ഒരു കുമ്പസാരവും ഏറ്റുപറച്ചിലും


SEPTEMBER 6, 2019, 4:24 PM IST

സഭയിലെ ''പ്രതിസന്ധികളില്‍ വേണ്ട രീതിയില്‍ ഇടപെട്ട് യഥാസമയം പരിഹരിക്കാന്‍ കഴിയാതിരുന്നതിലും, ദൈവജനത്തിന് സുവിശേഷാധിഷ്ഠിത സാക്ഷ്യം നല്കുന്നതില്‍ വീഴ്ച വന്നതിലും പറ്റിയ തെറ്റ് ദൈവത്തിനും ദൈവജനത്തിനും മുമ്പില്‍ എളിമയോടെ ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുന്നു'' എന്ന സീറോ മലബാര്‍ സിനഡിന്റെ ഏറ്റുപറച്ചില്‍ അഭൂതപൂര്‍വ്വകവും ശ്ലാഘനീയവുമാണ്. ഇതിനുള്ള സന്മനസ് നേരത്തേ കാട്ടിയിരുന്നെങ്കില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവില്പനാ വിവാദം, വ്യാജരേഖ കേസ്, വൈദികരുടെ അച്ചടക്ക ലംഘനങ്ങള്‍ തുടങ്ങിയവ ഉണ്ടാകുമായിരുന്നില്ല.

സിനഡ് പിതാക്കന്മാരുടേത് ആത്മാര്‍ത്ഥമായ ഏറ്റുപറച്ചില്‍ ആണോ? അല്ല, എന്നു വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. കാരണം, ഭൂമിവിവാദം, ഒരു മെത്രാന്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നു പറയപ്പെടുന്ന കന്യാസ്ത്രിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയ സംഭവം, അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍പ്പാപ്പാ നിയമിച്ച ബിഷപ് ജേക്കബ് മനത്തോടത്തിനെയും ബഹുമാന്യനായ ഫാ തേലക്കാട്ടിനെയും വ്യാജരേഖാ കേസില്‍ പ്രതിചേര്‍ത്ത സംഭവം, സഹായമെത്രാന്മാരെ പുറത്താക്കിയ സംഭവം എന്നിവയോട് വിശ്വാസികളും വൈദികരും പ്രതികരിച്ചത് അച്ചടക്ക ലംഘനങ്ങളായിട്ടും സഭാവിരുദ്ധ നടപടികളായിട്ടുമാണ് അവര്‍ കാണുന്നതെന്ന് സിനഡ് പുറപ്പെടുപ്പിട്ടുള്ള പത്രക്കുറിപ്പിന്റെ തുടര്‍ന്നുള്ള വായനയില്‍ വ്യക്തമാകും.

വസ്തുവില്പന 'എന്റെ അധികാരമാണ്; അതിനെ ചോദ്യംചെയ്യാന്‍ അത്മായര്‍ക്കോ വൈദികര്‍ക്കോ അവകാശമില്ല' എന്ന നിലപാടില്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ച്ബിഷപ് ഉറച്ചുനിന്നത്, മെത്രാന്‍ ലൈംഗികമായി പീഡിപ്പിച്ചാലും കന്യാസ്ത്രീകള്‍ പ്രതികരിക്കാതെ അടങ്ങിയൊതുങ്ങി കഴിയണം എന്ന രീതിയില്‍ മെത്രാന്‍ സംഘം എടുത്ത നിലപാട് തുടങ്ങിയവ, പൊതുവേ പ്രതികരണശേഷിയില്ലാത്ത അത്മായരെ മാത്രമല്ല, എല്ലാം അടിയറവുവച്ച വൈദികരെയും സന്യസ്തരെയും പ്രകോപിപ്പിച്ചു. അവര്‍ ഒറ്റയ്ക്കും സംഘടിതമായും പ്രതികരിച്ചു. സഭയില്‍ നടക്കുന്നതെല്ലാം വിശുദ്ധമാണെന്ന് വിശ്വസിക്കാന്‍ ആളുകള്‍ക്ക് കഴിയാത്ത സ്ഥിതിവിശേഷം സംജാതമായി.

ഇതു പറയുമ്പോള്‍ മറ്റൊന്നുകൂടെ പറയണം: അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട്് മാര്‍ ആലഞ്ചേരിക്കെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ക്ക് മറ്റൊരു മാനം കൂടെയുണ്ട്: കുരിശിന്റയും കുര്‍ബ്ബാനയുടെയും പേരില്‍ സഭയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയും 'വരത്തന്‍-ഇരുത്തന്‍' കാഴ്ചപ്പാടും. 'മനക്കെയ്ന്‍ കുരിശി'നും തിരിഞ്ഞുനിന്നുള്ള കുര്‍ബ്ബാനയ്ക്കും വേണ്ടി വാശിപിടിക്കുന്ന ചങ്ങനാശ്ശേരി വിഭാഗത്തിന്റെ ആളായ ആലഞ്ചേരിയെ തങ്ങളുടെ മേല്‍ അടിച്ചേല്പിച്ചതാണെന്ന് എറണാകുളത്തെ വൈദികരും അത്മായരും വിശ്വസിക്കുന്നു. രൂപത കാലാകാലമായി ആര്‍ജ്ജിച്ച സ്വത്തുക്കള്‍ അദ്ദേഹം യഥേഷ്ടം വിറ്റഴിക്കുകയും അത് തന്റെ അധികാരമാണെന്ന് വാദിക്കുകയും ചെയ്തത് അവര്‍ക്ക് സഹിക്കാനായില്ല. സഭാതലവന്‍ ആരായാലും അതിരൂപതാഭരണത്തിന് സ്വന്തം അതിരൂപതയില്‍പെട്ട ആള്‍തന്നെ വേണമെന്ന് അവര്‍ ശഠിക്കുന്നതിന്റെ പൊരുള്‍ അതാണ്.

പക്ഷേ, അവരുടെ പ്രതിഷേധത്തെ അതിന്റെ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളാതെ അച്ചടക്കലംഘനമായിട്ടാണ് മെത്രാന്മാര്‍ കാണുന്നത്: ''ഭൂമി വിവാദത്തോടനുബന്ധിച്ചുണ്ടായ പ്രതിഷേധങ്ങളില്‍ പലതും സഭയില്‍ പാലിക്കേണ്ട അച്ചടക്കത്തിന്റെ സകല സീമകളും ലംഘിക്കുന്നതായിരുന്നു. സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കോലം കത്തിച്ച ചില വ്യക്തികളുടെ നടപടി സഭയ്ക്ക് തീരാകളങ്കമാണ് വരുത്തിവച്ചത്. വൈദികര്‍ അതിരൂപതാ കാര്യാലയത്തിലേക്കു പ്രതിഷേധ പ്രകടനമായി ചെന്ന് നിവേദനം നല്കിയതും അതിരൂപതാധ്യക്ഷനെതിരേ ആക്ഷേപകരമായ വിശേഷണങ്ങളോടെ പത്രസമ്മേളനങ്ങള്‍ ആവര്‍ത്തിച്ചു നടത്തിയതും കത്തോലിക്കാ പൗരോഹിത്യ സംസ്‌കാരത്തിന് അന്യവും സഭയുടെ ശത്രുക്കള്‍ക്ക് വിരുന്നൊരുക്കുന്നതുമായ നടപടികളായിരുന്നു. അതിമെത്രാസന മന്ദിരത്തില്‍ ഒരു വൈദികന്‍ ഉപവാസ സമരം നടത്തിയതും അതിന് ഏതാനും വൈദികര്‍ പിന്തുണ പ്രഖ്യാപിച്ചതും സഭാഗാത്രത്തില്‍ വലിയ ക്ഷതമാണ് ഏല്‍പ്പിച്ചത്...''

അതിരൂപതയിലെ വൈദികരുടെ കൂട്ടായ പ്രതികരണം നേതൃത്വത്തെ നടുക്കി. നേതൃത്വത്തിന്റെ ചെയ്തികളെ വെള്ളപൂശിയും മൂടിവച്ചും വിശ്വാസികളെ കബളിപ്പിക്കുന്ന നയമാണ് സാധാരണയായി വൈദികര്‍ അനുവര്‍ത്തിച്ചുപോരുന്നത്. പക്ഷേ, ഇവിടെ അതെല്ലാം തെറ്റിയിരിക്കുന്നു. അവരെ അനുനയിപ്പിക്കാന്‍ കഴിയില്ലെന്ന ഉത്തമബോദ്ധ്യമാണ് അവര്‍ മുമ്പോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ തീരുമാനങ്ങളെടുക്കാന്‍ സിനഡിനെ പ്രേരിപ്പിച്ചത്. എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരിയായി മണ്ഡ്യ രൂപതാദ്ധ്യക്ഷനും അതിരൂപതാംഗവുമായ മാര്‍ ആന്റണി കരിയിലിനെ തെരഞ്ഞെടുത്തു. സഹായമെത്രാന്മാരായിരുന്ന സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മണ്ഡ്യ രൂപതയുടെ മെത്രാനായും ജോസ് പുത്തന്‍വീട്ടിലിനെ ഫരിദാബാദ് രൂപതയുടെ സഹായ മെത്രാനായും നിയമിച്ചു.

പക്ഷേ, മുഖം രക്ഷിക്കാനുള്ള ശ്രമവും നടത്താതിരുന്നില്ല: 'മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ആഗോളതലത്തിലുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ പരിഗണിച്ചാണ്' അതിരൂപതാ ഭരണം അദ്ദേഹത്തില്‍ നിന്ന് എടുത്തുമാറ്റിയതെന്നും, അത് സിനഡ് 2007 മുതല്‍ ചര്‍ച്ച ചെയ്തിരുന്നതാണെന്നും, തീരുമാനം 2019 ജനുവരി സിനഡില്‍ കൈക്കൊണ്ട് റോമിന്റെ അംഗീകാരത്തിനായി അയച്ചതാണെന്നും വിശദീകരിക്കുന്നു. സഹായമെത്രാന്മാരെ മാറ്റിനിര്‍ത്തിയത് ശിക്ഷാനടപടിയല്ല ഭരണ നിര്‍വ്വഹണം ക്രമീകരിക്കുന്നതിന്റെ ഭാഗമായിരുന്നു എന്നും വിശദീകരിക്കുന്നു.

എന്നാല്‍ സ്ഥലംവില്പനയും അതിന്റെ ആവശ്യവും പരസ്യപ്പെടുത്താതെ, രഹസ്യമായി തന്നിഷ്ടപ്രകാരം സഹായമെത്രാന്മാരെപ്പോലും വിശ്വാസത്തിലെടുക്കാതെ നടത്തുകയും, നികുതിവെട്ടിപ്പ് നടത്താന്‍ വില കുറച്ചുകാണിക്കുകയും, ആധാരത്തില്‍ കാണിക്കാത്ത തുക കിട്ടാതെ വരുകയും ചെയ്തതാണ് ഭൂമിവിവാദത്തിന്റെ കാതല്‍തന്നെ. നഷ്ടം വന്നിട്ടുണ്ടെങ്കില്‍ 'ശാസ്ത്രീയമായ പഠനങ്ങളിലൂടെ കണ്ടെത്തി വീണ്ടെടുക്കു'മെന്നാണ് സിനഡ് പറയുന്നത്. അത് എങ്ങനെയെന്ന് അറിയില്ല.

അതുപോലെതന്നെ, അതിരൂപതാ സുതാര്യതാ സമിതി, അതിരൂപതാ സംരക്ഷണ സമിതി, അല്മായ മുന്നേറ്റം, ഇന്ത്യന്‍ കാത്തലിക്ക് ഫോറം, വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍, സേവ് അവര്‍ സിസ്‌റ്റേഴ്‌സ് തുടങ്ങിയ സംഘടനകളുടെ ''സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളെ'' പൂര്‍ണ്ണമായും നിരാകരിക്കുന്നുവെന്നും ഇവയെ സഭാ സംഘടനകളായി അംഗീകരിക്കുന്നില്ലായെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ''സഭയില്‍ വിഭാഗീയത വളര്‍ത്താനും സഭയെ സമൂഹമധ്യത്തില്‍ അവഹേളിതയാക്കുവാനുമാണ് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇടവരുത്തിയിട്ടുള്ളത്. കത്തോലിക്കാ സഭയിലെ അല്മായര്‍ക്ക് അഭിപ്രായപ്രകടനത്തിനും സഭാഭരണത്തിലെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളും സംഘടനാ സംവിധാനങ്ങളുമുണ്ട്. എന്നാല്‍, അടുത്ത കാലത്ത് നിക്ഷിപ്ത താല്പര്യങ്ങളുള്ള ചില വ്യക്തികള്‍ സഭയിലെ അല്മായരുടെയും സന്യസ്തരുടെയും അവകാശസംരക്ഷകര്‍ എന്ന വ്യാജേന സ്വന്തം നിലയില്‍ സംഘടനകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഘടനകള്‍ പലപ്പോഴും സഭാവിരുദ്ധ ശക്തികളുടെ കൈകളിലെ പാവകളായി വര്‍ത്തിക്കേണ്ടി വരുന്നതായും സിനഡ് സംശയിക്കുന്നു.''

കത്തോലിക്കാ സഭയുടെ നടപടികളെ കണ്ണുമടച്ച് അംഗീകരിക്കാത്തവരെ ശപിച്ചുതള്ളുകയും പുകച്ചുപുറത്തുചാടിക്കുകയും ചെയ്യുന്ന നയമാണ് എക്കാലത്തും സഭ അനുവര്‍ത്തിച്ചു പോന്നത്. അവര്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് അപ്രമാദിത്വം അവകാശപ്പെടുന്ന സഭാ നേതൃത്വം നോക്കാറില്ല. സഭയില്‍ നിരവധി പിളര്‍പ്പുകള്‍ക്ക് ഇത് കാരണമായിട്ടുണ്ട്. ദണ്ഡവിമോചനം ഉള്‍പ്പെടെയുള്ള നടപടികളെ എതിര്‍ത്ത് സഭയെ നെടുകെ പിളര്‍ത്തിയ, സഭയുടെ ഏറ്റവും വലിയ ശത്രുവും, ഏറ്റവും വലിയ സഭാവിരുദ്ധനുമായ മാര്‍ട്ടിന്‍ ലൂഥറെ ശപിച്ചു പുറത്താക്കിയ സഭാനേതൃത്വം ഇപ്പോള്‍ അദ്ദേഹത്തെ അംഗീകരിക്കുന്നു.

''മാര്‍ട്ടിന്‍ ലൂഥറുടെ ഉദ്ദേശശുദ്ധി ചോദ്യംചെയ്യാനാവില്ല; അദ്ദേഹം സഭാനവീകരണവാദി ആയിരുന്നു'' എന്ന് പോപ് ഫ്രാന്‍സിസ് പറഞ്ഞിട്ട് അധികനാളായില്ല. ''ഒരു പക്ഷേ, അദ്ദേഹത്തിന്റെ രീതികള്‍ ശരിയായിരുന്നിരിക്കില്ല. അക്കാലത്ത് സഭ ശരിക്കും അനുകരണീയമായ മാതൃക ആയിരുന്നില്ല. സഭയില്‍ അഴിമതിയും ലൗകികതയും ഉണ്ടായിരുന്നു; പണത്തോടും അധികാരത്തോടുമുള്ള ആസക്തിയും. പ്രതിഷേധത്തിനുള്ള അടിസ്ഥാനം അതായിരുന്നു''. ലൂഥറെ സഭാവിരുദ്ധനായി പ്രഖ്യാപിക്കാനുള്ള പ്രധാന കാരണമായ 'ഡോക്ട്രിന്‍ ഓഫ് ജസ്റ്റിഫിക്കേഷന്‍' തെറ്റല്ലെന്ന് സമ്മതിക്കുന്ന സംയുക്ത പ്രസ്താവന 1999 ഒക്‌ടോബര്‍ 31ന് വത്തിക്കാനും ലൂഥറന്‍ വേള്‍ഡ് ഫെഡറേഷനും ഒപ്പുവയ്ക്കുകയുമുണ്ടായി.

അതിരൂപതാ സുതാര്യതാ സമിതി പോലുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം സഭാവിരുദ്ധരോ സഭയെ നശിപ്പിക്കാന്‍ നടക്കുന്നവരോ അല്ല, സഭയെ നവീകരിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. പുരോഹിതവര്‍ഗ്ഗത്തെ അവര്‍ ആക്ഷേപിക്കുന്നുണ്ടാകാം; സഭയുടെ പ്രശ്‌നങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇപ്പോഴുണ്ടായിട്ടുള്ള നാണക്കേടുകള്‍ക്ക്, ഉത്തരവാദികള്‍ പുരോഹിതവര്‍ഗ്ഗമാണെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടാകാം. അതുകൊണ്ട് അവര്‍ പറയുന്നതില്‍ കാര്യമില്ല എന്നര്‍ത്ഥമില്ല. അവരെ പൂര്‍ണ്ണമായും നിരാകരിക്കുന്നതിനുപകരം അവരുടെ വശംകൂടെ കേട്ട് തെറ്റുണ്ടെങ്കില്‍ തിരുത്താനാണ് ശ്രമിക്കേണ്ടത്.