ഇന്ത്യയുമായി സമാധാനത്തിന് പാകിസ്ഥാന് മേൽ സമ്മർദ്ദം    


APRIL 6, 2021, 9:00 AM IST

 

അടുത്തിടെ നടന്ന ഇസ്ലാമാബാദ് സെക്യൂരിറ്റി ഡയലോഗിൽ പാകിസ്ഥാന്റെ സൈനിക മേധാവി ജനറൽ ഖമർ ബാജ്‌വ നടത്തിയ പ്രസംഗം ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയ ഗതിവിഗതികൾ നിരീക്ഷിക്കുന്നവരെ അദ്‌ഭുതപ്പെടുത്തിയിരുന്നു. പാകിസ്ഥാൻ തെറ്റായ പാതയാണ് പിന്തുടർന്നിരുന്നതെന്നും അയൽരാജ്യങ്ങളുടെയോ മേഖലയിലെ രാജ്യങ്ങളുടെയോ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നതാവണം ഭാവിയിൽ പാകിസ്ഥാന്റെ നയതന്ത്ര-സാമ്പത്തിക വീക്ഷണത്തിന്റെ ആധാരശിലയെന്നുമാണ് ബാജ്‌വ പറഞ്ഞത്.

ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും  ശേഷി പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യ-പാക് ബന്ധങ്ങൾ ഒരു നിർണ്ണായകഘടകമാണ്. എന്നാൽ അയൽക്കാരായ രണ്ടു ആണവശക്തിരാഷ്ട്രങ്ങളും തർക്കങ്ങളിലും പ്രശ്നങ്ങളിലും കുടുങ്ങിക്കിടന്നപ്പോൾ ആ ശേഷി ഉപയോഗപ്പെടുത്താൻ  കഴിഞ്ഞില്ല. കശ്മീർ ആണ് മുഖ്യപ്രശ്നം. കാശ്മീർപ്രശ്നം സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കേണ്ടത് പ്രധാനമാണ്. കഴിഞ്ഞതെല്ലാം വിസ്മരിച്ച് മുന്നോട്ടു പോകുകയാണ് ഇപ്പോഴാവശ്യം. സമാധാനപ്രക്രിയ പുനരാരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യം അയൽരാഷ്ട്രം സൃഷ്ടിക്കേണ്ടതുണ്ട്--ബാജ്‌വ പറഞ്ഞു.  

രാജ്യത്തിന്റെ സുരക്ഷാ-വിദേശനയങ്ങൾ സൈന്യത്തിന്റെ ശക്തമായ നിയന്ത്രണത്തിൽ തുടരുന്ന പാകിസ്ഥാൻറെ ആർമി ജനറൽ ബാജ്‌വയിൽ നിന്ന് ഈ പ്രസ്താവന ആരും പ്രതീക്ഷിച്ചതല്ല. ഫെബ്രുവരി 25ന് ഇരുരാജ്യങ്ങളും അതിർത്തിയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത് പോലെ മറ്റൊരു സംഭവവികാസം. പാകിസ്ഥാൻ  നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യുന്നതുവരെയുള്ള തന്ത്രപരമായ ഒരു അടവ് മാത്രമാണോ ഈ സമാധാന അഭ്യർത്ഥനകൾ? അതോ അതിനുമപ്പുറം അർത്ഥങ്ങൾ ആ വാക്കുകൾ പേറുന്നുണ്ടോ? ഇതായിരുന്നു ഏവരുടെയും മനസ്സിൽ ഉയർന്ന ചോദ്യങ്ങൾ.

മഹാമാരി പാകിസ്ഥാന്റെ സമ്പദ്ഘടനയ്ക്ക് വലിയ ആഘാതം ഏൽപ്പിച്ചുവെന്നതും അവരുടെ കടഭാരം വർദ്ധിച്ചു വരുകയാണെന്നതും യുഎഇക്ക് നൽകാനുള്ള ഒരു ബില്യൺ ഡോളർ തിരിച്ചുനൽകാനാകാതെ വന്നപ്പോൾ നിക്ഷേപം വായ്പയായി മാറ്റണമെന്ന് പാകിസ്ഥാൻ അഭ്യർത്ഥിച്ചതും സൈനികചിലവുകൾ ഭീമമായി വർദ്ധിക്കുകയാണെന്നതുമെല്ലാം പരക്കെ അറിവുള്ളതാണ്.

ചൈനയിൽ നിന്നും ടർക്കിയിൽ നിന്നുമല്ലാതെ മറ്റു രാജ്യങ്ങളിൽ നിന്നും സൈനികോപകരണങ്ങൾ വാങ്ങുന്നതിനുള്ള പണം  അവർക്കില്ല. ടർക്കിയിൽനിന്നും വാങ്ങുന്ന  അറ്റാക്-12 ഹെലികോപ്ടറുകളുടെ എഞ്ചിനുകളുടെ വിൽപ്പന അടുത്തിടെ യുഎസ് തടഞ്ഞു. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കായിവാങ്ങിയ വായ്പകളും അതിന്റെ പലിശയുമുൾപ്പടെ ചൈനയോട് 90 ബില്യണിലധികം ഡോളറിന്റെ  കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ് രാജ്യം. സ്വാഭാവിക ആഴക്കടൽ തുറമുഖമായ ഗ്വദ്ദറിൽ വാണിജ്യകപ്പലുകൾ അടുക്കുന്നത് അപൂർവമായതിനാൽ അവിടെ നിന്നുള്ള വരുമാനവും കുറവാണ്. 

ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ള ഇറക്കുമതി 45 ബില്യൺ ഡോളറിന്റേതായിരിക്കുമ്പോൾ കയറ്റുമതി 22 ബില്യൺ ഡോളർ മാത്രമാണ്. വിദേശനാണയ കരുതൽശേഖരം കുറഞ്ഞു വരുന്നു. ഇപ്പോൾ 13 ബില്യൺ ഡോളർ മാത്രമാണുള്ളത്. ജനസംഖ്യ വർധിക്കുമ്പോൾ തൊഴിലവസരങ്ങൾ കുറയുകയാണ്. ജലദൗർലഭ്യം വളരെ രൂക്ഷമാണ്. ആളോഹരി ജലലഭ്യത 1000 ക്യൂബിക് മീറ്ററിൽ കുറവാണ്. കാലാവസ്ഥാ വ്യതിയാനവും ജലസംഭരണത്തിനായുള്ള നിക്ഷേപങ്ങളുടെ അഭാവവും കാരണം അത് ഗണ്യമായി കുറയുകയും ചെയ്യുന്നു.  

അതേസമയം, പാകിസ്ഥാന്റെ  ജിഡിപി 284 ബില്യൺ ഡോളർ മാത്രമായിരിക്കുമ്പോൾ  ബംഗ്ലാദേശിന്റെ ജിഡിപി 318 ബില്യൺ ഡോളറിന്റേതാണ്. അവർക്ക് 45 ബില്യൺ ഡോളറിന്റെ വിദേശനാണയ കരുതൽ ശേഖരവുമുണ്ട്. അവിടെ കരുത്തുറ്റ ജനാധിപത്യ പ്രക്രിയയുടെ കീഴിൽ ജനതയുടെയും സമ്പദ്ഘടനയുടെയും വികസനം നടക്കുന്നു. 1971ൽ വിഭജനത്തിന്റെ സമയത്ത് കിഴക്കൻ പാകിസ്ഥാൻ ആയിരുന്ന ബംഗ്ലാദേശ് പശ്ചിമ പാകിസ്ഥാനെക്കാൾ വളരെ പിന്നോക്കം നിന്ന പ്രദേശമായിരുന്നു. 

ജിഹാദികളെയും ഇസ്‌ലാമികതീവ്രവാദത്തെയും പിന്തുണക്കുന്ന ആഗോള ഭീകരതയുടെ ഒരുപ്രഭവകേന്ദ്രമായി പാകിസ്ഥാൻ മാറിയിരിക്കുകയാണ്. സമ്പദ്ഘടനയുടെ വളർച്ചയ്ക്കാവശ്യമായ സഹായങ്ങൾ തേടുന്നതിന് അത് തടസ്സമാകുന്നു. മൂന്നു വർഷങ്ങളായി യുഎൻ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാൻ. അതിന്റെ സാമ്പത്തികപ്രത്യാഘതങ്ങൾ വലുതാണ്. പാകിസ്ഥാനിലെ രാഷ്ട്രീയത്തെയും വിദേശനയത്തെയും നിയന്ത്രിക്കുന്ന സൈന്യത്തിന് ഇപ്പോൾ രാജ്യം നേരിടുന്ന കടുത്ത സമ്മർദ്ദങ്ങൾ അനുഭവപ്പെടുന്നു. അത് ദൂരീകരിക്കേണ്ട ആവശ്യകത ബോധ്യമാകുന്നു. 

അഫ്‌ഗാനിസ്ഥാനിൽ സ്ഥിതി കുഴഞ്ഞുമറിഞ്ഞ നിലയിൽ തുടരുന്നു. ഭീകരതയെ തള്ളിക്കളയാനും ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും താലിബാൻ  കൂട്ടാക്കുന്നില്ല.അത് യുഎസ് സൈന്യത്തിന്റെ പിന്മാറ്റം വൈകിപ്പിച്ചേക്കും അത് വീണ്ടുമൊരു ആഭ്യന്തര യുദ്ധത്തിലേക്കാകും നയിക്കുക. അത് മേഖലയിലെ സുസ്ഥിരതയെയുംബാധിക്കും. 

 പരമ്പരാഗതയുദ്ധത്തിൽ പാകിസ്ഥാൻ സൈന്യം  ഇതുവരെയും  വിജയിച്ചിട്ടില്ല.അതുകൊണ്ട്  ആണവായുധങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. അതാകട്ടെ പ്രയോഗിക്കാനും കഴിയില്ല. അതേസമയം കാശ്മീരിലും അഫ്‌ഗാനിസ്ഥാനിലും ലക്ഷ്യങ്ങൾ നേടാൻ പരാജയപ്പെട്ട ഒരു രാജ്യമെന്ന നിലയിലാണ് ലോകം പാകിസ്ഥാനെ കാണുന്നത്. 

കശ്മീരിൽ  സമാധാനാന്തരീക്ഷം നിലനിൽക്കുകയാണ്. 2020 അവസാനം ജില്ലാ വികസന സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നു. വെടിനിർത്തൽ ലംഘനങ്ങൾക്ക് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടി നൽകി. ഇന്ത്യ ഏതറ്റം വരെയും പോകുമെന്നതിന്റെ പ്രകടനമായിരുന്നു ബലാക്കോട്ടിലെ വ്യോമാക്രമണം. കിഴക്കൻ അതിർത്തിയിൽ ഇന്ത്യയുമായെന്നതു പോലെ പടിഞ്ഞാറൻ അതിർത്തിയിൽ അഫ്‌ഗാനിസ്ഥാനുമായും ഇറാനുമായും പാകിസ്ഥാന് പ്രശ്നങ്ങളുണ്ട്. ആഭ്യന്തര സുരക്ഷിതത്വത്തിനായി കലാപങ്ങളെയും ഭീകരസംഘടനകളെയും നേരിടേണ്ട സുരക്ഷാ സേനക്ക് ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലെ ചൈനീസ് ആസ്തികൾ സംരക്ഷിക്കുകയെന്ന ചുമതല കൂടി നിറവേറ്റണം. അതേസമയം, പാകിസ്ഥാന്റെയും ചൈനയുടെയും ഭീഷണികളെ നേരിടുന്ന ഇന്ത്യ സാമ്പത്തികമായും സൈനികമായും  ശക്തമായ നിലയിലാണ്. 

ഫെബ്രുവരി 2ന് പിഎഎഫ് ഗ്രാജുവേറ്റുകളെ അഭിസംബോധന ചെയ്യവെയാണ്‌ ജനറൽ ബാജ്‌വ മനം മാറ്റത്തിന്റെ സൂചന ആദ്യം നൽകിയത്. വളരെക്കാലമായി നിലനിൽക്കുന്ന കശ്മീർപ്രശ്നം ഇന്ത്യയും പാകിസ്ഥാനും മാന്യമായും സമാധാനപരമായും  പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചദ്ദേഹം പറഞ്ഞു. സമാധാനത്തെക്കുറിച്ച് പറയുമ്പോൾ പാക് നേതാക്കൾ കശ്മീർ എന്ന് പരാമർശിക്കുന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണെങ്കിലും വളരെക്കാലത്തിനു ശേഷമാണ് ഗൗരവതരമായ ഒരു പ്രസ്താവന പാകിസ്ഥാന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.

കിഴക്ക് ഇന്ത്യൻ സൈന്യത്തെ നിലനില്പിനു തന്നെ ഭീഷണി ഉയർത്തുന്ന ഒന്നായി പാകിസ്ഥാൻ കാണുന്നു. പടിഞ്ഞാറ് അഫ്‌ഗാനിലെ സ്ഥിതി സ്ഫോടകാത്മകമാണ്. ഇറാൻ സങ്കീർണ്ണമായ അവസ്ഥയിലും. വടക്ക് ആധിപത്യംപുലർത്തുന്ന  ചൈന. യുഎസ് ഒരു സഖ്യശക്തിയല്ലാതെയായി. അവർ ഇന്ത്യയുമായി അടുക്കുകയാണ്. ക്വാഡിലൂടെ കൂടുതൽ ആലിംഗനബദ്ധരാകുകയും ചെയ്യുന്നു. രണ്ടു മാർഗങ്ങൾ  മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇന്ത്യയുമായി സമാധാനത്തിലേർപ്പെടുകയാണ് അതിലൊന്ന്. അല്ലെങ്കിൽ ഇന്ത്യയുമായി യുദ്ധം തുടരുകയും ചൈനയുടെ സൈനിക സംരക്ഷണത്തിലുള്ളതും സാമ്പത്തികമായി അവരുടെ ഒരു കോളനിയുകുകയെന്നതുമാണ് രണ്ടാമത്തെ മാർഗം. 

വല്ലാത്തൊരു സ്ഥിതിയിൽ അകപ്പെട്ടിരിക്കുന്ന പാകിസ്ഥാൻ ഇന്ത്യയുമായി സമാധാനമെന്ന പുതിയ പാതയിലേക്ക് കടന്നിരിക്കുന്നുവെന്നു വേണം ജനറൽ ബാജ്‌വയുടെ പ്രസ്താവനയിൽ നിന്ന് മനസിലാക്കാൻ.