ബസ്‌കിംഗ് എന്ന് കേട്ടിട്ടില്ല അല്ലേ 


FEBRUARY 11, 2020, 7:18 PM IST

കൊച്ചി: കൃതി പുസ്തകോത്സവത്തില്‍ ലളിതാംബികാ അന്തര്‍ജ്ജനം വേദിക്ക് സമീപത്തുള്ള മേശകള്‍ക്ക് പുറകില്‍ കുറച്ച് ചെറുപ്പക്കാരെ കാണം. അല്‍പ സമയം സംസാരിച്ചിരുന്നാല്‍ പകരം ഒരു കവിതയോ ചിത്രമോ അതിലുപരി നല്ലൊരു സൗഹൃദമോ  നിങ്ങള്‍ക്ക് ലഭിച്ചേക്കും. സംഗതി മലയാളിക്ക് അത്ര പരിചയമുള്ള ആശയമല്ല. വിദേശ രാജ്യങ്ങളില്‍ സാധാരണമായ തെരുവിലെ കലാ അവതരണങ്ങള്‍ക്ക് സമാനമായ 'ബസ്‌കിങ്ങ്' എന്ന ആശയം നടപ്പിലാക്കുകയാണ് കൊച്ചിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍.

കലയെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് പുറത്തിറക്കുക എന്നതാണ് ബസ്‌കിങിലൂടെ ഉദ്ദേശിക്കുന്നത്. 

ബസ്‌കിങ് കൊച്ചി എന്ന കൂട്ടായ്മയാണ് കൃതിയില്‍ ഈ ആശയം പരിചയപ്പെടുത്തുന്നത്. ടൈപ്പ് റൈറ്റിങ്ങ് കവി മുതല്‍ ഇല്ലസ്‌ട്രേറ്റര്‍ വരെ ഇവരുടെ കൂടെയുണ്ട്. മുന്‍ എന്‍ജിനീയറായ ശ്രീറാമിന്റെ കയ്യില്‍ ഒരു ടൈപ്പ് റൈറ്ററാണുള്ളത്. മുന്നിലിരിക്കുന്ന ആള്‍ സംസാരിക്കുന്ന കാര്യങ്ങളെ ഒരു കവിതയിലേക്ക് വികസിപ്പിച്ച് ടൈപ് റൈറ്ററില്‍ അടിച്ച് അയാള്‍ക്ക് തന്നെ സമ്മാനിക്കുകയാണ് ശ്രീറാം. സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ അധ്യാപികയായ  ദേവിക ഇതേ പോലെ രൂപപ്പെടുന്ന കവിതകള്‍  കടലാസില്‍ കുറിച്ച് നല്‍കും. ആര്‍കിടെക്റ്റായ ഇന്ദു സ്വപ്നസമാനമായ ചിത്രീകരണങ്ങളാണ് വരച്ച് നല്‍കുക. ആര്‍ക്ക് വേണമെങ്കിലും ഈ സംഘത്തോടൊപ്പം ചേര്‍ന്ന് ബസ്‌കിങ്ങ് ചെയ്യുകയുമാകാം.

ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ വച്ച് ശ്രീറാം കണ്ടുമുട്ടിയ ടൈപ്പ് റൈറ്റര്‍ കവിയത്രിയായ പെണ്‍കുട്ടിയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് 'ബസ്‌കിങ്ങ് കൊച്ചി' ജനിച്ചത്. 

പോര്‍ട്രെയിറ്റുകള്‍ ചെയ്യുന്ന നിഥിന്‍, കാലിഗ്രാഫി ചെയ്യുന്ന അജു, ആകാശ്, ഗീതാഞ്ജലി, അല്‍ത്താഫ്, അഭിജേഷ്, അനന്ദു, യദു തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഈ സംഘം 'കൃതി'യില്‍  ബസ്‌കിങ്ങിന്റെ സംസ്‌കാരം പരിചയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ദിവസവും വൈകിട്ട് നാല് മുതല്‍ ഏഴു വരെയാണ് ബസ്‌കിംഗ് കൂട്ടുകാര്‍ കൃതിയില്‍ നിങ്ങളെ കാത്തിരിക്കുന്നത്.