംഗീകരിക്കുകയും അവരെ കണ്ടെത്തി കൈമാറുമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. അവർക്കവിടെ അഭയം നൽകിയിട്ടില്ല എന്ന് വരുത്താനായിരുന്നു മുഷറഫിന്റെ  ശ്രമം. 

എന്നാൽ കുറേക്കൂടി വ്യക്തമായ ഉറപ്പുകൾ നേടാൻ ഇന്ത്യ ആഗ്രഹിച്ചു. യുദ്ധപ്രതീതി ജനിപ്പിച്ചു കൊണ്ടുള്ള ആ സംഘർഷാവസ്ഥ തുടർന്നു. അതിനിടയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന ചില അവസരങ്ങളുമുണ്ടായി. ജമ്മുവിന് സമീപം ഇന്ത്യൻ സൈനികരുടെ കുടുംബങ്ങൾളെ ഭീകരർ ആക്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷം അതിലൊന്നായിരുന്നു. എന്നാൽ സംയമനം പാലിക്കപ്പെട്ടു. പാകിസ്ഥാന് മേലുണ്ടായിരുന്ന അന്തരാഷ്ട്ര സമ്മർദ്ദങ്ങൾ അതിന് ഒരു കാരണമായിരുന്നു. അതിലുപരി, പാകിസ്ഥാനുമായി ഒരു യുദ്ധം ഇന്ത്യ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല എന്നതും. 

ഭീഷണിയുടെ സമ്മർദ്ദതന്ത്രം വിജയിക്കണമെങ്കിൽ നാം ശരിക്കും ഒരു യുദ്ധത്തിനു തന്നെയാണ് ഒരുങ്ങിയിട്ടുള്ളതെന്നു എതിരാളിയെ വിശ്വസിപ്പിക്കണമെന്നു ബ്രിജേഷ് മിശ്ര പിന്നീട് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഒരു നയത്തെ യുദ്ധത്തിന്റെ വക്കോളമെത്തിക്കുകയെന്നതാണ് കരുത്തന്റെ  തന്ത്രം. അതിർത്തി നിയന്ത്രണ രേഖയുടെ കിഴക്ക് ഇപ്പോൾ അതാണ് സംഭവിച്ചിട്ടുള്ളത്. 

അന്ന് ഇന്ത്യയുടെ തന്ത്രം ഫലിച്ചു. പിന്നീട് നിരവധി വർഷങ്ങൾ സമാധാനം പുലർന്നു. പാകിസ്ഥാൻ അതിന്റെ വാക്ക് എക്കാലവും പാലിച്ചു കൊള്ളുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ ഓരോ ഭാഗവും ചെയ്ത തെറ്റും ശരിയുംകൂടി നമ്മൾ മനസ്സിലാക്കണം. 

ശക്തമായ സന്നാഹത്തിലൂടെ ഇന്ത്യ സമർത്ഥമായ  തുടക്കമിട്ടു. എന്നാൽ എപ്പോഴാണ് വിജയം പ്രഖ്യാപിക്കേണ്ടതെന്ന് അറിയാതെ പോയി. മുഷറഫിന്റെ പ്രസംഗം ഉണ്ടായ ദിവസം തന്നെ അത് നടത്തേണ്ടിയിരുന്നു. അന്നു തന്നെ അത് ചെയ്തിരുന്നുവെങ്കിൽ സൈനിക സന്നാഹങ്ങൾ അവസാനിപ്പിക്കുന്നതിനും പിന്നീട്  വലിയ തോതിൽ പണം ചെലവഴിച്ചിട്ടും കാര്യമായ നേട്ടങ്ങളൊന്നും  ഉണ്ടാക്കാൻ കഴിയാതിരുന്ന  സാഹചര്യവും സംഘർഷവും അനിശിചിതത്വവുമെല്ലാം  ഒഴിവാക്കുന്നതിനും കഴിയുമായിരുന്നു. ഭീഷണിയുടെ നയതന്ത്രത്തിൽ നമ്മൾ വ്യക്തമായ വിജയം നേടി. എന്നാൽ അമിതമായ പ്രതീക്ഷകൾ പുലർത്തി നാം അതിന്റെ ഗുണഫലങ്ങൾ ഇല്ലാതാക്കി. 

മറുഭാഗത്ത് പകിസ്ഥാൻ പ്രതിരോധത്തിലേക്കൊതുങ്ങിയതിലൂടെ സമയം ലാഭിക്കുകയും ഇന്ത്യയെ ക്ഷീണിപ്പിക്കുന്നതിനു ലക്ഷ്യമിടുകയും ചെയ്തു. അതിലവർ വിജയിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സംഘർഷം അർത്ഥശൂന്യമായിമാറുകയും സമനിലയിലേക്കു നീങ്ങുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ വിരസമായ അഞ്ചാം ദിവസത്തെപ്പോലെ തോന്നിപ്പിക്കുകയും ചെയ്തു.

ഇപ്പോൾ സമാനമായ സ്ഥിതിയുടെ മറുതലക്കൽ നിൽക്കുന്ന ഇന്ത്യ ഉൾക്കൊള്ളേണ്ട പാഠങ്ങൾ എന്താണ്? 

1. ഒരിക്കലും കണ്ണ് ചിമ്മരുത്. മുഷറഫ് വളരെ നേരത്തെ തന്നെ കണ്ണുചിമ്മിപ്പോയി. യുക്തിപൂർവം നീങ്ങുക.  അരങ്ങിനു പിന്നിൽ തുറന്ന മനസ്സോടെ കൂടിയാലോചനകൾ നടത്തുക. 

2. പരിമിതമാണെങ്കിലും പരമാവധിയാണെങ്കിലും മറുപക്ഷം ആവശ്യപ്പെടുന്നതെന്തെന്നു വായിച്ചെടുക്കാൻ നിങ്ങളുടേതായ സമയമെടുക്കുക. പകരം ചെയ്യേണ്ട കാര്യങ്ങൾ  അനുയോജ്യമായ രീതിയിൽ തീരുമാനിക്കുക. ഒരിക്കലും ഭീഷണിക്ക് വഴങ്ങി കാര്യങ്ങൾ വിട്ടുകൊടുക്കാതിരിക്കുക. 

3. കാര്യങ്ങൾ എത്ര ദീർഘിച്ചാലും അതിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്തുക. ചൈന ഭീഷണി പ്രയോഗിക്കുകയാണെന്നും അയഥാർത്ഥമായ  ആവശ്യങ്ങളാണ് അവരുന്നയിക്കുന്നതെന്നു കാണുകയും ചെയ്‌താൽ അവരെ കാത്തിരിക്കാൻ നിർബ്ബന്ധിതരാക്കുകയും അതേസമയം അതിർത്തി നിയന്ത്രണ രേഖയിലുടനീളം തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുക. അവരെ പരിക്ഷീണരാക്കി മാറ്റുക. 

4. അവസാനമായി, രണ്ടു സാഹചര്യങ്ങൾ ഒരുപോലെയായിരിക്കില്ലെന്നു മനസ്സിലാക്കുക. സ്നേഹത്തിലും സ്പോർട്സിലും യുദ്ധത്തിലും  ശരിയായ രീതിയിൽത്തന്നെ കളിക്കണം. ബ്രജേഷ് മിശ്രയുടെ വാക്കുകൾ ഓർമ്മിക്കണം: ഭീഷണിയുടെ നയതന്ത്രം ഫലിക്കണമെങ്കിൽ  യുദ്ധ ഭീഷണി യാഥാർത്ഥത്തിലുള്ളത് തന്നെയാണെന്ന പ്രതീതി സൃഷ്ടിക്കണം.