വളര്‍ച്ച മുരടിക്കുമ്പോള്‍


JANUARY 25, 2020, 2:41 PM IST

എഡിറ്റോറിയല്‍

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.8% മാത്രമാണെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യന്‍ വളര്‍ച്ചാ നിരക്കിലെ ഈ ഇടിവ് ലോകസമ്പദ്ഘടനയിലും 1%ത്തിന്റെ ഇടിവിന് കാരണമാകുമെന്നും ഐഎംഎഫ് പറയുന്നു. ഇതിനര്‍ത്ഥം നാമിതുവരെ കേട്ടതിനേക്കാള്‍ ഗുരുതരമായ അവസ്ഥയിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടന നീങ്ങുകയാണെന്നാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 130 അടിസ്ഥാനപോയിന്റുകളുടെ കുറവാണ് ഐ എംഎഫ് ഈ തിങ്കളാഴ്ച വരുത്തിയത്. ബാങ്കിങ് ഇതര ധനകാര്യമേഖല നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍, ഗ്രാമീണ മേഖലയിലെ വരുമാനത്തിന്റെ ദുര്‍ബ്ബലമായ വളര്‍ച്ച എന്നിവ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ഗണ്യമായി കുറച്ചുവെന്നു ഐ എം എഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയും ഇന്ത്യക്കാരിയുമായ ഗീത ഗോപിനാഥ് ആഗോള സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള വളര്‍ച്ച 2019 ലെ 2.9%ത്തില്‍ നിന്നും 2020 ല്‍ 3.3%മായും 2021 ല്‍ 3.4%മായും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനര്‍ത്ഥം 2019, 2020 വര്‍ഷങ്ങളില്‍ ആഗോള വളര്‍ച്ചയില്‍ യഥാക്രമം 0.1%ത്തിന്റെയും 0.2%ത്തിന്റെയും കുറവുണ്ടാകുമെന്നാണ്. അതിന് കാരണമാകട്ടെ പ്രധാനമായും ഇന്ത്യ നേരിടുന്ന സാമ്പത്തിക മാന്ദ്യവും.

ഐ എം എഫ് കഴിഞ്ഞ മാസം പുറത്തുവിട്ട ഇന്ത്യയെ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ കഢ കണ്‍സള്‍ട്ടേഷന്‍ റിപ്പോര്‍ട്ടില്‍ മാന്ദ്യത്തിലായ സമ്പദ്ഘടനയെ രക്ഷിക്കുന്നതിനായി സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ഒഴിവാക്കുകയും പകരം ധനനയം ഉദാരമാക്കുകയും വേണമെന്നു നിര്‍ദേശിച്ചിരുന്നു. കോര്‍പ്പറേറ്റ് ആദായ നികുതി ഇളവിലൂടെ നഷ്ടമായ പണം നികത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നതാണ്. ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ളതിനേക്കാള്‍ സാമ്പത്തിക മാന്ദ്യം കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്യുന്നതെങ്കില്‍ സാമ്പത്തിക ഉത്തേജന നടപടികളും ഹൃസ്വകാല വളര്‍ച്ച ഉത്തേജിപ്പിക്കുന്നതും അടിസ്ഥാന സൗകര്യ നിര്‍മ്മാണങ്ങള്‍ക്കായി പൊതുപണം ചിലവഴിക്കുന്നതുമെല്ലാം താല്‍ക്കാലിക ആശ്വാസം മാത്രമേ നല്കുകയുള്ളൂവെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സെപ്റ്റംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 4.5% വളര്‍ച്ചയുമായി ആറര വര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു ഇന്ത്യ. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വളര്‍ച്ച ശക്തമാക്കുമെന്നും 2019-20 വര്‍ഷത്തില്‍ പൊതുവില്‍ 5% വളര്‍ച്ച നേടാന്‍ കഴിയുമെന്നുമാണ് സ്റ്റാറ്റിറ്റിക്സ് ഓഫിസ് കണക്കാക്കിയിരുന്നത്. അതേസമയം ചൈന 0.2% കൂടുതല്‍ വളര്‍ച്ചനേടുമെന്നും 2020 ല്‍ 6% വളര്‍ച്ച കൈവരിക്കുമെന്നും ഐഎംഎഫ് പറയുന്നു. യുഎസുമായുള്ള വ്യാപാര കരാറിന്റെ ഒരു പ്രതിഫലനം കൂടിയാണത്. എന്നാല്‍ 2020 ല്‍ ആഗോള വളര്‍ച്ച ശക്തിപ്പെടുന്ന കാര്യം വളരെ അനിശ്ചിതത്വത്തിലാണ്. വളര്‍ച്ച മെച്ചപ്പെടുമോയെന്നത് സമ്മര്‍ദ്ദത്തിലാണ്ട അര്‍ജന്റീന, ഇറാന്‍, ടര്‍ക്കി എന്നീ സമ്പദ്ഘടനകളുടെയും ബ്രസീല്‍, ഇന്ത്യ, മെക്സിക്കോ എന്നിവ പോലെ ശക്തിപ്രാപിക്കുന്നതും എന്നാല്‍ വേണ്ടത്ര വളര്‍ച്ച കൈവരിക്കാത്തതുമായ സമ്പദ്ഘടനകളുടെയും പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കിലെ കുത്തനെയുള്ള ഇടിവ് സംഭവിച്ചിരിക്കുന്നത്.

ഈ സ്ഥിതിവിശേഷത്തെ അവധാനതയോടെ കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ഇനിയും വിജയിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്ത്യന്‍ സമ്പദ്ഘടന ഇനിയും നോട്ട് നിരോധനത്തിന്റെയും തിടുക്കത്തിലുള്ള ജിഎസ്ടി നടപ്പാക്കലിന്റെയും ആഘാതത്തില്‍ നിന്ന് പുറത്ത് വന്നിട്ടില്ല. ജിഎസ്ടി പിരിവില്‍ അല്പം മുന്നേറ്റമുണ്ടായിട്ടുണ്ട് എന്നത് മാത്രമാണ് അല്പം ആശ്വാസം. അത് കൊണ്ടായില്ല. കൃത്യമായ ലക്ഷ്യബോധത്തോടെ ധനനയങ്ങള്‍ ആവിഷ്‌ക്കരിക്കാനും നടപ്പാക്കാനും സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ ഇന്നത്തെ അവസ്ഥ മാറ്റിയെടുക്കാനാവൂ. പക്ഷെ, മോഡി സര്‍ക്കാരിന്റെ വിഭാഗീയതയില്‍ ഊന്നിയുള്ള രാഷ്ട്രീയ നയങ്ങള്‍ അതിന് വിഘാതമാവുന്നു എന്നതാണ് സത്യം. അത് അവര്‍ ഇനിയും കാണുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമായ ഒരു സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടുമുണ്ട്. പൗരത്വ നിയമഭേദഗതി സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള പ്രക്ഷോഭങ്ങളും അസ്വസ്ഥതകളും ഒഴിവാക്കിയിരുന്നു എങ്കില്‍ ഈ അവസ്ഥ ഒരുപക്ഷെ ഉണ്ടാവില്ലായിരുന്നു. ഇന്ന് ശ്രദ്ധ വേണ്ടത് സമ്പദ്ഘടനയിലും ജനങ്ങളുടെക്ഷേമത്തിലുമാണ്, അല്ലാതെ മതത്തിന്റെ പേരില്‍ ഒരു രണ്ടാം വിഭജനത്തിലല്ല എന്ന് മോഡി സര്‍ക്കാര്‍ ഓര്‍ത്താല്‍ നന്ന്.