ഒന്നിപ്പിക്കാന്‍ ഹിന്ദി; വിഘടിപ്പിക്കുന്നതും ഹിന്ദി


SEPTEMBER 27, 2019, 2:40 PM IST

നേഷന്‍ അഥവാ രാഷ്ട്രം എന്നതിന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള നിര്‍വ്വചനം 'പൊതുവായ വംശപരമ്പര, ചരിത്രം, സംസ്‌കാരം, ഭാഷ, പാരമ്പര്യം എന്നിവയാല്‍ ബന്ധിതരായവരും ഒരു പ്രത്യേക രാജ്യത്തോ ഭൂപ്രദേശത്തോ താമസിക്കുന്നവരുമായ വലിയൊരു ജനതതി' എന്നാണ്. ഈ വിര്‍വ്വചനം ലോകത്തെ പല രാജ്യങ്ങള്‍ക്കും ഇണങ്ങുമെങ്കിലും ഇന്ത്യയ്ക്ക് തീരെ ഇണങ്ങുന്നില്ല. കരാണം പൊതുവായ വംശപരമ്പര, ചരിത്രം, സംസ്‌കാരം, ഭാഷ, പാരമ്പര്യം എന്നതൊന്നും ഇന്ത്യക്കാര്‍ക്കില്ല. പൊതുവായത് എന്തെങ്കിലും നമുക്കുണ്ടെങ്കില്‍ ചില സാംസ്‌കാരിക തന്തുക്കള്‍ മാത്രമാണ്. അതിനാല്‍ ആ അര്‍ത്ഥത്തില്‍ നാം ഒരു രാഷ്ട്രമല്ല.

'ഒരു പ്രത്യേക ഭൂപ്രദേശത്തു താമസിക്കുന്നതും ഒരു സ്വതന്ത്ര പരമാധികാര ഗവണ്മെന്റിനാല്‍ സംയോജിക്കപ്പെട്ടതുമായ ജനതതി' എന്ന മറ്റൊരു നിര്‍വ്വചനം ഇന്ത്യയ്ക്ക് കുറെയൊക്കെ ചേരും. പക്ഷേ,  ഇന്ത്യ അങ്ങനെയൊരു രാഷ്ട്രമായത് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പു മാത്രമാണ്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ബ്രിട്ടീഷ് ഇന്ത്യയും നൂറുകണക്കിന് (584) രാഷ്ട്രങ്ങളും ഉള്‍പ്പെടുന്ന ഉപഭൂഖണ്ഡം ആയിരുന്നു.  ഒരു പക്ഷേ, ബ്രിട്ടീഷുകാര്‍ വരികയും ഇന്ത്യയുടെ ഭൂരിപക്ഷം മേഖലകളും കീഴടക്കിഭരിക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ ഇന്നുള്ള ഇന്ത്യ എന്ന രാഷ്ട്രം ഉണ്ടാകുമായിരുന്നില്ല. അത് പരസ്പരം പോരടിക്കുന്ന നൂറുകണക്കിന് രാഷ്ട്രങ്ങളായിരിക്കുമായിരുന്നു.

പൊതുവായ വംശാവലി, ചരിത്രം, സംസ്‌കാരം, ഭാഷ, പാരമ്പര്യം എന്നിവയാല്‍ ബന്ധിതരല്ല ഇന്ത്യന്‍ ജനതതി. അതുണ്ടാക്കിയെടുക്കാന്‍ നാം നാളുകളായി ശ്രമിക്കുകയാണെങ്കിലും വലിയ പുരോഗതിയൊന്നും നേടാനായില്ല. ഓരോ ഭൂപ്രദേശവും അതിന്റേതായ വംശപരമ്പര, ചരിത്രം, സംസ്‌കാരം, ഭാഷ, പാരമ്പര്യം എന്നിവയില്‍ അഭിമാനിക്കുന്നു. അതുകൊണ്ടാണ് ഒരു രാജ്യം, ഒരു ഭാഷ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശത്തിനെതിരെ വലിയ എതിര്‍പ്പ് ഉളവായത്.കര്‍ണാടകയില്‍ കന്നഡ സംഘടനകള്‍ വന്‍ പ്രതിഷേധം നടത്തി. തമിഴ്‌നാട്ടില്‍ അടുത്ത ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന് ഒരുങ്ങാന്‍ അണികളോട് ഡി.എം.കെ. അധ്യക്ഷന്‍ എം. കെ. സ്റ്റാലിന്‍ ആഹ്വാനം ചെയ്തു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നു ബിജെപി സഖ്യകക്ഷികളായ അണ്ണാ ഡി എം കെ, പി എം കെ എന്നിവയും പ്രഖ്യാപിച്ചു. എം ഡി എംകെ, വി സി കെ, ഇടതു പാര്‍ട്ടികള്‍ എന്നിവയും രൂക്ഷവിമര്‍ശവുമായി രംഗത്തെത്തി.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, നേതാവ് ജയറാം രമേഷ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഐ. എം. ഐ. എം. അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി, മുന്‍ കര്‍ണാടക മുഖ്യമന്ത്രിമാരായ എച്ച്. ഡി കുമാരസ്വാമി, സിദ്ധരാമയ്യ, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍, മലയാള കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നു.

അമിത് ഷായുടെ നിലപാടിനെ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യദ്യൂരപ്പ പോലും തള്ളി. 'കര്‍ണാടകത്തെ സംബന്ധിച്ച് കന്നഡയാണ് മുഖ്യഭാഷയെന്നും ഇക്കാര്യത്തില്‍ ഒരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തിന്റെ ഭാഷയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. കന്നഡയുടെ പ്രാധാന്യം കുറയുന്ന തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. കന്നഡയും സംസ്ഥാനത്തിന്റെ സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. രാജ്യത്തെ ഔദ്യോഗികഭാഷകളെല്ലാം തുല്യമാണ്,' യെദ്യൂരപ്പ ട്വിറ്ററിലൂടെ വ്യക്തമാക്കി.

അമിത് ഷാ പറഞ്ഞതില്‍ എന്താണ് തെറ്റ്? 'ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണം' എന്നാണ് അമിത് ഷാ പറഞ്ഞതിന്റെ കാതല്‍. 'ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരു ഭാഷ അത്യാവശ്യമാണ്. നിരവധി ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രധാന്യമുണ്ട്. എന്നാലും ലോകത്ത് ഇന്ത്യയുടെ സ്വത്വമായി മാറേണ്ട ഒരു ഭാഷയുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണ്.

ഹിന്ദി വ്യാപകമായി ഉപയോഗിക്കണമെന്ന് രാജ്യത്തെ എല്ലാ പൗരന്‍മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റേയും സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗം കൂടിയാണിത്' എന്നദ്ദേഹം പറയുന്നു.ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരു ഭാഷ, അതിന്റെ സ്വത്വമായ ഒരു ഭാഷ, ഉണ്ടെങ്കില്‍ നല്ലതുതന്നെ. ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അത് അഭിലഷണീയമായ കാര്യമാണ്. പക്ഷേ, അങ്ങനെയൊന്നില്ല എന്നതാണ് പ്രശ്‌നം.

കൂടാതെ, ഇന്ത്യയെ മുഴുവന്‍ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്കാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവം ശരിയല്ല. ഹിന്ദിക്ക് പ്രത്യേക മേന്മയൊന്നും അവകാശപ്പെടാനില്ല. പൗരാണികത്വത്തിലും സാഹിത്യ സമ്പത്തിലും ഹിന്ദി തമിഴിന്റെ അടുത്തെങ്ങുമെത്തുകയില്ല. സ്വാതന്ത്ര്യം നേടിയ സമയത്ത് ഡല്‍ഹി,ഉത്തര്‍ പ്രദേശ്, ഹര്യാന എന്നിവിടങ്ങളിലും മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവയുടെ ചില ഭാഗങ്ങളിലും മാത്രം സംസാരിച്ചിരുന്ന ഭാഷയാണത്.

പക്ഷേ, പിന്നീട് ഹിന്ദിക്കു നല്‍കിയ പ്രാധാന്യം മൂലം 'ഹിന്ദി ഹൃദയഭൂമി' എന്ന് ഇന്നു നാം വിളിക്കുന്ന പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. മിക്ക സംസ്ഥാനങ്ങളിലെയും പാഠ്യപദ്ധതിയില്‍ ഹിന്ദി നിര്‍ബ്ബന്ധമായതിനാല്‍ വിദ്യാഭ്യാസം നേടിയവര്‍ക്ക് ഇന്ന് ഹിന്ദിയുടെ ബാലപാഠങ്ങള്‍ വശമാണ്. ജോലി ആവശ്യത്തിനുള്ള കുടിയേറ്റങ്ങളും ബോളിവുഡ് സിനിമകളും ഹിന്ദിയുടെ പ്രചാരത്തിന് വലിയതോതില്‍ വഴിതെളിച്ചു.

പക്ഷേ, 'വ്യാപകമായി സംസാരിക്കുന്ന' എന്ന വിശേഷണം ഹിന്ദിക്ക് ഇന്നും ഇണങ്ങുന്നതല്ല. ഇന്നും ഹിന്ദി സംസാരിക്കുന്നവരേക്കാള്‍ കൂടുതല്‍ മറ്റു ഭാഷകള്‍ സംസാരിക്കുന്നവരാണ്. ഹിന്ദി വ്യവഹാരഭാഷയായിട്ടുള്ളതുപോലും നഗരങ്ങളില്‍ മാത്രം ദേശവ്യാപകമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഭാഷ പഠിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകാന്‍ സാദ്ധ്യതയില്ല. പക്ഷേ, ഷാ പറയുന്നത് 'ഹിന്ദി പ്രാഥമിക ഭാഷയാക്കി മാറ്റണം' എന്നാണ്. എതിര്‍പ്പിന്റെ ആധാരവും അതാണ്. മറ്റു പലതുംപോലെ ഹിന്ദി അടിച്ചേല്പിക്കുമെന്ന ഭയം ഹിന്ദിയിതര സംസ്ഥാങ്ങളിലെ ജനങ്ങള്‍ക്കുണ്ട്, പ്രത്യേകിച്ച് തങ്ങളുടെ ഭാഷയുടെ തനിമയിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന തമിഴര്‍ക്ക്. ഇംഗ്ലീഷിനെ ഒഴിവാക്കി ഹിന്ദി വ്യവഹാരഭാഷയായാല്‍ സിവില്‍ സര്‍വ്വീസ് അടക്കമുള്ള മത്സരപരീക്ഷകളിലും മറ്റും തങ്ങള്‍ പിന്തള്ളപ്പെടുമെന്ന ഭീതിയും അവര്‍ക്കുണ്ട്.

ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് 1965ല്‍ കോണ്‍ഗ്രസ് ഗവണ്മെന്റ് നല്‍കിയ വാഗ്ദാനം മോദി സര്‍ക്കാര്‍ ലംഘിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങയിരുന്നു. ഉദാഹരണത്തിന് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് മാനവവിഭശേഷി മന്ത്രാലയത്തിന് കരട് രേഖയില്‍നിന്ന് അത് മാറ്റേണ്ടിവന്നു.

ഇംഗ്ലീഷ് വിദേശ ഭാഷയാണ്. അത് വിദേശ ആധിപത്യത്തിന്റെ പ്രതീകമാണ്. വിദേശ ആധിപത്യത്തിന്റെ വിഴുപ്പ് നാം ചുമക്കേണ്ടതില്ല. അത് ഒഴിവാക്കി ഹിന്ദി ദേശീയ ഭാഷയാക്കണം എന്ന ആവശ്യം ഇയരുന്നുണ്ട്. വിവരദോഷികള്‍ ഉയര്‍ത്തുന്ന ഈ വാദവും ഹിന്ദിക്കെതിരായ വികാരമായി വളരുന്നു. ഇംഗ്ലീഷിന് വലിയ മേന്മയൊന്നും ഇല്ലെങ്കില്‍പ്പോലും അത് മറ്റു ഭാഷകളേക്കാള്‍ വ്യാപകമായതിനാല്‍, ലോകത്തേക്കുള്ള വാതായനമാണ് അത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം. ലോകത്തുള്ള അറിവുകള്‍ നാം നേടുന്നത് അതുവഴിയാണ്. ഡിജിറ്റല്‍ യുഗത്തില്‍ നിഷ്പ്രയാസം മുന്നേറാന്‍ നമുക്കായത് ഇംഗ്ലീഷ് വിദ്യാഭ്യാസം കൈവിടാതിരുന്നതുകൊണ്ടാണ്. അതാരും തര്‍ക്കിച്ചിട്ടു കാര്യമില്ല.

ഹിന്ദി ഇന്ത്യയിലെ ഒരു ഭാഷ മാത്രമാണ്. അതിനപ്പുറമുള്ള ഒരു പ്രാധാന്യവും അതിനില്ല. മലയാളവും തമിഴും കന്നടയും തെലുങ്കും മറാഠിയും സന്താലിയും ബംഗാളിയും പഞ്ചാബിയും ഹിന്ദിയും ആസാമിയും ബോഡോയും ഗുജറാത്തിയും ഉര്‍ദ്ദുവും കാശ്മീരിയും കൊങ്കിണിയും ദോഗ്രിയും മൈഥിലിയും മണിപ്പൂരിയും സിന്ധിയും ഇംഗ്ലീഷും നേപ്പാളിയും അടക്കം അനേകമനേകം ഭാഷകള്‍ നിറഞ്ഞ ഇടമാണ് ഇന്ത്യ. അവയ്‌ക്കെല്ലാം വമ്പിച്ച സാഹിത്യസമ്പത്തുണ്ട്. അതു നശിപ്പിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് ദേശീയഭാഷ എന്ന പദവി ഒരു ഭാഷയ്ക്കും ഭരണഘടന നല്‍കാതിരുന്നത്. ഇംഗ്ലീഷിനൊപ്പം 'ഔദ്യോഗികഭാഷ' എന്ന പദവിയേ ഹിന്ദിക്കു നല്‍കിയിട്ടുള്ളൂ. സംസ്ഥാനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഭാഷ ഔദ്യോഗിക ഭാഷയാക്കാം. രാജ്യത്തെ ഔദ്യോഗികഭാഷ എന്ന നിലയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി പഠിപ്പിക്കുന്നുണ്ട്. അതു വേണ്ടെന്ന് ആരും പറയുന്നില്ല. എത്ര ഭാഷകള്‍ അറിയാമോ അത്രയും നല്ലതാണ്. അതിനപ്പുറമുള്ള ഒരു ഭാഷാ അധിനിവേശവും ആരും അംഗീകരിക്കില്ല. ഹിന്ദി എന്ന ഒറ്റമൂലി കൃഷി ചെയ്യുന്നതിനോടുള്ള എതിര്‍പ്പിന്റെ കാതല്‍ അതാണ്.