വെറുപ്പിന്റെ മനഃശ്ശാസ്ത്രം


AUGUST 16, 2019, 4:09 PM IST


'ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിന്റെ പേരില്‍ ഭക്ഷണത്തിന്റെ ഓര്‍ഡര്‍ റദ്ദാക്കിയ ഉപഭോക്താവിന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോ നല്‍കിയ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ കൈയടി നേടുന്നു,' രണ്ടാഴ്ച മുമ്പ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വാര്‍ത്തയാണിത്.രണ്ടു ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു വാര്‍ത്ത വന്നു: 'മുസ്ലിം പേരുള്ള അവതാരകനെ കാണാതിരിക്കാന്‍ കൈകള്‍ കൊണ്ട് കണ്ണുകള്‍ മറച്ച് വലതുപക്ഷ ഹിന്ദു സംഘടനയായ ഹം ഹിന്ദുവിന്റെ സ്ഥാപകന്‍ അജയ് ഗൗതം ചാനല്‍ ചര്‍ച്ചയില്‍ പങ്കുകൊണ്ടു.' പത്തു ദിവസത്തിനുശേഷം വീണ്ടുമൊരു വാര്‍ത്ത: 'ബീഫ്, പോര്‍ക്ക് തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ കമ്പനി (സൊമോറ്റോ) നിര്‍ബന്ധിക്കുന്നുവെന്നാരോപിച്ച്  കൊല്‍ക്കത്തയില്‍ പ്രതിഷേധ പ്രകടനം നടത്തിയ ജീവനക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.'

ഇതുവരെയെത്തി ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അവസ്ഥ!! മറ്റു സമുദായങ്ങളോടുള്ള വെറുപ്പ് ഒരു പ്രബല സമുദായത്തില്‍ വളര്‍ത്തി, അതു മുതലാക്കി അധികാരം പിടിച്ചടക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തിയ ശ്രമം ഒരു മഹാരാജ്യത്തിനു വരുത്തിയ വിനയുടെ ബാക്കിപത്രമാണ് ഇതെല്ലാം.ട്വിറ്ററിലൂടെയാണ് അമിത് ശുക്ല എന്ന ഉപഭോക്താവ് സൊമോറ്റോക്ക് നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കിയതിന്റെ കാരണം പങ്കുവച്ചത്. 'എന്റെ ഭക്ഷണം എത്തിക്കുന്നതിനായി ഒരു അഹിന്ദുവിനെയാണ് അവര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഞാന്‍ സൊമാറ്റോയെ ബന്ധപ്പെട്ടപ്പോള്‍ ആളെ മാറ്റാനാവില്ലെന്നും ഓര്‍ഡര്‍ റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ലെന്നും പറഞ്ഞു. പണം തിരിച്ചുതന്നില്ലെങ്കിലും ആ ഭക്ഷണം തനിക്ക് വേണ്ടെന്ന് അവരോട് പറഞ്ഞു.'ഇതിന് മറുപടിയായി സൊമാറ്റോ ട്വീറ്റ് ചെയ്തത് 'ഭക്ഷണത്തിന് മതമില്ല, അത് തന്നെ ഒരു മതമാണ്' എന്നായിരുന്നു. സൊമോറ്റോയുടെ സ്ഥാപകന്‍ ദീപേന്ദര്‍ ഗോയല്‍ ഇങ്ങനെ പ്രതികരിച്ചു: 'ഇന്ത്യയെക്കുറിച്ചും പ്രിയപ്പെട്ട ഉപഭോക്താക്കളെക്കുറിച്ചും പങ്കാളികളെ കുറിച്ചും ഏറെ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍. മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ പേരില്‍ ബിസിനസില്‍ എന്തെങ്കിലും നഷ്ടമുണ്ടാകുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നില്ല.'

അമിത് ശുക്ലക്ക് നല്‍കിയ ഈ മറുപടികള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ പിന്തുണയാണ് ലഭിച്ചത്. അത് നല്ലതുതന്നെ. പക്ഷേ, അതായിരുന്നില്ല, അന്യ മതസ്ഥന്‍ തനിക്ക് ഭക്ഷണം കൊണ്ടുവരേണ്ട എന്നു പറയാന്‍ ഒരു വ്യക്തിയെ പ്രേരിപ്പിച്ച തത്വസംഹിതയെ അപലപിക്കുകയായിരുന്നു വേണ്ടിയിരുന്നത്. കുടിവെള്ളത്തിലും ഉരുളച്ചോറിലും മാത്രമല്ല ശ്വസിക്കുന്ന വായുവിലും ചുണ്ടിലെ ചിരിയിലും നോട്ടത്തിലുമൊക്കെ അപരനോടുള്ള വിദ്വേഷത്തിന്റെ വിഷം കലര്‍ത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തുകതന്നെ വേണം. അന്യമതസ്ഥര്‍ ഉണ്ടാക്കിയ ഭക്ഷണം തനിക്കുവേണ്ടാ എന്നല്ല അയാള്‍ പറഞ്ഞതെന്നോര്‍ക്കണം. അങ്ങനെയെങ്കില്‍ വൃത്തിയുടെയോ, വെടിപ്പിന്റെയോ, ചേരുവകളുടെയോ പേരിലാണ് തനിക്ക് ഭക്ഷണം വേണ്ടെന്നു പറഞ്ഞതെന്ന് ആശ്വസിക്കാമായിരുന്നു. ഇവിടെ അതല്ല സ്ഥിതി. സൊമോറ്റോ ഭക്ഷണം തയ്യാറാക്കുന്നില്ല. മറ്റു സ്ഥാപനങ്ങളില്‍ ഉണ്ടാക്കിയ ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുക മാത്രമേ ചെയ്യുന്നുള്ളു. അതായത് ശുക്ല തനിക്ക് ഇഷ്ടപ്പെട്ട ഹോട്ടലില്‍ ഉണ്ടാക്കിയ ഭക്ഷണമാണ് ഓര്‍ഡര്‍ ചെയ്തത്. അവിടെ ഉണ്ടാക്കി പായ്ക്ക് ചെയ്ത ഭക്ഷണം വാഹനത്തില്‍ കൊണ്ടുവന്ന ആള്‍ അഹിന്ദു ആണെന്നതുകൊണ്ട് അത് വേണ്ടെന്നുവയ്ക്കണമെങ്കില്‍ അയാളുടെ വെറുപ്പിന്റെ ആഴം പറഞ്ഞറിയിക്കേണ്ട കാര്യമില്ല.

മറ്റു മതസ്ഥരോട് താന്‍ വച്ചുപുലര്‍ത്തുന്ന വിദ്വേഷത്തിന്റെ വിശദ വിവരം ട്വീറ്റ് ചെയ്യാന്‍ അയാള്‍ മടികാട്ടിയുമില്ല. 'നിന്നോടുള്ള, നിന്റെ സമുദായത്തോടുള്ള, കാര്യകാരണങ്ങള്‍ ഒന്നുമില്ലാത്ത, വെറുപ്പ്' വിളിച്ചു പറയാന്‍ അയാള്‍ ധൈര്യപ്പെട്ടു. നമ്മുടെ ചുറ്റിലുമുള്ള ചില സമാനഹൃദയരെ പോലെ, മനസ്സില്‍ വിഷം മൂടിവച്ച് സൗഹൃദത്തിന്റെ ചിരി പൊഴിക്കാന്‍ തയ്യാറായില്ല എന്ന് ആശ്വസിക്കാം.

മുസ്ലിം പേരുള്ള അവതാരകനെ കാണാതിരിക്കാന്‍ കൈകള്‍കൊണ്ട് കണ്ണുകള്‍ മറച്ച് ലൈവ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഹം ഹിന്ദു സംഘടനയുടെ സ്ഥാപകന്‍ അനുയായികള്‍ക്ക് നല്‍കുന്നത് എന്തുതരം സന്ദേശമാണ്? സൊമോറ്റോ വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് ന്യൂസ് 24 ചാനല്‍ അജയ് ഗൗതമിനെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചത്. അവതാരകന്റെ പേര് ഖാലിദ് ആണെന്ന് അറിഞ്ഞതോടെ ഇരു കൈകളുംകൊണ്ട് കണ്ണുകള്‍ മറച്ച് അയാള്‍ ചര്‍ച്ചയില്‍ പങ്കുകൊള്ളുകയായിരുന്നു. അവതാരകനു നേരെ നോക്കാന്‍ പോലും ഇയാള്‍ തയ്യാറായില്ല. ഇയാള്‍ കണ്ണുകള്‍ മറയ്ക്കുന്ന വീഡിയോ ദൃശ്യം നവ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഭാവിയില്‍ ഒരു ചാനല്‍ ചര്‍ച്ചകള്‍ക്കും അജയ് ഗൗതമിനെ വിളിക്കേണ്ടെന്ന് ന്യൂസ് 24 തീരുമാനിച്ചു എന്നത് മറ്റൊരു കാര്യം.2015ല്‍ സ്ഥാപിതമായ ഹം ഹിന്ദു എന്ന സംഘടന പൂര്‍ണ സ്വാതന്ത്ര്യത്തിനും സമ്പൂര്‍ണ ഹിന്ദു രാഷ്ട്രത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംഘടനയുടെ വെബ്‌സൈറ്റ് പറയുന്നു.

അതേ വെറുപ്പിന്റെ മറ്റൊരു രൂപമാണ് ബീഫ്, പോര്‍ക്ക് തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ കഴിയില്ല എന്ന ചില ജീവനക്കാരുടെ നിലപാട്. ബക്രീദ് സമയത്ത് ബീഫ്, പോര്‍ക്ക് എന്നിവ ആളുകള്‍ക്ക് എത്തിക്കില്ലെന്ന് ചില ജീവനക്കാര്‍ ശഠിച്ചു. അത്തരം ഓര്‍ഡറുകള്‍ ലഭിച്ചാല്‍ അവ മാറ്റി നല്‍കണമെന്നും ജീവനക്കാരുടെ മതവികാരത്തെ മാനിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അനിശ്ചിതകാലസമരം നടത്തുമെന്ന ഭീഷണിയും മുഴക്കി. 'ബീഫ് കൊണ്ടുപോകാന്‍ മടിയുള്ള ഹിന്ദു ഡെലിവറി ജീവനക്കാര്‍ ഞങ്ങള്‍ക്കിടയിലുണ്ട്. അതുപോലെ മുസ്‌ലിം ജീവനക്കാര്‍ക്ക് പോര്‍ക്ക് കൊണ്ടുപോകാനും ബുദ്ധിമുട്ടുണ്ട്. മതം അനുശാസിക്കാത്ത ഭക്ഷണവസ്തുക്കള്‍ കൊണ്ടുപോകാന്‍ സാധിക്കില്ല', ജീവനക്കാരിലൊരാളായ മൗസിന്‍ അക്തര്‍ പറഞ്ഞു. തങ്ങള്‍ക്ക് പറ്റാത്ത പണിക്ക് എന്തിനു ചേര്‍ന്നു എന്ന ചോദ്യം ബാക്കി.ഇത്തരക്കാരൊക്കെ ന്യൂനപക്ഷമാണെന്ന് വാദിക്കാം. എന്നാല്‍ ഓരോരുത്തരും തങ്ങളുടെ ചുറ്റിലുമുള്ള വ്യത്യസ്ത ജാതി സമുദായങ്ങളിലെ പത്തു പേരോട് സ്വകാര്യമായി ചോദിച്ചുനോക്കൂ, അപ്പോള്‍ അറിയാം നമ്മുടെ അയല്‍പക്കങ്ങള്‍ എങ്ങനെ മാറിപ്പോയെന്ന്, ഇത്തരക്കാര്‍ ഒറ്റയ്ക്കല്ലാ എന്ന്.

ഇന്നലെവരെ ചെയ്തിരുന്നതിന് വിരുദ്ധമായി ചെയ്യാന്‍ അവര്‍ക്ക് സൗകര്യവും ധൈര്യവും നല്‍കുന്ന രാഷ്ട്രീയ പശ്ചാത്തലമാണ് ഒന്നാം പ്രതി. വ്യക്തികള്‍ പിന്നീടു മാത്രമേ പ്രതിസ്ഥാനത്തു വരുന്നുള്ളൂ. വെറുപ്പിന്റെ സന്ദേശമാണ് ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിലുള്ളത്.എന്തുകൊണ്ട് ഇതെല്ലാം സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. വെറുപ്പ്. മതം മറ്റു മതങ്ങളെയും ജാതി മറ്റു ജാതികളെയും രാഷ്ട്രം മറ്റു രാഷ്ട്രങ്ങളെയും വെറുക്കുന്നു.എന്തിനാണ് മനുഷ്യന്‍ മനുഷ്യരെ വെറുക്കുന്നത്? സ്‌നേഹം പോലെതന്നെ മനുഷ്യന്റെ സ്ഥായീഭാവങ്ങളിലൊന്നാണെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. അതിനാല്‍ അത് വ്യാക്തിജീവിതത്തിലും സമൂഹജീവിതത്തിലും എന്നും ഉണ്ടായിരുന്നു. മതം, ജാതി, വംശം, രാഷ്ട്രം തുടങ്ങിയവയുടെ പേരില്‍ മനുഷ്യര്‍ മനുഷ്യരെ വെറുത്തു. അത് യുദ്ധങ്ങളിലേക്കും കൂട്ടക്കൊലകളിലേക്കും വംശഹത്യയിലേക്കും നയിച്ചു. അതു നിയന്ത്രിക്കാന്‍ മനുഷ്യന്‍ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കി. പരിഷ്‌കൃത മനുഷ്യര്‍ അവയെ മനുഷ്യാവകാശങ്ങളായി അംഗീകരിച്ചു.പക്ഷേ, അടുത്ത കാലത്ത് എല്ലാ മനുഷ്യാവകാശങ്ങളും ലോകമെമ്പാടും ലംഘിക്കപ്പെട്ടു. 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം അതിന്റെ നാന്ദിയായിരുന്നു. വലതുപക്ഷ, ഫാസിസ്റ്റ് ശക്തികളുടെ ഉദയമാണ് പിന്നീട് നാം കണ്ടത്.

മതത്തിന്റെ പേരിലും, രാഷ്ട്രീയ ലാഭത്തിനുവേണ്ടിയും കൂട്ടക്കൊലകള്‍ നടന്നു. രണ്ടാം ലോകയുദ്ധത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ ലോക സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക ക്രമങ്ങള്‍ അതു സൃഷ്ടിച്ചവര്‍തന്നെ തകിടംമറിക്കുന്നു.വെറുപ്പിന്റെ മനഃശ്ശാസ്ത്രം പഠിക്കുകയാണ് മനഃശ്ശാസ്ത്രജ്ഞരിപ്പോള്‍. എന്താണ് വെറുപ്പ്, അതിന്റെ കാരണങ്ങള്‍ എന്തെല്ലാം, അതിന്റെ ദുരന്തഫലങ്ങളെന്തെല്ലാം തുടങ്ങിയവ അറിയേണ്ടത് സമാധാനത്തിന്റെ സംസ്‌കാരം ഉണ്ടാക്കാന്‍ ആവശ്യമാണെന്ന് അവര്‍ പറയുന്നു. വെറുപ്പിന്റെ കാര്യത്തില്‍ വ്യക്തികളും ഗ്രൂപ്പുകളും തമ്മില്‍ വ്യത്യാസമില്ല. അതിശക്തവും അതീവ സങ്കീര്‍ണ്ണവും ശത്രുതാരപരവും നശീകരണ പ്രവണതയുള്ളതുമായ വികാരമാണ് വെറുപ്പ്. അപരനെക്കുറിച്ചുള്ള അജ്ഞതയാണ് അതിന്റെ മൂലകാരണം. അജ്ഞതമൂലം അപരനെ അടിസ്ഥാനപരയും തിരുത്താന്‍ കഴിയാത്തതുമായ ദുഷ്ടനും നീചനും അധമനും തന്നെക്കാള്‍ താണവനും ആയി കണക്കാക്കുന്നു. അപരനെക്കുറിച്ചുള്ള ഈ ധാരണ അയാള്‍ അപകടകാരിയും തങ്ങള്‍ക്കു ദോഷംവരുത്തുന്നവനുമായി കാണാന്‍ പ്രേരണയാകുന്നു. പിന്നീട് അവനെ ആക്രമിച്ചോ, ഒറ്റപ്പെടുത്തിയോ, കീഴടക്കിയോ ഇല്ലായ്മ ചെയ്യുന്നത് നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലായി കണക്കാക്കപ്പെടുന്നു.