കണ്ണടച്ചിരുട്ടാക്കുന്ന ഭരണകൂടം 


JANUARY 10, 2020, 3:57 PM IST

പ്രിയരേ, ലോകത്ത് വിപ്ലവകരമായ പല മുന്നേറ്റങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുള്ളത് വിദ്യാര്‍ഥികളാണ്. അവരുടെ  പ്രതിഷേധങ്ങളെ മറികടന്നു പോകാന്‍ ഒരു ഭരണകൂടത്തിനും കഴിയുമെന്ന് ഗുളികന് തോന്നുന്നില്ല. അതിനെയെല്ലാം അടിച്ചമര്‍ത്തിക്കളയാന്‍, ഇരുളിന്റെ മറവില്‍ ഗുണ്ടാപ്പടയെ ഇറക്കി ഇതിഹാസം രചിക്കാനിറങ്ങിയിരിക്കുന്നവരുടെ ഗതികേടിനെക്കുറിച്ച് വിലപിക്കാനല്ലാതെ എന്തുചെയ്യാനാകും...! 

ഇന്ത്യയിലരങ്ങേറിയ സ്വാതന്ത്ര്യ സമരമാണ് ജാമിഅ മില്ലിയ്യ സര്‍വകലാശാലക്ക് രൂപം നല്‍കിയത്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തെ പിന്തുണക്കുയോ അവര്‍ നിയന്ത്രിക്കുയോ ചെയ്യുന്ന സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള പ്രതിരോധമായിട്ടാണ് ജാമിഅ മില്ലിയ്യ പിറവികൊള്ളുന്നത്. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആവേശത്തിലായിരുന്ന മുഹമ്മദലി ജൗഹര്‍ അടക്കമുള്ള ദേശീയ നേതാക്കളുടെ വിയര്‍പ്പുണ്ട് ജാമിഅ മില്ലിയ്യയുടെ പിറവിക്ക് പിന്നില്‍. സ്ഥാപകരും ഇവിടുത്തെ അധ്യാപകരും വിദ്യാര്‍ഥികളും ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്ന് സ്വാതന്ത്ര്യത്തിനായി പോരാടിയത് ഒരു ചരിത്രമാണ്. എന്നാല്‍ ഇപ്പോള്‍ അതേ ക്യാമ്പസ് ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായകമാകാന്‍ പോകുന്ന ഒരു മഹാവിപ്ലവത്തിനു കൂടി തുടക്കമിട്ടിരിക്കുന്നു. ഭരണഘടന വെല്ലുവിളി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ അതിന്റെ സംരക്ഷണത്തിനായി ആ ക്യാമ്പസിലെ വിദ്യാര്‍ഥികളും അധ്യാപകരും തെരുവിലിറങ്ങി ഉറക്കെ വിളിക്കുന്നു. രാജ്യത്തെ ക്യാമ്പസുകളും തെരുവുകളും ആ വിളി ഏറ്റെടുക്കുന്നു. ഇപ്പോള്‍ ഭരണകൂടത്തിനെതിരെയുള്ള രോഷപ്രകടനമായി അത് രാജ്യം മുഴുക്കെ നിറഞ്ഞു നില്‍ക്കുന്നു.

പൗരത്വ ഭേദഗതി ബില്‍ രാഷ്ട്രപതി നിയമമാക്കി മാറ്റിയതോടെ രാജ്യമാകെ പ്രതിഷേധമുയര്‍ന്നു. ഈ സന്ദര്‍ഭത്തിലാണ് ജാമിഅ മില്ലിയ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ ബില്ലിനെതിരെ പ്രതിഷേധവുമായി പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിക്കുന്നത്. പാര്‍ലിമെന്റ് മാര്‍ച്ച് പോലീസ് തടയുകയായിരുന്നില്ല. മറിച്ച് ഭരണകൂടത്തിന്റെ കൃത്യമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നേരിടുകയായിരുന്നു. പ്രതിഷേധ മാര്‍ച്ച് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു സംഘര്‍ഷഭരിതമാക്കി. ജാമിഅ മില്ലിയ്യയുടെ ലൈബ്രറില്‍ വായിച്ചിരുന്ന വിദ്യാര്‍ഥികളെപ്പോലും ഓടിച്ചിട്ടുതല്ലിച്ചതച്ചു. കൈയില്‍ കിട്ടിയ വിദ്യാര്‍ഥികളെ മുഴുവന്‍ കസ്റ്റഡിയിലെടുത്തു. ജാമിഅ സര്‍വകലാശാലയുടെ മുസ്്‌ലിം നാമം ഉപയോഗിച്ച് പോലീസ് അതിക്രമത്തെ ന്യായീകരിക്കാനായിരുന്നു ഭരണകൂട തീരുമാനം. എന്താ പോരെ..! 

എന്നാല്‍ രാജ്യത്തെ ക്യാമ്പസുകള്‍ ആ രാത്രിയില്‍ വെറുതെയിരുന്നില്ല. ജെ എന്‍ യുവിലെ വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ ജെ എന്‍ യുവിലെയും ഡല്‍ഹി സര്‍വകലാശാലയിലെയും അംബേദ്കര്‍ സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ തെരുവുകളിലിറങ്ങി. അവര്‍ പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്തു. പോലീസ് അതിക്രമത്തിനെതിരെ തൊണ്ടപൊട്ടി വിളിച്ചു. ഒടുവില്‍ കസ്റ്റഡിയിലെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളെയും വിട്ടയക്കേണ്ടി വന്നു. പിന്നെ, ജെഎന്‍യുവിലും അതിക്രമമുണ്ടായപ്പോള്‍ മറ്റുകാമ്പസ്സുകളില്‍നിന്നും ഇതുപോലെ മുദ്രാവാക്യമുര്‍ത്തി തെരുവിലും പോലീസ് സ്റ്റേഷനിലും വിദ്യാര്‍ത്ഥികളെത്തി. ജെ എന്‍ യു, ഡല്‍ഹി, അംബേദ്കര്‍, വിവിധ ഐ ഐ ടികള്‍, എയിംസുകള്‍, ഹൈദരാബാദ് സര്‍വകലാശാല, ഇഫഌ, പോണ്ടിച്ചേരി, മദ്രാസ് സര്‍വകലാശാല, മുംബൈയിലെ വിവിധ സര്‍വകലാശാലകള്‍, യു പിയിലെ സര്‍വകലാശാലകള്‍, കോളജുകള്‍... ആ നിര നീളുന്നു. രാജ്യത്തെ എല്ലാ തെരുവുകളിലും ഒരേ മുദ്രാവാക്യമായി. ഇപ്പോള്‍ ഭരണകൂടത്തിന് നിയന്ത്രിക്കാനാകാത്ത വിധം അത് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.

തെരുവിലെ വിദ്യാര്‍ഥി പ്രതിഷേധങ്ങളെ നേരിടാന്‍ ഭരണകൂടം പ്രതിഷേധ മേഖലകളിലേക്കുള്ള യാത്രാ സൗകര്യങ്ങളും ഇന്റര്‍നെറ്റ് സംവിധാനവും നിരോധിക്കുകയാണ് ചെയ്യുന്നത്. ഇവയെല്ലാം മറികടന്നു വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കാനായി തെരുവിലെത്തുന്നു. വിദ്യാര്‍ഥി പ്രതിഷേധങ്ങളെ നേരിടാന്‍ ഭരണകൂടത്തിന്റെ ഈ തന്ത്രങ്ങള്‍ മതിയാകില്ലെന്ന് ഇപ്പോഴെങ്കിലും ഭരണകൂടത്തിന് ബോധ്യമായിട്ടില്ലെങ്കില്‍ പിന്നെന്തുപറയാനാണ് ഗുളികന്‍!