ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ വെള്ളിക്കിണ്ണം തുള്ളിതുള്ളി...


NOVEMBER 22, 2021, 10:50 AM IST

 പൂജയേദശനം നിത്യമദ്യാച്ചൈതദകുത്സയൻദൃഷ്ട്വാ ഹൃഷ്യേത് പ്രസീദേച്ച പ്രതിനന്ദേച്ച സർവ്വശ:


അന്നത്തെ നിത്യവും പൂജിക്കേണ്ടതാകുന്നു. അതിനെ ഒരിക്കലും നിന്ദിക്കാതെ വേണം കഴിക്കാൻ. അന്നം കണ്ടാൽ സന്തോഷിക്കുക, പ്രസന്നനാകുക, വന്ദിക്കുക. എല്ലാത്തരത്തിലുള്ള അന്നത്തേയും ഇപ്രകാരം ആദരിക്കേണ്ടതാകുന്നു

(മനുസ്മൃതി)


അന്നം ഉണ്ടാക്കുന്നത് ...അടുക്കളയിൽഅടുക്കള എന്ന വാക്കിന്റെ അർത്ഥവും ഉത്ഭവവും?അടുക്കുന്ന...അടുപ്പുള്ള... അള... ഗുഹ...ഓർമ്മയുണ്ടോ കുട്ടിക്കാലത്തെ കരി പിടിച്ച ചെറിയ അടുക്കളപ്പുറം?എന്റെ കുട്ടിക്കാലത്തെ അടുക്കള ഓർമ്മയ്ക്ക് ഇന്നത്തെ അടുക്കളയുടെ വെളിച്ചവും തെളിച്ചവും ഇല്ല. മറ്റു മുറികളിൽ നിന്നും ഒരു ചുവട് താഴെ അഴിയിട്ട കതകില്ലാത്ത ജനലും അടുപ്പിന് മുകളിൽ 'ചേരു'മുള്ള അടുക്കള. 'ചേര്' ഓർമ്മയിലുണ്ടോ? മീൻ കറിയിലിടുന്ന പുളി പുകയ്ക്കുന്നതും വെയിലില്ലാത്തപ്പോൾ തേങ്ങ ഉണക്കുന്നതും മഴക്കാലത്ത് ചകിരിയും ചിരട്ടയും വിറകും ഉണക്കുന്നതും എല്ലാം 'ചേരി'ലല്ലേ. ഇല്ലിക്കണ നെടുകെ പിളർന്നു് അടുക്കി വച്ചു കയറിട്ട് മെടഞ്ഞ 'ചേര്'. നേരെ താഴെ അടുപ്പിൽ നിന്നുയരുന്ന പുകയും ചൂടും കൊണ്ട് മുകളിൽ വച്ചതെല്ലാം ഉണങ്ങികിട്ടും.അന്നെവിടെയും വിറകടുപ്പാണല്ലോ...

നിറയെ പലതരം മരങ്ങളുള്ള പറമ്പിൽ നിന്നും ഉണങ്ങിയ മരങ്ങളും കൊമ്പുകളും കോടാലി കൊണ്ട് വെട്ടി വിറക് കൊള്ളികളാക്കി വെയിലത്ത് വച്ചുണക്കി വിറകുപുരയിൽ അടുക്കിയടുക്കിവച്ച് അന്നന്നത്തെ ആവശ്യത്തിനുള്ളവ അടുക്കളയിലേയെക്കടുക്കുന്നു. മഴക്കാലത്ത് വിറക് കത്താൻ പാട്പെടുമ്പോൾ നീണ്ട 'കുംഭം' കൊണ്ട് ഊതി ഊതി നമ്മുടെ അമ്മമാരെത്ര കഷ്ടപ്പെട്ടിരിക്കുന്നു!അൽപം ഉയർത്തി കെട്ടിയ തട്ടിലടുക്കിയ അടുപ്പുകൾ. തൊട്ടു ചേർന്ന് കെട്ടിയെടുത്ത ഒരു കുഴിയുണ്ട്. അടുപ്പിലെ ചാരം വാരിയിടുന്ന ചാരക്കുഴി. വലിയ കലങ്ങളും ചട്ടികളും ചകിരി കൊണ്ട് തേച്ചു മിനുക്കാൻ ചാരം. അടുക്കളക്കപ്പുറത്തെ പച്ചക്കറി തോട്ടത്തിലേയ്ക്ക് വളമായ് മാറുന്ന ചാരം.മൺകലത്തിൽ അരിവെന്ത് തിളച്ചുമറിയുമ്പോൾ വിറക് പിരിച്ച് തീനാളങ്ങൾ കെടുത്തി കലം അടിച്ചു വാറ്റി വച്ചടച്ച് കയ്ക്കല പിടിച്ച് വാങ്ങി അടുത്തിരിക്കുന്ന ഒറ്റത്തടിയിൽ തീർത്ത പാത്തിയിലേയ്ക്ക് ചരിച്ച് വച്ച് വാർക്കുന്നു...

ചിലപ്പോൾ നീണ്ട ഒരു ചിരട്ട കയിൽ വച്ച് ഒരു ചെറിയ താങ്ങും കൊടുക്കും... പ്രകൃതിയിൽ നിന്നെടുത്ത മണ്ണ് കുഴച്ച് ചൂളയിൽ ചുട്ടെടുക്കുന്ന ചുവന്ന നിറത്തിലും കറുത്തനിറത്തിലുമുള്ള മൺകലങ്ങളും ചട്ടികളും വലിയ കുട്ടകളിൽ നിറച്ച് മണ്ണാത്തികൾ വീട് തോറും വരുമായിരുന്നു. പുതുമണം മായാത്ത കലങ്ങളും ചട്ടികളും കഞ്ഞിവെള്ളം തിളപ്പിച്ചും വെയിലത്ത് വച്ചുമൊക്കെ മയക്കിയെടുത്ത് മണ്ണിന്റെ മണവും ചുവയും കളഞ്ഞെടുത്താണ് ഉപയോഗിക്കുന്നത്.മീൻ വയ്ക്കുന്നതിന് മീൻ ചട്ടി. മറ്റ് കറികൾ വയ്ക്കുന്നതിനു്  കൽച്ചട്ടി വെള്ളം വയ്കാൻ വാവട്ടമുള്ള മൺകലം, അല്ലെങ്കിൽ ഇടുങ്ങി നീണ്ട കഴുത്തുള്ള കൂജ. അൽപം ഉരുണ്ട മൺകലങ്ങളും മീൻ ചട്ടിയുമൊക്കെ ഉറച്ചിരിക്കാൻ മെടഞ്ഞെടുത്ത തിരുകിട. ചകിരിയോ വയേക്കാലോ അകത്ത് വളച്ച് വച്ച്‌ പുറത്ത് വാഴപ്പോള ഉണക്കിയതോ ചെറുകയറോ കൊണ്ട് വരിഞ്ഞ് കെട്ടിയെടുത്ത തിരുകിട. ചോറും കറിയുമെടുക്കാൻ പലവലുപ്പത്തിൽ ചിരട്ട കയിൽ.

ഫ്രിഡ്ജും ഫ്രീസറുമില്ലാത്ത അന്നത്തെ അടുക്കളയിൽ നിർബ്ബന്ധമായും കാണുന്ന ഒരു സാധനമുണ്ട്--കയറുകൊണ്ട് മെടഞ്ഞെടുത്ത് മച്ചിൽ നിന്ന് തൂക്കിയിടുന്ന, തൈരും മീൻകറിവച്ചതും വറുത്തതുമൊക്കെ പൂച്ചയെടുക്കാതെയും കുട്ടികൾ തട്ടി മറിക്കാതെയുമൊക്കെ വയ്ക്കുന്ന, ഉറി. കല്ലുപ്പിട്ട് വെയ്ക്കാൻ എന്റെ വീട്ടിൽ കരിങ്കൽ 'ഉപ്പുമര്യ'യായിരുന്നു. അതിന്റെ പാകത്തിന് ഒരു മരത്തിന്റെ അടപ്പുണ്ടായിരുന്നു. എന്റെ അമ്മവീട്ടിൽ ഒറ്റത്തടിയിൽ തീർത്ത മരത്തിന്റെ 'ഉപ്പുമര്യ'യായിരുന്നു. അതിനോട് ചേർന്നിരിക്കുന്ന, ഒരു വശത്തേക്ക് നീക്കുമ്പോൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന അടപ്പും. ഉപ്പുമര്യയിൽ ഒഴിച്ച വെള്ളമാണ് ചോറുണ്ണുമ്പോൾ ചേർക്കാനെടുക്കുന്നത്.

അതിനടുത്ത് തന്നെ ഉള്ളിയും മുളകും ചതക്കാനും പെട്ടെന്നൊരു ചമ്മന്തിയുണ്ടാക്കാനും നടുക്ക് കുഴിയുള്ള കൈപ്പിടിപോലെ വളച്ചെടുത്ത തടി. ആ കുഴിയ്ക്ക് പാകത്തിൽ ചതയ്ക്കാൻ ചെറിയ കല്ല്.അടുക്കളയുടെ ഒരു വശത്ത് അടപ്പ് തിരിച്ചുതിരിച്ചടയ്ക്കുന്ന വലിയ കറുത്ത ചങ്കിരി ഭരണികൾ. ചുറ്റിനും ചെറിയ കയർ വല പോലെയാക്കി ബലപ്പെടുത്തിയത്. വർഷം മുഴുവനും ഉപയോഗിക്കാനുള്ള ഉപ്പിലിട്ട മാങ്ങകൾ നിറച്ചത്. അതിനടുത്ത് താഴേക്ക് മങ്ങിയ വെള്ള (ക്രീം) നിറവും അടപ്പും കഴുത്തും ബ്രൗൺ നിറവുമുള്ള വലിയ കൽഭരണികൾ. അവ നിറയെ ചെത്തി ചെത്തി അരിഞ്ഞിട്ട മാങ്ങാഅച്ചാർ. പുറംപണിയിൽ സഹായിക്കുന്ന കുഞ്ഞുവള്ളോനും അനിയൻ കുറുമ്പനും പറമ്പിലെ മാവിൽ നിന്ന് പറിച്ച് വലിയ വെള്ളുകുട്ടയിലാക്കി കൊണ്ടുവരുന്ന കഴുകിയ നാട്ടുമാങ്ങകൾ.അപ്പനും അഛമ്മയും അമ്മയും അമ്മായിയും കൂടി ചെത്തി അരിഞ്ഞ് നേരത്തേ പറഞ്ഞ അരിവാർക്കുന്ന പാത്തിയിലിട്ട് ഉപ്പും വീട്ടിൽ തന്നെ ഉണക്കി പൊടിച്ച മുളകും മഞ്ഞളും ഉലുവയും മറ്റ് ചേരുവകളും ചേർത്തിളക്കി... ആഹാ ....

ആ ഒരു മണമുണ്ടല്ലോ ഇന്നും മറക്കാതെ മനസ്സിൽ...അന്ന് അച്ചാറിടുമ്പോൾ “നല്ല മണ”മെന്നൊക്കെ പറഞ്ഞാൽ മിണ്ടാതിരിക്കാൻ പറഞ്ഞ് കുട്ടികളെ ശാസിക്കുമായിരുന്നു. എന്തെങ്കിലും ഉണ്ടാക്കുമ്പോൾ അങ്ങിനൊക്കെ പറഞ്ഞാൽ ഉണ്ടാക്കുന്നത് ശരിയാവില്ല എന്നൊരു വിശ്വാസമായിരുന്നു ആ ശാസനയ്ക്ക് പിന്നിൽ. തയ്യാറാക്കിയ മാങ്ങ ഭരണിയിലിട്ട് അടപ്പ് കൊണ്ടടച്ച് ചക്കയുടെ വെളിഞ്ഞീൽ എന്ന 'നാച്ചുറൽ ഗ്ലൂ'  കൊണ്ട് ഒട്ടിച്ച് വയ്ക്കും.മാങ്ങാക്കാലമൊക്കെ കഴിഞ്ഞ് ഏറെ നാൾ കഴിയുമ്പം ഭരണിയുടെ "സീൽ" പൊട്ടിച്ച്‌ ആവശ്യം പോലെ എടുത്ത് ഉപ്പുമാങ്ങയായും മുളക് പൊട്ടിച്ചും ചമ്മന്തിയാക്കിയും അച്ചാറായും അടുത്ത മാങ്ങാക്കാലം വരെ... വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് ചെറിയ ചുവന്നുള്ളിയും വറ്റൽമുളകം ചതച്ചതും കറിവേപ്പിലയുമിട്ട് വഴറ്റി അതിൽ ചെത്തുമാങ്ങാ അച്ചാർ ചേർത്തിളക്കി...എന്താ രുചി! നാവിൽ വെള്ളമൂറി അല്ലേ...(തുടരും)