എച്ച്-1ബി വിസ: പുതിയവ്യവസ്ഥകളും നിർദ്ദേശങ്ങളും


JANUARY 25, 2021, 11:12 AM IST

ജെയ്‌സ് ജേക്കബ്


അറ്റോണി അറ്റ് ലോ


അമേരിക്കയിൽ വിദഗ്ധ തൊഴിൽ (എച്ച് - 1ബി) വിസയിൽ ജോലി ചെയ്യുന്നവർക്കും, തൊഴിൽ അന്വേഷകർക്കും ഈ മേഖലയിൽ, പ്രത്യേകിച്ച് ഐടി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും, വലിയ ആശങ്ക ഉണ്ടാക്കുന്ന നിയമങ്ങൾക്കും നയങ്ങൾക്കുമാണ് ട്രംപ് ഭരണം അതിന്റെ അവസാന നാളുകളിൽരൂപം കൊടുത്തത്.വിദഗ്ധ തൊഴിൽ വിസകൾ ഏറ്റവും അധികം ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ് എന്നത് ഇന്ത്യൻ സമൂഹത്തിന് പ്രത്യേകിച്ച് ആശങ്ക സൃഷ്ടിക്കുന്നു. 2019ലെ കണക്കനുസരിച്ച് മൊത്തം നൽകിയ എച്ച്-1ബി വിസകളിൽ രണ്ടേമുക്കാൽ ലക്ഷം (ഏകദേശം എഴുപതു ശതമാനം വിസകൾ) ഉപയോഗിച്ചത് ഇന്ത്യക്കാരാണ്.

മുൻപ് H-1B വിസക്കുള്ള യോഗ്യത പുനർനിർവചിച്ചും സ്പോൺസർ കമ്പനികൾ ഇതര സ്ഥാപനങ്ങളിലേക്ക് കരാർ വ്യവസ്ഥയിൽ നിയോഗിക്കുന്ന ജോലിക്കാർക്ക് വിസ നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കൊണ്ട് വന്ന നിയമങ്ങളും, ഒപ്പം തൊഴിൽ  വകുപ്പ് എച്ച്-1ബി വിസയുടെ അടിസ്ഥാന വേതന നിരക്കിൽ വരുത്തിയ വർധനവും കോടതികൾ റദ്ദാക്കിയത് ട്രംപ് ഭരണത്തിന് തിരിച്ചടിയായിരുന്നു. ഈ കോടതി വിധികളെ മറികടക്കാനും കാലാവധി അവസാനിക്കുന്നതിനു മുൻപായി H-1B വിസകൾ പരമാവധി കർശനമാക്കാനും ഉള്ള ട്രംപ് ഭരണത്തിന്റെ ശ്രമമാണ് പുതിയ വ്യവസ്ഥകൾ. എച്ച് - 1ബി ജോലിക്ക് അനുമതി നൽകുന്നതിന് തൊഴിൽ വകുപ്പ് പരിഗണിക്കുന്ന അടിസ്ഥാന വേതന നിരക്കിൽ വരുത്തിയ ഗണ്യമായ വർധനവാണ് ഒരു പ്രധാന വ്യവസ്ഥ.

ഒറ്റനോട്ടത്തിൽ ഇത് ജോലിക്കാർക്ക് ഉയർന്ന വേതനം ലഭിക്കാൻ കാരണമാകുമെന്ന് തോന്നാമെങ്കിലും, വലിയ വിഭാഗം കമ്പനികൾക്കും ഈ നിരക്ക് താങ്ങാനാവുന്നതിലും വലുതായതിനാൽ എച്ച്-1ബി വിസക്കാരെ ഒഴിവാക്കുന്നതിനും തൊഴിൽ നഷ്ടത്തിനും കാരണമാകും എന്നതാണ് ആശങ്ക.എച്ച്-1ബി വിസക്കാരെ പ്രധാനമായും ആശ്രയിക്കുന്ന കമ്പനികളേയും ഇത് കാര്യമായി ബാധിക്കും. ജൂലൈ മാസം മുതൽ ഘട്ടം ഘട്ടമായി വേതന വർധന നടപ്പാക്കാൻ ആണ് വ്യവസ്ഥ ചെയ്യുന്നത്. H-1B യിൽ ജോലിക്കാരെ നിയമിക്കുന്നതിന് കമ്പനികൾ തൊഴിൽ വകുപ്പിന്റെ ലേബർ സർട്ടിഫിക്കേഷൻ നേടേണ്ടത് ആവശ്യമാണ്.

സ്പോൺസർ കമ്പനികൾ ഇതര സ്ഥാപനങ്ങളിലേക്ക് കരാർ വ്യവസ്ഥയിൽ നിയോഗിക്കുന്ന ജോലിക്കാർക്ക് സ്പോൺസർ കമ്പനി കൂടാതെ അവർ ജോലി ചെയ്യുന്ന സ്ഥാപനവും പ്രത്യേകം ലേബർ സർട്ടിഫിക്കേഷൻ നേടണം എന്ന തൊഴിൽ വകുപ്പിന്റെ പുതിയ വ്യവസ്ഥയും, സ്പോൺസർ കമ്പനി കൂടാതെ അവർ ജോലി ചെയ്യുന്ന സ്ഥാപനവും ഇത്തരം ജോലിക്കാർക്ക് വേണ്ടി പ്രത്യേകം പെറ്റീഷൻ സമർപ്പിക്കണം എന്ന ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ വ്യവസ്ഥയും ആണ് ഈ മേഖലയിൽ ഏറെ ആശങ്ക സൃഷ്ഠിക്കുന്നത്.

ഈ വ്യവസ്ഥകൾ H-1B തൊഴിൽ അനുമതിക്കുള്ള നടപടികൾ സങ്കീർണവും പ്രായോഗികമായി ബുദ്ധിമുട്ടേറിയതും ആക്കി മാറ്റും. എച്ച് -1ബി വിസയിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ആളുകളും ഇത്തരത്തിൽ വിവിധ സ്ഥാപനങ്ങളിൽ കരാർ വ്യവസ്ഥയിൽ നിയോഗിക്കപ്പെടുന്നവരാണ് എന്നതും പല ചെറുകിട ഐടി കമ്പനികളും നിലനിൽക്കുന്നത് തന്നെ ഇത്തരത്തിൽ ജോലിക്കാരെ വലിയ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ നിയോഗിച്ച് ആണ് എന്നതും ഈ വ്യവസ്ഥയുടെ പ്രത്യഘാതം വർധിപ്പിക്കും.പുതിയ നിയമങ്ങളെ കോടതികളും, പ്രത്യേകിച്ച് അധികാരത്തിലേക്ക് കാലെടുത്ത് ബൈഡൻ ഭരണവും എങ്ങനെ സമീപിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.--ജെയ്‌സ് ജേക്കബ് ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന അറ്റോണിയാണ്. ഫോൺ: 7134050641