ചെറുതല്ല വെല്ലുവിളികൾ


JANUARY 25, 2021, 11:01 AM IST

(എഡിറ്റ് ആർട്ടിക്കിൾ)

ഓരോ പുതിയ പ്രസിഡന്റിനും കോൺഗ്രസിനും അവരുടേതായ വെല്ലുവിളികളെ നേരിടേണ്ടതായിവരും. വളരെ അപൂർവവും ഭയപ്പെടുത്തുന്നതുമായിട്ടാകും അവ തുടക്കത്തിൽ കാണപ്പെടുക. എന്നാൽ യഥാർത്ഥത്തിൽ അവ അങ്ങനെ ആയിക്കൊള്ളണമെന്നില്ല. 

അമേരിക്കയുടെ നാല്പത്തിയാറാമത് പ്രസിഡന്റായി അധികാരമേറ്റ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയറിന്റെയും പുതിയ ശാക്തികബലാബലം ദൃശ്യമാകുന്ന കോൺഗ്രസിന്റെയും കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. വാഷിംഗ്ടണിലെ പുതിയ രാഷ്ട്രീയ സംവിധാനത്തിന് നിർവഹിക്കുന്നതിനുള്ള കടമകൾ ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധമുള്ളതാണെന്നു പറഞ്ഞാൽ അതൊട്ടും തന്നെ അതിശയോക്തിയാവില്ല.  

ആധുനിക കാലഘട്ടത്തിലെ ഒരു പ്രസിഡന്റും നേരിട്ടിട്ടില്ലാത്ത രണ്ടു വലിയ പ്രശ്നങ്ങളുമായാണ് ബൈഡൻ തുടക്കമിടുന്നത്. അതിലൊന്ന് ഇപ്പോഴും തുടരുന്ന മഹാമാരിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമായിരുന്നുവെന്നു അമേരിക്കക്കാരെ വിശ്വസിപ്പിക്കാൻ അവിശ്രമം പ്രവർത്തിച്ച മുൻഗാമിയാണ് മറ്റൊരു പ്രശ്നം. താൻ അധികാരമേൽക്കുന്നത് തടയാൻ ട്രംപിന്റെ അനുയായികൾ ക്യാപിറ്റോളിൽ നടത്തിയ അക്രമങ്ങളുടെ മുറിപ്പാടുകൾ ഉണങ്ങാതെ നിൽക്കുമ്പോഴാണ് ബൈഡൻ അധികാരമേൽക്കുന്നതെന്നതാണ് മുന്തിനിൽക്കുന്ന മറ്റൊരു കാര്യം. 

കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ മുമ്പൊരിക്കലും ഇല്ലാത്ത വിധം കോൺഗ്രസിൽ ഇരുകക്ഷികളും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമായതും, രണ്ടാം ലോക യുദ്ധത്തിന് ശേഷം  സമ്പദ്ഘടനയിൽ ഫെഡറൽ കടങ്ങളുടെ വിഹിതം വർധിച്ചതും ആഗോളതലത്തിൽ ചൈന ശക്തനായ ഒരു എതിരാളിയായി ഉയരുന്നതും ധൈര്യം ചോർത്തിക്കളയുന്ന വെല്ലുവിളികൾ തന്നെയാണ്. 

പരിഹരിക്കേണ്ട പ്രശ്നങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. അവയിൽ ഏതാനും ചിലത് മാത്രമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. 

നെടുകെ പിളർന്ന രാജ്യം

പ്രൈമറി-പൊതുതെരഞ്ഞെടുപ്പ് വേളകളിൽ നടത്തിയ പ്രചാരണങ്ങളിലും വിജയിച്ചതിനു ശേഷം നടത്തിയ പ്രസംഗങ്ങളിലും ബൈഡൻ നിരന്തരം പറഞ്ഞു കൊണ്ടിരുന്ന ഒരു കാര്യമുണ്ട്. അത് രാജ്യത്തെ ഒരുമിപ്പിക്കുന്നതിന്റെയും റിപ്പബ്ലിക്കൻ നേതൃത്വവുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെയും സമീപവർഷങ്ങളിലുണ്ടായ ആഴമേറിയ രാഷ്ട്രീയ ഭിന്നതകൾ മറികടന്നു മുന്നേറുന്നതിന്റെയും കാര്യമാണ്. ബൈഡൻ അത് തീവ്രമായി ആഗ്രഹിക്കുന്നുണ്ടാകാം, എന്നാൽ അതത്ര എളുപ്പമല്ല. 

തെരഞ്ഞെടുപ്പിനു മുമ്പ് പ്യു റിസർച് സെന്റർ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിന് വോട്ടു ചെയ്ത 90%ത്തോളം പേരും പറഞ്ഞത് ബൈഡൻ വിജയിക്കുന്നത് രാജ്യത്തിന് ദീർഘകാല നഷ്ടമാകുമെന്നാണ്. ട്രംപ് വിജയിച്ചാൽ എന്താവും സംഭവിക്കുക എന്ന ചോദ്യത്തിന് അതേ അഭിപ്രായം പറഞ്ഞ ബൈഡന്റെ വോട്ടർമാരും അത്രതന്നെയുണ്ട്. രാജ്യം നെടുകെ പിളർന്നാണ് നിൽക്കുന്നതെന്നാണ് ഇത് കാട്ടുന്നത്. തെരഞ്ഞെടുപ്പിൽ ക്രമക്കേടുകളും കൃതൃമങ്ങളും നടന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അട്ടിമറിക്കാൻ ട്രംപും അനുയായികളും ഈ മാസമാദ്യം നടത്തിയ ശ്രമങ്ങൾക്ക് മുമ്പായിരുന്നു ആ സർവേ. 

തങ്ങളുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതു വരെ ബൈഡന്റെ വിജയം പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കുന്നതിനു കോൺഗ്രസിലെ 100ലധികം റിപ്പബ്ലിക്കന്മാർ ശ്രമിച്ചു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ക്യാപിറ്റോളിൽ അക്രമങ്ങൾ നടത്താൻ ജനക്കൂട്ടത്തെ പ്രേരിപ്പിക്കുന്ന നടപടിയായത് മാറിയെന്നാണ് ഡെമോക്രറ്റുകൾ കുറ്റപ്പെടുത്തുന്നത്.

തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ രോഷമൊക്കെയും ഇപ്പോൾ ട്രംപിനെ രണ്ടാമതും ഇമ്പീച്ച് ചെയ്യുന്നതിലേക്കും ബിസിനസ് ലോകത്ത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത റിപ്പബ്ലിക്കന്മാർക്ക് സംഭാവന നൽകുന്നത് പല കോർപ്പറേറ്റ് സ്ഥാപനങ്ങളും ബിസിനസ് ഗ്രൂപ്പുകളും മരവിപ്പിച്ചിരിക്കുകയാണ്. മുറിവുകൾ ഉണങ്ങാൻ വൈകുമെന്നാണ് അതിനർത്ഥം. 

ഇപ്പോഴുണ്ടായിട്ടുള്ള ആഘാതം മൂർച്ചയുള്ള വാക്കുകൾ പ്രയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും അനുരജ്ഞനത്തിന്റെ മാർഗം സ്വീകരിക്കുന്നതിനും ഇരുവിഭാഗങ്ങളെയും നിർബ്ബന്ധിതമാക്കുമെന്നു പ്രതീക്ഷിക്കുന്നവരുമുണ്ട്. പക്ഷെ, അത്ര എളുപ്പം സംഭവിക്കുമെന്ന് കരുതാൻ വയ്യ.  

കോവിഡ് പ്രത്യാഘാതങ്ങൾ

ആഗോള മഹാമാരി ഉയർത്തിയിട്ടുള്ള ആരോഗ്യപരവും സാമ്പത്തികവുമായ വെല്ലുവിളികൾ നിലനിൽക്കവെയാണ് ബൈഡൻ അധികാരമേൽക്കുന്നത്. അധികാരത്തിന്റെ ആദ്യവർഷത്തിൽ അവ അമേരിക്കൻ ഭരണവ്യവസ്ഥയ്ക്ക് മേൽ   കാർമേഘപടലങ്ങൾ വിരിക്കുമെന്നുറപ്പാണ്. കൂടുതൽ സാമ്പത്തിക ഉത്തേജനം നൽകുന്നതിൽ പുതിയ ഭരണവും ഡെമോക്രാറ്റുകൾക്ക് നേരിയ നിയന്ത്രണമുള്ള കോൺഗ്രസും ഒരുമിക്കും. കൊറോണ വൈറസ് വാക്സിന്റെ മില്യൺ കണക്കിന് ഡോസുകൾ വിതരണം ചെയ്യുന്നതിൽ വൈറ്റ്ഹൌസ് കൂടുതൽ മേൽനോട്ടം വഹിക്കും. എല്ലാം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ട്രംപ് ഭരണത്തിന്റെ സമീപനം മാറും. 

വാക്സിൻ വിതരണം ഇപ്പോൾത്തന്നെ അത് നടക്കേണ്ടതായ സമയത്തിലും വളരെ വൈകി മാത്രമാണ് നടക്കുന്നതെന്നും പ്രതിബന്ധങ്ങൾ ഇനിയുമുണ്ടാകുമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഫെഡറൽ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ താഴേത്തട്ടിൽ വാക്സിൻ വിതരണം നടത്തുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പണവും നൽകേണ്ടതായുണ്ട്. 

ചൈന ഉയർത്തുന്ന വെല്ലുവിളികൾ  

ചൈന ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിൽ ബൈഡന്റെ ഉപദേശകർ തുറന്നടിച്ചു തന്നെ സംസാരിക്കുന്നു. ബെയ്‌ജിങിന്റെ പെരുമാറ്റം ഇരുകക്ഷികളെയും ജാഗരൂകരാക്കിയിട്ടുണ്ട്. ഇനിയാവശ്യം തന്ത്രപരമായ പുതിയ സമീപനമാണ്. അതിന്റെ ജോലി ട്രംപും അദ്ദേഹത്തിന്റെ ഉപദേശകരും തുടങ്ങിയിരുന്നു. എന്നാൽ അത് ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. 

ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ ചൈനാനയം രൂപപ്പെടുത്തുന്നതിൽ ബൈഡൻ വലിയ പങ്കുവഹിച്ചിരുന്നുവെങ്കിലും ബെയ്‌ജിങ്ങുമായുള്ള ബന്ധങ്ങളിൽ അന്നത്തെ കാലത്തേക്കോ അതിനുമുമ്പുള്ള നാല് ദശകങ്ങളിലേക്കോ ഉള്ള ഒരു തിരിച്ചുപോക്കാണ് വേണ്ടതെന്ന മിഥ്യാധാരണയൊന്നും ബൈഡൻ സംഘത്തിനില്ല. 

പരമ്പരാഗതമായ നയത്തിന്റെ കാലം കഴിഞ്ഞുവെന്നാണ് ബൈഡന്റെ ഒരു ഉപദേശകൻ പറഞ്ഞത്. ബൗദ്ധിക സ്വത്തിന്റെ മോഷണം, നീതിപൂർവകമല്ലാത്ത വ്യാപാര നടപടികൾ, വർധിക്കുന്ന സൈനികചിലവുകൾ, അയൽ രാഷ്ട്രങ്ങൾക്കു നേരെ കടന്നാക്രമണ സ്വഭാവത്തോടെയുള്ള പെരുമാറ്റം, ഹോങ്കോങിലെ അടിച്ചമർത്തൽ നടപടികൾ, ദക്ഷിണ ചൈന സമുദ്രത്തിൽ ഉയർത്തുന്ന അപകടകരമായ അവകാശവാദങ്ങൾ, പുതിയ സാങ്കേതിക വിദ്യകളിൽ മേധാവിത്വം കൈവരിക്കുന്നതിനായി എന്തും ചെയ്യുന്ന സമീപനം എന്നിങ്ങനെയുള്ള ചൈനയുടെ ഒട്ടേറെ പ്രവൃത്തികൾ ഒരു പുതിയ കാലഘട്ടത്തെയാണ് കുറിച്ചിരിക്കുന്നത്. സോവിയറ്റ് യൂണിയനെ തടഞ്ഞുനിർത്താൻ 1946ൽ അമേരിക്കയുടെ നേതാക്കൾ തപ്പിത്തടഞ്ഞതിനു സമാനമായ ഒരവസ്ഥയാണ് ഇപ്പോഴുള്ളത്. 

ചൈനയുമായുള്ള ബന്ധങ്ങളുടെയും ശീതയുദ്ധത്തിന്റെ സാഹചര്യങ്ങളുടെയും മധ്യേയുള്ള ഒരു മാർഗമാണ് കണ്ടെത്തേണ്ടത്. ചൈനയെ നേരിടുന്നതിനും അതേസമയം ലോകത്തിലെ രണ്ടു വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള പരസ്പര ആശ്രിതത്വത്തിന് ഇരുകക്ഷികളുടെയും ബിസിനസ് സമൂഹത്തിന്റെ പിന്തുണ നേടണം. ഒരു പുതിയ തരം സഹവർത്തിത്വത്തിന്റെ പാത കണ്ടെത്തുകയെന്നത് ബൈഡന്റെ അധികാരത്തിന്റെ ആദ്യദിവസങ്ങളിൽ മാത്രമല്ല, അദ്ദേഹത്തിന്റെ കാലാവധി മുഴുവൻ നീണ്ടുപോകുന്ന ഒരു പ്രക്രിയയായിരിക്കും.

ധനപ്രതിസന്ധി

20 വർഷങ്ങൾക്ക് മുമ്പ് ഫെഡറൽ കടം രാജ്യത്തിന്റെ വാർഷിക ജിഡിപിയുടെ 30%ത്തിൽപ്പരം ആയിരുന്നു. 2020ൽ അത് ആകെയുള്ള വാർഷിക ഉൽപ്പാദനത്തിന് തുല്യമായി. ഇപ്പോഴുള്ള പ്രവണതകൾ തുടരുന്ന പക്ഷം 2050 ആകുമ്പോഴേക്കും വാർഷിക ജിഡിപിയുടെ ഇരട്ടിയായി കടം വർധിക്കും.

ആരും ഇപ്പോഴിതൊരുപ്രശ്നമായി എടുക്കുന്നില്ലയെന്നതാണ് വിചിത്രം. ഏറെക്കാലമായി ചരിത്രത്തിൽ ഏറ്റവും താഴ്ന്ന പലിശ നിരക്ക് നിലനിർത്തുന്നതിനും കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളെ നേരിടാൻ  ഗവണ്മെന്റിന്റെ ഉത്തേജകപാക്കേജുകൾ വർധിപ്പിക്കുന്നതിനും ജനങ്ങളുടെ വരുമാനത്തെ പിന്തുണക്കുന്നതിനും ഗവണ്മെന്റ് കടം വാങ്ങി ചിലവഴിക്കണമെന്ന അഭിപ്രായം ഇരുപാർട്ടികളിലുമുണ്ടായി. അതിന്റെ ഫലമായി നടപ്പ് സാമ്പത്തിക വർഷത്തിൽ 2.3 ട്രില്യൺ  ഡോളറാണ് കടം വാങ്ങിയത്. അത് ബുദ്ധിപൂർവകമായ നടപടിയായിട്ടാണ് ഇപ്പോൾ കരുതുന്നത്. 

കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നാടകീയമായ മാറ്റമുണ്ടായി. ഒരു ദേശീയ കർമ്മപദ്ധതിക്കായുള്ള സമവായം ഇരുപാർട്ടികളും തമ്മിൽ രൂപപ്പെട്ടിട്ടുണ്ട്. അതെന്തായിരിക്കണമെന്നതിൽ ഒരു യോജിപ്പിലെത്തുകയെന്നതാണ് ഇപ്പോഴുള്ള പ്രശ്നം. 

കാലാവസ്ഥാ വ്യതിയാനം യുഎസ് ഉൾപ്പടെ ലോകത്തെ എല്ലാ രാജ്യങ്ങൾക്കും  പരിസ്ഥിതി, സമ്പദ്ഘടന, പൊതുജനാരോഗ്യം, സുരക്ഷ എന്നിവയിൽ ഗുരുതരമായ ഭീഷണി ഉയർത്തുന്നതായും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി കൂടുതൽ സമഗ്രവും ഏകോപിതവും  വിപണിയധിഷ്ഠിതവുമായ ഒരു സമീപനം ഉണ്ടാകണമെന്നും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ബിസിനസിനും വ്യവസായത്തിനും മേൽ ഗവണ്മെന്റിന്റെ കർശനമായ നിയന്ത്രണം ഏർപ്പെടുത്തുന്ന  ഒരു 'ഗ്രീൻ ന്യൂ ഡീൽ' വേണമെന്ന ആവശ്യമാണ് ഡെമോക്രാറ്റിക്‌ ലിബറലുകൾ ഉയർത്തുന്നത്. അത്തരമൊരു കര്മപദ്ധതിയെ ബൈഡൻ പിന്തുണക്കുന്നു. എന്നാൽ 'ഗ്രീൻ ന്യൂ ഡീൽ' എന്ന ആവശ്യത്തോട് യോജിക്കുന്നില്ല. ഇക്കാര്യത്തിലും ഒരു അഭിപ്രായ സമവായം എളുപ്പമാകണമെന്നില്ല.